Sunday, June 29, 2008

നൈജീരിയ വിശേഷങ്ങൾ വീണ്ടും..!

പ്രിയപ്പെട്ട കൗച്ചു,

നിനക്കൊരു കത്തെഴുതിയിട്ട്‌ എത്ര നാളുകളായി, കൃത്യം കണക്കെടുത്താൽ ഒരു വർഷത്തിലും കൂടുതലായിരിക്കുന്നു. ജോലിതിരക്കും യാത്രകളും അലോരസപ്പെടുത്തുന്നതിനിടയിൽ കത്തെഴുതാനെവിടെ നേരം. ഇനി 10 ശതമാനം സാധ്യതയേ നൈജീരിയയിലേക്ക്‌ തിരികെ വരാനുള്ളൂ എന്നൊക്കെ കുറിച്ചുവെച്ചിരുന്നു അന്ന് നിനക്ക്‌ അവസാനമായി എഴുതിയ കത്തിൽ. ആ പത്ത്‌ ശതമാനം തന്നെ അവസാനം വിജയം കണ്ടു. ജോലിസ്ഥലം മാറ്റമുൾപ്പെടെയുള്ള ആവശ്യങ്ങൾ അത്രപെട്ടന്ന് കമ്പനി അംഗീകരിച്ചുകളയുമെന്ന് ഞാനും കരുതിയില്ല. കഴിഞ്ഞ ജൂലായിൽ ഞാൻ തിരികെ വന്നത്‌ പുതിയ സ്ഥലത്തേക്കാണ്‌;പുതിയ ജോലിയിലേക്കും , തിരക്കുകളിലേക്കും.

നേരത്തെ പൂർണ്ണമായും പാർപ്പിട സമുച്ചയങ്ങളും അതിനോടനുബന്ധിച്ച മറ്റ്‌ നിർമ്മാണ വികസനപ്രവർത്തനങ്ങളുടെയും ആർക്കിടെക്റ്റ്ചറൽ മേൽനോട്ടമായിരുന്നെങ്കിൽ ഇപ്പോൾ കുറച്ച്‌ കൂടി ഉത്തരവാദിത്വമേറിയ ജോലിയാണ്‌. നേരത്തെ ഒരു കത്തിൽ സൂചിപ്പിച്ചിരുന്നു, "ഒന്നേ" എന്ന സ്ഥലത്തെക്കുറിച്ച്‌. രണ്ട്‌ തുറമുഖങ്ങളും അതിനോടനുബന്ധിച്ചുള്ള ഒരു ചെറു പഞ്ചായത്തോളം വരുന്ന പെട്രോളിയം അനുബന്ധമേഖല 'ഒന്നേ ഓയിൽ ആൻഡ്‌ ഗ്യാസ്‌ ഫ്രീസോൺ" എന്ന പ്രദേശത്തിന്റെ വികസനപ്രവർത്തനങ്ങളുടെ സാങ്കേതികമേൽനോട്ടമാണ്‌ ഇപ്പോഴത്തെ ജോലി. എനിക്കത്ര പരിചയമില്ലാത്തതരം നിർമ്മാണപ്രവർത്തനങ്ങളും ശൈലിയും മറ്റുമാണെങ്കിലും ഉദ്യോഗസ്ഥാനം വെല്ലുവിളികൾ ഏറെ നിറഞ്ഞതാണെങ്കിലും ധാരാളമായി പുതിയ പുതിയ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടന്നത്‌ ഇവിടെ തുടരാൻ പ്രേരണയാകുന്നുണ്ട്‌.അതിവേഗതയിൽ നീങ്ങുന്ന നിർമ്മാണശൈലിയും സംതൃപ്തി നൽകുന്നു.

2007 മെയ്‌ 29 നു അധികാരമേറ്റെടുത്ത പ്രസിഡന്റ്‌ ഉമാർ യാർ ദുവ യുടെ പ്രവർത്തനങ്ങൾ നൈജീരിയയെ ഉന്നതിയിലേക്ക്‌ എത്തിക്കുന്ന കാഴ്ചയാണ്‌ പുറമേ കാണാൻ കഴിയുന്നത്‌. മറ്റ്‌ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലായാലും, നാടിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലായാലും മാറ്റങ്ങൾ വളരെ വ്യക്തമാണ്‌. ഇങ്ങനെയായാൽ 2008 അവസാനത്തോടെ നൈജീരിയയുടെ സാമ്പത്തിക മേഖലയിൽ വൻ ഉണർവ്വുണ്ടാകുമെന്നാണ്‌ റിപ്പോർട്ടുകൾ.

