Wednesday, November 08, 2006

നൈജീരിയ - ഭാഷ, സംസ്കാരം.

പ്രിയ കൌച്ചു,
കത്തുകള്‍ക്കിടയിലുള്ള ദൈര്‍ഘ്യം ഏറെ കൂടുന്നുവെന്നെനിക്കറിയാം;എന്തു ചെയ്യാന്‍, ആഗ്രഹമില്ലാഞ്ഞിട്ടല്ല, സമയം തീരെ കിട്ടുന്നില്ല. ചെയ്തുകൊണ്ടിരിക്കുന്ന പ്രോജെക്റ്റ്‌ വര്‍ക്കിന്റെ റിപ്പോര്‍ട്ടുണ്ടാക്കല്‍ പണിപ്പുരയിലാണ്‌. അതൊന്ന് ഒരു വഴിക്കാക്കിയിട്ടു വേണം നാട്ടിലേക്ക്‌ വണ്ടികയറാന്‍,മിക്കവാറും നവം.15ന്‌.

ഇവിടുത്തെ ആള്‍ക്കാരുമായി സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുകയാണ്‌ ഇപ്പോഴത്തെ പ്രധാന പരിപാടി. എന്തെങ്കിലും വീണുകിട്ടിയാല്‍ നിനക്കെഴുതാലോ. ഇവരുടെ സംസാരഭാഷ ഭയങ്കര രസമാണ്‌. സംസാരിക്കുന്നതിനൊപ്പം തന്നെ ആംഗ്യങ്ങളിലൂടെയും ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നത്‌ പുതുതായി കാണുന്നവര്‍ക്ക്‌ ഒരു തമാശയാണ്‌, പക്ഷേ അത്‌ ഇവരുടെ ഉള്ളിന്റെ ഉള്ളില്‍ ഇനിയും വിട്ടുപോയിട്ടില്ലാത്ത തനത്‌ സംസ്കാരത്തിന്റെയും പ്രാചീനമെങ്കിലും ശക്തമായ താളബോധത്തിന്റെയുമൊക്കെ പ്രതിഫലനമാണ്‌. മാത്രമല്ല, ഏതാണ്ട്‌ 500 ലധികം രീതികളിലായി വ്യാപിച്ചുകിടക്കുന്ന സംസാരഭാഷ മറ്റൊരുവന്‌ മനസിലാകണമെങ്കില്‍ കുറച്ചൊക്കെ കൈയ്യും കലാശവുമൊക്കെ കാണിച്ചേ തീരൂ എന്നതുകൊണ്ടുമാകാം.

ഹൌസ, ഇഗ്‌ബോ യോറുബ, ഫുലാനി എന്നീ ഭാഷകളാണ്‌ പ്രധാനമായും ഇവര്‍ക്കിടയി ലുള്ളതെങ്കിലും ഏതാണ്ട്‌ 250തിലധികം നൈജീരിയന്‍ ഭാഷകള്‍ പ്രയോഗത്തിലുണ്ടന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഈ 250 തന്നെ വീണ്ടും പ്രാദേശികതലത്തില്‍ 500 ലധികമായും വിഭജിക്കപ്പെട്ടിരിക്കുന്നു. ചില ഗോത്ര സമൂഹങ്ങള്‍ തന്നെ രണ്ടോ അതിലധികമോ ഭാഷയില്‍ ആശയവിനിമയം നടത്താറുണ്ടെന്നുള്ളത്‌ കൌതുകകരമാണ്‌. ഞാന്‍ പാര്‍ക്കുന്ന തെക്ക്‌ കിഴക്കന്‍ പ്രവിശ്യയില്‍ കൂടുതലായുള്ളത്‌ ഇബോ വംശജരും, അവര്‍ ഉപയോഗിക്കുന്ന ഭാഷ ഇഗ്‌ബോ യും അതിന്റെ 50 തിലേറെ വരുന്ന പ്രാദേശികരൂപാന്തരങ്ങളുമാണത്രേ.
ഇഗ്‌ബോ യിലെ ചില വാക്കുകള്‍;
ദൌലു (ദാഉലു) : നന്ദി
കെടാഉ : സുഖമാണോ
മ്ന്‍നിലി : വെള്ളം
ന്‍നി : എടുക്കൂ
ഒചെ : കസേര
ഓഗ: ബോസ്‌ (സര്‍ എന്ന അര്‍ത്ഥത്തില്‍)
വാഹ്‌ല : പ്രശ്‌നം (നോ വാഹ്‌ല : നോ പ്രൊബ്ലം)

