Saturday, April 28, 2007

നൈജീരിയ തെരഞ്ഞെടുപ്പ്‌-2

പ്രിയപ്പെട്ട കൗച്ചു,
നിനക്ക്‌ സുഖം തന്നെയല്ലേ, ഇപ്പോള്‍ നിന്റെ കത്തുകള്‍ക്കും കനം കുറവ്‌..തിരക്കിലാവുമല്ലേ? ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല..തിരക്കോട്‌ തിരക്ക്‌..! ഒപ്പം, തെരഞ്ഞെടുപ്പിന്റെ പേരില്‍ ഈ മാസം നഷ്ടമായ ജോലിദിവസങ്ങളുടെ കുറവു തീര്‍ക്കല്‍ തത്രപ്പാടിലും.

പ്രതീക്ഷിച്ച പോലെ വന്‍ അക്രമങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും, തോക്കിന്റെയും സ്ഫോടനങ്ങളുടെയും നിഴലില്‍ തന്നെയാണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അവസാനിച്ചത്‌. ഒപ്പം നൈജീരിയന്‍ ഭരണചരിത്രത്തിലെ സുപ്രധാന സംഭവം കൂടിയായിമാറി ഈ തെരഞ്ഞെടുപ്പ്‌. നൈജീരിയയുടെ സ്വാതന്ത്ര്യാനന്തര 47 വര്‍ഷത്തെ ഭരണകൂട ചരിത്രത്തിലെ നാഴികകല്ലായി മാറിയ ഈ തെരഞ്ഞെടുപ്പിലൂടെ, ആദ്യമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട്‌ അധികാരത്തിലേറിയ ഒരു ഗവണ്‍മന്റ്‌, മറ്റൊരു തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനു അധികാരം കൈമാറുകയാണ്‌. ഇതുവരെയും ഒന്നുകില്‍ ജനഹിതത്തിനെതിയായി പട്ടാളം അധികാരം കൈയ്യടക്കുകയോ, പട്ടാളഭരണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ താല്‍ക്കാലികമായ തെരഞ്ഞെടുപ്പ്‌ പ്രഹസനത്തിലൂടെ അധികാരകൈമാറ്റം നടത്തുകയോ ഒക്കെയാണ്‌ ഉണ്ടായിട്ടുള്ളത്‌. എന്നു കരുതി, ഈ തെരഞ്ഞെടുപ്പ്‌ പ്രഹസനമല്ലാതായിരുന്നു എന്നും കരുതുക വയ്യ.

ഏപ്രില്‍ 16നു സുപ്രീം കോടതിയുടെ അനുകൂല വിധി നേടിയെടുത്ത, ഇപ്പോഴത്തെ ഗവണ്മെന്റില്‍ വൈസ്‌പ്രസിഡന്റ്‌ ആയിരിക്കുകയും, എന്നാല്‍ ഗവണ്മെന്റുമായി ഇടഞ്ഞ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുവാന്‍ തീരുമാനിക്കുകയും, അഴിമതി അന്വേഷണം നേരിടുന്നു എന്ന പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ , നോമിനേഷന്‍ തള്ളികളയുകയും ചെയ്ത അറ്റിക്കു അബൂബക്കറിന്റെ സ്ഥാനാര്‍ത്ഥിത്വം, ഈ തെരഞ്ഞെടുപ്പിനെ വല്ലാതെ ബാധിച്ചു എന്നുതന്നെ കരുതാം.

മുന്‍നിശ്ചയിച്ച ദിനപട്ടിക പ്രകാരം ഏപ്രില്‍ 21നു തന്നെ തെരഞ്ഞെടുപ്പ്‌ നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കുകയും ചെയ്തു. അവസാന നിമിഷം ലക്ഷകണക്കിനു ബാലറ്റ്‌ പേപ്പറുകളില്‍ പുതിയ ഒരു സ്ഥാനാര്‍ത്ഥിയെകൂടി ഉള്‍കൊള്ളിക്കേണ്ടതിന്റെ സാങ്കേതികപ്രശ്നങ്ങള്‍, ബാലറ്റ്‌ പേപ്പര്‍, പെട്ടികള്‍ തുടങ്ങിയവ പോളിംഗ്‌ സ്റ്റേഷനുകളിലെത്തിക്കുവാന്‍ നേരിട്ട കാലതാമസം, ബാലറ്റ്‌ പേപ്പറുകളിലെ തുടര്‍ച്ചയായ സീരിയല്‍ നമ്പറുകളില്‍ അപാകത കണ്ടത്തിയതിനെ തുടര്‍ന്നുണ്ടായ പോളിംഗ്‌ മരവിപ്പിക്കല്‍, തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ കുറ്റമറ്റരീതിയിലായിരുന്നില്ല എന്നാണ്‌ യൂറോപ്യന്‍യൂണിയന്‍ നിരീക്ഷകരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തത്‌.