പ്രാദേശികവാദികളെയും തീവ്രവാദപ്രവർത്തനങ്ങളെയും അമർച്ച ചെയ്യാൻ പ്രത്യേകിച്ച്‌ ഈ നാടിന്റെ പ്രധാന സമ്പത്‌സ്രോതസായ പെട്രോളിയം മേഖലയിൽ പുതിയഭരണകൂടം ശ്രദ്ധപതിപ്പിച്ചു എന്ന് തന്നെ കരുതാം; അധികാരകൈമാറ്റ കാലഘട്ടം ഈ പ്രദേശം യുദ്ധകളമായിരുന്നെങ്കിൽ കൂടിയും. പക്ഷേ ഈ അടിച്ചമർത്തലിനെ തോൽപ്പിക്കുവാൻ തീവ്രവാദ സംഘടനകൾ മറ്റ്‌ മാർഗ്ഗങ്ങൾ തേടുന്നത്‌ പലപ്പോഴും സംഘർഷം സൃഷ്ടിക്കുന്നുണ്ട്‌, അത്‌ കൊണ്ട്‌ തന്നെ വിദേശികളുടെ സെക്യൂരിറ്റി നിലപാടുകളിൽ ഒരു മാറ്റവും ഇനിയും ഉണ്ടായിട്ടില്ല.

ചെറുരീതികളിലുള്ള വിദേശികളെ തട്ടികൊണ്ട്‌ പോകലുകളിൽ നിന്നും വിട്ട്‌ വമ്പൻ തലങ്ങളിലേക്ക്‌ ഈ പ്രശ്നങ്ങളെ എത്തിക്കുവാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ട്‌. ഞാൻ ഇത്തവണ അവധിക്ക്‌ പോകുന്നതിനൊക്കെ മുൻപ്‌ മെയ്‌ പകുതിയോടെ തട്ടികൊണ്ട്‌ പോകപ്പെട്ട ടൈഡ്‌ വാട്ടർ എന്ന അമേരിക്കൻ കമ്പനിയുടെ ഒരു ചെറു കപ്പലും അതിലെ ജീവനക്കാരെയും ഇനിയും മോചിപ്പിക്കപ്പെട്ടില്ലന്നത്‌ ഒരു ഉദാഹരണം മാത്രം. പ്രമുഖ പെട്രോളിയം കുത്തകയായ ഷെവ്‌റോണിന്റെ എണ്ണപ്പാടത്തേക്ക്‌ ഞങ്ങളുടെ തുറമുഖത്ത്‌ നിന്നും തിരിച്ച സർവ്വീസ്‌ വെസൽ ആണിത്‌. പോർച്ച്ഗീസ്‌ നാവികൻ ഉൾപ്പെടെ 11 ഓളം ജീവനക്കാർ അതിൽ കുടുങ്ങി കിടക്കുന്നുണ്ട്‌.

ഈ ജൂൺ 19ന്‌ അവധി കഴിഞ്ഞ്‌ വന്നിറങ്ങിയപ്പോൾ കിട്ടിയ വാർത്ത മറ്റൊരു പെട്രോളിയം കുത്തകയായ ഷെൽ, അവരുടെ പ്രതിദിനം 2,20,000 ത്തോളം ബാരൽ ക്രൂഡ്‌ ഉത്‌പാദന ശേഷിയുള്ള 'ബോംഗ' എണ്ണയുത്‌പാദന കേന്ദ്രം പൂട്ടിയെന്നാണ്‌. ആഗോള പെട്രോളിയം വിലവർദ്ധനയിൽ ഒരു ചെറുകണ്ണിയാകാൻ ഈ വാർത്തയ്ക്കാവുകയും ചെയ്തു.

മെൻഡ്‌ (MEND- Movement for the Emancipation of the Niger Delta) എന്ന സംഘടനയിൽ പെട്ടവർ സ്പീഡ്‌ ബോട്ടിൽ ആയുധധാരികളായി എത്തി ഈ ഉത്‌പാദന കേന്ദ്രം (കരയിൽ നിന്നും ഏകദേശം 120 കി.മീ അകലെയാണിത്‌) ആക്രമിച്ചു എന്നാണ്‌ വാർത്ത വന്നത്‌.പിന്നീട് ഇത്‌ ഈ സംഘടന ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഈ ആഴ്ച തികച്ചും വ്യത്യസ്തമായ റിപ്പോർട്ടുകളാണ്‌ വരുന്നത്‌.

