Sunday, September 10, 2006

ജൂ‍ണ്‍ 18 ഞായറാഴ്ച എഴുതിയത്

പ്രിയ കൌച്ചൂ,
ദുബായില്‍ നിന്നും 8 മണിക്കൂര്‍ യാത്രയ്‌ക്ക് ഒടുവില്‍ നൈജീരിയയുടെ പഴയ തലസ്ഥാനനഗരിയായ ലാഗോസില്‍ എത്തുമ്പോള്‍ സമയം 3മണി. ലാഗോസ്‌ എയര്‍പോര്‍ട്ടിനകത്തു തന്നെ കമ്പനി പ്രതിനിധി കാത്തുനിക്കുന്ന വിവരം എമിഗ്രേഷന്‍ ഓഫീസര്‍ അറിയിച്ചപ്പോള്‍ ഒരാശ്വാസം; അപരിചിതമായ സ്ഥലവും, ഭാഷയും, കീറാമുട്ടികളും..ടെന്‍ഷന്‍ കുറച്ചു കുറഞ്ഞു. ലഗേജ്‌ ഒക്കെ എടുത്തു പുറത്തിറങ്ങി കാറില്‍ സഹായിയോടൊപ്പം ഡൊമസ്റ്റിക്ക്‌ എയര്‍പോര്‍ട്ടിലേക്ക്‌, ഇനി പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിലേക്ക്‌ അടുത്ത വിമാനം പിടിക്കണം.
ഞാനവിടെ നിന്നും തിരിക്കുമ്പോള്‍ തമാശയ്ക്ക്‌ പറഞ്ഞതുപോലെ, രണ്ടുപേര്‍ക്കു കയറാവുന്ന ചെറിയവിമാനത്തിലാവും ഞങ്ങളെ കൊണ്ടുപോകുകയെന്നതിന്‌ വലിയ മാറ്റമൊന്നുമില്ല. ഇതിലൊരു പത്തുപതിനഞ്ച്‌ ആളു കേറും.മനസ്സില്‍ പഴയ സിനിമ "ഗോഡ്‌സ്‌ മസ്റ്റ്‌ ബീ ക്രേസി" യിലെ കുട്ടി വിമാനമായിരുന്നെങ്കിലും, അത്ര ഉയരത്തിലല്ലാതെ പറക്കുന്ന ഈ ചെറുവിമാനത്തില്‍ ആഫ്രിക്കയുടെ നൈജീരിയന്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനായി.മരുപ്രദേശങ്ങളും, പച്ചപ്പും, വലിയൊരു നീല സാരി കാറ്റില്‍ പറന്നു കിടക്കുമ്പോലെ തോന്നിക്കുന്ന നദികളും ഇടകലര്‍ന്നു കിടക്കുന്നു. ചെറിയ കൂടുകള്‍ അടുക്കിവെച്ചതുപോലെ അങ്ങിങ്ങ്‌ ചിതറി കാണപ്പെടുന്നത്‌ ചെറുഗ്രാമങ്ങളാവാം. തെങ്ങാണോ..അല്ല, പനയാണു കൂടുതലും, മുകളില്‍ നിന്നു നോക്കുമ്പോള്‍ മനസിലാവുക പ്രയാസം.

പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌ ഒരു ചെറിയ എയര്‍പോര്‍ട്ടാണ്‌. ഇവിടെയും കമ്പനിയുടെ ആള്‍ക്കാര്‍ കാത്തു നില്‍ക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയോടെ പുറത്തിറങ്ങിയപ്പോള്‍ ഞെട്ടിപ്പോയി.. സ്‌റ്റെന്‍ഗണ്‍, പിസ്റ്റള്‍ തുടങ്ങിയവയേന്തിയ മൂന്നാലു പട്ടാള വേഷധാരികളോടൊപ്പം സില്‍വസ്റ്റര്‍ സ്റ്റാലന്‍ കറുത്തുമെലിഞ്ഞതു പോലെയൊരാള്‍ നേരെ വരുന്നു.നില്‍ക്കണോ ഓടണോ എന്നു സംശയിക്കുന്നതിനു മുന്നേ അയാള്‍ അടുത്തെത്തി, "താങ്കള്‍..? " ന്റമ്മോ..പേടിപ്പിച്ചുകളഞ്ഞല്ലോ പഹയാ എന്ന ചമ്മല്‍ മുഖഭാവമൊളിപ്പിച്ച്‌ ഗൌരവത്തില്‍ " അതേയതേ, വണ്ടിയെവിടെ..?" എന്നു ചോദിക്കേണ്ടി വന്നു. വണ്ടി വന്നു, ഞങ്ങളും ഒരു തോക്കുകാരനും അതില്‍ കയറി. കാത്തുനിന്ന "സ്റ്റാലന്‍" ഡ്രൈവറോട്‌ കാര്യങ്ങള്‍ വിശദമായി പറയുന്നതു കേട്ടു, പക്ഷേ ഒന്നും മനസ്സിലായില്ല!.മുന്‍പിലൊരു വണ്ടി സെക്യൂരിറ്റി എസ്‌കോര്‍ട്ടോടെ കമ്പനി ആസ്ഥാനത്തേക്കു തിരിച്ചു.

