Thursday, May 06, 2010

നൈജീരിയ പ്രസിഡന്റിന്റെ മരണവും രാഷ്ട്രീയവും


ആറുമാസത്തിലേറെ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും വിരാമമിട്ടുകൊണ്ട്‌ പ്രസിഡന്റ്‌ ഉമാറു മൂസ യാർ അദുവ യുടെ നിര്യാണവാർത്ത നൈജീരിയൻ നാഷണൽ ടി.വി അതോറിറ്റി ഔദ്യോഗികമായി ഇന്നലെ അറിയിച്ചു. ബുധനാഴ്ച രാത്രി 9നും 10നുമിടയിൽ മരണം സംഭവിച്ചതായിട്ടാണ്‌ പ്രത്യേക വാർത്താ ബുള്ളറ്റിനിലൂടെ അറിയിച്ചത്‌. 58 വയസ്സായിരുന്നു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പ്രാദേശികസമയം 2 മണിക്ക്‌ ജന്മദേശമായ കറ്റ്‌സിന യില്‍ , രാജ്യത്ത് ഏഴ്‌ ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിചിട്ടുണ്ട്‌.


2007 ൽ നടന്ന രാഷ്ട്രീയ പ്രാധാന്യമേറിയ പൊതു തെരഞ്ഞെടുപ്പിലൂടെ
യാണു വടക്കൻ പ്രവിശ്യയായ 'കറ്റ്സിന' യിൽ നിന്നുള്ള ഉമാറു യാർ അദുവ അധികാരമേൽക്കുന്നത്‌. സ്വതന്ത്ര നൈജീരിയയുടെ ചരിത്രത്തിലാദ്യമായി നടന്ന ജനാധിപത്യ രീതിയിലുള്ള ഒരു അധികാരകൈമാറ്റം കൂടിയായിരുന്നു ഇത്‌.

അന്നത്തെ പ്രസിഡന്റ് ഒബസാഞ്ചോ യുടെ അനുഗ്രാശിസ്സുകളോടെ അധികാരമേറ്റെങ്കിലും കറ്റ്സിനാ സ്റ്റേറ്റിന്റെ മുൻ ഗവർണ്ണറും രസതന്ത്ര അധ്യാപകനുമൊക്കെയായിരുന്ന യാർ അദുവയുടെ ആദ്യകാല ഭരണം മെല്ലെ പോക്ക്‌ ശൈലിയിൽ ആണെന്ന് വിമർശനമേറ്റുവാങ്ങി; 'ബാബാ ഗോ സ്ലോ ' എന്നൊരു അപരനാമവും ഈ കാലയളവിൽ അദ്ദേഹം സമ്പാദിച്ചിരുന്നു. (ഇവിടെ വലിയ ട്രാഫിക്ക്‌ കുരുക്കിനു പറയുന്ന വിശേഷണമാണു 'ഗോ സ്ലോ' ) പക്ഷേ പതുക്കെ പതുക്കെ ചുവടുറപ്പിച്ച ശേഷം വളരെയധികം ഭരണ- നയതന്ത്ര ഇടപാടുകളിൽ തിളങ്ങുകയും ചെയ്തു. അതിൽ പ്രധാനം നൈജീരിയയുടെ പ്രധാന വരുമാന സ്രോതസും എണ്ണപ്രകൃതിവാതക മേഖലയുമായ നൈജർ ഡെൽറ്റയിലെ പ്രാദേശികവാദവും, തീവ്രവാദവും അതിന്റെ ഉപ ഉല്പ്പന്നമായി പെട്രോളിയം അനുബന്ധ മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളെ തട്ടികൊണ്ട്‌ പോകല്‍ ‍, കൊള്ള, ലഹള തുടങ്ങിയവയൊക്കെ ചർച്ചകളിലൂടെയും മറ്റും ഒതുക്കി നിർത്തിയതാണ്‌. പഴയത് പോലെയല്ലെങ്കിലും താരതമ്യേന ശാന്തമാണ്‌ നൈജര്‍ ഡെല്‍റ്റയിപ്പോള്‍ . ബാങ്കിംഗ്‌, നിർമ്മാണ മേഖല, സ്റ്റോക്ക് മാര്‍ക്കറ്റ് , വിതരണ ശൃംഖലകളിലൊക്കെ യാര്‍ അദുവ ഭരണം സുദൃഢമായ നയരൂപീകരണം വഴി വ്യക്തമായ സ്വാധീനം ഉണ്ടാക്കി.