ഇതിനിടയില്‍ തീവ്രവാദികള്‍ പോളിംഗ്‌ ദിവസം രാവിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫിസിനു നേരെ ട്രക്ക്‌ ബോബിംഗ്‌ ലക്ഷ്യമിട്ടത്‌ , നേരിയവ്യത്യാസത്തില്‍ ആളപായം ഒന്നുമില്ലാതെ ഒഴിവായി. അക്രമങ്ങളില്‍ രണ്ട്‌ ഡസനിലധികം ആള്‍ക്കാര്‍ കൊല്ലപ്പെട്ടുവെങ്കിലും, ഇവിടുത്തെ സാധാരണ അക്രമങ്ങള്‍ വച്ച്‌ നോക്കുമ്പോള്‍, ഇത്‌ വളരെ കുറവാണ്‌ എന്നാണ്‌ നാട്ടുകാര്‍ തന്നെ പറയുന്നതും ആശ്വസിക്കുന്നതും. ചില പോലീസ്‌ സ്റ്റേഷന്‍ അക്രമങ്ങളും മറ്റും, ഞാന്‍ താമസിക്കുന്നപ്രദേശത്ത്‌ ഭീതി ജനിപ്പിച്ചിരുന്നു.

ഇലക്ഷന്‍ സജ്ജീകരണങ്ങളും, പോളിംഗ്‌ നടക്കുന്നതുമൊക്കെ മിക്ക പ്രാദേശിക ടെലിവിഷന്‍ ചാനലുകളും ലൈവ്‌ ആയി കാണിച്ചിരുന്നത്‌ കൗതുകകരമായിതോന്നി. തുറസ്സായ സ്ഥലത്തും, മാര്‍ക്കറ്റിലും, മരത്തണലിലുമൊക്കെയായിരുന്നു മിക്ക പോളിംഗ്‌ ബൂത്തുകളും. നാട്ടിലെ പോലെ കടുത്ത സെക്യൂരിറ്റി ബന്തവസ്സ്‌ ഒന്നുമില്ലാതെ ആര്‍ക്കും കാണാവുന്നപോലെ സജ്ജികരിച്ചിരിക്കുന്നത്‌ എനിക്ക്‌ കൗതുകകരമായി തോന്നിയത്‌ ഒരു പക്ഷേ നാട്ടില്‍ മൂന്ന് തവണ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയില്‍ പ്രിസൈഡിംഗ്‌ ആപ്പീസര്‍ ആയി പോയത്‌ കൊണ്ടാവാം. (ഹോ, എന്തൊരു പെടാപ്പാടായിരുന്നു, എങ്കിലും നല്ല രസവുമായിരുന്നു എന്നോര്‍ക്കുന്നു.) ഇവിടെ ബാലറ്റ്‌ ബോക്സ്‌ എന്ന് പറയുന്നത്‌ പെട്ടി പോലിരിക്കുന്ന സുതാര്യമായ ഒരു പോളിത്തീന്‍ സഞ്ചി, സിബ്ബ്‌ ഒക്കെയുള്ളത്‌ ആണ്‌.വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ പേപ്പര്‍ പെട്ടിയില്‍(സഞ്ചിയില്‍..!!) നിക്ഷേപിച്ചിരിക്കുന്നത്‌, മടക്ക്‌ ഒക്കെ നിവര്‍ന്ന് , ഒരുവിധമൊക്കെ പെട്ടിപൊട്ടിക്കാതെ തന്നെ എണ്ണാം എന്ന നിലയിലും. ( പിറ്റേന്ന് നടന്ന് ഫ്രഞ്ച്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും സുതാര്യമായ അക്രിലിക്‌ പെട്ടികള്‍ ഉപയോഗിക്കുന്നത്‌ ടി.വി.യില്‍ കണ്ടു, പക്ഷേ അവര്‍ വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ ഒരു കവറില്‍ തിരുകിയാണ്‌ പെട്ടിയില്‍ ഇടുന്നത്‌.എന്തായാലും നമ്മുടെ നാട്ടിലെ ഇരുമ്പ്‌ പെട്ടിയുടെ ഭാരവും, ഇലക്ട്രോണി വോട്ടിംഗ്‌ മെഷീനിന്റെ പ്രായോഗികതയും ഒക്കെ ഓര്‍ത്തുപോയി..!!)

