Thursday, December 10, 2015

'ഹർമത്താൻ' (Harmattan) പുലർകാലം വീണ്ടും ..!

നരച്ച പകലിനെ വരവേൽക്കാനായ് മാത്രമുണരുന്ന പ്രഭാതകിരണങ്ങൾക്ക് ഇത്രയും ചുവപ്പ് രാശിയൊന്നും നേരിൽ കാണുമ്പോഴില്ല.. കുറെ നാളായി പൊടിമേലാപ്പിനിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യനെ കണ്ടിട്ട്; ആകാശത്ത് ഒരു ചെറു മേഘപാളിയെങ്കിലും ചലിക്കുന്നത് കണ്ടിട്ട്...; ഇത് നൈജീരിയയിലെ പൊടിക്കാലം ..അഥവാ 'ഹർമത്താൻ' (Harmattan) കാലം..! ( രാവിലെ 7 മണി യ്ക്കുള്ള ചില ചിത്രങ്ങൾ ) 

Tuesday, April 28, 2015

പകര്‍ച്ചവ്യാധികളാവുന്ന വാര്‍ത്തകള്‍..!

ഇല്ലാത്ത സംഭവങ്ങളെ പോലും വാർത്തകളില്‍ ഉണ്ടാക്കിയെടുക്കുന്നവരാണ് പത്രക്കാര്‍; പിന്നെ ഇത്തിരിയെന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല; പൊടിപ്പായി, തൊങ്ങലായി, രേഖാചിത്രമായി, ബോക്സ് ഐറ്റം വാര്‍ത്തയായി..!

ഏപ്രില്‍ 20  തിങ്കളാഴ്ച നാട്ടിലുള്ള അമ്മയെ രാവിലെ തന്നെ ഒന്ന് വിളിച്ചേക്കാം എന്ന് കരുതി. ഫോണ്‍ എടുത്തതും സങ്കടപെടലും ഒപ്പം അത്യാവശ്യം തെറിയും. ഒരു പിടിയും കിട്ടിയില്ല. "നീയെന്തിനാണ്‌ ഇത്ര ദൂരെ വല്ല നാട്ടിലും പോയി കിടക്കുന്നത്.., പകര്‍ച്ച വ്യധിയാണെടാ അവിടെ, പകര്‍ച്ചവ്യാധി. ബോംബ്, ബോക്കോ ഹറാം എല്ലാം കഴിഞ്ഞ്  ദേ ഇപ്പോള്‍ പിന്നെയും പകര്‍ച്ച വ്യാധിയും.. !!"

"അമ്മാ, എബോള പ്രശ്നമൊക്കെ എന്നേ കഴിഞ്ഞു.." പരിദേവനങ്ങള്‍ക്കിടയില്‍ കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ സമാധാനിപ്പിച്ചു നോക്കി, എവിടെ ഏല്‍ക്കാൻ..!

"മോനേ  അതല്ല... അവിടെ ഏതാണ്ട് വല്യ അസുഖം പടര്‍ന്നു പിടിക്കുന്നു, എങ്ങാനും പിടിപെട്ടാല്‍ ഇരുപത്തിനാലു മണിക്കൂറിനകം മരണം എന്നൊക്കെ ഇന്നത്തെ മനോരമയില്‍ ഉണ്ട്.. നീ എത്രയും പെട്ടന്ന് തിരികെ വന്നേക്ക്...!"

"ങേ, അങ്ങിനെ ഒന്നും ഇവിടെ ആരും പറഞ്ഞു കേട്ടില്ലല്ലോ, അങ്ങ് വടക്ക് എങ്ങാണ്ടും ആയിരിക്കും അമ്മാ.. ഇവിടെ കുഴപ്പമൊന്നുമില്ല.. ഞാന്‍ തിരക്കാം.."

"നിനക്ക് എന്ത് പറഞ്ഞാലും 'അങ്ങ് വടക്കാണ്‌.. തെക്കാണ്‌ എന്നൊരു പല്ലവിയേ ഉള്ളൂ, എന്നെ *പള്ളി അയ്യത്തുക്ക് എടുക്കിറെ മുന്നാടി നീ വരുവിയാ ഇല്ലിയാ" ( എന്നോട് ദേഷ്യവും സങ്കടവും വരുമ്പോള്‍ ഇത്തിരി തമിഴ് മലയാളം വരുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു..!!) ഞാന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് ഫോണ്‍ കട്ടാക്കി; ശേഷം  വാര്‍ത്താ അന്വേഷണവും തുടങ്ങി. അറിയാവുന്നവരെ ഒക്കെ വിളിച്ച് നോക്കി; നോ ഐഡിയ. ഓഫീസില്‍ എത്തി ലോക്കല്‍ പത്രങ്ങള്‍ നോക്കി; പ്രത്യേകിച്ച് ഒന്നും കാണാനില്ല. നെറ്റില്‍ മനോരമ പ്രിന്റ്‌ എഡിഷൻ തപ്പി, ദാ കിടക്കുന്നു.. വിദേശ വാര്‍ത്താ പേജില്‍ രണ്ട് കോളം ബോക്സ് കളര്‍ ഐറ്റം !

" നൈജീരിയൻ നഗരത്തിൽ അജ്ഞാത പകർച്ചവ്യാധി"  പിന്നെ സബ് ഹെഡ്  "24 മണിക്കൂറിനുള്ളില്‍  രോഗി മരണത്തിനു കീഴ്പെടുന്നു " തുടര്‍ന്ന്‍ വാര്‍ത്ത , ഒപ്പം ' അജ്ഞാത രോഗം ഇവിടെ' എന്ന് കട്ടയക്ഷരത്തില്‍ സാക്ഷ്യപെടുത്തിയ നൈജീരിയയുടെ ഭൂപടവും. ഇതൊക്കെ കണ്ടാൽ പെറ്റവയര്‍  സഹിക്കുമോ, അവര്‍ക്ക് സങ്കടം വരാതിരിക്കുമോ ?
 മറ്റ് പത്രങ്ങളും തപ്പി, കേരള കൌമുദി , ദീപിക ഇത്യാദികളിലും സര്‍വ്വമാന ഓണ്‍ലൈൻ മലയാള ന്യൂസ് ഫീഡുകളിലും വാര്‍ത്ത ഗംഭീരമായി തന്നെയുണ്ട്. (കുറ്റം പറയരുതല്ലോ , അവതരണത്തിലും ലേ ഔട്ടിലും ഒക്കെ മനോരമ തന്നെ ബെറ്റര്‍..!)

