02/07/06
പ്രിയ കൌച്ചൂ,
കഴിഞ്ഞ രണ്ടുപ്രാവശ്യമായിട്ട് ചില കുറിപ്പുകള്‍ ഒക്കെ അയച്ചു പറ്റിച്ചതിനു മാപ്പ്. ഇവിടെ ഭയങ്കര ജോലി തിരക്ക്. ഒന്നാമത് പുതിയ സ്ഥലം, ഓഫീസ്, ആള്‍ക്കാര്‍, സൈറ്റ് , കടുത്ത മഴ ; എല്ലാം കൂടി ആകെ കുഴഞ്ഞു മറിഞ്ഞ് പിരാന്തു പിടിക്കുന്ന അവസ്ഥ. കൂട്ടത്തില്‍, കൂടെ വന്നയാളെക്കൂടി വേറെ ക്യാമ്പിലേക്ക് മാറ്റിയതോടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണം. വമ്പന്‍ ചുറ്റുമതിലും വൈദ്യുത വേലിക്കെട്ടും സെക്യൂ രിറ്റി കാമറയുമൊക്കെ സുരക്ഷയെക്കാളും ഭയമാണുളവാക്കുന്നത്. ക്യാമ്പില്‍ ഇന്‍ഡ്യന്‍സ് ആരുമില്ല, ഒരു റൊമേനിയന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, പിന്നെ രണ്ട് ഫിലിപ്പീനികളും. പഠിച്ചതും ശീലിച്ചതുമൊക്കെ മറക്കേണ്ടി വരുന്ന ജോലി രീതികള്‍ മടുപ്പുളവാക്കുന്നുണ്ടെങ്കിലും ഏതു ജോലിയും ആസ്വദിച്ച് ചെയ്യാനുള്ള കഴിവു വികസിപ്പിച്ചു തന്ന ഗുരുവിനു നന്ദി, അദ്ദേഹം കാരണമാണല്ലോ ഇവിടെ എത്തി ചേര്‍ന്നതും. പുറത്തു പോകു ന്നത് വിരളമാണ്, ആഴ്ചയിലൊരു ഷോപ്പിംഗ്, അത്രേയുള്ളൂ; സുരക്ഷാ പ്രശ്നങ്ങള്‍ തന്നെ കാരണം.
ഇവിടെ ഓഫീസില്‍ ഒരു നൈജീരിയന്‍ ആര്‍ക്കിടെക്റ്റ് കൂടെയുണ്ട്. അവനില്‍ നിന്നും ചോര്‍ത്തിയെ ടുത്ത ചില കാര്യങ്ങള്‍; ഏതു രാജ്യത്തിന്റെയും ഭൂമിശാസ്ത്രവും, ചരിത്രവുമൊക്കെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഒരു മൌസ് ക്ലിക്ക് അകലത്തില്‍ സുലഭമാണ്,എങ്കിലും ഒരന്വേഷണം, ചില നിരീക്ഷണങ്ങളും.
എന്നെ ആദ്യം അമ്പരപ്പിച്ചൊരു കാര്യം,നൈജീരിയയ്ക്ക് വടക്കും കിഴക്കും പടിഞ്ഞാറുമേയുള്ളൂ, തെക്കില്ല; അങ്ങിനെയും ഒരു സ്ഥലമോ..? സംഭവമെന്താണെന്നു വച്ചാല്‍ നൈജര്‍ നദിയുമായി ബന്ധ പ്പെട്ടാണു നൈജീരിയയുടെ ഭൂപ്രകൃതിയെന്നറിയാമല്ലോ. വടക്കു പടിഞ്ഞാറു നിന്നു വരുന്ന നൈജര്‍ നദിയും, പ്രധാന പോഷകനദികളിലൊന്നും കാമറൂണിലുത്ഭവിച്ച് വടക്കു കിഴക്കന്‍ പ്രവിശ്യയിലൂടെ വരുന്ന ബെന്യു നദിയും നൈജീരിയയുടെ ഏകദേശം മധ്യഭാഗത്തിനു താഴെ വെച്ച് യോജിക്കുകയും പിന്നെ ഒന്നായി തെക്കുഭാഗത്തേക്ക് ഒഴുകുകയുമാണു ചെയ്യുന്നത്.