വോട്ട്‌ എണ്ണല്‍ അതിലും രസമാണ്‌. പോളിംഗ്‌ കഴിയുന്ന (അവിടെ തന്നെയാണെന്ന് തോന്നുന്നു) പിന്നെ കാത്തിരിപ്പ്‌ ഒന്നുമില്ല..എല്ലാം തറയിലോ, അല്ലെങ്കില്‍ കിട്ടുന്ന സ്ഥലത്ത്‌ തട്ടിയിട്ട്‌ ആകെ വിരകി ഒരു എണ്ണലാണ്‌. രാത്രിയില്‍ അരണ്ട വെളിച്ചത്തില്‍ (മിക്കയിടത്തും മെഴുകുതിരിയോ, റാന്തലോ ആണ്‌ കണ്ടത്‌. തങ്ങളുടെ ക്യാമറ ലൈറ്റ്‌ ഉപയോഗിച്ച്‌, വോട്ട്‌ എണ്ണിതിട്ടപെടുത്തുന്നത്‌ സി.എന്‍.എന്‍ കാണിച്ചിരുന്നു) എണ്ണുന്ന വോട്ടുകളുടെ നിജസ്ഥിതി നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഈ തെരഞ്ഞടുപ്പ്‌ നടപടിയില്‍, ആകെ നമ്മുടെ നാട്ടിലേതുമായി സാമ്യം തോന്നിയത്‌ പൊതുജനം, പൊരിവെയിലത്ത്‌ ക്യൂ നില്‍ക്കുന്നത്‌ മാത്രമാണെന്ന് തോന്നുന്നു..!!

പ്രതിപക്ഷ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും 70% ത്തിലധികം വോട്ടുകള്‍ക്ക്‌ ഭരണകൂട പാര്‍ട്ടിയായ പി.ഡി.പി.യുടെ സ്ഥാനാര്‍ത്ഥി ഉമാറു യാര്‍ ദുവ തെരഞ്ഞെടുക്കപെട്ടതായി നൈജീരിയന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 1951 ല്‍ കറ്റ്‌സിന എന്ന പ്രവിശ്യയില്‍ ജനിച്ച ഉമാറു യാര്‍ദുവ കഴിഞ്ഞ 7 വര്‍ഷമായി കറ്റ്‌സിന സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ പദവി വഹിക്കുന്ന ആളാണ്‌.

