Monday, January 01, 2007

ലാഗോസ്‌ വഴി നാട്ടിലേക്കും പിന്നെ തിരിച്ചും..

പ്രിയപ്പെട്ട കൗച്ചൂ,
ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷമാണീ കുറിപ്പ്‌, കാരണം ഒരു അവധിക്ക്‌ പോക്കും വരവും പിന്നെ ജോലിതിരക്കുകളും. മുന്‍പ്‌ ഞാന്‍ സൂചിപ്പിച്ചിരുന്ന പോലെ നവംബര്‍ 14 നു തന്നെ നാട്ടിലേക്ക്‌ പുറപ്പെട്ടു. പോര്‍ട്ട്‌ഹാര്‍കോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ പുനര്‍ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി അടച്ചിരിക്കുന്നതിനാല്‍ കുറച്ചകലെയുള്ള 'ഒവേരി' എന്ന കാര്‍ഗോ എയര്‍പോര്‍ട്ടില്‍ നിന്നാണ്‌ ഇക്കുറി ലാഗോസിലേക്ക്‌ പോകാനായത്‌.

ഒവേരി വരെ പുലര്‍കാലത്ത്‌ കമ്പനി വക ബസ്സില്‍ മുന്‍പിലും പിന്നിലും പോലീസ്‌ അകമ്പടിയോടെയുള്ള യാത്ര അക്ഷരാര്‍ത്ഥത്തില്‍ 'ത്രില്ലിംഗ്‌' ആയിരുന്നു. ബസ്സില്‍ ഞാനും എന്റെ സുഹൃത്തും പിന്നെയൊരു ഫിലിപ്പീനിയും. ഈ മൂന്ന് പേര്‍ക്ക്‌ വേണ്ടിയുള്ള എസ്കോര്‍ട്ട്‌ 12 പോലീസുകാരും!. ഒന്നര രണ്ട്‌ മണിക്കൂറോളമുള്ള ഈ റോഡ്‌ യാത്രയില്‍ എന്തും സംഭവിക്കാമെന്നാണ്‌ നമ്മുടെ സെക്യൂരിറ്റി വകുപ്പ്‌ കാരുടെ അഭിപ്രായം. പക്ഷേ ഞാന്‍ അധികവും കണ്ടത്‌, വഴിയരികില്‍ വണ്ടിപാര്‍ക്ക്‌ ചെയ്ത്‌ താത്‌കാലിക ചെക്ക്‌ പോസ്റ്റുകള്‍ സൃഷ്ടിച്ച്‌, പാവം പിടിച്ച ടാക്സി ഡ്രൈവര്‍മാരോട്‌ പോലും കാശുപിടുങ്ങുന്ന പോലീസ്‌/പട്ടാള യൂണിഫോമിട്ടവരുടെ അക്രമമാണ്‌. ഈ ഒന്നരമണിക്കൂര്‍ യാത്രയില്‍ ഇരുപത്തിയഞ്ചോളം ഇടത്തെങ്കിലും ഇത്തരം ചെക്ക്‌ പോസ്റ്റുകളും പിടിച്ചുപറിയും കണ്ടു. ശ്രദ്ധേയമായ മറ്റൊന്ന്, ആരും ഇവരെ ചോദ്യം ചെയ്യാനോ തര്‍ക്കിക്കാനോ മിനക്കെടുന്നില്ലന്നുള്ളതും, എന്തേലും കൈമടക്ക്‌ കൊടുത്ത്‌ എത്രയും വേഗം സ്ഥലം വിടുന്നതുമാണ്‌. നമ്മുടെ വാഹനത്തിന്‌ പോലീസ്‌ എസ്കോര്‍ട്ട്‌ ഉള്ളതിനാലാവണം , സല്യൂട്ടടിച്ച്‌ യാത്രയാക്കു ന്നുമുണ്ടവര്‍. റോഡില്‍ സൈഡ്‌ ഒഴിവാകി തരാത്തവരെ തോക്ക്‌ കാട്ടി ഭീക്ഷണിപ്പെടുത്തുക, റിയര്‍വ്യൂ മിറര്‍ അടിച്ച്‌ പൊട്ടിക്കുക, ട്രാഫിക്ക്‌ കുരുക്കില്‍ ബാക്കിയെല്ലാ വാഹനങ്ങളേയും തടഞ്ഞ്‌ നിര്‍ത്തിയും തെറ്റായ വശത്തുകൂടെയും നമ്മുടെ വാഹത്തിന്‌ വഴിയൊരുക്കുക തുടങ്ങിയ കലാപരിപാടികള്‍ ഭംഗിയായി നടത്തുന്നുണ്ടായിരുന്നു മുന്‍പിന്‍ എസ്കോര്‍ട്ട്‌ പോലീസും.എന്തായാലും യാത്ര ബോറടിച്ചില്ലന്ന് വേണം പറയാന്‍.