ഓഫീസിലെ നാഷണല്‍ സ്റ്റാഫിനോട് അന്വേഷിച്ചപ്പോള്‍ ആര്‍ക്കും വലിയ പിടിയില്ല. 24 മണിക്കൂറും റേഡിയോ ചെവിയില്‍ തിരുകി നടക്കുന്ന ഒരാള്‍ മാത്രം എന്തോ സംഭവം ഇന്നലെ കേട്ടായിരുന്നു, വിശദമായി അറിയില്ല എന്ന് പറഞ്ഞു.

വാര്‍ത്തയുടെ ഉറവിടം തപ്പി നെറ്റില്‍ പരതിയപ്പോള്‍ ബി.ബി.സി തടഞ്ഞു. 'Mystery disease' kills 18 in Nigeria' ഏപ്രിൽ 18 നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന വാര്‍ത്തയുടെ ഈച്ചകോപ്പിയും പൊടിപ്പും തൊങ്ങലുമാണ് മലയാളം മാധ്യമങ്ങള്‍ 20 നു വിളംബിയിരിക്കുന്നത് (ദോഷം പറയരുതല്ലോ കൗമുദിയും ദീപികയും അതില്‍ സ്കോര്‍ ചെയ്തു - 19 നു തന്നെ സംഭവം അലക്കി..!)
 ബി.ബി.സി ആ ഒരു കുറിപ്പോടെ വാര്‍ത്ത തുടരാതെ ഇട്ടിരിക്കുന്നത് കൊണ്ടാവും നമ്മുടെ അന്വേഷണാത്മക പത്ര മുത്തശിമാരും ഓണ്‍ലൈന്‍ മാധ്യമ കിടാവുകളുമൊക്കെ തുടര്‍ വാര്‍ത്തകള്‍ നല്‍കാത്തത് എന്നേ കരുതാനാവൂ.

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ 'അജ്ഞാത രോഗം' പകര്‍ച്ചവ്യാധിയോ പടര്‍ന്നു പിടിക്കുന്ന തരമോ അല്ലന്നു' നൈജീരിയ ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് പറയുന്നു. പ്രാദേശികമായി വാറ്റി വില്‍ക്കുന്ന **'ഒഗൊഗോരോ' യില്‍ മെത്തനോള്‍ (Methanol / Methyl Alcohol) കലര്‍ന്നതാവാം കാരണമെന്നും അടിവരയിട്ട് പറയുന്നുണ്ട്. നാട്ടിലെ വ്യാജമദ്യ ദുരന്തത്തിന്റെ ചെറിയ ഒരു പതിപ്പ് എന്ന് കരുതാം.

പ്രാദേശിക ആള്‍ ദൈവങ്ങള്‍ക്കും  (ഈ സംഭത്തിന്  ഇവിടെ ഭയങ്കര മാര്‍ക്കറ്റ്  ആണ് - ജൂജു അഥവാ കൂടോത്രം , ബ്ലാക്ക്‌ മാജിക്  തുടങ്ങിയവയുടെ സ്വാധീനം വിദ്യാ സമ്പന്നരില്‍ പോലും വ്യാപകമാണ്) ഈ വിഷയത്തില്‍ വളരെയധികം പങ്കുണ്ടെന്ന് The Guardian പത്രം ഇക്കഴിഞ്ഞ ഞായറാഴ്ച സചിത്ര വാര്‍ത്തകള്‍ തന്നെ നല്‍കിയിട്ടുണ്ട്.

മരണസംഖ്യ കൂടുകയോ പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യപെടുകയോ ഉണ്ടായിട്ടില്ലെങ്കിലും WHO , UNICEF ഉള്‍പ്പെടെയുള്ള എജന്‍സികള്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനകളും ലാബ് ടെസ്റ്റുകളും ഒക്കെ നടത്തുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'ഓണ്‍ഡോ' സംസ്ഥാനം 'ഒഗൊഗോരോ' നിർമ്മിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിക്കുകയും ചെയ്തുവെന്ന് വാര്‍ത്തയുണ്ട്. 


പറഞ്ഞു വന്നത് വാര്‍ത്തകള്‍ക്ക് മേലെയുള്ള ചായം പൂശലുകളും ചമത്കാരവും ഒക്കെ പത്രഭാഷയില്‍ ഒഴിവാക്കാനാകാത്തതായിരിക്കാം; വിദേശ വാര്‍ത്തകള്‍ ഏജന്‍സികള്‍ നല്കുന്നത് അപ്പാടെ വിഴുങ്ങി ശർദ്ദിക്കുന്നതും ഒഴിവാക്കാന്‍ പറ്റില്ലായിരിക്കാം; പക്ഷേ വാര്‍ത്തകളുടെ ഉറവിടകേന്ദ്രങ്ങളില്‍ അന്വേഷണം നടത്തി തുടര്‍വാര്‍ത്തകള്‍ നല്‍കാവുന്ന വിധം നമ്മുടെ മാധ്യമങ്ങള്‍ എന്ത് കൊണ്ട് വളരുന്നില്ല എന്നത് മാത്രമാണ്, വാര്‍ത്തകളും ചിലപ്പോള്‍ പകര്‍ച്ച വ്യാധികള്‍ ആയി മാറുന്നു..!

പദ സൂചന

*പള്ളി അയ്യം  : മുസ്ലിം പള്ളിയോടനുബന്ധിച്ചുള്ള ശ്മശാനത്തിന് പ്രാദേശികമായി പറയുന്നത്.