നൈജീരിയയുടെ ആദ്യ റിപ്പബ്ലിക്കന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിതാവിന്റെയും, ഇപ്പോഴത്തെ പ്രസിഡന്റ്‌ ജനറല്‍ ഒബസാഞ്ചോയുടെ പഴയ പട്ടാളഭരണകൂടത്തിലെ ഉറ്റ അനുയായി ആയിരുന്ന സഹോദരന്റെയും (ഇദ്ദേഹം പിന്നീട്‌ പട്ടാളഭരാധികാരി സാനി അബാച്ചയ്ക്കെതിരെയുണ്ടായ അട്ടിമറി-വധശ്രമ ആരോപണത്തില്‍ ഒബസാഞ്ചോയോടൊപ്പം ജയില്‍ ശിക്ഷയ്ക്ക്‌ വിധേയനാവുകയും ചെയ്തു) പാത പിന്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്ക്‌ എത്തിയ , കടുത്ത കമ്യൂണിസ്റ്റ്‌ അനുഭാവിയായിരുന്ന യാര്‍ദുവ സഹോദരന്റെ മുതലാളിത്വ അനുഭാവ രാഷ്ട്രീയത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ച്‌ ശ്രദ്ധനേടിയിരുന്നു. പക്ഷേ, പിന്നീട്‌ വളരെ പെട്ടന്ന് തന്നെ പ്രസിഡന്റ്‌ ഒബസാഞ്ചോയുടെ വലം കൈയ്യാവുകയും, അധികാരമുന്നണിയിലെ പ്രമുഖസ്ഥാനത്തുള്ള പി.ഡി.പി.യിലേക്ക്‌ എത്തുകയും ചെയ്തു. സ്ഥാനമൊഴിയുന്ന ഒബസാഞ്ചോയുടെ പ്രത്യേക നോമിനേഷനിലാണ്‌, യാര്‍ദുവ ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്‌ തന്നെ. ഇക്കഴിഞ്ഞ കാലയളവില്‍, നൈജീരിയയില്‍ അഴിമതി അന്വേഷണം നേരിടാത്ത ചുരുക്കം ചില സംസ്ഥാന ഗവര്‍ണ്ണര്‍ മാരില്‍ ഒരാളാണ്‌ കറ്റ്‌സിനയുടെ ഈ ഭരണാധികാരിയെന്നതും, കറ്റ്‌സിനയുടെ വികസനത്തിലും പദ്ധതി വിഹിത ചെലവുകളിലും വ്യക്തതയും, സുതാര്യവുമായ രീതി പിന്തുടര്‍ന്നിരുന്നതും പുതിയ പ്രസിഡന്റിനു ജനങ്ങളുടെ ഇടയില്‍ ഒരു ക്ലീന്‍ ഇമേജ്‌ സൃഷ്ടിച്ചിട്ടുണ്ട്‌, അത്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളില്‍ ഉണ്ടായ അനാസ്ഥയും , സ്വജന പക്ഷപാതവും, അക്രമവുമൊക്കെ ചോദ്യം ചെയ്ത്‌ പരാജിതരായവരിലെ പ്രമുഖര്‍ മുന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ ബുഹാരി, അറ്റിക്കു അബൂബക്കര്‍ തുടങ്ങിയവര്‍ നിയമനടപടികളിലേക്ക്‌ നീങ്ങുമ്പോഴും, ജനങ്ങളോട്‌ അവരുടേതായ രീതിയില്‍ പ്രതികരിക്കുവാന്‍ ആവശ്യപ്പെടുമ്പോഴും അങ്ങിങ്ങായി അക്രമസംഭവങ്ങള്‍ തുടരുമ്പോഴും, നൈജീരിയന്‍ ജനത കാത്തിരിക്കുകയാണ്‌, മെയ്‌ 29 നു ഉമാറു യാര്‍ദുവയുടെ നേതൃത്വം നൈജീരിയയുടെ ഭരണകൂടചരിത്രത്തിലെ സുപ്രധാനമായ സ്ഥാനാരോഹണം നടത്തുന്നത്‌.

ഒപ്പം ഞാനും കാത്തിരിക്കുന്നു, ഇനി ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലേക്ക്‌ അവധിക്ക്‌ പോകാം. തെരഞ്ഞെടുപ്പ്‌ കാരണം, ഈ മാസത്തില്‍ യാത്ര അനുവദിച്ചിരുന്നില്ല. മെയ്‌ മാസം എന്തായാലും കുട്ടികളോടൊപ്പം നാട്ടില്‍, അവര്‍ക്കും അവധിയാണല്ലോ. ഞാന്‍ ഇവിടെ നിന്നും തിരിക്കും മുന്‍പ്‌ ഫോണ്‍ ചെയ്യാമെന്ന ഉറപ്പോടെ
തല്‍ക്കാലം നിര്‍ത്തുന്നു
ആശംസകളോടെ