ഒവേരി മുതല്‍ ലാഗോസ്‌ വരെ ഒരു കുട്ടിവിമാനത്തിലാണ്‌ യാത്ര. ഇവിടെ ചെറുവിമാനങ്ങള്‍ തകര്‍ന്ന് വീഴുന്നതൊക്കെ നിത്യസംഭവമായതിനാല്‍ ശ്വാസമടക്കി പിടിച്ചാണ്‌ ലാഗോസ്‌ വരെയെത്തിയത്‌.

ലാഗോസ്‌ നൈജീരിയയുടെ മുന്‍ തലസ്ഥാന നഗരിയാണന്നറിയാമല്ലോ.ആ കാലത്ത്‌ നടന്ന വികസനപ്രവര്‍ത്തനങ്ങളുടെ പ്രൗഢി ഇന്നുണ്ട് ഈ നഗരിക്ക്‌, ഒപ്പം അകാലത്തില്‍ നിന്നുപോയ പല വമ്പന്‍ പദ്ധതികളുടെയും ശേഷിപ്പുകളും. നൈജീരിയയുടെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ്‌ ലാഗോസ്‌. വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ വര്‍ദ്ധിച്ച്‌ വരുന്ന ജനസാന്ദ്രത തടസ്സമാകുമെന്ന് കണ്ടിട്ടാകണം ‘അബുജ’യിലേക്ക്‌ തലസ്ഥാനം പറിച്ച്‌ നടുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്‌.

1400-1800 കാലഘട്ടത്തിലെ ബെനിന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 'എക്കോ' എന്ന പ്രദേശമാണ്‌ ഇന്നത്തെ ലാഗോസ്‌ ആയി അറിയപ്പെടുന്നത്‌. എവോറി/യോറുബ വംശജര്‍ തിങ്ങിപാര്‍ത്തിരുന്ന ഒരു കോളനിയായിരുന്നു ഇവിടം. 1472 ല്‍ ഇവിടം സന്ദര്‍ശിച്ച പോര്‍ച്ചുഗീസ്‌ നാവികര്‍ ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1704-1851 കാലഘട്ടത്തില്‍ അടിമകച്ചവടത്തിന്റെ കുപ്രസിദ്ധിയാര്‍ജ്ജിച്ച കേന്ദ്രമായിരുന്ന ഇവിടം,1861 ഓടെ ബ്രിട്ടീഷ്‌ കോളണി വാഴ്ചയില്‍ പെടുകയും ഒപ്പം അടിമകച്ചവടത്തിന്‌ ഒരറുതിവരികയും ചെയ്തു.