** ഒഗൊഗോരോ  : നൈജീരിയയില്‍ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്ന പ്രാദേശിക ചാരായം.  പനംകള്ള് പോലെയൊന്ന് വാറ്റിയെടുത്ത് എത്തനോള്‍ (Ethanol / Ethyl Alcohol ) കൂടിചേര്‍ത്ത് വീര്യപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. വിവാഹ, മരണ ചടങ്ങുകളില്‍ എല്ലാം സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്നു. കൂടുതല്‍ വായനയ്ക്ക്  - വിക്കിപീഡിയ 

വാല്‍കഷണം :
മനോരമയിലെ ഗ്രാഫിക്സ് അണ്ണാ, നൈജീരിയുടെ നടുക്കെന്തരിത് 'അഹൂജ' , പണ്ട് തെങ്ങേൽ പാട്ട് വെച്ചിരുന്ന കോളാമ്പി AHUJA  തന്നേയ്..?News Update: (25.06.2015 )
'ഒഗൊഗോരോ' കഴിച്ച് മരണമടഞ്ഞവരുടെ സംഖ്യ  70 നു മുകളിലായതായി ഔദ്യോഗിക കുറിപ്പ്. പല സംസ്ഥാന സ ർക്കാരുകളും ഇത് ഉത്പാദിപ്പിക്കുന്നത് നിരോധിച്ചു.

സി.എൻ .എൻ  ലേഖകൻ Christian Purefoy ഒഗൊഗോരോ നിർമ്മിക്കുന്നയിടത്ത് നിന്നും എടുത്ത ചില ചിത്രങ്ങൾ ഷെയർ ചെയ്യുന്നു.
https://plus.google.com/photos/+christianpurefoy/albums/6159554368347429809

Sunday, April 05, 2015

ആശംസിക്കുന്നു, ഈസ്റ്റര്‍ നന്മകള്‍..!

മണ്ണിലെവിടെയോ ഒളിച്ചിരുന്ന് പെട്ടന്ന് ഏപ്രിലില്‍ പൊട്ടിമുളച്ച് പൂവിടുന്ന ഏപ്രില്‍ ലില്ലികള്‍ ഇവിടെ എവിടെയും കാണാനില്ല. മാത്രവുമല്ല ഇത്തവണ ജനുവരിയില്‍ നിന്ന് ഏപ്രിലിലേക്കുള്ള പ്രയാണം അതിഭീകര വേഗതയിലായിരുന്നുവെന്ന് തോന്നുന്നു. ജോലിത്തിരക്കും , പിന്നെ ആഴ്ച്ചയവസാനങ്ങളിലെ സൗഹൃദ കൂടിയിരുപ്പുകളും എല്ലാം ചേര്‍ന്നുളവാക്കുന്ന വേഗത പക്ഷെ കാലം തെറ്റി പെയ്യുന്ന മഴയുടെ നനവിലും മണ്ണിനടിയില്‍ ഉറങ്ങി കിടക്കുന്ന ലില്ലി ചെടികള്‍ അറിഞ്ഞ മട്ടില്ല ; ജനവാതിലുകള്‍ക്കപ്പുറത്ത്  നല്ല മഴ, ചെറിയ ഇടിമുഴക്കവും കാറ്റിന്റെ അകമ്പടിയും..!

ഇന്ന്‍ ഈസ്റ്റര്‍, ഉച്ചയ്ക്ക് 12വരെ ഓഫീസില്‍ പണിയുണ്ട് , പിന്നെ ഗംഭീര ഈസ്റ്റര്‍ ലഞ്ച്- കമ്പനി വക ; മിക്കവാറും അതൊരു വകയാവാനെ വഴിയുള്ളൂ.. പിന്നെയൊന്ന് മയങ്ങാം. രാത്രി രണ്ട് അച്ചായന്മാര്‍ സംയുക്തമായി നടത്തുന്ന ഈസ്റ്റര്‍ ഡിന്നറിനു വിളിച്ചിട്ടുണ്ട്, രണ്ട് ഹോസ്റ്റും രണ്ട് ഗസ്റ്റും മാത്രമായാല്‍ അതിനെ ഡിന്നര്‍ പാര്‍ട്ടി എന്ന് വിളിക്കാനാവില്ലല്ലോ; എങ്കിലും സൗഹൃദം പൂത്തുലയുന്ന ഇത്തരം വേളകളിലെ ഊഷ്മളതയും ഉത്സാഹവുമൊക്കെയാണ് ഞങ്ങളുടെ ഇവിടുത്തെ വരണ്ട ജീവിതക്രമത്തിനു ജീവജലം പകരുന്നതും വേഗത വര്‍ദ്ധിപ്പിക്കുന്നതും..!

- എല്ലാ സുഹൃത്തുക്കള്‍ക്കും ഈസ്റ്റര്‍ നന്മകള്‍ ആശംസിക്കുന്നു.

Tuesday, March 31, 2015

നൈജീരിയ രാഷ്ട്രീയത്തിലെ പുതുയുഗം ..!

 


തുടര്‍ച്ചയായി മൂന്ന്‍ തവണ മത്സരിച്ച് തോറ്റ ശേഷവും പഴയ പട്ടാളക്കാരന്റെ വീറും വാശിയും ചോരാതെ നാലാം തവണയും മത്സരിച്ച് ഭരണ വര്‍ഗ്ഗത്തിന്റെ പക്കല്‍ നിന്ന് അധികാരം പിടിച്ച് വാങ്ങി ചരിത്രം കുറിച്ചിരിക്കുന്ന മുഹമ്മദ്‌ ബുഹാരിയുടെ വിജയത്തിന് പ്രത്യേകതകളേറെയുണ്ട്.
1983 ഡിസംബര്‍  31 ന് പ്രസിടന്റ്റ്  ഷേഹു ഷഹാരിയുടെ ജനാധിപത്യ ഭരണ സംവിധാനത്തെ   തകര്‍ത്ത പട്ടാള അട്ടിമറിയിലെ പ്രധാനിയായി അറിയപ്പെട്ട മേജര്‍ ജനറല്‍ ബുഹാരി തുടര്‍ന്ന്‍ 1984-85 കാലം നൈജീരിയയുടെ ഭരണ സാരഥ്യം ഏറ്റെടുത്തു. വളരെ കര്‍ക്കശക്കാരനായ പട്ടാളക്കാരനും ഭരണാധികാരിയുമായി അറിയപ്പെട്ട ഇദ്ദേഹം പക്ഷെ മനുഷ്യാവകാശ ധ്വംസകന്‍ എന്ന പേര് ദോഷവും ചുരുങ്ങിയ കാലം കൊണ്ട് നേടി.

