നിനക്ക് സുഖം തന്നയല്ലേയെന്ന പതിവ് ചോദ്യം ആവര്‍ത്തിക്കുന്നു.നല്ല തിരക്കുണ്ട്, അതിനാലാണ് മെയിലുകള്‍ വൈകുന്നത്;പിന്നെയിവിടുത്തെ നെറ്റ്‌വര്‍ക്ക് മിക്കപ്പഴും പണിമുടക്കിലുമാണ്. ബ്ലോഗിങ്ങില്‍ ഹരം പിടിച്ചിരിക്കുന്നു, ചിന്തിക്കുവാനും ചിരിക്കുവാനുമുതകുന്ന ഒരു പാട് ബ്ലോഗെഴുത്തുകള്‍ സുലഭം. നീ പറഞ്ഞപ്പോള്‍ ഇത്ര കേമമെന്ന് ഞാന്‍ കരുതിയേയില്ല.ഓഫീസ് സമയം കഴിഞ്ഞേ പറ്റുകയുള്ളുവെങ്കിലും പിന്മൊഴികള്‍ക്കും തനിമലയാളത്തിനുമിടയില്‍ നിനക്ക് കത്തെഴുതാന്‍ വൈകിയാല്‍ പിണങ്ങണ്ട, നീ തന്നെ കാരണം.
കഴിഞ്ഞ കത്തിലെഴുതിയിരുന്ന 'തട്ടികൊണ്ട് പോകല്‍' ഭീക്ഷണികളും അതിനേതുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊക്കെ വരുന്നതിനു മുന്‍പ് ജൂലായ് അവസാന ആഴ്ച ഇവിടെനിന്നും 40 തോളം കിലോമീറ്റര്‍ അകലെയുള്ളതും എന്റെ കൂടെയുള്ള മറ്റ് മൂന്ന് പേരുടെ ക്യാമ്പിംഗ് സ്ഥലവുമായ 'ഒന്നേ'(Onne) യിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നു. ഇവിടെ വന്ന ശേഷം ആദ്യമായാണ് ഇത്രയെങ്കിലും ദൂരം റോഡ് മാര്‍ഗ്ഗം സഞ്ചരിക്കുവാന്‍ അവസരം കിട്ടുന്നത് എന്നതിനാല്‍ ആകെ ത്രില്ലിലായിരുന്നു ഞാന്‍. ഡ്രൈവറെ കൂടാതെ ഒരു മിലിറ്ററി ഗണ്‍മാന്‍ കൂടെയുണ്ടാവാറുള്ളത് ഞാന്‍ പറഞ്ഞിരുന്നല്ലോ.പോകുന്ന വഴിയൊക്കെ എന്നെ അലട്ടിയിരുന്ന ഒരു വലിയ ചോദ്യം അവന്റെ കൈയ്യിലിരിക്കുന്ന തോക്ക് പൊട്ടുമോ എന്നതായിരുന്നു.
റോഡുകളുടെയും മറ്റും സ്ഥിതി ഞാന്‍ നേരത്തേ എഴുതിയിരുന്നതിലും ഒട്ടും വിഭിന്നമല്ല.കുറെ നല്ല റോഡുണ്ട്, ബാക്കിയെല്ലാം പൊട്ടിപൊളിഞ്ഞത് തന്നെ. ജനസാന്ദ്രതയേറിയിടങ്ങളിലാണ് ഏറ്റവുമധികം പ്രശ്നങ്ങള്‍.വഴിയോരങ്ങളിലെ തകര ഷീറ്റ് മേഞ്ഞ കടകളും വീടുകളുമൊക്കെ കൂടി ഒരു വലിയ ചേരിപ്രദേശത്ത് കൂടി കടന്നു പോകുന്ന പ്രതീതിയാണ്. കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ജനവാസം കുറഞ്ഞയിടമെങ്കിലും നല്ല റോഡും , വശങ്ങളില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശവുമായിതീര്‍ന്നു. ഇടയ്ക് ചില നദികളും, പാലങ്ങളുമൊക്കെയായി കേരളത്തിലൂടെ തന്നെ കടന്നുപോകുന്ന പ്രതീതി. വളരെയകലെ കാണുന്ന ഉയരമേറിയ പനകള്‍ തെങ്ങാണന്നു തെറ്റിദ്ധരിച്ചു പോകും. വിശാലമായ മൈതാനങ്ങളില്‍ ഫുട്ബോളിനു പിന്നാലെ കുതിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ ബാല്യകാലത്തേക്ക് ഓര്‍മ്മകള്‍ ഓട്ടപ്രദക്ഷിണം നടത്തി.