ഇതൊക്കെ തന്നെ പലരും നീട്ടലും കുറുക്കലുമൊക്കെയായി പലരീതിയിലാണ്‌ ഉച്ചരിക്കുന്നത്‌.എന്റെ കൂടെ ജോലിയെടുക്കുന്ന മിക്കവരും പ്രാദേശികഭാഷ സംസാരിക്കുമെങ്കിലും എഴുതുവാന്‍ അറിയില്ല.അവര്‍ അതിന്‌ ഔദ്യോഗിക ഭാഷയായ ആംഗലേയം തന്നെയാണുപയോഗിക്കുന്നത്‌. അത്‌ പറയാന്‍ വിട്ടു, ഇവിടുത്തെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ബ്രിട്ടീഷ്‌ കൊളോണിയല്‍ വാഴ്ചയുടെ ഫലമെന്നോണം ആംഗലേയമാണ്‌ ഔദ്യോഗിക ഭാഷ, സ്കൂളുകളിലും അതിനാണ്‌ ഒന്നാമിടം.എന്നാല്‍ 'പീജിയണ്‍ ഇംഗ്ലീഷ്‌' എന്ന പേരിലുള്ള ഒരുതരം ആംഗലേയത്തിനോടടുത്തുനില്‍ക്കുന്ന സംസാര എഴുത്ത്‌ ഭാഷ കോളണിവാഴ്ചയ്ക്‌ വളരെ മുന്‍പ്‌ തന്നെ പ്രചാരത്തിലുണ്ടായിരുന്നു വെന്ന് ചില കുറിപ്പുകളില്‍ കാണുന്നു. എന്റെ സുഹൃത്ത്‌ എമ്മാനുവേല യുടെ അഭിപ്രായത്തില്‍ ഏതെങ്കിലും നൈജീരിയന്‍ എഴുത്തുഭാഷ വശമുള്ളവര്‍ ഈ തലമുറയില്‍ വിരളമാണ്‌. 42നും 51നുമിടയ്ക്കാണ്‌ സാക്ഷരതാ ശതമാന നിരക്കെന്ന് ഔദ്യോഗിക വെബ്‌സൈറ്റ്‌ പറയുന്നുവെങ്കിലും അതിലും വളരെ താഴെയാവാനേ സാധ്യതയുള്ളൂവെന്നാണ്‌ ഇവരുടെ അഭിപ്രായം. എഴുത്തും വായനയും അറിയാത്തവരും ആംഗലേയം നന്നായി തന്നെ കൈകാര്യം ചെയ്യുന്നത്‌ നിത്യജീവിതത്തിന്റെ ആവശ്യകത കൊണ്ടാകാം.

നീണ്ടുനിന്ന കോളണിവാഴ്ചയും സ്വാതന്ത്ര്യാനന്തരം നിരവധി വര്‍ഷങ്ങള്‍ കടന്നുപോയ പട്ടാളഭരണവും മൂലം ഗോത്രസംസ്കാരം മ്യൂസിയം മാതൃകകളില്‍ മാത്രമായൊതുങ്ങിപോയിരിക്കുന്നു. ഇപ്പോള്‍ ടൂറിസത്തിന്റെ ഭാഗമായി കെട്ടുകാഴ്ചകളായിതീരുന്ന സാംസ്കാരിക പരിപാടികളില്‍ ആഫ്രിക്കന്‍ ഗോത്ര ചലനങ്ങളേക്കാള്‍ മുഴച്ചുനില്‍ക്കുന്നത്‌ പാശ്ചാത്യ ചുവട്‌വെയ്പ്പുകളാണന്നതില്‍ ഈ പുത്തന്‍ തലമുറയും കുണ്ഠിതപെടുന്നു. ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും വിവാഹം, മരണം തുടങ്ങിയെന്തിനും തനത്‌ വാദ്യഘോഷങ്ങളും ചടുല താളമേളങ്ങളുടെയുമൊക്കെ അകമ്പടിയുമുണ്ടാകുമത്രേ, പക്ഷേ അതൊന്നും ഡോക്കുമന്റ്‌ ചെയ്ത്‌ വെയ്ക്കാന്‍ പോലും ഭരണകൂടത്തിന്‌ താല്‍പര്യമില്ലന്നാണിന്നിവരുടെ പരാതി.