മേജര്‍ ജനറല്‍ മുഹമ്മദു ബുഹാരി-പഴയ ചിത്രം

സ്വതവേ മടിയന്മാരും വൃത്തിയില്ലാതെ നടക്കുന്നവരുമായ സാമാന്യ ജനത്തിനെപോലും വിരട്ടി വരച്ച വരയില്‍ നിര്‍ത്തിയ കാലമായിരുന്നത്രേ അത്. ബസ് സ്റ്റോപ്പിലും മറ്റും ക്യൂ സംവിധാനം കൊണ്ടു വരികയും ലംഘിക്കുന്നവരെ പട്ടാള മുറയില്‍ തന്നെ കൈകാര്യം ചെയ്യാനും മുതിര്‍ന്നു. അച്ചടക്കം പാലിക്കാത്ത ഗവണ്മെന്റ് ഉദ്യോഗസ്ഥരെ 'തവളച്ചാട്ടം' തന്നെ ചാടിപ്പിക്കുന്ന  തരം  നടപടികളും (War Against Indiscipline -WAI) മറ്റും നാനാതുറയിലുള്ള ജനങ്ങള്‍ക്കും ആലോരസമാകുകയും അതെ സമയം സ്വന്തം പാളയത്തില്‍ നിന്ന് തന്നെയുള്ള പടയൊരുക്കം നേരിടേണ്ടി വരികയും ചെയ്തു. തുടര്‍ന്ന്‍ 27 ആഗസ്റ്റ്‌ 1985 ഇല്‍ നടന്ന വിമത പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രംശനാക്കപ്പെട്ടു.

2003 ലെ പ്രസിഡന്റ്ഷ്യല്‍ ഇലക്ഷന്‍ മുതല്‍ തുടര്‍ച്ചയായി 3 തവണ പ്രധാന സ്ഥാനാര്‍ത്ഥിയായി (2007, 2011) ഭരണത്തിലുള്ള പാര്‍ട്ടിയുമായി മത്സരിച്ച് പരാജയമടഞ്ഞു. ഇപ്പോള്‍ 72 ആം വയസ്സിലും ചുറുചുറുക്കോടെയും അച്ചടക്കത്തോടെയും ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ തന്നെ തറപറ്റിച്ച് അധികാര വഴികളിലേക്ക്  ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തിരികെ എത്തുമ്പോള്‍ തെരഞ്ഞെടുത്ത് വിട്ട ജനത്തിന് തന്നെ ആശങ്കകള്‍ ഉണ്ട്; പ്രധാനം പഴയ പട്ടാളക്കാരന്റെ കാര്‍ക്കശ്യം ഇപ്പോഴും ഒളിഞ്ഞിരിക്കുന്നുണ്ടാവുമോ എന്നത് തന്നെയാണ്! മറ്റൊന്ന് അഴിമതിയും കെടുകാര്യസ്ഥതയും തുടച്ച് മാറ്റാന്‍ എ.പി.സി. യുടെ ചൂലിന് ശക്തിയുണ്ടാകുമോ എന്നതും. ഈ ചൂലിലെ പല ഈര്‍ക്കിലുകള്‍ക്കും നേരത്തെ തന്നെയുള്ള അഴിമതിയുടെ അയവും വഴക്കവും തിരിച്ചറിഞ്ഞ് കര്‍ശന നിലപാടുകളിലൂടെ എണ്ണയും ധാതുദ്രവ്യങ്ങളും മറ്റ് പ്രകൃതിദത്ത വിഭവങ്ങളും കൊണ്ട് ഏറെ സമ്പന്നമായ നൈജീരിയയെ ഒരു പുതുയുഗത്തിലേക്ക് നയിക്കുവാന്‍ മുഹമ്മദ്‌ ബുഹാരിയെന്ന നായകന് സാധിക്കുമോയെന്നാവും വരും ദിവസങ്ങളില്‍ ലോകം ഉറ്റ് നോക്കുന്നത്;
അതുപോലെ ബോക്കോ ഹറമിന്റെ വധശ്രമത്തില്‍ നിന്ന്  ഒരുതവണ രക്ഷപെട്ടിട്ടുള്ളയാള്‍ കൂടിയായ ഇദ്ദേഹം ഏതു തരത്തിലാവും വിധ്വംസക ശക്തികള്‍ക്കെതിരെ പടയൊരുക്കം നടത്തുക എന്നതിലും.
Photographs courtesy - Internet web sites.

നൈജീരിയ- തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തപ്പെടുമോ ?!


പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ  നൈജീരിയ ഇത്തവണ ചരിത്രം തിരുത്തി കുറിക്കുവാനുള്ള സാധ്യതയാണ് വളരെയധികം ആശയകുഴപ്പങ്ങൾക്കിടയിലും വന്നുകൊണ്ടിരിക്കുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്; വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഭരണപാർട്ടിയിൽ നിന്ന് ചരിത്രത്തിൽ ആദ്യമായി എതിർകക്ഷികൾ വിജയ കിരീടം പിടിച്ചു വാങ്ങിയേക്കും. കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് തീർന്നപ്പോൾ മുതൽ എണ്ണി തുടങ്ങിയിട്ടും കൃത്യമായ ഫലങ്ങൾ (?) വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ; സംസ്ഥാനാടിസ്ഥാനത്തിൽ ഇരു പാർട്ടികളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇത്രയും മുറുകിയ മത്സര പോരാട്ടം   നൈജീരിയയുടെ കഴിഞ്ഞ ഏഴു തവണ നടന്ന ജനാധിപത്യ പ്രക്രിയയിലും ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു.
 