അലിഫ്‌

Saturday, April 14, 2007

നൈജീരിയ തെരഞ്ഞെടുപ്പ് -1

പ്രിയ കൗച്ചൂ,
നാളെ വിഷു. ഞങ്ങളുടെ നാട്ടിലെ പുലരിക്ക്‌ നാളെ കണികാണലിന്റെ വിശുദ്ധിയും, കണിവെള്ളരിയുടെയും കണികൊന്നപ്പൂവിന്റെയും കടും മഞ്ഞ കലര്‍ന്ന തുടുപ്പുമാകും. ഒപ്പം, വിഷു കൈനീട്ടത്തിന്റെ സമൃദ്ധിയില്‍ കിലുങ്ങുന്ന കുഞ്ഞിപോക്കറ്റുകളുടെ ബാല്യവും. ചിങ്ങത്തിലെ ഓണം പോലെതന്നെ സമൃദ്ധിയെ വരവേല്‍ക്കാനുള്ള ഒരാഘോഷം, നിങ്ങള്‍ക്ക്‌ ദീപാവലിയെന്നപോലെ സന്തോഷസൂചകമായി പടക്കവും , പൂത്തിരിയും മത്താപ്പുമെല്ലാം കത്തിച്ച്‌ വര്‍ണ്ണാഭമായി വിഷു ആഘോഷിക്കുന്ന കുട്ടിത്തം. ഇന്നത്തെ കുട്ടികള്‍ക്ക്‌ ഒരു പക്ഷേ, ഇതൊക്കെ ഒരു ചടങ്ങും ടെലിവിഷനിലെ പ്രത്യേക സിനിമാപരിപാടികളുടെ ആഘോഷവും മാത്രമായി തീര്‍ന്നിരിക്കാം.ഒപ്പം നീണ്ട വേനലവധിയിക്കിടയിലെ പ്രയോജനമില്ലാത്ത മറ്റൊരു അവധി ദിനമെന്ന വിഷമവും. ഫ്ലാറ്റ്‌ സംസ്കാരത്തിലേക്കുള്ള കുതിച്ച്‌ ചാട്ടത്തില്‍ നമുക്ക്‌ നഷ്ടമാകുന്നത്‌ ഒരു പൂത്തിരി കത്തിക്കാനുള്ള ഇടവും സ്വാതന്ത്ര്യവും കൂടിയാണോ..?

വിഷു ദിനത്തിലെ നാട്ടിലെ പടക്കം പൊട്ടിക്കലുമൊക്കെ ഓര്‍ത്തിവിടെ ഇരിക്കുമ്പോള്‍ തന്നെ , തൊട്ടടുത്തെവിടെയൊക്കെയോ പൊട്ടാനിടയുള്ള ബോംബുകളുടെ കണക്ക്‌ നിറയുന്ന ടെലിവിഷന്‍ സ്ക്രീനിലാണെന്റെ കണ്ണുകള്‍. സ്ഫോടനങ്ങളുടെയും നിറതോക്കുകളുടെയും നിഴലില്‍ പോളിംഗ്‌ ബൂത്തിലേക്ക്‌ ആനയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ജനാധിപത്യ പ്രക്രിയ, സംസ്ഥാന ഇലക്ഷന്റെ രൂപത്തില്‍ നൈജീരിയന്‍ ജനത ഇന്ന് നിര്‍വ്വഹിക്കുന്നു.

സംസ്ഥാന ഗവര്‍ണ്ണര്‍മാരെയും നിയമസഭാ സാമാജികരെയും തെരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ്‌ ഇന്ന് കാലത്ത്‌ തുടങ്ങികഴിഞ്ഞു. നാട്ടിലെ ഒരു ചെറു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റേയോ, എന്തിന്‌ നാട്ടിന്‍പുറത്തെ സഹകരണസംഘ തിരഞ്ഞെടുപ്പിന്‍റെയോ പോലും കോലാഹലമുയര്‍ത്താത്ത പ്രചാരണപരിപാടികളേ കണ്ടുള്ളൂ. സിറ്റിയില്‍ ഇടയ്ക്ക്‌ മൂന്ന് നാലിടത്ത്‌ വന്‍ ഹോര്‍ഡിംഗുകളുമൊക്കെ ഉയര്‍ത്തിയിട്ടുണ്ടെന്നത്‌ ഒഴിച്ചാല്‍ അത്രയധികം പരസ്യപ്രചാരണം എങ്ങും കാണാനില്ല.ഒരു പക്ഷേ, ജനവാസ കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലുമൊക്കെയാവാം, പ്രധാന പരിപാടികള്‍.മുന്‍ വര്‍ഷങ്ങളില്‍ ഏറെ തെരഞ്ഞെടുപ്പ്‌ അക്രമങ്ങള്‍ നടന്നിട്ടുള്ള റിവര്‍ സ്റ്റേറ്റിലാണ്‌ ഞങ്ങളുടെ ക്യാമ്പ്‌ എന്നതിനാലാവും വളരെ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ നടുവിലാണിപ്പോള്‍. രണ്ട്‌ മൂന്ന് ദിവസമായി പുറത്തേക്ക്‌ പോകാനൊന്നും അനുവാദമില്ല, ഇന്ന് തീരെയും. രാജ്യമൊട്ടാകെ ഇന്ന് 'നോ മൂവ്‌മന്റ്‌ ഡേ' ആയും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍. മിലിട്ടറി, പോലീസ്‌, പ്രസ്സ്‌ , ഇലക്ഷന്‍ കമ്മീഷന്‍ , തുടങ്ങിയവയുടേതൊഴിച്ചുള്ള ഒറ്റ വാഹനവും നിരത്തിലില്ല. രരവിലെ 7 മണിമുതല്‍ തുറ്റങ്ങിയ പോളിംഗ് അവസാനിക്കുന്ന വൈകിട്ട് 3 മണി വരെയും ഇന്ന് നിരത്തുകളില്‍ വാഹനങ്ങള്‍ ഓടില്ല . ഇന്നലെയും അതിന്റെ തലേദിവസവും ഇവിടെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.ദൂരെയിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും മറ്റും , അവരവരുടെ മണ്ഡലങ്ങളിലെത്തി വോട്ട്‌ രേഖപ്പെടുത്തുവാനുള്ള അവസരമുണ്ടാക്കാനാണിതെന്ന ഗവണ്‍മന്റ്‌ വിശദീകരണം നല്‍കിയിരുന്നെങ്കിലും, അതും വിവാദമായികഴിഞ്ഞു.