മിത ഭാഷിയെങ്കിലും നയതന്ത്ര ബന്ധങ്ങളിൽ നല്ല സ്വാധീനം ചെലുത്തിയിയിരുന്നു യാർ അദുവ. ഇന്ത്യയുമായി നല്ല സുഹൃദ്ബന്ധം പുലർത്തിയിരുന്നതിന്റെ തെളിവാണു പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് 2007 ഒക്ടോബറില്‍ നടത്തിയ നൈജീരിയ സന്ദർശനം; ഇത് വളരയധികം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.തെരഞ്ഞെടുപ്പ്‌ കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന സ്വന്തം സ്വത്തു വിവര പട്ടിക പരസ്യമാക്കിയതിലൂടെ രാഷ്ട്രീയ അഴിമതിക്കാർക്കും, സഹപ്രവർത്തകർക്കും മുന്നറിയിപ്പ്‌ കൊടുത്തത്താണ്‌ മറ്റൊരു സംഭവം.

പക്ഷേ 2009 നവംബറിൽ ഹൃദയത്തിനും വൃക്കകൾക്കും കടുത്ത രോഗം ബാധിച്ച്‌ വിദഗ്ദ ചികിത്സാര്‍ത്ഥം സൗദി അറേബ്യയിലേക്ക്‌ പോയതുമായ്‌ ബന്ധപ്പെട്ട സംഭവവികാസങ്ങൾ യാർ അദുവയുടെ സുതാര്യ പ്രതിഛായക്ക്‌ മങ്ങലേല്‍‌പ്പിച്ചു. സൗദിയിൽ വെച്ച്‌ മരണം സംഭവിച്ചു എന്നും വിവരം പുറത്തറിയിക്കാതെ സ്വകാര്യലാഭങ്ങൾക്കായ്‌ കുടുബാംഗങ്ങൾ മറച്ചു വെച്ചിരിക്കുകയാണെന്നുമുള്ള വാർത്തകൾ നിരവധി തവണ പ്രചരിച്ചു. സൗദിയിലെ ആശുപത്രി അധികാരികള്‍ നിരവധി തവണ യാര്‍ അദുവയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പത്രകുറിപ്പുകള്‍ ഇറക്കിയത് വാര്‍ത്തയായിരുന്നു.

2010 ജനുവരി അവസാനത്തോടെ മടങ്ങിയെത്തിയെന്ന് വാർത്ത വന്നുവെങ്കിലും ആരെയും കാണുവാൻ അനുവദിച്ചിരുന്നില്ല, ഭരണാധികാരങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്തു. മറ്റൊരു പട്ടാള വാഴ്ചയിലേക്ക്‌ രാജ്യം നീങ്ങുകയാണെന്ന് വരെ തോന്നിച്ചിരുന്ന ഈ രാഷ്ട്രീയ ഭരണ ശൂന്യതയിലാണ്‌ വൈസ്‌ പ്രസിഡന്റ്‌ ഗുഡ്‌ ലക്ക്‌ ജോനഥൻ സ്വയം അധികാരമേൽക്കുന്നതിലേക്ക്‌ നീക്കം നടത്തിയത്‌. പ്രസിഡന്റിന്റെ പത്നി തുവാരി യാർ അദുവ ഈ നീക്കത്തെ എതിർക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 9നു സെനറ്റ്‌ യോഗത്തിന്റെ കൂടി അംഗീകാരത്തോടെ താത്കാലിക പ്രസിഡന്റായി ജോനഥൻ സ്ഥാനമേറ്റു. ആദ്യ പടിയായ്‌ നിലവിലുണ്ടായിരുന്ന ക്യാബിനറ്റ്‌ പിരിച്ചു വിട്ടത്‌ വാർത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
യാർ അദുവ യുടെ മരണം ഔദ്യോഗികമായി സ്ഥിതീകരിച്ചതോടെ ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങിൽ ഗുഡ്‌ ലക്ക്‌ ജോനഥൻ സമ്പൂർണ്ണ പ്രസിഡന്റായ്‌ സ്ഥാനാരോഹണം നടത്തി.
ഇതോടെ നിരവധി നാളുകളായുള്ള രാഷ്ട്രീയ ശൂന്യതയ്ക്ക്‌ അവസാനമായി എങ്കിലും തെക്കൻ (മുസ്ലിം)- വടക്കൻ (കൃസ്ത്യൻ) രാഷ്ട്രീയ അധികാര വടംവലിയിൽ നിർണ്ണായകമായ പലതും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്‌. ഇപ്പോള്‍ തന്നെ തെക്കന്‍ മേഖലയായ 'ജോസ്' പ്രദേശത്ത് പ്രാദേശികവാദവും മതമൗലികവാദവും കടുത്ത് വരികയാണ്‌. കഴിഞ്ഞമാസം ആദ്യത്തില്‍ നിരവധി ആളുകള്‍ ലഹളയില്‍ കൊല്ലപെട്ടിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് പദവി തെക്കന്‍ പ്രവിശ്യയിലെ മുസ്ലിം വംശജര്‍ക്ക് അവകാശപെട്ടതാണെന്നും വടക്കന്‍ മേഖലയിലെ കൃസ്ത്യന്‍ വംശജനായ ജോനഥന്‍ വൈസ് പ്രസിഡന്റായി തുടര്‍ന്നാല്‍ മതിയെന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. 2011ല്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരികെയാണെന്നും, അതുവരെ നൈജീരിയയെ സുരക്ഷിതമായി നയിക്കുകയാണു തന്റെ ലക്ഷ്യമെന്നും ഗുഡ്ലക്ക് ജോനഥന്‍ സ്ഥാനാരോഹണവേളയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