ബെന്യൂ നദീതടത്തില്‍ വികാസം പ്രാപിച്ച ‘നോക്‌ ‘ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുള്ളത്‌ നൈജീരിയന്‍ ഗോത്രവര്‍ഗങ്ങളുടെ ഏതാണ്ട്‌ 2000 ത്തിലേറെ വര്‍ഷത്തെ പഴക്കം സൂചിപ്പിക്കുന്നു. ബി.സി 500 നും എ.ഡി 200നും ഇടയ്കുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന 'നോക്‌ ‘ സംസ്കാരത്തിന്റെ ഉറവിട ഖനനത്തില്‍ കണ്ടത്തിയ ചുട്ടെടുത്ത കളിമണ്‍ പാത്ര ശില്‍പനിര്‍മ്മാണത്തിന്റെ നിരവധിമാതൃകകള്‍, പാരമ്പര്യ കലാരൂപങ്ങളുടെയും ഒരു ജനതയുടെ മുഴുവന്‍ സംസ്കാരത്തിന്റെയും മഹത്വം വെളിവാക്കുന്നവയാണ്‌. (പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌ മ്യൂസിയത്തില്‍ ചിലത്‌ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌ കാണാന്‍ കഴിഞ്ഞു) പുല്ല്‌ നെയ്തുണ്ടാക്കുന്ന വിവിധ കരകൌശല വസ്തുക്കള്‍, തടികൊണ്ടുള്ള കൊത്തുപണികള്‍, കൈകൊണ്ട്‌ നെയ്യുന്ന തുണിത്തരങ്ങള്‍ തുടങ്ങിയവയേപ്പോലെ തന്നെ കളിമണ്‍ പാത്ര നിര്‍മ്മാണം ഇന്നും സുപ്രധാനമായ ഒരു കുലത്തൊഴിലാണ്‌; ഉപജീവനമാര്‍ഗവും. കരകൌശല വസ്തുക്കളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ പല നിറത്തിലും ആകൃതിയിലുമുള്ള മുഖംമൂടികളാണ്‌, അതും തടികൊണ്ടുള്ളവ.

വസ്ത്രധാരണരീതി പല വംശജരും പലവിധത്തിലാണെങ്കിലും നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളോടാണിവര്‍ക്ക്‌ ഏറെ പ്രിയം. ക്രിസ്തുമത വിശ്വാസികള്‍ പക്ഷേ പള്ളിയില്‍ പോകുന്നതൊക്കെ വളരെ 'ഫോര്‍മല്‍' വസ്ത്രങ്ങളണിഞ്ഞാണ്‌. പെണ്‍കുട്ടികള്‍ക്ക്‌ തലയില്‍ 'സ്കാര്‍ഫ്‌' കെട്ടുന്നതും വളരെ നീളമേറിയ തുണികൊണ്ട്‌ പ്രത്യേകശൈലിയില്‍ തലപ്പാവുപോലെ ചുറ്റികെട്ടുന്നതും പാരമ്പര്യ ശൈലിയാണ്‌. വിവാഹം പോലുള്ള പൊതുചടങ്ങുകളില്‍ ഇവര്‍ പാരമ്പര്യ വസ്ത്രങ്ങളണിയുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. (ഇല്ലാത്തവര്‍ക്ക്‌ വാടകയ്ക്‌ കിട്ടുന്ന സ്ഥലങ്ങള്‍ ധാരാളമുണ്ടത്രേ)

പെണ്‍കുട്ടികള്‍ 20 വയസ്സോടെയും ആണ്‍കുട്ടികള്‍ 25നോടടുത്തും വിവാഹിതരാകുമായിരുന്നു നേരത്തെ. പക്ഷേ ഇപ്പോള്‍ വിദ്യാഭ്യാസം, ജോലി തുടങ്ങിയവയോടൊപ്പം പെണ്‍കുട്ടികള്‍ 25 നോടടുത്തേ വൈവാഹികജീവിതത്തിലേക്ക്‌ പ്രവേശിക്കാറുള്ളൂ. സ്ത്രീധന സമ്പ്രധായമൊക്കെ കുറഞ്ഞ അളവിലെങ്കിലും വ്യാപകമായി ഇപ്പോഴുമുണ്ട്‌. വിവാഹ ചടങ്ങുകളൊക്കെ വളരെ ചിലവേറിയതിനാല്‍ ഇപ്പോള്‍ പലരും ‘ലിവിംഗ്‌ റ്റുഗതര്‍‘ സമ്പ്രധായത്തിലാണ്‌. പാരമ്പര്യ രീതിയിലുള്ള വിവാഹം ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാകും, അതും ജനിച്ച ഗ്രാമത്തില്‍ വെച്ച്‌. വംശ പാരമ്പര്യമൂല്യത്തെ വളരെ വലുതായികാണുന്ന ഇവര്‍ വംശം , മതം പിന്നെ സ്ഥലം എന്ന ക്രമത്തിലാണ് പരസ്പരം പരിചയപ്പെടുത്തുന്നത്‌ പോലും. വംശീയ സ്പര്‍ധയും മറ്റും ചെറിയതോതിലുള്ള ലഹളയ്ക്‌ കാരണമാകുന്നത് നിത്യ സംഭവമാണ്.