കമ്പനിയുമായുള്ള കോണ്‍ട്രാക്റ്റില്‍ യാത്രകള്‍ക്ക്‌ സുരക്ഷാക്രമീകരണം നടത്തുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്രയും കരുതിയിരുന്നില്ല. ഇതിനര്‍ത്ഥം അത്രമാത്രം സുരക്ഷാപ്രശ്നങ്ങള്‍ ഇവിടെയുണ്ട്‌ എന്നല്ലേ..?!.അപരിചിതത്വം നിറഞ്ഞവഴികളിലൂടെ, പേടിയുണ്ടെങ്കിലും,പുതിയകാഴ്ചകളിലേക്കാണല്ലോ ഈ യാത്ര എന്ന നിഗൂഢമായ ആനന്ദത്തോടെ കാറിന്റെ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരുപ്പായി. എയര്‍പോര്‍ട്ടു മുതല്‍ എട്ടുപത്ത്‌ കിലോമീറ്റര്‍ നല്ല റോഡായിരുന്നത്‌ പെട്ടന്ന് ജനസാന്ദ്രമായ ഒരിടത്തേക്കെത്തുകയും, റോഡാകെ പൊട്ടിപൊളിഞ്ഞ്‌ താറുമാറായിക്കിടക്കുന്ന അവസ്ഥയിലേക്ക്‌ മാറുകയും ചെയ്തു. ഒരു സ്വപ്നത്തിലെന്ന വണ്ണമുള്ള ഈ അവിശ്വസനീയമായ മാറ്റം പുറം കാഴ്ചകളിലുമുണ്ട്‌. ദാരിദ്ര്യത്തിന്റെ കടുത്ത മുഖങ്ങള്‍..പൊട്ടിപൊളിഞ്ഞ വാഹനങ്ങള്‍, തിക്കും തിരക്കും പിടിച്ച ട്രാഫിക്ക്‌..മൂന്നുപേര്‍ കയറിപ്പോകുന്ന ബൈക്കുകള്‍. ട്രിപ്പടിക്കുന്ന ടാക്സിക്കാറാണെന്നു തോന്നുന്നു, നിര്‍ത്തുമ്പോഴേക്കും ഒരു പത്തുപതിനഞ്ച്‌ ആണും പെണ്ണുമെല്ലാം തിക്കിതിരക്കി കയറാന്‍ നോക്കുന്നു. മഴവെള്ളം ചെളിയുമായി കൂടികുഴഞ്ഞ്‌,വൃത്തിഹീനമായിക്കിടക്കുന്ന റോഡരിക്‌. ഇടയ്ക്കൊരു വാനില്‍ വാദ്യഘോഷങ്ങളുമായി പാട്ടു പാടുന്ന സംഘം..മൊത്തത്തില്‍ ഒരു വലിയ ചേരിപ്രദേശത്തുകൂടി കടന്നുപോകുന്ന പ്രതീതി.

ഡ്രൈവറുടെ ഭാഷ്യത്തില്‍ ഇത്‌ സിറ്റിയാണ്‌. ജംഗ്ഷനുകളില്‍ കയ്യും കലാശവും അലറിവിളിക്കലുമൊക്കെയായി ട്രാഫിക്ക്‌ നിയന്ത്രിക്കുന്ന പോലീസുകാര്‍ ഉണ്ടെങ്കിലും ഇതൊന്നും നമുക്ക്‌ ബാധകമല്ലന്ന മട്ടില്‍ ചീറിപ്പായുന്ന ബൈക്കുകള്‍, ടാക്സി ബൈക്കുകളാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.ഇവിടെ ഏറ്റവുംകൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന "ട്രാന്‍‌സ്‌പോര്‍‍ട്ട്‌" ടാക്സി ബൈക്കുകളാണെന്ന് ഡ്രൈവറുടെ സംശയനിവാരണവും. റോഡരികില്‍ കണ്ടവരിലേറെയും സ്ത്രീകളാണെന്നത്‌, ഇവിടെ പുരുഷന്മാരെക്കാളും സ്‌ത്രീകളാണെന്ന നിഗമനത്തിലേക്ക്‌ എത്തിക്കുമോയെന്ന സംശയങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കമ്പനി ആസ്ഥാനത്ത്‌ എത്തിചേര്‍ന്നു.