ആകെയുള്ള  37  (36 സ്റ്റേറ്റുകളും അബുജ ഫെഡറൽ ക്യാപീറ്റൽ ടെറിറ്ററിയും (FCT) ഉൾപ്പെടെ) മണ്ഡലങ്ങളിൽ ഫലം പുറത്ത് വന്ന 23 ഇൽ  12 എണ്ണം മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിൽ ഉള്ള എ.  പി.സി  ക്കും 11 എണ്ണം ഭരണം നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന ഗുഡ് ലക്ക് ജോനാഥാൻ നയിക്കുന്ന പി.ഡി.പി യും നേടിയിരിക്കുകയാണ്‌. പക്ഷേ ഇവിടെ  മണ്ഡലങ്ങളിൽ നിന്നുള്ള ഭൂരിപക്ഷം അല്ലെങ്കിൽ വിജയം ഒരു സൂചനയായി മാത്രമേ കണക്കാക്കാറുള്ളൂ. രാജ്യത്താകമാനം  ലഭിക്കുന്ന വിജയ ഭൂരിപക്ഷവും ഒപ്പം ആകെയുള്ള 36 സംസ്ഥാനങ്ങളുടെ മൂന്നിൽ രണ്ടിൽ  (24) നിന്ന് കുറഞ്ഞത്‌ 25 ശതമാനത്തിലധികം വോട്ടും കൂടി കരസ്ഥമാക്കിയാലെ  വിജയിച്ചതായി കണക്കാക്കുകയുള്ളൂ. (അതായത് കൂടുതൽ മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കിയിട്ടോ രാജ്യാടിസ്ഥാനത്തിൽ  തന്നെ കൂടുതൽ വോട്ട് നേടിയാലോ മാത്രം വിജയിക്കണമെന്നില്ലന്ന് സാരം)
 
തിരഞ്ഞെടുപ്പ് തർക്കങ്ങളും അക്രമങ്ങളും അങ്ങിങ്ങായി തുടരുകയാണ്. ഞാൻ താമസിക്കുന്ന പ്രദേശമായ റിവർസ്  സ്റ്റേറ്റിൽ (Rivers State ) തർക്കങ്ങളെ തുടർന്നു ഇന്നലെ തലസ്ഥാനമായ പോർട്ട്ഹാർക്കൊർട്ടിൽ (Port Harcourt ) ഇന്നലെ വമ്പൻ പ്രതിഷേധസമരങ്ങളും ടിയർ ഗ്യാസ് പ്രയോഗവും ഒക്കെയായി ആകെ കലുഷിതമായിരുന്നു; ഇന്ന് മുതൽ  നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയുമാണ്. 
 
തെരഞ്ഞെടുപ്പനന്തര അക്രമങ്ങൾക്ക് വളരെയധികം സാധ്യതയുണ്ടെന്നു പരക്കെ പറയപ്പെടുന്നു.  തോൽക്കുന്ന പാർട്ടി ഈ ഇലക്ഷനെ തള്ളി പറയാതിരുന്നാൽ അത് മാത്രമാണ് നൈജീരിയൻ ജനാധിപത്യത്തെ  സംബന്ധിച്ചിടത്തൊളം അപൂർവ്വമോ അത്ഭുതകരമോ ആകാനിടയുള്ള ഒരേയൊരു സംഗതി..!

Sunday, March 29, 2015

തിരഞ്ഞെടുപ്പ് വിശേഷങ്ങളും മറ്റും ..!


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വന്ന വാർത്തകളിൽ ഏറ്റവും രസകരമായി തോന്നിയത് പുതുതായി ഏർപ്പെടുത്തിയ ഇലക്ട്രോണിക് തിരിച്ചറിയൽ സംവിധാനങ്ങളുടെ പാകപ്പിഴകളെ  കുറിച്ചുള്ളവയാണ്. മിക്ക പോളിംഗ് കേന്ദ്രങ്ങളിലും ഇത് കാരണം വോട്ടെടുപ്പ് തുടങ്ങാൻ വൈകി. എന്തിന് നിലവിലുള്ള പ്രസിഡന്റും  സ്ഥാനാർത്ഥിയുമായ ഗുഡ് ലക്ക് ജോനാഥനെപ്പോലും  ഈ പുതിയ സംവിധാനം തിരിച്ചറിഞ്ഞില്ലത്രേ. ജന്മസ്ഥലമായ ബയൽസ സ്റ്റേറ്റിലെ ബൂത്തിൽ രണ്ട് തവണ ശ്രമിച്ചിട്ടും നടക്കാതെ സാധാരണ രീതിയിൽ തിരിച്ചറിയൽ രേഖപ്പെടുത്തി വോട്ട് ചെയ്യുകയായിരുന്നു.
 
(ഇലക്ട്രോണിക് സംവിധാനങ്ങൾ അഞ്ചിൽ  ഒരാളെയൊക്കെയാണ്  തിരിച്ചറിയുന്നത് എന്നത് ഒരു ഇലക്ഷൻ ദിവസം ഉണ്ടാകാനിടയുള്ള ആശയ കുഴപ്പങ്ങളെ എത്രമാത്രം വർദ്ധിപ്പിച്ചിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ)
 
പലയിടങ്ങളിലും ഇതേ പ്രശ്നങ്ങൾ കാരണം വോട്ടിംഗ് തടസ്സപ്പെടുകയോ വൈകുകയോ ഒക്കെ ചെയ്തു ; ചിലയിടങ്ങളിൽ വോട്ടിംഗ് ഇന്നത്തേക്ക് കൂടി നീട്ടിയിട്ടുള്ളതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് .
 
മറ്റൊരു വാർത്ത ഇലക്ഷൻ നടപടി ക്രമങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപായി ഇലക്ഷൻ കമ്മീഷന്റെ  (INEC - Independent National Electoral Commission ) ന്റെ ഔദ്യോഗിക വെബ് സൈറ്റ് തന്നെ ഹാക്ക് ചെയ്യപ്പെട്ടതാണ്. രാത്രി ഏറെ വൈകി അത് പുനസ്ഥാപിക്കപ്പെട്ടു.
 