പോകുന്ന വഴി 'എലമ്മെ' (Eleme) ജംഗ്‌ഷന്‍ കഴിഞ്ഞതും വാഹനങ്ങളുടെ നീണ്ട നിരയില്‍ പെട്ടു. അതിനു മുന്‍പ് പല ട്രാഫിക് കുരുക്കുകളിലും വരിതെറ്റിച്ചും തെറ്റായ വശത്തൂടെ കടന്നു കയറിയും അഭ്യാസം കാണിച്ച ഡ്രൈവര്‍ക്കും ചെറിയ പരുങ്ങല്‍, ഇവിടെ എല്ലാവരും ക്യൂ പാലിക്കുന്നുണ്ട്. കുറെ അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് റോഡിലെ പോലീസ് ചെക്കിംഗ് ആണ്. എന്നുപറഞ്ഞാല്‍ ആയുധധാരികളായ ഒരു പറ്റം പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം പിരിക്കുന്നു.പരസ്യമായിതന്നെയാണ് ഡ്രൈവര്‍മാര്‍ കാശ് കൊടുക്കുന്നത്,അല്ലാതെ നാട്ടിലെപ്പോലെ ആര്‍.സി.ബുക്കിലും ലൈസന്‍സിനുള്ളിലും തിരുകീട്ടല്ല. ക്യാമറയിലേക്ക് കൈപോയപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ തടഞ്ഞു. അവന്‍ കൂടെയുള്ളതിനാലാകണം ഞങ്ങളുടെ വണ്ടി വേഗം കടത്തിവിട്ടു.
ദൂരെ 'എലമേ പെട്രോകെമിക്കല്‍സിന്റെ' പുകകുഴലുകള്‍ തീയും പുകയും വമിപ്പിക്കുന്നു. നൈജീരിയയുടെ എണ്ണപ്പെട്ട ഒരു പൊതുമേഖലാ വ്യവസായസ്ഥാപനമാണ് 900ത്തോളം ഹെക്‍ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പെട്രോകെമിക്കല്‍ ശാല. 80 തോളം കിലോമീറ്റര്‍ അകലെയുള്ള ‘ഒബിയഫു പ്ലാന്റി‘ ല്‍ നിന്നും നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള കുഴലുകളിലൂടെയാണ് പ്രധാന അസംസ്കൃത വസ്തുക്കളായ ദ്രാവക, വാതക പെട്രോളിയം ഇവിടേക്ക് എത്തുന്നത്. അത് സംസ്കരിച്ച് എതിലിന്‍, ബ്യൂട്ടേന്‍, പോളിയെത്തിലിന്‍ തുടങ്ങി നിരവധി വ്യാവസായിക ഉത്‌പന്നങ്ങളും, കാസ്റ്റിക് സോഡ, പോളിവിനെയില്‍ ക്ലോറൈഡ് (pvc) പോലുള്ള വാണിജ്യ ഉത്‌പന്നങ്ങളും നിര്‍മ്മിക്കപെടുന്ന ഈ സ്ഥാപനം തദ്ദേശവാസികള്‍ക്ക് നല്ലൊരു തൊഴില്‍സംരംഭം കൂടിയാണ്. 1982ല്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഒന്നാം ഘട്ടം പൂര്‍ണ്ണതോതില്‍ ഉത്‌പാദനം തുടങ്ങിയത് 1995 മുതലാണ്; ത്വരിതഗതിയില്‍ മൂന്നാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് വിദേശ നിക്ഷേപ സാങ്കേതിക പങ്കാളിത്തമുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിലിപ്പോള്‍.
'ഠേ, ഠേ ' ചിന്തകളെ വിറപ്പിച്ച്‌കൊണ്ടുയര്‍ന്ന വെടിശബ്ദം, നോക്കിയപ്പോള്‍ എന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നു, സെക്യൂരിറ്റിക്കാരന്‍ വശത്തെ ചില്ലു താഴ്‌ത്തി മുകളിലേക്ക് വെടിവെക്കുന്നു. റോഡിന് കുറേദൂരെയായുള്ള ചെറിയ ഒരു കവലയില്‍ നിന്നും വീണ്ടും വെടിശബ്ദം. 'കഴിഞ്ഞു എന്നെ തട്ടികൊണ്ട് പോകുകയോ കൊള്ളയടിക്കന്‍ പോകുകയോ ആണല്ലോ ദൈവമേ' എന്നു കരുതി മൊബെയിലില്‍ 'ഹെല്‍പ്' അടിക്കാനൊരുങ്ങിയപ്പോഴേക്കും വണ്ടി നീങ്ങിതുടങ്ങി. സംസാരശേഷി വീണ്ടുകിട്ടി, ഞാനവനോട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പിടികിട്ടിയത്; അവന്റെ ഒരു മിലിട്ടറി സുഹൃത്ത് മറ്റേ റോഡില്‍ നില്‍ക്കുന്നത് കണ്ട് പരസ്പരം 'വിഷ്' ചെയ്തതാത്രേ..!. പണ്ടാരമടങ്ങാന്‍ പേടിപ്പിച്ചുകളഞ്ഞല്ലോ പഹയാ എന്നോര്‍ത്തിരിക്കുമ്പോഴേക്കും ഞങ്ങള്‍ 'ഒന്നേ' ക്യാമ്പി ലെത്തിയിരുന്നു.