ഞങ്ങളെക്കാള്‍ മുന്‍പേ ഇവിടെ എത്തിചേര്‍ന്ന രണ്ടു സുഹൃത്തുക്കള്‍ മറ്റേതോ ക്യാമ്പിലാണെന്നറിഞ്ഞപ്പോള്‍ വിഷമമായെങ്കിലും,പുറം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി, ഇലക്ട്രിഫൈട്‌ സുരക്ഷാമതിലുകള്‍ക്കുള്ളില്‍ മറ്റൊരുലോകം കാത്തിരിക്കുന്നതറിഞ്ഞു. മനോഹരമായി പരിപാലിക്കപ്പെടുന്ന യൂറോപ്യന്‍ മാതൃകാ പൂന്തോട്ടങ്ങളും, കെട്ടിടങ്ങളും, കളിക്കളങ്ങളും മറ്റും മറ്റും. എന്നിരുന്നാലും, ഇവിടെയെത്തിചേര്‍ന്ന വിവരം നാട്ടിലേക്കൊന്നു വിളിച്ചറിയിക്കുവാന്‍ ഫോണ്‍ സൌകര്യം അന്വേഷിച്ചു നടന്ന ഞങ്ങള്‍ വലഞ്ഞു..അവസാനം നീന്തല്‍കുളത്തിനടുത്ത്‌ അകത്തും പുറത്തും വെള്ളവുമായിരുന്ന സായിപ്പിനെ കുറ്റിവെച്ച്‌ കാര്യം നടത്തി. രാത്രി വൈകിയിരുന്നെങ്കിലും, റെസ്റ്റാറന്റിലും ബാറിലുമൊക്കെ നല്ല തിരക്ക്‌, പ്രൊജെക്ഷന്‍ സ്ക്രീനില്‍ ലോകകപ്പ്‌ കാണുന്നവരുടെ ബഹളവും.

രാത്രി ഗസ്റ്റ്‌ഹൌസില്‍ തങ്ങി പിറ്റേന്നു രാവിലെ ജോയിനിംഗ്‌ നൂലാമാലകളൊക്കെ തീര്‍ത്ത്‌ അടുത്ത 18 ദിവസത്തെ ചിലവിനുള്ള കാശും വാങ്ങി ഞങ്ങളെ നിയമിച്ചിരിക്കുന്ന സൈറ്റ്‌ ഓഫീസിലേക്ക്‌ യാത്രയായി.പുതിയ ഒരു തോക്കു സെക്യൂരിറ്റികാരന്‍ കൂടെയുണ്ട്‌, ഇനിയുള്ള ദിനങ്ങളില്‍ ഇത്‌ ഞങ്ങളുടെ ഒരു ഭാഗമായിതീരുമായിരിക്കാം.! വീണ്ടും പഴയതുപോലെയുള്ള ഒന്നു രണ്ടു 'സിറ്റി'കള്‍ താണ്ടി 'അമാദി ക്രീക്ക്‌' എന്നയിടത്ത്‌ എത്തിചേര്‍ന്നു. ഇവിടെയാണു ഓഫീസും താമസവും. ഇവിടുത്തെ വിശേഷങ്ങള്‍ അടുത്ത കത്തില്‍, ബോറടിച്ചില്ലല്ലോ അല്ലേ..? മറുപടിയെഴുതുക.ചോദിക്കാന്‍ മറന്നു, സുഖം തന്നെയല്ലേ നിനക്ക്‌?..

സ്‌നേഹപൂര്‍വ്വം.

11 comments:

  1. നന്നായിട്ടുണ്ട് യാത്രാവിവരണം. ബാക്കി നൈജീരിയന്‍ വിശേഷങ്ങള്‍ കൂടി പോരട്ടെ.

    (എന്റെ ഇളയ അമ്മാവന്‍ നൈജീരിയയില്‍ പണ്ട് കുറച്ചുകാലം ഉണ്ടായിരുന്നു. ഇവിടെ നിന്ന് വിശേഷങ്ങളൊക്കെ കേട്ടിട്ട് വേണം പുള്ളിയോട് ഒരു കൈ നോക്കാന്‍ :^)

    ReplyDelete
  2. നല്ല യാത്രാവിവരണം.
    അടുത്തതും വായിച്ചു വരുന്നു. :)

    ReplyDelete
  3. നന്നായിരിക്കുന്നു. നല്ല വിവരണം

    ReplyDelete
  4. വളരെ നല്ല യാത്രാവിവരണം. ശരിക്കും നിങ്ങളുടെ തൊട്ടടുത്ത സീറ്റില്‍ എനിക്കും ഇര്‍ക്കുന്ന അനിഭൂതി. ഇനിയും എഴുതുക നൈജീരിയയെക്കുറിച്ച്‌.