പതിവിനു വിരുദ്ധമായി നൂറുകണക്കിന് ആൾക്കാർ വോട്ടിങ്ങ് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത് ഔദ്യോഗിക പക്ഷത്തെ ആശങ്കപെടുത്തുന്നുണ്ട്. പ്രത്യേകിച്ച് ബുഹാരി സ്വാധീന മേഖലകളിൽ (വടക്കൻ  പ്രവിശ്യ) ബോക്കോ ഹറാമിനെയും മറ്റും അവഗണിച്ച് സ്ത്രീകൾ ഉൾപ്പെടെ നിരവധി ആൾക്കാർ രാത്രി വൈകിയും വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നുണ്ട്.
വളരെ യാഥാസ്ഥിതിക മുസ്ലിം സമുദായക്കാരും ക്രിസ്ത്യൻ അനുഭാവികളും തിങ്ങി പാർക്കുന്ന ഇടമായ മെയ്ദുഗുരി യിൽ നിന്നുള്ള ചിത്രം. ബോക്കോ ഹറാം അക്രമങ്ങളിലും മറ്റും എപ്പോഴും വാർത്തയിൽ നിറഞ്ഞു നില്ക്കുന്ന പ്രദേശമാണിത് )
 
(പോളിംഗ് സമയം കഴിഞ്ഞും പിരിഞ്ഞു പോകാതെ കൂടി നിൽക്കുന്ന സ്ത്രീകൾ അടക്കമുള്ള വോട്ടർമാർ - വടക്കൻ സംസ്ഥാനങ്ങളൊന്നിൽ  നിന്നുള്ള ചിത്രം )
പോളിംഗ് കഴിഞ്ഞ ഇടങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയും തുടങ്ങി കഴിഞ്ഞു. രാത്രിയിൽ വെളിച്ചമില്ലാതെയും മറ്റും നടത്തുന്ന കൗണ്ടിങ്ങ് ചിത്രങ്ങൾ വിദേശ മാധ്യമങ്ങളടക്കം പ്രസിദ്ധീകരിക്കുന്നുണ്ട് ; ഇതാ ബി.ബി. സി യിൽ വന്ന രണ്ട് രസകരമായ ചിത്രങ്ങൾ. ( നമ്മുടെ നാട്ടിലെ ഇലക്ഷനുമായി താരതമ്യം ചെയ്യുമ്പോഴേ ഇതൊക്കെ രസകരമാകുന്നുള്ളൂ എന്നതാണ് സത്യം ..!!) 

 
Courtesy to all pictures in this article : BBC

Saturday, March 28, 2015

നൈജീരിയ പോളിംഗ് ബൂത്തിൽ എത്തുമ്പോൾ..

വല്ലപ്പോഴുമാണെങ്കിലും പെയ്യുമ്പോൾ ഭയങ്കര ശക്തിയാണ് നൈജീരിയയിലെ മഴയ്ക്ക്‌ , അകമ്പടിക്ക് കാറ്റും. 'കുട'  നല്ല ബലമുള്ളതും വലുതുമല്ലെങ്കിൽ നനഞ്ഞ് ഒരു പരുവമാകും. അഴിമതിയുടെ പൊടിപടലങ്ങൾ എങ്ങും നിറഞ്ഞു നിൽക്കുന്നയീ ഇടം വൃത്തിയാക്കാൻ ചെറിയ 'ചൂൽ' ഒന്നും മതിയാകില്ല. കുട വേണോ ചൂലെടുക്കണോ എന്ന് നൈജീരിയ ഇന്ന് തീരുമാനിക്കും. ഒരു പക്ഷേ അത് അഴിമതിയുടെ കുട തുടർന്നും ചൂടിക്കാനോ ഇപ്പോഴത്തെ അഴിമതി തുടച്ച് മാറ്റി പുതിയതിന് വഴി തെളിക്കുന്ന ചൂലാകാനോ ഉള്ള സാധ്യതയും തള്ളികളയാനാവില്ല.
(ചിത്രങ്ങൾ ഇൻറർനെറ്റിൽ നിന്നും )
രാഷ്ട്രീയമെന്നാൽ പണവും സ്വാധീനവും ഭരണവും അഴിമതിയുമൊക്കെയാണെന്ന് വിശ്വസിക്കുന്ന ഒരു ജനതയിൽ ജനാധിപത്യമെന്നാൽ കേവലം ഇലക്ഷൻ ഐ.ഡി കാർഡും അത് കൊടുത്താൽ കിട്ടുന്ന കാശും പിന്നെ ഒരു 'നോ മൂവ്മെന്റ് ഡേ' യും മാത്രമായി ചുരുങ്ങിയിരിക്കുന്നതിൽ അത്ഭുതപെടാനൊന്നുമില്ല. പണമുള്ളവനും ഇല്ലാത്തവനും , ഇതിനിടയിലെ മിഡിൽ ക്ലാസ് എന്നൊരു സംഭവം ഇല്ലാതെയുമായിരിക്കുന്ന മായകാഴ്ചകൾക്കിടയിൽ രാഷ്ട്രീയം വാദപ്രതിവാദങ്ങളിലും വാഗ്വാദങ്ങളിലും ഇല്ലാത്തവന്റെ പരിദേവനങ്ങളിലും ഒതുങ്ങി പോയിരിക്കുന്നു.
 
ഇന്നലെ ഒരുവനോട് സംസാരിച്ചപ്പോൾ പണ്ട് സാനി അബാച്ച (പട്ടാള ഭരണം-1993 -98) കട്ട് മുടിച്ചതിനെക്കുറിച്ചൊക്കെയുള്ള ആവലാതിയും ഇനി ഞങ്ങളുടെ ഊഴമാണ് വരാൻ പോകുന്നത് എന്നുള്ള ആത്മവിശ്വാസവുമാണ് മുഴച്ച് നിന്നത്. അഴിമതിയും കെടുകാര്യസ്ഥതയെയും അതേപോലെയോ അതിലധികമായോ തുടരുന്നതാണ് ഇവിടെ രാഷ്ട്രീയ മാറ്റം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത് എന്നുള്ള വാദം വായുംപൊളിച്ച് കേട്ടിരിക്കാനേ കഴിഞ്ഞുള്ളു. 
 
മറ്റൊന്ന് യുവജന മുന്നേറ്റ പ്രതീക്ഷയാണ്; തീർച്ചയായും അത് തോക്ക് എടുക്കലും അക്രമവും തന്നെയാണെന്നാണ് ഇന്ന് വരെയുള്ള ചരിത്രം. തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആശയമൊന്നുമല്ല; മറിച്ച് രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം ചേർന്നുള്ള ആക്രമണ വാസനയുടെ പ്രതിഫലനം മാത്രമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇവിടെ രണ്ട് ഗോത്രങ്ങൾ വസിക്കുന്ന പ്രവിശ്യകൾ (നമ്മുടെ പഞ്ചായത്തിനെക്കാളും ചെറിയ വിസ്തീർണ്ണമേ വരൂ) തമ്മിലുള്ള തർക്കം പോലും അവസാനിക്കുന്നത് കൂട്ട വെടിവെയ്പ്പിലും മറ്റുമാണ്; ആര് ജയിച്ചു എന്ന് കണക്കാക്കുന്നത് മരണ സംഖ്യയുടെ കണക്കെടുപ്പിലൂടെയും. ഇതേ കണക്ക് നൈജീരിയ മുഴുവനായും മറ്റൊരു സായുധസമരത്തിലൂടെയേ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന യുവജനസമൂഹത്തിന്റെ ഇടപെടൽ ഈ തിരഞ്ഞെടുപ്പാനന്തരം ഉണ്ടായിക്കൂടെന്നില്ല.