1914 ല്‍ നൈജീരിയയുടെ തലസ്ഥാന നഗരിയായി വാഴ്‌ത്തപ്പെട്ട മനോഹരമായ പ്രദേശമായിരുന്നത്രേ, നിരവധി ദീപുകളുടെ സമൂഹം കൂടിയായ ലാഗോസ്‌. 'ലഗൂണി'ല്‍ നിന്നുത്ഭവിച്ചതാകണം പോര്‍ട്ടുഗീസ്‌കാര്‍ ചാര്‍ത്തികൊടുത്ത ലാഗോസ്‌ എന്ന നാമധേയം. 1960 ല്‍ നൈജീരിയ സ്വതന്ത്രമായെങ്കിലും 1967ല്‍ പൊട്ടിപുറപ്പെട്ട ആഭ്യന്തരകലാപം മൂലം വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. തലസ്ഥാന നഗരിയെയും അത്‌ ബാധിച്ചു. പിന്നീട് ആഭ്യന്തരകലാപത്തിനറുതി വന്നതോടെ ജനങ്ങള്‍, മറ്റ്‌ നൈജീരിയന്‍ പ്രദേശങ്ങളില്‍ നിന്നും തൊട്ടടുത്തെ മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പോലും ലാഗോസിലേക്ക്‌ കുടിയേറ്റമാരംഭിച്ചു. അതുകൊണ്ട്‌ തന്നെ പല വംശജര്‍ വന്നടിയുകയും ആചാരാനുഷ്ടാനങ്ങളില്‍ മാറ്റങ്ങളുണ്ടാകുകയും ലാഗോസിന്‌ യഥാര്‍ത്ഥത്തിലുണ്ടായിരുന്ന വംശീയപാരമ്പര്യം നഷ്ടമാകുകയും ചെയ്തു. ഒപ്പം ജനപെരുപ്പം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ഒരു നഗരിയുമായി മാറി.

പക്ഷേ 1970 കളിലെ കുതിച്ചുയര്‍ന്ന എണ്ണപണത്തിന്റെ കൊഴുപ്പില്‍ വികസനപ്രക്രിയയില്‍ ലാഗോസ് അതിദ്രുതം മുന്നേറി. അക്കാലത്തുണ്ടാക്കിയ മേല്‍പ്പാലങ്ങളും, കിലോമീറ്ററുകള്‍ നീളമുള്ളതും തൊട്ടടുത്ത ദ്വീപുകളായ വിക്ടോറിയ,ഇക്കോയി എന്നിവയുമായി ബന്ധിപ്പിക്കുന്നതുമായ പാലങ്ങളും, വമ്പന്‍ കെട്ടിടങ്ങളും, എണ്ണിയാലൊടുങ്ങാത്ത ഫ്ലൈഓവറുകളും, എയര്‍പോര്‍ട്ടും, എക്സ്പ്രസ്സ്‌ റോഡുകളുമൊക്കെ ഇന്നുമുണ്ട്‌. 1981 ലെ എണ്ണവിലയുടെ താഴോട്ട്‌ പോക്കും നിവൃത്തികെട്ട നൈജീരിയഗവണ്മെന്റിന്റെ ഐ.എം എഫ്‌ വായ്പാ ഉടമ്പടികളുമൊക്കെ ചേര്‍ന്ന് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു.

ജനജീവിതം ദുസ്സഹമാകുകയും, പിടിച്ചുപറിയ്ക്കും കൊള്ളയടിയ്ക്കും കുപ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്ത ലാഗോസിന്റെ തലസ്ഥാനനഗരപദവി 1991ല്‍ അബൂജയിലേക്ക്‌ മാറ്റപ്പെട്ടു. പക്ഷേ ഇന്നും നൈജീരിയയുടെ മറ്റ്‌ ഭാഗങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ വൈദ്യുതി, വെള്ളം, ഗതാഗതം തുടങ്ങിയമേഖലകളില്‍ ലാഗൊസ്‌ നഗരം മുന്‍പന്തിയിലാണത്രേ. എന്നിരുന്നാലും ജനപ്പെരുപ്പം കൊണ്ടുള്ള പ്രശ്നങ്ങള്‍,ശരിയാം വണ്ണമല്ലാത്ത മലിന ജല നിര്‍ഗ്ഗമനം, മനുഷ്യവിസര്‍ജ്യം ഒഴുകുന്ന ഓടകള്‍, മണിക്കൂറുകള്‍ നീളുന്ന ട്രാഫിക്ക്‌ കുരുക്കുകള്‍ തുടങ്ങിയവയാല്‍ ഒരു വലിയ ചേരിപ്രദേശത്തിനു തുല്യമാണ്‌ വമ്പന്‍കെട്ടിടങ്ങളും പാലങ്ങളും, എയര്‍പോര്‍ട്ടുമെല്ലാമുള്ള ലാഗോസിന്റെ നഗരപ്രദേശം.