ഇവിടെ ഒട്ടുമിക്ക എല്ലാ കമ്പനികളുടെയും സെക്യൂരിറ്റി ചുമതലകൾ പ്രൈവറ്റ്‌ സുരക്ഷാ ഏജൻസികൾക്ക്‌ നൽകുകയാണ്‌ പതിവ്‌, മേൽനോട്ടം വഹിക്കാൻ അതാത്‌ കമ്പനികൾക്ക്‌ പ്രത്യേക സുരക്ഷാ വിഭാഗം തന്നെയുണ്ടാവുമെങ്കിലും. (സുരക്ഷാ നടപടികൾക്ക്‌ മിലിട്ടറി സംഘത്തെപ്പോലും വേണെമെങ്കിൽ കരാർ അടിസ്ഥാനത്തിൽ ലഭ്യമാണ്‌) ഷെൽ ന്റെ ബോംഗാ പ്രദേശത്ത്‌ ചുമതലയുള്ള പ്രൈവറ്റ്‌ സെക്യൂരിറ്റി കമാൻഡൊകൾ, അവർക്ക്‌ മൂന്ന് മാസമായി വേതനം നൽകാത്തതിന്റെ പേരിൽ സമരമാർഗ്ഗമായി കണ്ടതാണ്‌ ഈ അടച്ച്‌ പൂട്ടലും അക്രമവും എന്നൊക്കെയാണ്‌ പുതിയ വാർത്തകൾ. ശരിയായ രീതിയിലുള്ള വാർത്താവിനിമയം നടക്കാത്തതിന്റെ അഭാവം, ഷെൽ ന്റെ അധികാരികളെ ആശയകുഴപ്പത്തിലാക്കി എന്നു വേണം കരുതാൻ.

ഏതായാലും പ്ലാന്റ്‌ ഈ കഴിഞ്ഞ ചൊവ്വാഴ്ചമുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു എന്ന് കേൾക്കുന്നു, അത്‌ പക്ഷേ അത്ര വലിയ വാർത്തയായി ഒരു മാധ്യമത്തിലും കണ്ടില്ല. ലോക പെട്രോളിയം വിലകയറ്റത്തിലേക്ക്‌ ചെറുതല്ലാത്ത സംഭാവനകൾ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്ന ആശയകുഴപ്പങ്ങൾ നൽകുന്നുണ്ടന്നത്‌ വെച്ച്‌ നോക്കുമ്പോൾ ഒരുപാട്‌ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവർക്കും ഉണ്ട്‌ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ബാങ്കിംഗ്‌ രംഗത്തെ കുതിച്ച്‌ കയറ്റം,വൻ സാമ്പത്തിക വളർച്ചാനിരക്ക്‌, 2010 ഓട്‌ കൂടി പ്രതിദിനം 4 മില്ല്യൺ ബാരൽ ക്രൂഡ്‌ ഉത്‌പാദന/കയറ്റുമതി ലക്ഷ്യം, തുടങ്ങിയവയൊക്കെ നൈജീരിയയുടെ ഇതര മേഖലകളിലുള്ള മാറ്റത്തെയും സ്വാധീനിക്കുണ്ട്‌; സാധാരണ ജനജീവിതത്തെ എത്രമാത്രം സഹായിക്കുമെന്ന് അറിയില്ലെങ്കിലും. പുതിയ പുതിയ റോഡുകളും പാലങ്ങളും കെട്ടിട സമുച്ചയങ്ങളും ഉൾപ്പെടുന്ന നിർമ്മാണപ്രവർത്തനങ്ങളിൽ ഗവൺമന്റ്‌ മുഴുകികഴിഞ്ഞു.നിരവധി പുതിയ പദ്ധതികൾക്ക്‌ തുടക്കമിട്ടുകഴിഞ്ഞ സർക്കാരിന്റെ നടപടികളിൽ പക്ഷേ വിലകയറ്റത്തെ പിടിച്ച്‌ നിർത്താനുള്ളതൊന്നും ഇല്ലന്നാണ്‌ സാധാരണക്കാരന്റെ വേവലാതി.

ഇതൊക്കെതന്നെയാണ്‌ ഇപ്പോഴത്തെ വിശേഷങ്ങൾ, ബാക്കിയൊക്കെ അടുത്ത കത്തിൽ. നിന്റെ വിശേഷങ്ങൾ അറിയിക്കുമല്ലോ, പുതിയ പ്രോജക്റ്റുകളെ പറ്റിയും.