കുട , ചൂല്, ഇതിലൊന്ന് ഇന്ന് തിരഞ്ഞെടുക്കപ്പെടും; അനന്തരം തോക്കിന്റെ കൂടി ഇടപെടലാവുമോ നൈജീരിയയുടെ രാഷ്ട്രീയചരിത്രത്തിലും സമീപനത്തിലും മാറ്റം രേഖപെടുത്തുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
 

Thursday, March 26, 2015

ഇലക്ഷൻ വിശേഷങ്ങൾ വീണ്ടും..!


നൈജീരിയയിലേക്ക് വന്നിട്ടിത് മൂന്നാമത്തെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കാലമാണ്. 2007ലേത് ഒരു പുതിയ രാജ്യത്ത് എത്തിയതിന്റെ ആകാംഷയോടെ മുന്‍പ് അറിഞ്ഞിട്ടില്ലാത്ത വിധമുള്ള ഒരു ജനാധിപത്യ പ്രക്രിയയെ നോക്കികാണുകയായിരുന്നുവെങ്കില്‍ (അന്നത്തെ ചില കുറിപ്പുകള്‍ ഇവിടെ  1  ,  2  വായിക്കാം) തുടര്‍ന്നു വന്ന 2011 ലെ ഇലക്ഷന്‍  വലിയ പ്രത്യേകതകള്‍ ഒന്നും കൂടാതെ കടന്നു പോകുകയും ചെയ്തു. പക്ഷെ ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് 'ബോക്കോ ഹറം ' എന്നൊരു  തീവ്ര മതമൗലികവാദ ഗ്രൂപ്പിന്റെ നിഗൂഡസാന്നിദ്ധ്യം കൂടിയാകുമ്പോള്‍ വളരെയധികം ആശങ്കകള്‍ പടരുന്നുണ്ട്.

2007 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റ് പദമേറിയ ഉമാറു യാര്‍ദുവയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവില്‍ 2010 ല്‍ പ്രസിഡന്റ്  പദവിയിലേക്ക് എത്തുകയും ( പഴയ ഒരു കുറിപ്പ് ഇവിടെ) പിന്നീട് 2011ല്‍ നടന്ന തിരഞ്ഞെടുപ്പിനെ നേരിട്ട്  ഭരണത്തിൽ  തുടരുകയും ചെയ്യുന്ന ഗുഡ് ലക്ക് ജോനഥനും (പീപ്പിൾസ് ഡമോക്രാറ്റിക് പാര്‍ട്ടി -PDP)  കഴിഞ്ഞ മൂന്ന് തവണയും പ്രധാന എതിരാളിയായി മത്സരിച്ച് പരാജയപ്പെട്ട മുഹമ്മദു ബുഹാരിയും (ഓള്‍ പ്രോഗ്രസ്സീവ് കോണ്‍ഗ്രസ് - APC) ഉൾപ്പെടെ 14 സ്ഥാനാർത്ഥികള്‍ ഇത്തവണ മത്സരരംഗത്തുണ്ട്.
(ഗുഡ് ലക്ക് ജോനഥൻ  ,  മുഹമ്മദു ബുഹാരി - ചിത്രങ്ങൾക്ക് കടപ്പാട് വിക്കി പീഡിയ )

മുസ്ലിം ക്രൈസ്തവ വേർതിരിവ് മുതലാക്കി വിജയരഥമേറാനുള്ള തന്ത്രമാണ് പ്രധാനമായും ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികളും (?) പയറ്റുന്നത്. മുന്‍ പ്രസിഡന്റുമാര്‍ ഒബസാഞ്ചോ (ക്രി), യാർദുവ (മു.) ജോനഥൻ (ക്രി.) അടുത്തത് ഇനി ഒരു മുസ്ലിം പക്ഷക്കാരന്റെ ഊഴമാണെന്നാണ് ഒരു കൂട്ടം പറയുന്നത്. പഴയ മിലിട്ടറി ഭരണാധികാരി കൂടിയായിരുന്ന ബുഹാരിയെ പക്ഷേ ഈ സ്ഥാനത്തേക്ക് ഇനിയും ആവശ്യമില്ല എന്ന് മറുപക്ഷം. ഇതിനിടയില്‍ രാജ്യമൊട്ടാകെ പ്രത്യേകിച്ച് വടക്കൻ പ്രവിശ്യകളില്‍ അരാജകത്വം നിറച്ച് കൊണ്ട് മുസ്ലിം പക്ഷമെന്ന് അവകാശപ്പെടുന്ന ബോക്കോ ഹറമിന്റെ ക്രൂരമായ വിധ്വംസക പ്രവർത്തനങ്ങളുടെ വാര്‍ത്തകളും; ചുരുക്കത്തില്‍ ശരിയായ രാഷ്ട്രീയ ദിശ വിട്ട് കേവല മതപ്രീണനത്തിലും ക്രിസ്ത്യന്‍ -മുസ്ലിം മേല്‍ക്കോയ്മയുള്ള പ്രവിശ്യകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിലും മലീമസമാണ് ഇത്തവണത്തെയും തിരഞ്ഞെടുപ്പ്.