അങ്ങെനെ ഈ രാജ്യം മൂന്നായി ഭാഗിക്കപ്പെടുന്നു. അബുജ (ഇപ്പോഴെത്തെ തലസ്ഥാന നഗരി) കഡുന, കാനോ തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട വടക്കന്‍ മേഖല, ലാഗോസ്, ബെനിന്‍ സിറ്റി, ഇബ്‌ദാന്‍, തുടങ്ങിയവയടങ്ങുന്ന പടിഞ്ഞാറന്‍ പ്രദേശം, ബെന്യൂ, പോര്‍ട്ട് ഹാര്‍കോര്‍ട്ട് ഉള്‍പ്പെട്ട റിവര്‍ സ്‌റ്റേറ്റ്, തരാബ തുടങ്ങിയവയടങ്ങുന്ന കിഴക്കന്‍ നൈജീരിയ.
നൈജര്‍ നദീതടമായ പോര്‍ട്ട് ഹാര്‍കോര്‍ട്ടും പരിസര പ്രദേശങ്ങളും എണ്ണയുത്‌പാദനത്തിനു പേരുകേട്ടതാണ്. അതുപോലെതന്നെ പ്രകൃതിവാതകം കൊണ്ട് സമ്പുഷ്ടമാണിതിന്റെ അടിത്തട്ട്. മറ്റുപല ആഫ്രിക്കന്‍ രാജ്യങ്ങളുമെന്നപോലെയോ അതിലധികമോ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണിവിടം. കല്‍ക്കരി, ടിന്ന്, ഇരുമ്പ് തുടങ്ങി ഒരുപാടൊരുപാട് വിഭവങ്ങള്‍ ഇനിയും ചൂഷണം ചെയ്യാപ്പെടാതെ നൈജീരിയന്‍ മണ്ണില്‍ ഒളിച്ചു കിടക്കുന്നു. ഒരു കാലത്ത് അമേരിക്കന്‍ ഡോളറി ന്റെയൊപ്പം വിലയുണ്ടായിരുന്നത്രേ നൈജീരിയന്‍ കറന്‍സിയായ 'നൈറ'യ്ക്. (നാണയം - കോബോ ) ഇന്ന് 133 നൈറ കൊടുക്കണം, ഒരു ഡോളര്‍ കിട്ടാന്‍;അതും ബ്ലാക്കില്‍. അഴിമതിനിറഞ്ഞ ഭരണ സംവിധാനങ്ങളും പ്രാദേശിക പ്രശ്നങ്ങളും, സുരക്ഷാഭീക്ഷണിയുമൊക്കെയാണ് ഈ അധഃപതനത്തിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.പെട്രോളിയം തുടങ്ങിയമേഖലകളിലൊക്കെ വിദേശ കമ്പനി കളുടെ ആധിപത്യമാണ്. സ്വദേശി കമ്പനികളോട് ഭരണകൂടത്തിനും താല്‍പര്യമില്ല. ഇവിടെ വിളയി ച്ചെടുക്കുന്ന എണ്ണപ്പണം അതുകൊണ്ട് തന്നെ വിദേശത്തേക്കാണ് ഒഴുകുന്നത്, ഒപ്പം മാറിമാറിവരുന്ന ഭരണകര്‍ത്താക്കളുടെ അക്കൌണ്ടുകളിലേക്കും.പക്ഷേ ഇപ്പോള്‍ അതിനു ചില മാറ്റങ്ങള്‍ ഒക്കെ കണ്ടു വരുന്നുണ്ടന്നാണ് ഈ സുഹൃത്തിന്റെ അഭിപ്രായം. നല്ല നാളേക്ക് കാത്തിരിക്കുന്ന ഒരു ജനതയുടെ പ്രതീക്ഷയുടെ തിളക്കം അയാളുടെ കണ്ണുകളിലും നമുക്ക് കാണാം.