    ReplyDelete
  5. പ്രതികരിച്ചവരേ നന്ദി.

    ഇപ്പോ ഒരു സംശയം; കത്തുകളുടെ കൈവശാവകാശം ആര്‍ക്കാണ്..എഴുതിയ ആള്‍ക്കോ, കിട്ടുന്നയാള്‍ക്കോ..? ചുമ്മാ തോന്നിയതാണ്..!

    ആദിത്യന്‍ മാഷേ..ചെറിയ ഒന്നു രണ്ട് സഹായം കൂടി. 1. ബ്ലോഗ് പോസ്റ്റിലും കമന്റിലും നിങ്ങളൊക്കെ ലിങ്ക് കൊടുക്കാറുണ്ടല്ലോ..കൂടുതല്‍ വിവരങ്ങള്‍ “ഇവിടെ“ എന്നൊക്കെ..ആ കലാപരിപാടി എങ്ങിനെയാണന്നു ഒന്നു പറയാമോ..?
    2. നൈജീരിയവിശേഷങ്ങള്‍ എന്ന തലക്കേട്ട് (ചിത്രത്തിനുള്ളിലല്ലാത്തത്) ചെറുതാക്കാന്‍ എന്താ വഴി..? കുറേ പണിഞ്ഞു നോക്കി ഒരു രക്ഷയുമില്ല.

    ReplyDelete
  6. നല്ല വിവരണം. അടുത്തതിനായി കാത്തിരിക്കുന്നു.

    ReplyDelete
  7. ഒരു പൊറ്റക്കാടാവട്ടെ

    ReplyDelete
  8. കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയാല്‍ എന്തായിരിക്കും സ്ഥിതി!
    അതാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമാകാന്‍ കെല്പുള്ള നൈജീരിയക്ക് സംഭവിച്ചത്..
    പണ്ട് ഒരു പൌണ്ട് = ഒരു നൈറ എന്ന ഒരു കാലമുണ്ടായിരുന്നു...

    ഇനി സൌത്ത് ആഫ്രിക്കയുടേയും പോക്ക് മറ്റൊരു നൈജീരിയ ആകാനാണോ? ദൈവത്തിനറിയാം.

    വിവരണം ബഹുകേമം. വേറെയും വിശേഷങ്ങളും പടങ്ങളും പോരട്ടെ.

    ReplyDelete
  9. ഞാന്‍ മുമ്പ് ഇവിടെ എഴുതിയ കമന്റ് എവിടെ എന്റെ ബ്ലോഗനാര്‍ക്കവിലമ്മേ?

    കലക്കന്‍ വിവരണം!

    (അല്ല മാഷേ.... നൈജീരിയയിലെ എണ്ണപ്പാട കച്ചറയൊക്കെ ഒതുങ്ങിയോ?)

    ReplyDelete
  10. രാജയോഗം രാജയോഗം എന്നൊക്കെ പറയുന്നതിവിടെയാ..ക്യാമ്പില്‍നിന്നും പുറത്തുപോകണെമെങ്കില്‍ കൂടെയുണ്ടാവും തോക്കും പട്ടാളവും..നാട്ടിലെ മന്ത്രിമാര്‍ക്കും, കള്ളന്മാര്‍ക്കും (രണ്ടും ഒന്നു തന്നെ..)ഒപ്പം ഞാനും അതിന്റെ ഒരു സുഖം പിടിച്ചു വരുന്നു.
    ദില്‍ബൂ) എണ്ണപ്പാട കച്ചറയൊക്കെ ഒതുങ്ങി, ഇപ്പോ “തട്ടികൊണ്ട് പോകലാണ്”;ഒരു സചിത്ര ഫീച്ചറിനു ശ്രമിക്കുന്നു..!!

    ReplyDelete
  11. ചെണ്ടക്കാരാ, കൊള്ളാം. എന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ നൈജീരിയയില്‍ നിന്നായിരുന്നു. ദശാബ്ദങ്ങള്‍‌ക്കുമുമ്പ് ബയാഫ്രയില്‍ നടന്ന വംശീയലഹളയില്‍‌നിന്നു രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഒരാള്‍. അങ്ങേരു പറഞ്ഞറിഞ്ഞ വിവരങ്ങള്‍ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. കൂടുതലറിയാന്‍ കൌച്ചുവിനെപ്പോലെ ഞങ്ങളും...

    ReplyDelete