നൈജീരിയയുടെ പ്രധാന പോര്‍ട്ടുകളിലൊന്നാണ്‌ ലാഗോസ്‌.നൈജീരിയന്‍ പോര്‍ട്ട്‌സ്‌ അതോറിട്ടി (NPA) യുടെ കീഴിലുള്ള ഈ തുറമുഖം, അന്തര്‍ദേശീയ കപ്പല്‍ പാതയിലെ സുപ്രധാനമായതുമാണ്‌. പഴയകാലപ്രതാപമൊന്നുമില്ലങ്കിലും ക്രൂഡോയില്‍, തടി, കാര്‍ഷിക ഉത്‌പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയും ഭക്ഷ്യവസ്തുക്കള്‍, വാഹനങ്ങള്‍, വാണിജ്യഉത്‌പന്നങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ ഇറക്കുമതിയുമാണിവിടെ നടക്കുന്നത്‌.

നൈജീരിയയുടെ ബാങ്കിംഗ്‌ (ചില കുപ്രസിദ്ധ ഇടപാടുകളും) മേഖല ഇപ്പോഴും ലാഗോസ്‌ കേന്ദ്രീകരിച്ചാണ്‌. നിരവധി ഫൈനാന്‍സ്‌ സ്ഥാപനങ്ങളുടെ പ്രധാന ഓഫീസുകള്‍ ഇവിടെയുണ്ട്‌. നഗരപ്രാന്തത്തിലുള്ള ‘ഇക്കേജ‘ വ്യവസായ എസ്റ്റേറ്റ്‌ നൈജീരിയലെ തന്നെ ഏറ്റവും വലിയ സംരംഭമാണ്‌.

എണ്ണകുഴലുകളുടെ വലിയ ഒരു നെറ്റ്‌വര്‍ക്ക്‌ കടന്ന് പോകുന്ന ലാഗോസിന്റെ പ്രാന്തപ്രദേശങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ക്ക്‌ വഴിവെക്കുന്നു. ഈ കുഴലുകളില്‍ നിന്നും എണ്ണ മോഷ്ടിക്കുന്നവര്‍ ധാരാളമാണ്‌, അതിനാല്‍ തന്നെ ഒരു ചെറിയ തീപ്പൊരി ആ പ്രദേശമാകെ നശിപ്പിക്കുന്ന അഗ്നികുണ്ഡമാകാന്‍ അധികനേരം വേണ്ട.ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടംകൂടിയായതിനാല്‍ ധാരാളം മനുഷ്യജീവന്‍ ഇതില്‍ പൊലിഞ്ഞ്‌ പോകാറുമുണ്ട്‌. (ഈയടുത്തുണ്ടായ 260 ഓളം പേര്‍ക്ക് ജീവാപായം സംഭവിച്ച ലാഗോസ് അപകടത്തിന്റെ വാര്‍ത്ത ഇവിടെ )