ഏറിയ പങ്കും പട്ടാളഭരണകൂടങ്ങളുടെ നിഴലിലായിരുന്നു സ്വാതന്ത്ര്യാനന്തര നൈജീരിയ. 1999 മുതല്‍ ഒബ്‌സാന്‍ജോ യുടെ നേതൃത്വത്തിലുള്ള ജനാധിപത്യസംവിധാനത്തിലാണ് പ്രകൃതിവിഭങ്ങള്‍ കൊണ്ട് സമ്പന്നമെങ്കിലും വികസനം കാത്തു കിടക്കുന്ന ഈ പശ്ചിമാഫ്രിക്കന്‍ രാജ്യം.
ഔദ്യോഗിക ഭാഷ ആംഗലേയമാണെങ്കിലും പ്രാദേശികമായി 250തിലധികം സംസാരഭാഷ യിവിടുണ്ട് . അതില്‍ തന്നെ നീട്ടലും കുറുക്കലുമൊക്കെയായി വേറെയും വകതിരിവുകള്‍. സംസാരി ക്കുമ്പോള്‍ തന്നെ ചില നീട്ടലും മൂളലും ആംഗ്യങ്ങളുമൊക്കെയുണ്ടാവും . ശരീരഭാഷയും വളരെ വ്യത്യസ്ഥ മാണ്.
കഴിഞ്ഞ കത്തില്‍ സൂചിപ്പിച്ചിരുന്ന പോലെ സ്ത്രീപുരുഷ അനുപാതം ഏകദേശം തുല്യമാണെന്നു തന്നെ പറയാം. സ്ത്രീകള്‍ക്ക് പൊതുവേ വിദ്യാഭ്യാസം കുറവായിട്ടാണു കാണുന്നത്. ജീവിത വിജയം കരസ്ഥമാക്കുന്ന സ്ത്രീകളും നന്നേ കുറവ്. വിവാഹം കഴിഞ്ഞ് കുട്ടികള്‍ നാലോ അഞ്ചോ ഒക്കെ ആകുമ്പോഴേക്കും ഭര്‍ത്താവ് വേറെ കല്യാണം കഴിച്ച് അതില്‍ രണ്ട് കുട്ടികളുമായിട്ടുണ്ടാവും. പിന്നെ ഇതൊക്കെ വിധിയായി കരുതി ശേഷിച്ച ജീവിതം കുട്ടികളെയും വളര്‍ത്തി ഏതെങ്കിലുമൊക്കെ വിധ ത്തില്‍ ഉന്തിതള്ളി നീക്കുന്നവരാണ് സാധാരണ സ്ത്രീകള്‍. പക്ഷേ ഇതേ അവസ്ഥയിലെത്തിപ്പെടുന്ന, കുറച്ചു വിദ്യാഭ്യാസവും അതുപോലെ വിവാഹത്തിനുമുന്‍പു തന്നെ എന്തെങ്കിലുമൊക്കെ ജോലിയും വരുമാനവുമൊക്കെയുള്ള പെണ്‍കുട്ടികള്‍ തളര്‍ന്നു പോകുന്നു. അവര്‍ക്ക് സാഹചര്യങ്ങളുമായി പൊരു ത്തപ്പെടാനും, താഴേതട്ടിലേക്കൊതുങ്ങിക്കൂടാനും പറ്റാതെവരുന്ന സന്ദര്‍ഭത്തില്‍, പിന്നെ ചുണ്ടില്‍ ചായം തേച്ച് വഴിയോരത്തേക്കിറങ്ങുകയേ നിവൃത്തിയുള്ളൂ. ഈ നാടിന്റെ ശാപം തന്നെയാണു വേശ്യാ വൃത്തി.അതൊരു തൊഴില്‍മേഖലയാണോ എന്നതിനെ കുറിച്ചൊക്കെ തര്‍ക്കമുണ്ടാകാം, പക്ഷേ ഇവിടെ ഏറ്റവും സുലഭമായത് പെണ്ണു തന്നെ.. പെട്രോളിയം വ്യവസായവുമായി ഏറെ ബന്ധ പ്പെട്ടിരിക്കുന്നതിനാല്‍ വിദേശികള്‍ വളരെയധികമാണു പോര്‍ട്ട് ഹാര്‍കോര്‍ട്ടിലും പരിസരത്തും..അതു കൊണ്ട് തന്നെ, ആവശ്യക്കാരും ഏറെയുണ്ട്.