ഒന്നെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഫ്രീസോണ്‍ - ഒരു വിദൂര ദൃശ്യം
നൈജീരിയയുടെ മറ്റൊരു പ്രധാന തുറമുഖപ്രദേശമാണ് ഒന്നെ. ഫെഡറല്‍ ഓഷ്യന്‍ ടെര്‍മിനല്‍ (FOT) , ഫെഡറല്‍ ലൈറ്റ് ടെര്‍മിനല്‍ (FLT) എന്നിങ്ങനെ രണ്ട് പോര്‍ട്ടുകള്‍ ഉള്‍പ്പടെ ഏകദേശം 16 ചതുരശ്ര കി.മീറ്റര്‍ പ്രദേശമുള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന 'ഒന്നെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഫ്രീ സോണ്‍' നൈജിരിയയുടെ സാമ്പത്തിക മേഖലയുടെ അനിവാര്യഘടകമായി കഴിഞ്ഞു. കയറ്റുമതി ഇറക്കുമതി ചുങ്കവും മറ്റു നൂലാമാലകളൊന്നും ഇല്ലായെന്നത് പല വിദേശകമ്പനികള്‍ക്കും ഇവിടേക്കു വരാന്‍ പ്രചോദനമാകുന്നു. പൂര്‍ണ്ണമായും വിദേശ സ്വകാര്യ കമ്പനികളുടെ മേല്‍നോട്ടത്തിലുള്ള വികസനപ്രവര്‍ത്തനം ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുവെന്നത് കാണാനാകും. നല്ല ഗതാഗതസൌകര്യങ്ങളുമൊക്കെ ഒരുക്കുവാന്‍ സദാപ്രവര്‍ത്തനനിരതരാണീ നിക്ഷേപര്‍. ആരംഭംകുറിച്ച് 10വര്‍ഷം കൊണ്ട് തന്നെ ഷെല്‍, മോബില്‍, റ്റോട്ടല്‍, അജിപ് തുടങ്ങിയ ബഹുരാഷ്ട്ര ഓയില്‍ ഭീമന്‍മാരുടേതുള്‍പ്പടെ ഏകദേശം 150 തിലധികം വിദേശനിക്ഷേപകര്‍ ഇവിടം പ്രധാനതാവളമാക്കി കഴിഞ്ഞു. ഇത്തരം വികസനപ്രവര്‍ത്തങ്ങള്‍മൂലം തദ്ദേശീയരായ അളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഇവിടെ നാല്-അഞ്ച് വര്‍ഷമായിട്ട് താമസിക്കുന്ന മലയാളി സുഹൃത്തിനെ കിട്ടി, ഒപ്പം രാത്രി,അടുത്തു തന്നെയുള്ള 'ബുഷ് ബാറില്‍' പോകാമെന്നുള്ള ആശയവും. പകലൊക്കെ അടഞ്ഞ് കിടക്കുകയും വൈകുന്നേരമാകുമ്പോഴേക്കും സജീവമാകുകയും ചെയ്യുന്ന നിരവധി ബുഷ് ബാറുകള്‍ ഇവിടുണ്ടെന്ന് കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ തട്ടുകട വിപുലീകരിച്ചൊരു സെറ്റപ്പ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഇതിന്റെ മേല്‍ക്കൂര ഉണങ്ങിയ ചെറുചെടികളും പുല്ലും മറ്റുംകൊണ്ട് മേഞ്ഞതിനാലാവുമോ 'ബുഷ്' ബാര്‍ എന്നു പേരുവന്നത്?. എന്റെ സുഹൃത്തിന്റെ അഭിപ്രായത്തില്‍ അവിടെ നല്ല 'പുഷും പുള്ളു' മൊക്കെ നടക്കുന്നതിനാല്‍ 'പുഷ്' ബാര്‍ എന്ന് പേരിട്ട് ലോപിച്ചിങ്ങനെ ആയതാവാമെന്നാണ്. (ഏയ്, ഇതിന് അമേരിക്കന്‍ ബന്ധമൊന്നും ഉണ്ടാകാന്‍ വഴിയില്ല..!) മങ്ങിയവെളിച്ചവും