നൈജീരിയക്കാര്‍ ഭക്ഷണം കഴിക്കുന്ന രീതിയ്ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ഒരുപാട്‌ സാമ്യം നമ്മുടേതായിട്ടുണ്ട്‌. പരസ്യമായ സദസ്സിലോ, മറ്റ്‌ രാജ്യക്കാര്‍ പങ്കെടുക്കുന്ന ചടങ്ങിലോ അല്ലാതെ ഇവര്‍ സ്പൂണും ഫോര്‍ക്കും ഒന്നും ഉപയോഗിക്കാറില്ല. കൈകൊണ്ട്‌ തന്നെ വാരി കഴിക്കുകയാണ്‌ ചെയ്യുന്നത്‌. ഇറച്ചി, മീന്‍ തുടങ്ങിയവയ്ക്‌ പ്രാധാന്യമേറെ. അതുപോലെ എരിവും ചൂടും കുറച്ചൊക്കെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ‘കസാവ‘ യെന്നപേരില്‍ നമ്മുടെ കാച്ചില്‍ പോലിരിക്കുന്ന ഒരു തരം കിഴങ്ങ്‌ ഇവര്‍ക്ക്‌ പ്രിയംങ്കരമാണ്‌, പ്രത്യേകിച്ചും ചൂട്‌ കൂടിയ വടക്കന്‍ പ്രവിശ്യയില്‍. കൊഴുപ്പും വെള്ളത്തിന്റെ അംശവും വളരെകൂടുതലായുള്ളത്‌ തന്നെയാവാം കാരണം. "നൈജീരിയന്‍ വസതികളില്‍ അതിഥികള്‍ ഒരിക്കലും ഭക്ഷണശേഷം നന്ദി പറയാന്‍ പാടില്ല, കാരണം അതിഥികള്‍ക്ക്‌ ഭക്ഷണം കൊടുക്കുകയെന്നത്‌ നന്ദി സ്വീകരിക്കാന്‍ പാടില്ലാത്ത കടമയാണ്‌" ഇതുപറയുമ്പോള്‍ എമ്മനുവേലയുടെ കണ്ണുകളിലെ തിളക്കം 'അതിഥി ദേവോ ഭവ:‘ എന്ന് കരുതുന്നൊരു നാട്ടില്‍ നിന്നു വരുന്ന എനിക്ക്‌ തിരിച്ചറിയാനാവും.

ബാക്കി അടുത്ത കത്തിലെഴുതാം, അവിടുത്തെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ആശംസകളോടെ,

10 comments:

  1. വളരെ മനോഹരമായി പിന്നിയിട്ട കാര്‍കൂന്തല്‍ നൈജീരിയന്‍ തരുണികളെ ശ്രദ്ധേയരാക്കുന്നു. ബോബു ചെയ്തത്‌, നിറം പിടിപ്പിച്ചത്‌, നിറം പിടിപ്പിക്കാതതത്‌ അങ്ങിനെ പലതും. പലപ്പോഴും ആലോചിച്ചു നോക്കി, ഹോ ഇവരൊക്കെ എത്ര ബുദ്ധിമുട്ടുന്നുണ്ടാവണം, ഇതിങ്ങനെ പരിപാലിച്ചുകൊണ്ട്‌ പോകാനെന്ന്. രണ്ടാഴ്ച കഴിഞ്ഞിട്ടാണിതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌: സംഭവം വിഗ്ഗാണ്‌. അതുമവര്‍ എല്ലാ ആഴ്ചയിലും മാറ്റിമാറ്റി വെക്കും. വിലകൂടിയ ഐറ്റമൊന്നും കണ്ടാലൊട്ടും മനസ്സിലാകില്ല. നാച്ചുറല്‍ ഹെയറില്‍ ( അവരുടെ ഭാഷ്യം) നടക്കുന്നവര്‍ അപൂര്‍വ്വത്തിലപൂര്‍വ്വം.