പുരുഷന്മാര്‍ അധികം പഠിപ്പില്ലെങ്കിലും എന്തെങ്കിലും പണിയെടുത്ത് ജീവിക്കാന്‍ ശ്രമിക്കുന്നു. പണ മുണ്ടാക്കുന്നത് ഒരിക്കലും കുടുംബത്തിലേക്കെത്തില്ലന്നു മാത്രം. ധാരാളിത്തമാര്‍ന്ന ജീവിതശൈലി യാണ് മിക്കവരും നയിക്കുന്നത്. ഇതൊന്നുമല്ലാതെ കുടുംബമായും സ്വസ്ഥമായും ജീവിക്കുന്ന വരുമുണ്ട്. രണ്ടും മൂന്നും ഫാക്ടറികളും സ്ഥാപനങ്ങളുമൊക്കെ നടത്തുന്നവരുണ്ട്. ലക്ഷകണക്കിന് ഡോളര്‍ വരു മാനമുള്ളവര്‍, പക്ഷേ ആത്യന്തിക ലക്ഷ്യം ആഡംബര ജീവിതമാവും. ഉദ്ദേശിച്ചതിനടുത്ത് എത്തികഴി ഞ്ഞാല്‍ ചിലപ്പോള്‍ ഒരു രാത്രികൊണ്ട് കമ്പനി പൂട്ടും. അമേരിക്കയിലേക്കോ കാനഡയിലേക്കോ ഒക്കെ കുടിയേറുകയാണ് അടുത്ത പരിപാടി. അങ്ങിനെ പൂട്ടികിടക്കുന്ന ഒരു പാട് സ്ഥാപനങ്ങള്‍ ഇവിടെ കാണാം.
തൊഴിലില്ലായ്മയും പട്ടിണിയുംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഉണ്ടാവുന്നതാണോ വിപ്ലവം.? ഇവിടെ യുവതലമുറയെന്നവകാശപ്പെടുന്നവര്‍ വിപ്ലവങ്ങള്‍ക്ക് ശ്രമിക്കുന്നു. തോക്കിന്‍ കുഴലിലിലൂടെ. വിദേശകമ്പനികളുടെ ആധിപത്യവും എണ്ണപ്പണത്തിന്റെ ഒഴുക്കും അവരെ രോഷം കൊള്ളിക്കുന്നുണ്ടാവാം. വിദേശഫണ്ടൊന്നും കിട്ടാന്‍ വഴിയില്ലാത്തതു കൊണ്ട് അവര്‍ ബാങ്കുകള്‍ കൊള്ളയടിക്കുന്നു,എണ്ണപ്പാടങ്ങളില്‍ ജോലിയെടുക്കുന്ന വിദേശികളെ തട്ടികൊണ്ട് പോയി തലയെണ്ണി പണം ചോദിക്കുന്നു, എണ്ണക്കുഴലുകളില്‍ വിള്ളലുണ്ടാക്കി എണ്ണ ചോര്‍ത്തുന്നു..അവര്‍ക്ക് പണം വേണം, ആയുധശേഖരണത്തിന്.
എണ്ണപ്പാടമെന്ന അപകടമേഖലയെക്കുറിച്ച് അടുത്ത കത്തിലെഴുതാം.എന്റെ കത്തു താമസിച്ചാലും നിനക്ക് അയക്കാലോ ഒന്നിങ്ങോട്ട്, എന്റെ കത്തിനായി കാത്തിരിക്കാതെ.