ഇടയ്കിടെ മിന്നിത്തെളിയുന്ന വര്‍ണ്ണബള്‍ബുകളും ആഫ്രിക്കന്‍ ചടുലതാളമേള സംഗീതവുമൊക്കെയായി പ്രധാന വേദിയും ബാറുമൊഴികെ തുറസായി കിടക്കുന്ന ഒരു 'ഓപ്പണ്‍ എയര്‍' ഡാന്‍സ് ബാര്‍. വിവിധ വര്‍ണവേഷത്തിലുള്ള നൈജീരിയന്‍ തരുണീമണികളുടെ നൃത്തചുവടുകളും നുരഞ്ഞ് കവിയുന്ന ബീയര്‍ മഗുകളും കൊണ്ട് ഹരം കൊള്ളാവുന്ന ഒരിടമെന്നതിലുപരി ഇത് ഒരു ബുക്കിംഗ് കേന്ദ്രം കൂടിയാണ്; അതേ, ഇവിടെ നിന്നും പെണ്‍കിടാങ്ങളെ ബുക്ക് ചെയ്ത് താമസസ്ഥലത്തേക്കോ, അല്ലെങ്കില്‍ അവര്‍ തന്നെ ഒരുക്കുന്നയിടത്തേക്കോ പോകാം. ഇന്ത്യന്‍സിനെ ഇവര്‍ക്ക് വലിയ നോട്ടമില്ല, കാരണം കൂടെ കൂട്ടുന്നവര്‍ അപൂര്‍വ്വം. നല്ല വെളുത്ത സായിപ്പിനേയും കറുത്ത സ്വദേശികളെയുമാണവര്‍ക്ക് താല്‍പര്യം. രണ്ടും മൂന്നും എണ്ണത്തിനേയൊക്കെ വണ്ടിയില്‍ കയറ്റികൊണ്ട് പോകുന്ന വിദേശികളെയും കണ്ടു. ഒരു ക്യാന്‍ ബീയറോ ഭക്ഷണമോ വാങ്ങികൊടുത്താല്‍ കൂടെ വന്നിരിക്കാനും കൊഞ്ചാനും വേണമെങ്കിലൊന്നു കുഴഞ്ഞാടാനും തയ്യാറാണിവര്‍, ആത്യന്തികമായ ലക്ഷ്യം കൂടെ പോരുകയെന്നത് തന്നെ. ഇവിടെ നിന്നും കൊണ്ട്‌പോയി സ്ഥിരമായി കൂടെ താമസിപ്പിക്കുന്നവരുമുണ്ട്, മാസാമാസം ഒരു തുക കൊടുത്താല്‍ മതിയല്ലോ.
ഇന്ത്യനായത് കൊണ്ടാവാം, എന്റെടുത്ത് വന്നിരുന്ന പെണ്‍കുട്ടി 'സോണിയ' എന്ന് പേര് പറഞ്ഞത്. (ഞാന്‍ തല്‍കാലത്തേക്ക് ഒരു ആന്‍ഡ്രൂസ് ആകുകയും ചെയ്തു) ഇവര്‍ പറയുന്നതൊന്നും സത്യമായിരിക്കില്ല;പക്ഷേ ഞാന്‍ ഡിസൈനര്‍ ആണന്നൊക്കെ പറഞ്ഞപ്പോള്‍ അവള്‍ വാചാലയായി. മാസ് കമ്മ്യൂണിക്കേഷന് യൂനിവെര്‍സിറ്റിയില്‍ പഠിക്കുകയാണത്രെ. ഞാന്‍ ചില ജേര്‍ണലിസം നമ്പര്‍ ഒക്കെയിട്ടപ്പോള്‍ അവള്‍ക്കും സന്തോഷം.ഒരുവര്‍ഷം കൂടി പഠിക്കേണ്ടതുണ്ട്, പരീക്ഷയായി,ഫീസടയ്ക്കണം, ഹോസ്റ്റലിലെ ഫീസ് തുടങ്ങിയവയ്ക്കായി ഇടയ്ക് 'ബുഷ് ബാറിലേക്ക് വരും.വീട്ടിലെ ദാരിദ്ര്യമോ ബുദ്ധിമുട്ടുകളെയോപറ്റി ഞാന്‍ ചോദിച്ചിട്ടും ഒഴിവാക്കിയാണവള്‍ സംസാരിച്ച് കൊണ്ടിരുന്നത്. ഗ്രാഫിക്സ്, ജേര്‍ണലിസം തുടങ്ങിയവയില്‍ അവള്‍ക്ക് കുറച്ചൊരു വിവരമുണ്ട് താനും, പക്ഷേ ഒന്നും വിശ്വസിക്കാനും പറ്റില്ല. ആരെയോ കാത്തിരിക്കുന്നതിനിടെ സമയം പോകാന്‍ എന്റെ കൂടെകൂടിയതാണന്നവള്‍ പറഞ്ഞ് കേട്ടപ്പോള്‍ ഒഴിവാക്കാനെന്ത് കള്ളം പറയണമെന്നാലോചിച്ചിരുന്ന എനിക്ക് സമാധാനമായി.