ലാഗോസില്‍ നിന്നും വൈകുന്നേരത്തോടെ ദുബായ്‌ ലേക്കും അവിടുന്ന് പിറ്റേന്ന് തിരുവനന്തപുരത്തേക്കും പറന്നു.ഡിസംബര്‍ 8 മുതലുള്ള ചലച്ചിത്രമേളയും ആസ്വദിച്ച്‌ മേളതീര്‍ന്ന 15നു തന്നെ തിരിക വണ്ടികേറി (ചലച്ചിത്രമേള കുറിപ്പുകള്‍ ഇവിടെ) ഡിസം.16 നു തിരികെ ലാഗോസ്സിലെത്തിയെങ്കിലും 17 ഉച്ചയോടെയേ പോര്‍ട്ട്‌ഹാര്‍കോര്‍ട്ടിലെത്താനായുള്ളൂ. ഇവിടെ കാത്തിരിക്കുന്നത്‌ കിഡ്‌നാപ്പിംഗ്‌ പോലുള്ള പരിപാടികള്‍ തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവെച്ച്‌, കുറച്ച്‌ കൂടി ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന 'കാര്‍ ബോംബ്‌ സ്ഫോടന' പരമ്പരകള്‍ തീര്‍ക്കുന്ന തീവ്രവാദി സംഘടനകളുടെ വാര്‍ത്തകളായിരുന്നു. പെട്രോളിയം ഭീമന്മാരായ 'ഷെല്‍'ന്റെ ഓഫീസ്‌ വളപ്പിനടുത്തും ഇവിടെയടുത്ത്‌ ചില സര്‍ക്കാര്‍ ഓഫീസ്‌ പരിസരത്തുമൊക്കെ സ്ഫോടനങ്ങള്‍ നടന്നതിനാല്‍ കടുത്ത സെക്യൂരിറ്റി വലയത്തിനുള്ളിലാണ്‌ ഇത്തവണത്തെ ക്രിസ്തുമസ്സ്‌ ആഘോഷങ്ങള്‍, ഈദും പുതുവത്സരവുമൊക്കെ.എപ്പോഴും പുറത്ത്‌ പോകാന്‍ കഴിയില്ലന്നത്‌ സങ്കടകരമാണ്‌.ജീവനേക്കാള്‍ വലുതല്ലല്ലോ ആഘോഷങ്ങള്‍ എന്ന് സമാധാനിക്കാം.

നിന്റെ മെയിലുകള്‍ കിട്ടിയിരുന്നു, തുടര്‍ന്നും അയയ്ക്കുക. പുതിയ പ്രോജക്റ്റിന്റെ ഷൂട്ടിംഗ്‌ റിപ്പോര്‍ട്ടുകള്‍ ബ്ലോഗില്‍ കണ്ടു, ആശംസകള്‍.

ഇന്ന് 2007 ജനുവരി ഒന്ന്
പുതുവത്സരാശംസകളോടെ

8 comments:

  1. അലിഫ് ഭായ്,
    നന്മകള്‍ നിറഞ്ഞ ഒരു പുതുവര്‍ഷം നേരുന്നു.

    ReplyDelete
  2. ആലിഫ്‌ ചേട്ടാ,
    ആദ്യമായാണു താങ്കളുടെ ബ്ലോഗ്‌ കാണുന്നത്‌. വിവരണം വളരെ നന്നായി. ഇന്നാളു വായിച്ചിരുന്നു എണ്ണ കൊള്ളക്കാര്‍ കാരണം അഗ്നിബാധയില്‍ മരിച്ചു പോയവരെപറ്റി.
    ഈ പുതുവര്‍ഷ വേളയില്‍ നിങ്ങള്‍ക്കും കുടുംബതിനും സമാധാനത്തിന്റെ നല്ല നാളുകള്‍ ജീവിതഭൂമിയില്‍ കടന്നു വരട്ടെ എന്നു ആശംസിക്കുന്നു.

    ReplyDelete
  3. ലാഗോസിന്റെ വിവരണം അസ്സലായി അലീഫ്‌.