സ്‌നേഹപൂര്‍വ്വം.
....ആദ്യം അമ്പരപ്പിച്ചൊരു കാര്യം,നൈജീരിയയ്ക്ക് വടക്കും കിഴക്കും പടിഞ്ഞാറുമേയുള്ളൂ, തെക്കില്ല; അങ്ങിനെയും ഒരു സ്ഥലമോ..?
ReplyDeleteനന്നായീട്ടൊ..കണ്ടിട്ടില്ലാത്ത നാട്,നന്നായി എഴുതിയിരിക്കുന്നു..ഇനിയും പറഞ്ഞു തരൂ..
ReplyDelete-പാര്‍വതി.
ആ സ്ത്രീകളെ പറ്റി വായിച്ചപ്പോള്‍ കഷ്ടം തോന്നി. എണ്ണപ്പാട വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteവിജ്ഞാനപ്രദം ചെണ്ടക്കാരാ..
ReplyDeleteബാക്കി കൂടെ പോരട്ടേ !!
ചെണ്ടക്കാരന്‍ = വിജ്ഞാനപ്പുലി.. ബൂലൊഗരെല്ലാം അവനവന്‍ ജീവിക്കുന്ന നാടിനെപ്പറ്റി ഓരോന്നെഴുതിയാല്‍ അത് ഒരു മഹാ ഭൂമിശാസ്ത്ര
ReplyDelete-സാമ്പത്തിക-രാഷ്ട്രമീമാംസാചരിതമാകും. എന്തരിനു മടിച്ചു നിക്കണത് ചെല്ലക്കിളികളെ? ഓരോന്നു തുടങ്ങിന്‍.
Very Informative..:)
ReplyDeletetake care and keep blogging
Keep Blogging :)
വളരെ നന്നായിരിക്കുന്നു ചെണ്ടക്കാരാ....
ReplyDeleteഞാന്‍ നൈജീരിയന്‍ വിശേഷങ്ങള്‍ടെ സ്ഥിരം വായനക്കാരന്‍ :)
ദേവേട്ടാ,
ഞാന്‍ താമസിക്കുന്ന സ്ഥലം ചില സ്റ്റണ്ണിങ്ങ് ഫോട്ടോഗ്രാഫ്‌സില്‍ കൂടി ബൂലോഗത്തിനു പരിചയപ്പെടുത്തുന്ന ഒരു പരിപാടി ഞാന്‍ തുടങ്ങിയിട്ടുണ്ടല്ലോ ;) ഫോട്ടോകള്‍ ഒരുപാട് കഥകള്‍ പറയുന്നതു കാരണം വിവരണവും അധികം വേണ്ട. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവുന്നുണ്ടെന്നാണ് അറിഞ്ഞത് ;))
ചെണ്ടക്കാരാ, നന്നായിട്ടുണ്ട് എന്നു ഞാനും പറഞ്ഞോട്ടെ.
ReplyDeleteqw_er_ty
നൈജിരിയെപ്പറ്റി ഇനിയുമറിയാന്‍ ആഗ്രമുണ്ട്.
ReplyDeleteഅഭിനന്ദങ്ങള്‍.
ചെണ്ടക്കരാ, നല്ല ലേഖനം. ഇനിയുമെഴുതൂ.
ReplyDeleteചെണ്ടക്കാരാ... വിവരണം അസ്സലാവുന്നു. ഇനിയും വരട്ടേ നൈജീരിയന്‍ വിശേഷങ്ങള്‍. കൊട്ട് തുടരൂ.
ReplyDeleteനന്നായിട്ടുണ്ട്. നൈജീരിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു.
ReplyDeleteവിശേഷങ്ങള്‍ നന്നാവുന്നുണ്ട്.പ്രകൃതി വിഭവങ്ങള്‍ ഇഷ്ടം പോലെയുണ്ടായിട്ടും നൈജീരിയ ഇപ്പോഴും ഇരുണ്ടത് തന്നെ അല്ലെ .