അല്പം ഭയത്തോട് കൂടിതന്നെ, ഏതു നിമിഷവും തട്ടികൊണ്ട് പോകലോ, കൊള്ളയടിയോ ഒക്കെ നടക്കാവുന്ന പ്രദേശമായിട്ട് കൂടിയും (ഗണ്‍മാനും ഇല്ല) കുറെയധികം സമയം അവിടെ ചിലവഴിച്ചു,അതാണതിന്റെയൊരു ത്രില്ലും. പിന്നെ കണ്ട് മടുത്ത അടച്ചുമൂടി ശീതീകരികരിച്ച ഡാന്‍സ് ബാര്‍ കണ്‍സപ്റ്റിങ്ങനെ തുറന്ന അന്തരീക്ഷത്തിലേക്ക് പറിച്ച് നട്ട് കാണുന്നതിന്റേയും. രാത്രി ഏകദേശം പത്ത് മണിയോടെ അവിടുന്ന് മടങ്ങുമ്പോഴും ഒഴിഞ്ഞ കസേരകള്‍ വീണ്ടും നിറയുകയും, ബീയര്‍ പാത്രങ്ങള്‍ ഒഴിയുകയും ചെയ്ത് കൊണ്ടേയിരുന്നു. ചായം പുരട്ടിയതെങ്കിലും മ്ലാനമായ ചില മുഖങ്ങള്‍ ഇനിയും വന്നെത്താനുള്ളവരെ പ്രതീക്ഷിക്കുകയും സ്‌പീക്കറിലൂടെ കിംഗ് സണ്ണി ആഡെ യുടെ 'ഡാന്‍സ് എവേ യുവര്‍ സോറോ' എന്ന ഗാനത്തിന്റെ വരികള്‍ ഒഴുകിപരക്കുകയും ചെയ്തുകൊണ്ടിരുന്നു.
തല്‍ക്കാലം വിട.
"അതിനു മുന്‍പ് പല ട്രാഫിക് കുരുക്കുകളിലും വരിതെറ്റിച്ചും തെറ്റായ വശത്തൂടെ കടന്നു കയറിയും അഭ്യാസം കാണിച്ച ഡ്രൈവര്‍ക്കും ചെറിയ പരുങ്ങല്‍, ഇവിടെ എല്ലാവരും ക്യൂ പാലിക്കുന്നുണ്ട്. കുറെ അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് റോഡിലെ പോലീസ് ചെക്കിംഗ് ആണ്. എന്നുപറഞ്ഞാല്‍ ആയുധധാരികളായ ഒരു പറ്റം പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം പിരിക്കുന്നു.പരസ്യമായിതന്നെയാണ് ഡ്രൈവര്‍മാര്‍ കാശ് കൊടുക്കുന്നത്,അല്ലാതെ നാട്ടിലെപ്പോലെ ആര്‍.സി.ബുക്കിലും ലൈസന്‍സിനുള്ളിലും തിരുകീട്ടല്ല"
ReplyDelete..നൈജീരിയ വിശേഷങ്ങളില്‍ പുതിയ പോസ്റ്റ്.
കൊള്ളാം നല്ല വിവരണം ആ പഴയ ത്രില്ല് നിലിര്‍ത്തി കൊണ്ട് തന്നെയുള്ള പോസ്റ്റ് ബാക്കി കഥകള്‍ക്കായി കാത്തിരിക്കുന്നു....
ReplyDeleteകൊള്ളാം, വിവരണം നന്നായിരിക്കുന്നു. വായിച്ചിരിയ്ക്കാന്‍ നല്ല രസമുണ്ട്.