ഈ അവധി ദിനങ്ങളിലും സ്വകാര്യ കമ്പനികളില്‍ മിക്കതും നൂറ്‌ ശതമാനം ഹാജരോടെ പ്രവര്‍ത്തിച്ചത്‌ അത്ഭുതം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിനോടുള്ള താത്‌പര്യകുറവ്‌ കൊണ്ടോ, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടോ ആണ്‌ മിക്കവരും ഈ അവധി ദിനങ്ങളില്‍ ജോലിക്കെത്തുന്നത്‌ എന്ന് ധരിച്ചാല്‍ തെറ്റി. അവധി ദിനങ്ങളില്‍ ലഭിക്കുന്ന രണ്ടിരട്ടിയും അതിലധികവും ശമ്പളം തന്നെയാണ്‌, ഹാജര്‍ബുക്കിലെ ചുവന്ന വെട്ട്‌ ഒഴിവാക്കുന്നത്‌. (ഒരു വിധപ്പെട്ട അവധിദിനങ്ങളിലൊക്കെയും ഇത്‌ സാധാരണമാണിവിടെ..) എന്റെ ഓഫീസില്‍ ജോലിയെടുക്കുന്ന തദ്ദേശീയരായവരില്‍ മിക്കവര്‍ക്കും വോട്ട്‌ ചെയ്യാന്‍ യാതൊരു താത്‌പര്യവുമില്ല. ചോദിച്ചപ്പോള്‍, ' വെറുതെ പോളിംഗ്‌ ബൂത്തില്‍ പോയി തലകളയുന്നതിലും ഭേദം വീട്ടില്‍ കുത്തിയിരിക്കുന്നതല്ലേ' എന്നാണ് മറുചോദ്യം. ഇവിടെ ഇലക്ഷന്‍ ഒന്നുമല്ല, സെലക്ഷനാണ്‌ നടക്കുന്നത്‌ എന്നാണ്‌ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എങ്കിലും, ചിലരൊക്കെ, ഇത്തവണ അത്തരം അക്രമങ്ങള്‍ ഒന്നുമുണ്ടാകില്ല എന്ന് ആശ്വാസം കൊള്ളുന്നുമുണ്ട്‌.