ReplyDeleteഎല്ലാ പ്രതികൂല സാഹചര്യങള്‍ ആയിട്ടും അവര്‍ക്ക് ഒരു മികച്ച ഫൂട്ബൊള്‍ ടിം ഉണ്ടല്ലൊ,നമുക്കൊ..
ReplyDeleteനന്ദി.. വിജ്ഞാനപ്രദമായ ഈ കത്തിന്
ReplyDeleteനന്നായിട്ട്ണ്ട് ചെണ്ടക്കാരാ!
ReplyDeleteപാര്‍വ്വതി, ദില്‍ബു, ഇടിവാള്‍, കുസൃതി, പാപ്പാന്‍, ഉമ്മര്‍ ഇരിയ,പുള്ളി,ഇത്തിരിവട്ടം, ശാലിനി,സൂര്യോദയം; എല്ലാവര്‍ക്കും നന്ദി, നൈജീരിയ വിശേഷത്തിലേക്കു വന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും. ദേവേട്ടാ; നന്ദി,കാണുന്നകാഴ്ചകള്‍ പങ്കു വെയ്ക്കാം, നമുക്കെല്ലാവര്‍ക്കും.
ReplyDeleteആദിത്യന്‍; താങ്കള്‍കൂടിയാണ് ഈ ബ്ലോഗിന്റെ ശില്‍പ്പിയും,പ്രചോദനവും , പ്രത്യേക നന്ദി.ഡിജിറ്റല്‍ നല്ലൊരു അനുഭവമാണ്.
ഇഞ്ചി; ജാക്കിന്റെ ബ്ലോഗില്‍ പോയി, അത്രയും സ്വാതന്ത്ര്യം എനിക്കില്ല. കറുപ്പിനെക്കാളും വെളുപ്പിനേക്കാളും അപകടം പിടിച്ചതാണിവിടെ “തവിട്ടു നിറമാര്‍ന്ന” തൊലി.നന്ദി.
മുസാഫിര്‍; ഇവരുടെ മനസ്സും ഇരുണ്ട് പോയിരിക്കുന്നു. ചിരിക്കുന്ന ഒരു മുഖമില്ല കാണാന്‍, അഥവാ ചിരിക്കുന്നുവെങ്കില്‍ അതു നമ്മെ പറ്റിക്കാനായിരിക്കും.
കുഞ്ഞിരാമേട്ടാ; ഫുട്ബാള്‍ ടീമിലെത്തിപെട്ടാല്‍ 2 നേരെമെങ്കിലും ഭക്ഷണം കിട്ടുമെന്നുണ്ടങ്കില്‍ കളിച്ചു പോകില്ലേ.നമ്മുടെ കളിക്കാര്‍ ജോലിക്കുവേണ്ടിയും ഇവിടുത്തുകാര്‍ ഭക്ഷണത്തിനു വേണ്ടിയുമാണ് കളിക്കുന്നത് എന്നു തോന്നുന്നു. പിന്നെ ശരീരഘടനയുടെ വ്യത്യാസവുമുണ്ട്.
കലേഷ് ബായി; നന്ദി,താങ്കളുടെ ബ്ലോഗില്‍ പണ്ടൊരു സ്വാര്‍ത്ഥനു സമര്‍പ്പിച്ച “ഒരു നൈജീരിയന്‍ കഥ” യാണു ബ്ലോഗില്‍ പരതിയപ്പോള്‍ ആദ്യം കിട്ടിയത്. ചിത്രങ്ങള്‍ക്ക് ശ്രമിക്കുന്നു, പക്ഷേ ജോലി പോകാതെ നോക്കണമല്ലോ, ജീവനും.
Earthling; കൌച്ചു, നീ മലയാളം ബ്ലോഗിലെത്തിയത് കണ്ടോ, നീ പോലുമറിയാതെ;ഡിസംബറില്‍ കാണുമ്പോള്‍ മലയാളം റ്റൈപ്പിംഗ് പഠിപ്പിക്കാട്ടോ..thanks for the comment.