ReplyDeleteചില ചിത്രങ്ങള്‍ ഇത്തിരി ഡാര്‍ക്കായിപ്പോയി. (വല്യ കാര്യമുള്ള കാര്യമൊന്നുമല്ല, എന്നാലും.)
അപ്പോള്‍, ഡിസ്കവറി ചാനലിലൊക്കെ കാണുന്ന മാതിരി ഒരു യാത്രയാണ് നടത്തിയത് അല്ലെ.
ആശംസകള്‍
ചെണ്ടക്കാരാ
ReplyDeleteവളരെ നന്നായിരിക്കുന്നു.
നൈജീരിയന്‍ വിശേഷങ്ങള്‍ അറിയാന്‍ പറ്റിയതില്‍ സന്തോഷം...
"ഇവിടെ നിന്നും കൊണ്ട്‌പോയി സ്ഥിരമായി കൂടെ താമസിപ്പിക്കുന്നവരുമുണ്ട്, മാസാമാസം ഒരു തുക കൊടുത്താല്‍ മതിയല്ലോ"
ReplyDeleteഇതു വായിച്ചപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി.വിവരണം നന്നാകുന്നുണ്ട്.അവിടെയുള്ള മനുഷ്യരേപ്പറ്റി കേള്‍ക്കാനാണെനിക്കിഷ്ടം.മുടങ്ങാതെ എഴുതൂ.
ചെണ്ടക്കാരാ വിവരണം അസ്സലായി. അവര്‍ പരസ്പരം വിഷ് ചെയ്യുന്നത് പോലും ഇങ്ങിനെയാണല്ലേ...
ReplyDeleteവിവരണങ്ങള്‍ വായിക്കുന്നുണ്ട്. രസകരമാവുന്നു.
ReplyDeleteqw_er_ty
'ഠേ, ഠേ '
ReplyDeleteഞാന്‍: ഇത് തേങ്ങയല്ല, മാങ്ങയല്ല, ചക്കയുമല്ല
അപരന്‍: പിന്നെന്തൂട്ട്രാ ശവീ...
ഞാന്‍: ആ ചെണ്ടക്കാരനേ ഒന്നു വിഷ് ചെയ്തതാണെടേയ്.
വിവരണം വളരെ നന്നായിരിക്കുന്നു...
ഒ.ടോ.> എന്താന്നറിയില്ല... ഈ നൈജീരിയക്കാര്‍ക്ക് ...ന്നോട് വല്യ സ്നേഹാണെന്ന് തോന്നുന്നു. എടയ്ക്കെടക്ക് മെയിലു വരും ഒരു ബില്യണ്‍ ഡോളര്‍ എന്‍റെ അക്കൌണ്ടിലേക്ക് മാറ്റണം... അത് മാറ്റിയാല്‍ അതിന്‍റെ ഇരുപത്തി അഞ്ച് ശതമാനം വെറുതേ തരാം എന്നൊക്കെ പറഞ്ഞ് :) ...മ്മക്ക് കിട്ട്വാണേല്‍ ഒരു 50 എങ്കിലും വേണം... അല്ലാണ്ടീ 25... അതോണ്ട് ഞാമ്മിണ്ടാനേ പോവറില്ല :)
ഹലോ മിന്സ്റ്റര്‍ ആന്‍ഡ്രൂസ്....(ജോസ് പ്രാകാശ് സ്റ്റൈല്‍). സോണിയയുമൊത്ത് "സോണിയ ...സോണിയ" പാടി അല്ലേ..മിടുക്കാ...!
ReplyDeleteഎന്നാലും ആ സോണിയയുടെ ഒരു ഫോട്ടോ ഇടാമായിരുന്നു.
ലവന്‍ വിഷ് ചെയ്ത് പരിപാടി ഇഷ്ടപ്പെട്ടു ഹ ഹ ഹ ചെണ്ടയുടെ ചങ്കിടിച്ചു അല്ലെ..
വിശേഷങ്ങള്‍ ഇനിയും പോരട്ടെ
നൈജീരിയന്‍ വിവരങ്ങള്‍ നന്നാവുന്നുണ്ട്. ഇനിയും പോരട്ടെ.