    നൈജീരിയ- ഭാഷ, സംസ്കാരം: പുതിയ പോസ്റ്റ്‌.

    ReplyDelete
  2. അയ്യോ പെട്ടന്ന് വായിച്ചു തീര്‍ന്നൂ, കൌച്ചുവിനുള്ള കത്തുകള്‍ ഞങ്ങള്‍ക്കും കൂടിയുള്ളവ ആകുകയാണ്(അല്ല, ഇത് നമ്മുടെ ചെണ്ടക്കാരനല്ലേ..അല്ലേ, അല്ലേല്‍ തല്ലരുത്)..

    ഇനിയും എഴുതണം,ആ നാടിന്റെ ഈ കത്തുകളിലൂടെ അറീയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

    -പാര്‍വതി.

    ReplyDelete
  3. പാര്‍വ്വതീ,
    ചെണ്ടക്കാരന്‍ തന്നെയാണേ.പേരിനി ഒറിജിനല്‍ തന്നെയാക്കാമെന്ന് വെച്ചു.ബൂലോകഗസറ്റില്‍ പരസ്യം കൊടുത്തിരുന്നു, പക്ഷേ ഏറ്റില്ല, ചീറ്റിപ്പോയി.
    നവ.15 ന് നാട് പിടിക്കണം, നല്ല ജോലി തിരക്കും .അതിനാല്‍ പെട്ടന്ന് എഴുതി തീര്‍ത്തതാണ്.

    ReplyDelete
  4. മാഷേ യാത്ര രണ്ടു ദിവസം മുന്‍പാക്കരുതോ?
    കേരളാ,കൊച്ചി, മീറ്റില്‍ പങ്കെടുക്കാമായിരുന്നല്ലൊ...
    ഒന്ന് ശ്രമിച്ചു നോക്കൂ..

    ReplyDelete
  5. പച്ചാളമേ,ക്ഷണത്തിന് നന്ദി. 15നു തിരിച്ചാലും 16നു രാത്രിയിലേ തിരുവനന്തപുരത്ത് എത്തൂ. മാത്രവുമല്ല, ടിക്കറ്റ് ഓകെ യാണെങ്കിലും അന്നു തന്നെ പോരാന്‍ കഴിയുമെന്ന് ഇനിയും ഒരു ഉറപ്പുമില്ല.
    മീറ്റ് നടക്കട്ടെ , എല്ലാ വിധ ആശംസകളും

    ReplyDelete
  6. അലിഫ് നന്നായിരിക്കുന്നു.
    എത്തിപ്പെട്ട ദേശത്തിന്റെ സംസ്കാരവും രീതികളും പഠിച്ചെടുക്കാനുള്ള ഈ ശ്രമം പ്രശംസ അര്‍ഹിക്കുന്നു.
    ഓരോ ലക്കവും ആസ്വദിക്കുന്നു.

    ReplyDelete
  7. ആലിഫേട്ടാ :-)നോ വാഹ്‌ല .....

    നൈജീരിയന്‍ വിശേഷങ്ങളുടെ വിവരണം അസ്സലായി..നല്ലൊരു യാത്രാവിവരണത്തിന്റെ നിലവാരം കാത്തുസൂക്ഷിച്ചു..ഇനിയും പോരട്ടേയ്...

    ReplyDelete
  8. വളരെ ഇഷ്ടപ്പെട്ടു, ആലിഫ്. നിലവാരത്തിന്റെ കാര്യത്തില്‍, അരവിയുടെ അഭിപ്രായത്തോട് ഞാനും യോജിയ്ക്കുന്നു.

    തുടര്‍ന്നും ഇത്തരം നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു :-)

    ReplyDelete
  9. നൈജീരിയന്‍ വിശേഷങ്ങള്‍ നല്ല ഒഴുക്കോടെ വായിച്ച് പോകാനാവുന്നു. അലിഫ് (ഓള്‍ഡ് ചെണ്ടക്കരാ) കൊട്ട് തുടരട്ടേ... അടുത്ത എപ്പിഡോസിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  10. നൈജീരിയന്‍ വിശേഷങ്ങള്‍ നന്നായിട്ടുണ്ട്
    തുടര്‍ന്നും പ്രതീക്ഷിക്കുന്നു

    ReplyDelete