10 comments:

 1. നൈജീരിയന്‍ വാര്‍ത്ത തിരുവനന്തപുരത്തിരുന്ന് വായിക്കുന്ന പ്രതീതി. നന്ദി.

  ReplyDelete
 2. വളരെ നന്ദി ശ്രീ. അലിഫ് ഈ വിവരങ്ങൾ പങ്കുവച്ചതിന്.. ഇനി മറ്റുവാർത്തകളിലേക്ക്. :-)

  മാഷെ, ഒരുപാട് നാളായല്ലോ ബ്ലോഗിൽ ഒരു പോസ്റ്റ് എഴുതിയിട്ട്. എന്താണിങ്ങനെയൊരു മൌനം?

  ReplyDelete
 3. ഫാര്‍മര്‍, അപ്പു, അങ്കിള്‍ ..നന്ദി, വളരെ നാളുകള്‍ക്ക് ശേഷമിട്ട ഈ പോസ്റ്റില്‍ വന്നതിനും കമന്റ് ഇട്ടതിനും.
  അപ്പു; നല്ല തിരക്കിലാണു, വിശേഷങ്ങള്‍ അറിയാനുള്ള ഉറവിടങ്ങള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് കുറവാണ്; പുറത്തിറങ്ങി വിശേഷം തിരക്കാനും നിവൃത്തിയില്ല; ഇതൊക്കെ തന്നെ കാരണം. എങ്കിലും ഇനിയെന്തായാലും ഇത്രയും നീണ്ട ഇടവേള ഉണ്ടാകാതിരിക്കാന്‍ നോക്കാം ; അല്ലെങ്കില്‍ ഇന്നലത്തെ പോലെ ഇതിന്റെ പാസ്‌വേര്‌ഡ് പോലും ഞാന്‍ മറന്നു പോകും.. :)

  ReplyDelete
 4. its the first time m reading some one's blog with serious interest.... impressed....make it often...

  ReplyDelete
 5. alif, i am pradeep,once i was your room mate at MES HOSTEL,TVPM.ooRMAYUNDO EE MUKHAM.I have read ur blogs and was waiting for it.chithrakara are u still have some painting.

  ReplyDelete
 6. കൊള്ളാം. നന്നായിട്ടുണ്ട്.
  ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
  ആശംസകളോടെ.
  അനിത.
  JunctionKerala.com

  ReplyDelete
 7. അവിചാരിതമായി ഈ ബ്ലോഗിൽ എത്തി. ചെണ്ടയിലാണാദ്യമെത്തിയത്..ആരും കൊട്ടാനില്ലാതെ ആ ചെണ്ടയും അനാഥമാണ്.

  വളരെ ഇൻഫോർമാറ്റീവാ‍യ വിവരങ്ങൾ..

  ReplyDelete