ReplyDeleteവളരെ ജൈവമായ വിവരണം, നല്ല അവതരണം,
ReplyDeleteനൈജീരിയയുടെ ഈ വൈരുദ്യം ഒരുപക്ഷെ ആഫ്രിക്കക്ക് മൊത്തമുള്ള ഒന്നാണെന്ന് തൊന്നുനു,
അവിടത്തെ ചേരികളെ കുറിച്ച് എഴുതാന്‍ ശ്രമിക്കുക,
-അബ്ദു-
ചെണ്ടക്കാരാ.... നൈജീരിയ വിശേഷങ്ങള്‍ ഗംഭീരം, വളരെ രസകരമായി വായിക്കാന്‍ പറ്റുന്നു. വീണ്ടും കൂടുതല്‍ വിശേഷങ്ങളുമായി വരുമല്ലോ.
ReplyDeleteചെണ്ടക്കാരാ, കലക്കന്‍ വിവരണം!
ReplyDeleteഎന്റെ ഒരു സുഹൃത്ത് നൈജീരിയയിലുണ്ട് (ലാഗോസ്). അവനെന്നോട് പണ്ട് പറഞ്ഞത് ഓര്‍ത്തുപോകുന്നു - വൈന്‍ & വുമണ്‍ - ഈസിലി അവൈലബിള്‍ ആണ്, പക്ഷേ, രണ്ടും നമ്പാന്‍ പറ്റില്ലെന്ന്!
ചെണ്ടക്കാരന്‍ ചേട്ടാ..നൈജീരിയന്‍ വിശേഷങ്ങള്‍ കലക്കി..വ്യത്യസ്ത ഭാഷ,വ്യത്യസ്തരായ മനുഷ്യര്‍,ഭിന്നമായ സംസ്കാരം...എന്നുവേണ്ട നല്ലൊരു പോസ്റ്റിനുവേണ്ട എല്ലാ ഘടകങ്ങളും..
ReplyDeleteഠേ ഠേ ഠേ....
ReplyDeleteചെണ്ടയില്‍ കൊട്ടാതെ ഒരു വിഷ്......
കൂടുതല്‍ പടങ്ങള്‍ പോരട്ടെ..പെട്ടന്നവസാനിപ്പിച്ചതുപോലെ തോന്നി.....
ഇതൊക്കെ വായിക്കുമ്പോല്‍ എന്തായാലും ഒന്നു പോയി കണ്ടാലോ എന്ന ഒരാശ ഒന്നും വരുന്നില്ല... (എന്തൊരു ധൈര്യം അല്ലേ...:)
ഇങ്ങിനെ കൂട്ടുകാരനെ വിഷ് ചെയ്യാന്‍ പോയാല്‍ ബാക്കിയുള്ളവന്‍ പേടിച്ച് വടിയാകത്തേ ഉള്ളൂ..
ReplyDeleteനൈജീരിയയില്‍ ഒന്ന് കറങ്ങിയതു പോലുണ്ട്...നണ്ട്രി :)
ചെണ്ടക്കാരന്‍ ചേട്ടാ,
ReplyDeleteവിവരണം നന്നായി. നൈജീരിയന്‍ ജീവിതം ശരിക്കും വരച്ച് കാട്ടിയിരിക്കുന്നു. വെടി വെച്ച് അഭിവാദ്യം ചെയ്യാമെങ്കില്‍ അവിടത്തെ ക്രമസമാധാനനില എന്തായിരിക്കും എന്ന് ഊഹിയ്ക്കാന്‍ പറ്റുന്നുണ്ട്.
ഓടോ: സ്വന്തം തടി നോക്കാതെ കറങ്ങാന്‍ പോകുന്നത് അത്ര നല്ലതാണെന്ന് വായിച്ച കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ തോന്നുന്നില്ല. ബീ സേഫ്... :-)
നല്ല വിവരണം.
ReplyDeleteആഹാ..തികച്ചും അപരിചിതമായ ഒരു സ്ഥലത്തു കൂടി താങ്കളോടൊത്ത് സഞ്ചരിക്കാന്‍ നല്ലരസം...മനോഹരമായ വിവരണം... നന്നായിരിക്കുന്നു. ബാക്കി കൂടെ പോരട്ടെ!
ReplyDeleteചെണ്ടക്കാരാ, നല്ല യാത്രാവിവരണം.
ReplyDeleteഎന്തായാലും ഗണ്മേന്റെ വിഷിങ് സ്റ്റൈല്‍ ഇഷ്ടായി
നൈജീരിയ വിശേഷത്തിലേക്ക് ആദ്യമായാണെന്ന് തോന്നുന്നു ഇത്രയും കമന്റുകള്‍.വായിക്കപ്പെടുന്നു എന്നുള്ളത് വീണ്ടും എഴുതുവാനുള്ള ഊര്‍ജ്ജം പകരുന്നു.