2015 ഫെബ്രുവരി 14 നു നിശ്ചയിച്ചിരുന്ന ഇലക്ഷന്‍ 'ബോക്കോ ഹറമി'നെ ഒതുക്കാനെന്ന കാരണത്താൽ മാർച്ച് 28 ലേക്ക് മാറ്റിവെയ്ക്കപ്പെടുകയായിരുന്നു; അവര്‍ ഒതുങ്ങിയോ ഒതുക്കിയോ അതോ മറ്റെന്തെങ്കിലും ഒതുക്കപ്പെട്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല; സാധാരണപെട്ടവര്‍ക്കോ എന്തിനു എന്റെ ഒപ്പം ജോലിയെടുക്കുന്ന അഭ്യസ്തവിദ്യരായവര്‍ക്കോ പോലും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒന്നും യാതൊരു താത്പര്യവുമില്ല. ഞാന്‍ സംസാരിച്ച ആരും തന്നെ ഇതുവരെ വോട്ട് ചെയ്യാന്‍ പോയിട്ടില്ല; ഇനി പോകുന്നുമില്ലത്രേ. അന്ന് വീടുകളിൽ തന്നെ ഒതുങ്ങാനാണ് മിക്കവർക്കും താത്പര്യം. എന്നാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയിലും മറ്റും ഇവര്‍ രാഷ്ട്രീയം പറയുന്നത് കേട്ടാല്‍ വിപ്ലവം ഏതാണ്ട് പടിക്കല്‍ എത്തി നില്‍ക്കുന്നത് പോലെയുമാണ്.

ഇവിടെ പണിയെടുക്കുന്ന മിക്കവരുടെയും വോട്ട് അവരുടെ ജന്മ പ്രവിശ്യയില്‍ ആണ്; ഒരു പ്രാവശ്യം പോയി വരണമെങ്കില്‍ ചുരുങ്ങിയത് പതിനായിരം നൈറ എങ്കിലും കീശയില്‍ വേണം. സുതാര്യമെന്നൊക്കെ പറഞ്ഞ് കേൾക്കുണ്ടെങ്കിലും  മസിൽ -മണി പവറുകളുടെ  ശക്തി തെളിയിക്കല്‍ മത്സരമായിട്ടാണ് ഭൂരിഭാഗവും ഈ ഇലക്ഷനെയും കണക്കാക്കുന്നത്. വോട്ടര്‍ ഐ. ഡി. കാര്‍ഡ് മറിച്ച് കൊടുത്താല്‍ കിട്ടുന്ന ചില്ലറ കാശ് മാത്രമാണത്രേ സാധാരണക്കാരന് ഇത് കൊണ്ടുള്ള  ഒരേയൊരു നേട്ടം; ആളിവിടെ വീട്ടില്‍ ഇരുന്നാലും വോട്ട് അവിടെ വില്ലേജില്‍ ആരെങ്കിലും ചെയ്തോളും;..!

ഇവിടെ ഇലക്ഷന്‍ ദിനമെന്നാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പോലെയാണ്. ആംബുലന്‍സ് , ഫയർ പോലുള്ള അവശ്യ സർവ്വീസ് ഒഴികെയുള്ള വാഹനങ്ങൾ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നിരത്തിലിറങ്ങാന്‍ പാടില്ല. ഇത്തവണ ഒരു പടികൂടി കടന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ (25 മാര്‍ച്ച് ) രാജ്യത്തിന്റെ കര നാവിക വ്യോമ അതിര്‍ത്തികള്‍ എല്ലാം തന്നെ അടച്ചിരിക്കുകയാണ്. വിദേശ പത്രമാധ്യമങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി കേള്‍ക്കുന്നു. സ്വദേശ മാധ്യമങ്ങള്‍ പലതും ശരിയായ വാര്‍ത്തകള്‍ അല്ല റിപ്പോര്‍ർട്ട് ചെയ്യുന്നത് എന്ന് സോഷ്യല്‍  മീഡിയ സൈറ്റുകളില്‍ വരുന്ന പോസ്റ്റുകളില്‍ കാണാം.

ഭരിക്കുന്ന പാര്‍ട്ടി തോറ്റ ചരിത്രം നൈജീരിയയുടെ ജനാധിപത്യ നിഘണ്ടുവിൽ ഇതുവരെ ഇല്ല. ഇത് ഭരണ പാര്‍ട്ടിയുടെ നന്മ കൊണ്ടോ നേട്ടങ്ങളുടെ പട്ടികയിലെ ധാരാളിത്തം കൊണ്ടോ ആണെന്ന് ഇവിടുത്തെ കൂലി പണിക്കാരൻ പോലും വിശ്വസിക്കുന്നുമില്ല. ബോക്കൊ ഹറമിനെ കൊണ്ട് ഇപ്പോള്‍ തന്നെ ഭീതിയില്‍ കഴിയുന്ന ജനത്തിന് ബുഹാരി പാര്‍ട്ടി ജയിച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള അക്രമ സാധ്യതകളില്‍ കൂടുതല്‍ ഭയമുണ്ട്. മറിച്ചു ഭരണപാര്‍ട്ടി തോറ്റാല്‍ സംഭവിക്കാനിടയുള്ളത് ഒരു പക്ഷേ പുനര്‍ തിരഞ്ഞെടുപ്പ്  തന്നെയാകും. ഇതൊന്നും പോരാഞ്ഞ്  മറ്റൊരു മിലിട്ടറി ഭരണത്തിലേക്കും രാജ്യം പോയിക്കൂടാതെയില്ലന്നാണ് പലരും കരുതുന്നതും പറയുന്നതും.

മറ്റൊരിക്കലുമില്ലാത്ത വിധമുള്ള സുരക്ഷാ ക്രമീകരണങ്ങളും മറ്റുമാണ് വിദേശികള്‍ കൂടി പണിയെടുക്കുന്ന ഭൂരിഭാഗം കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്നത്.  യാത്രാ നിയന്ത്രണങ്ങളും ജോലിസമയ ക്രമീകരണങ്ങളുമൊക്കെ ഇവിടെ സാധാരണ സംഭവം പോലെയായതിനാല്‍ ആര്‍ക്കും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലന്നു മാത്രം. എന്തായാലും ഈ  മാര്‍ച്ച് 28നുള്ള സുപ്രധാനമായ തിരഞ്ഞെടുപ്പിനും തുടര്‍ നടപടികള്‍ക്കുമായി കാത്തിരിക്കുന്നു; തീര്‍ച്ചയായും നൈജീരിയയുടെ ഭാവി ഇതില്‍ നിശ്ചയിക്കപ്പെടും ..!