സുരക്ഷാക്രമീകരണ നടപടികളുടെ വിശദാംശങ്ങളും, നിര്‍ഭയമായി വോട്ട്‌ ചെയ്യാനുള്ള സാഹചര്യമൊരുക്കലുമൊക്കെ ദിവസവും ടെലിവിഷന്‍ ചര്‍ച്ചകളിലും, സ്വതന്ത്ര ദേശീയ തെരഞ്ഞടുപ്പ്‌ കമ്മീഷന്റെ (INEC) പ്രസ്ഥാവനകളിലുമൊക്കെ കാണുന്നുണ്ട്‌. പക്ഷേ മുന്‍കാല ചരിത്രമൊക്കെയും തെരഞ്ഞെടുപ്പ്‌ അക്രമങ്ങളുടെ പരമ്പരകളുടെയും, തുടര്‍ന്നുണ്ടാകുന്ന പട്ടാള ഭരണത്തിന്റെയും ഒക്കെയായതിനാല്‍ , നാട്ടുകാര്‍ക്ക്‌ സത്യത്തില്‍ ആശങ്കയാണ്‌. ഇതിന്‌ അടിവരയിടുന്നതാണ്‌, ഒറ്റപ്പെട്ടതെങ്കിലും പ്രചാരണപരിപാടികള്‍ക്കിടയില്‍ തുടരുന്ന അക്രമങ്ങളും, കൊലപാതകങ്ങളുമൊക്കെ. രണ്ട്‌ ദിവസം മുന്‍പ്‌ ഇബ്ദാന്‍ പ്രദേശത്ത്‌ നടന്ന അക്രമങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയുമൊക്കെ ചെയ്തത്‌ പോലുള്ള സംഭവങ്ങളും പോളിംഗ്‌ ലക്ഷ്യം വെച്ചുള്ളതാണെന്നാണ്‌ പറയുന്നത്‌. ഇത്തരം അക്രമങ്ങള്‍ നടക്കുന്ന പ്രദേശം സാധാരണ ജനജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ ദിവസങ്ങള്‍ എടുക്കും, അപ്പോഴേക്കും, ബാലറ്റ്‌ പെട്ടികള്‍ നിറച്ച്‌ പൂട്ടികെട്ടിയിട്ടുമുണ്ടാകും. ആര്‌, ആരെ, ആര്‍ക്ക്‌ വേണ്ടി തെരഞ്ഞെടുക്കുന്നു എന്നത്‌ ഒരു വലിയ ചോദ്യചിഹ്നം തന്നെയാണിവിടെ.

ഇതിലും പ്രാധാന്യമേറിയതും , ഇപ്പോള്‍ തന്നെ വന്‍ വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും നീങ്ങികൊണ്ടിരിക്കുന്നതുമായ പ്രസിഡെന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്‌, പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച്‌ ഏപ്രില്‍ 21 ന് ആണ്‌, അതായത്‌ ഈ വരുന്ന ശനിയാഴ്ച. ഭരണപക്ഷവുമായി ഇടഞ്ഞ്‌ നില്‍ക്കുന്ന വൈസ്‌ പ്രസിഡന്റ്‌ ആറ്റിക്കു അബൂബക്കറിന്റെ സ്ഥാനാര്‍ത്ഥിത്തം വന്‍ വിവാദത്തിലേക്ക്‌ വീണ്ടും നീങ്ങുകയാണ്‌. ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യതകല്‍പ്പിച്ച്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത്‌ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളില്‍ കഴിഞ്ഞ ആഴ്ചയിലെ വിധിപ്രഖ്യാപനങ്ങള്‍ ഒരേ സമയം തല്ലും തലോടലുമായി. ഫെഡറല്‍ ഹൈക്കോടതി അബൂബക്കറിന്‌ അനുകൂലമായി വിധിപ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, അതിനും മുകളിലുള്ള അപ്പീല്‍ കോടതി പ്രതികൂലമായും വിധി പറഞ്ഞു. ഇതിനൊക്കെ മുകളിലുള്ള സുപ്രീം കോടതി, ഹര്‍ജി പരിഗണിച്ച്‌ ഈ വ്യാഴാഴ്ച വിധിപറയാന്‍ വെച്ചിരുന്നത്‌, ഗവണ്‍മന്റ്‌ നടത്തിയ അപ്രതീക്ഷിതമായ പൊതു അവധി പ്രഖ്യാപനത്തോടെ വരുന്ന തിങ്കളാഴ്ചയിലേക്ക്‌ മാറ്റി വെയ്ക്കേണ്ടിയും വന്നു. തനിക്കെതിരെയുള്ള ഭരണപക്ഷ നീക്കത്തിന്റെ വ്യക്തമായ നിലപാടിന്റെ ഉദാഹരണമാണീ പൊതു അവധിനല്‍കല്‍ എന്ന് ആറ്റിക്കു അബൂബക്കര്‍ പ്രസ്ഥാവിച്ചു കഴിഞ്ഞു, ഇനി ഇതാവും രണ്ട്‌ ദിവസ ചര്‍ച്ചകള്‍. സുപ്രീം കോടതി ഇദ്ദേഹത്തിനു അനുകൂലമായി വിധി നല്‍കുകകയാണെങ്കില്‍, മിക്കവാറും, തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ബന്ധിതമാകും, കാരണം , പിന്നെ കഷ്ടിച്ച് 5 ദിവസങ്ങള്‍ മാത്രമേയുള്ളൂ, മുന്‍പ്രഖ്യാപിത ഇലക്ഷന്‍ ദിനത്തിന്‌.