ReplyDeleteകിച്ചു,ആദിത്യന്‍,തൊടുപുഴക്കാരന്‍,സന്തോഷ്,കുട്ടമ്മേനോന്‍,മുരളി,വല്യമ്മായി;വായിക്കുന്നു, ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ ഒരു പാട് സന്തോഷം. തീര്‍ച്ചയായും,അടുത്തപോസ്റ്റ് ഉടന്‍.
ദിവാസ്വപ്നം; ചിത്രങ്ങള്‍ ഇരുണ്ടതായിപ്പോയി,ഇനി ശ്രദ്ധിക്കാം.വണ്ടിയ്ക്കുള്ളിലിരുന്നൊക്കെ എടുത്തതാണ്. ഒരുപാട് പരിമിതികള്‍ ഉണ്ട്. നന്ദി.
ഇത്തിരീ,അഗ്രജന്‍,ഉത്സവം,പട്ടേരി, പച്ചാളം,ദില്‍ബു, കുറുമാന്‍; 'ഠേ, ഠേ‘ സംഭവം ഇവിടുത്തെ ചില നിയന്ത്രണങ്ങള്‍ കാരണം എഴുതണോ, വേണ്ടയോ എന്ന് രണ്ട് മൂന്നു തവണ ആലോചിചിരുന്നു.പിന്നെ നമ്മള്‍ രണ്ടും കല്‍പ്പിച്ചല്ലേ, ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.അഗ്രജന്റെ ഓഫ് ഇഷ്ടപ്പെട്ടു, എനിക്കും വരുന്നുണ്ട് ലോക്കറിലിരിക്കുന്ന സ്വര്‍ണ്ണകട്ടി, ഫ്രീസ്സായിപ്പോയ അക്കൌണ്ട് മെയിലുകള്‍. ഉത്സവമേ,’സോണിയ‘യുടെ പടമെടുക്കാന്‍ ക്യാമറയില്ലായിരുന്നു ആ സമയം.എപ്പോഴാണ് ഓടേണ്ടത് എന്നറിയാത്തതിനാല്‍ ‘ബുഷ് ബാറില്‍’ പോകുമ്പോഴൊന്നും മൊബൈലുപോലും കൊണ്ട് പോകാറില്ല.
കലേഷ്; ഇവിടെ വന്നപ്പോള്‍ ജി.എം ന്റെ വക ആദ്യ ഉപദേശങ്ങള്‍. നം.1 കള്ള്കുടി എത്രവേണമെങ്കിലും ആവാം, പക്ഷേ പിറ്റേന്ന് ജ്വാലിക്കു വരാവുന്ന അവസ്ഥ വരെ. നം.2. ഇവിടെ ഏറ്റവുമധികം ലഭ്യമായത് ‘പെണ്ണ്’ആണ്,ബട്ട് ടേക്ക് പ്രൊട്ടക്ഷന്‍!
ഇടങ്ങള്‍; ഇവിടുത്തെ ചേരിയെക്കുറിച്ച് എഴുതുന്നതിനേക്കാള്‍ നല്ലത് പട്ടണത്തെ കുറിച്ചാണ്, കാരണം അതു തന്നെ ഒരു വലിയ ചേരി യാണ്.ബാക്കി എഴുതാം.
അരവി, മാഗ്നി; നന്ദി. ലക്ഷ്മണരേഖകള്‍ യാത്രയ്ക്കും എഴുത്തിനും തടസ്സമാകുന്നു.കുറേക്കൂടി ആഴത്തില്‍ പോകണമെന്നുണ്ട്, കഴിയുന്നില്ലന്നതാണ് സങ്കടം.
ഓഫ്; എന്റെ പോസ്റ്റില്‍ ഞാന്‍ തന്നെയൊരു ഓഫടിച്ചില്ലേല്‍ ഉറക്കം വരൂല്ല. നമ്മുടെ ‘പിന്മൊഴി’കള്‍ക്കെന്തു പറ്റി,പുതിയതൊന്നും വന്നു കാണുന്നില്ല. ഇനി പ്രശ്നം എനിക്കു മാത്രമേയുള്ളോ..?
ചെണ്ടക്കാരാ,
ReplyDeleteനന്നായിരിക്കുന്നു.
എന്നാലും സെക്ക്യൂരിറ്റികാരന്റെ ഒരു വിഷ് ചെയുന്ന രീതി!
കൊള്ളാം 'ഒന്നേ' യിലേക്കുള്ളാ യാത്ര, ഈ റ്റയ്പ്പ് വിഷ് ഒക്കെ കണ്ട്ണ്ടാല്‍ പല തവണ ‘ഒന്നി‘നു പോകും!
VEry Good
ReplyDelete