സ്നേഹപൂർവ്വം

-അലിഫ്‌

8 comments:

  1. "ജൂൺ 19ന്‌ അവധി കഴിഞ്ഞ്‌ വന്നിറങ്ങിയപ്പോൾ കിട്ടിയ വാർത്ത മറ്റൊരു പെട്രോളിയം കുത്തകയായ ഷെൽ, അവരുടെ പ്രതിദിനം 2,20,000 ത്തോളം ബാരൽ ക്രൂഡ്‌ ഉത്‌പാദന ശേഷിയുള്ള 'ബോംഗ' എണ്ണയുത്‌പാദന കേന്ദ്രം പൂട്ടിയെന്നാണ്‌. ആഗോള പെട്രോളിയം വിലവർദ്ധനയിൽ ഒരു ചെറുകണ്ണിയാകാൻ ഈ വാർത്തയ്ക്കാവുകയും ചെയ്തു.

    മെൻഡ്‌ (MEND- Movement for the Emancipation of the Niger Delta) എന്ന സംഘടനയിൽ പെട്ടവർ സ്പീഡ്‌ ബോട്ടിൽ ആയുധധാരികളായി എത്തി ഈ ഉത്‌പാദന കേന്ദ്രം (കരയിൽ നിന്നും ഏകദേശം 120 കി.മീ അകലെയാണിത്‌) ആക്രമിച്ചു എന്നാണ്‌ വാർത്ത വന്നത്‌
    .."
    നൈജീരിയ വിശേഷങ്ങൾ വീണ്ടും..!

    ReplyDelete
  2. kouchuvinu ezhuthiya kathu aanenkilum nhanum vayichu. vivarngal arinhu santhoshikkunnu. iniyum ezhuthumallo.

    ReplyDelete
  3. നൈജീരിയ വിശേഷങ്ങള്ക്കൊപ്പം അവിടുത്തെ പാവങ്ങളുടെ അവസ്ഥ കൂടി അറിയാന് കൌതുകമുണ്ട്.
    ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഈ അടുത്ത സമയത്ത് വാറിയിലും മറ്റും ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. ലാഗോസിൽ എയർപോർട്ടിനടുത്ത് കഴിഞ്ഞദിവസം വെടിവയ്പ്പുണ്ടായി എന്നുകേട്ടു. എങ്കിലും ഡെൽറ്റയിൽ ഈ അടുത്ത സമയത്തൊന്നും വലിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. പോർട്‌ഹാർക്കോർട്ടും ബോണീയും പൊതുവേ ശാന്തമാണെന്നു തോന്നുന്നു.ഒരു കിഡ്നാപ്പിങ്ങ് കേട്ടിട്ട് വളരെ നാളായി!

    ഏതായാലും താങ്കളുടെ പോസ്റ്റുകൾ ആളുകൾക്ക് വളരെ ഉപകാരപ്രദമാണ്. അതുപോലെ കൂടുതൽ ചിത്രങ്ങളും ഉൾപ്പെടുത്തുക.

    ആശംസകൾ

    ReplyDelete
  6. വളരെ നല്ലവര്‍ എന്നു തോന്നിച്ച് അധികാരത്തില്‍ വന്ന ശേഷം കുന്നായ്മത്തരം കാണിയ്ക്കുന്നതാണല്ലോ ആഫ്രിക്കയുലെ പല പ്രസിദന്തീമാരും.. (ദൈവമേ..ലോകത്തിന്റെ മുഴുവനും അങ്ങനെതന്നെ..ഞാനെന്തിനാണാവോ ആഫ്രിക്കാക്കാരനെപ്പറ്റി മുന്വിധിയെടുക്കുന്നത്?:)

    ഇദ്ദേഹത്തിനാഗതിയുണ്ടാവാതിരിയ്ക്കട്ടേ..

    നൈജീരിയാ വിഷേഷങ്ങള്‍ക്ക് നന്ദി.ഒപ്പം പുതിയ മേഖലയായ പ്ലാനിങ്ങിലോട്ട് നടന്നുകയറുന്ന അലിഫ് മാഷിന് ആശംസകളും.

    ReplyDelete
  7. ഇന്ത്യന്‍ ബ്ലോഗ്ഗേര്‍സ് നെസ്റ്റ്

    നിങ്ങളുടെ ബ്ലോഗ് ഇവിടെ ലിസ്റ്റ് ചെയ്യൂ....


    http://www.indianbloggersnest.blogspot.com/

    E-mail to: team1dubai@gmail.com

    ReplyDelete