ഭരണപക്ഷമായ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഉമാറു യാര്‍ അദ്വവ യും പ്രധാന പ്രതിപക്ഷമായ ആള്‍ നൈജീരിയ പീപ്പിള്‍സ്‌ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മുന്‍ പട്ടാള ഭരണ മേധാവി മുഹമ്മദ്‌ ബുഹാരിയുമാണ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ മത്സരിക്കുന്ന രണ്ട്‌ പ്രമുഖര്‍. ഭരണപാര്‍ട്ടിയായത്‌ കൊണ്ട്‌ തന്നെ ഏറെകുറെ ഫലം നിശ്ചയിച്ച പോലെയാണെങ്കിലും, എതിര്‍സ്ഥാനാര്‍ത്ഥി മുഹമ്മദ്‌ ബുഹാരി , ജനവാസ ഗ്രാമ പ്രദേശങ്ങളില്‍ പ്രചാരണത്തില്‍ വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നുവെന്നത്‌ പി.ഡി.പി യെ ആശങ്കപെടുത്തുന്നുണ്ടന്നാണ്‌ റിപ്പോര്‍ട്ടുകള്‍

മുന്‍ ടാന്‍സാനിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ്‌ ജോസഫ്‌ വാരിയോബയുടെ നേതൃത്വത്തില്‍ കോമണ്‍വെല്‍ത്ത്‌ സംഘടനയുടെ നിരീക്ഷകര്‍ എത്തുന്നുണ്ടന്ന് പറയുന്നുവെങ്കിലും, അവര്‍ ഞാന്‍ താമസിക്കുന്ന റിവര്‍ സ്റ്റേറ്റിനോട് ചേര്‍ന്നു കിടക്കുന്ന നൈജര്‍ ഡെല്‍റ്റാ പ്രദേശം ഒഴിവാക്കുമെന്നും കേള്‍ക്കുന്നു. ഈ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ച്‌ വരുന്ന തട്ടികൊണ്ട്‌ പോകലും, തീവ്രവാദപ്രവര്‍ത്തനവും ഒക്കെ മുന്‍ നിര്‍ത്തിയാകുമത്‌. എന്തായാലും ഒരു നൈജിരിയ ഇലക്ഷന്‍ തൊട്ടടുത്ത്‌ നടക്കുന്നുവെങ്കിലും, നേരിട്ട്‌ കണ്ട്‌മനസ്സിലാക്കാന്‍ കഴിയാത്ത വിഷമത്തിലാണ്‌ ഞാന്‍. ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ നോക്കിയിരിക്കാനെ തല്‍ക്കാലം നിവൃത്തിയുള്ളൂ.

കഴിഞ്ഞ കത്ത്‌ കുറേ വൈകിയതില്‍ പരാതിപെട്ട്‌ എഴുതിയ നിന്റെ മറുപടി കിട്ടി. തിരക്കില്‍ പെട്ടത്‌ കൊണ്ട്‌ മാത്രമാണ്‌, ഇനി വൈകാതിരിക്കാന്‍ നോക്കാം. അപ്പോള്‍, ഇതിനു ഇങ്ങോട്ടുള്ള മറുപടി വല്ലാതെ വൈകണ്ട. അനുജന്‍ , സുഹൃത്തുക്കള്‍, എല്ലാവരെയും എന്റെ അന്വേഷണങ്ങള്‍ അറിയിക്കുക, ഒപ്പം വിഷുദിനാശംസയും..

വിഷു ദിനാശംസകളോടെ

-അലിഫ്‌