    ആഫ്രിക്കന്‍ വിവരണം കേള്‍ക്കുമ്പോഴൊക്കെ തോന്നും അഴിമതി, മനുഷ്യാവകാശലംഘനങ്ങള്‍, ജാതിവര്‍ഗ്ഗ വിദ്വേഷം എന്നീ മേഖലകളില്‍ യൂറോപ്പിനും ആഫ്രിക്കക്കും മദ്ധ്യേയാണ്‌ ഇന്ത്യയുടെ സ്ഥാനമെന്ന്.

    എന്താവും ഇതിന്റെ കാതലായ പ്രശ്നം? (ഇതുവരെ വിദ്യാഭ്യാസത്തിന്റെ കുറവാണെന്നു സമാധാനിക്കാമായിരുന്നു, ഇപ്പോ അതും ഇല്ല, കൂടുതല്‍ ആളുകള്‍ പഠിക്കുംതോറും നാട്ടില്‍ സംഗതികള്‍ കൂടുതല്‍ വഷളാവുന്നു) സര്‍ക്കാരിനു ഉത്തരവാദിത്തമില്ലാത്തതാണോ? ജനങ്ങള്‍ക്ക്‌ മോറല്‍ വാല്യൂ കുറവായതുകൊണ്ടാണോ? അതോ വംശീയ തമ്മില്‍ത്തല്ലിനിടെ രാഷ്ട്രത്തിന്റെ കാര്യം മറന്നുപോകുന്നതുകൊണ്ടാണോ?

    ReplyDelete
  4. മനോഹരമായി, ഒരു കത്തെഴുതുന്ന ലാളിത്യത്തോടെ, എന്നാല്‍ വ്യക്തമായും, ,സരസമായും താങ്കള്‍ ഇതെഴുതിയിരിക്കുന്നു ആലിഫ് ഭായ്. അഭിനന്ദനങ്ങള്‍.

    ഒപ്പം താങ്കള്‍ക്കും കുടുംബത്തിന്നും പുതുവത്സരാശംസകള്‍

    ReplyDelete
  5. ഇപ്പോള്‍ ഇവിടെ നടക്കുന്നത്‌ വംശീയ കലാപമൊന്നുമല്ല, അധികാരം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങളാണ്‌.(രാഷ്ട്രീയം എന്നൊന്ന് നിലവിലുണ്ടോയെന്ന് തന്നെ സംശയം) അതിന്‌ ചൂട്ട്‌ പിടിച്ച്‌ കൊടുക്കുന്നതാകട്ടെ യൂറോപ്യന്‍ എണ്ണകുത്തകകളും. ഷെല്ലിന്റെ ഓഫീസ്‌ പരിസരത്ത്‌ പൊട്ടിയ കാര്‍ ബോംബുകള്‍ അവരുടെ കൂടി ഒത്താശയില്‍ സ്ഥാപിച്ചതാണത്രേ. ഇപ്പോള്‍ ഭരിക്കുന്നവര്‍ തന്നെ അടുത്ത്‌ നടക്കുന്ന തിരഞ്ഞടുപ്പില്‍ വീണ്ടും വിജയിക്കണമെന്നവര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റ്‌ പറയാനാവില്ല, കാരണം അവരിപ്പോള്‍ ഇറക്കിയിരിക്കുന്ന കോഴപ്പണമുള്‍പ്പെടെയുള്ള മുതല്‍മുടക്ക്‌ ഇനിയും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കേണ്ടി വരുമെന്ന ആശങ്ക.

    ഇവിടുത്തെ കറപ്ഷന്‍ , നമ്മുടെ നാട്ടിലേതുമായി തുലനം ചെയ്യാനാവില്ല.ഒരുകാലത്ത്‌ പൗണ്ടിനു തുല്യമായിരുന്ന നൈറ യുടെ മൂല്യം ഇന്നെവിടെ എത്തിനില്‍ക്കുന്നു വെന്നത്‌ ,ഒരുദിവസം എണ്ണവിപണി നിന്നുപോയാല്‍ ഇവിടുത്തെ ജനജീവിതം ദുസ്സഹമാകുമെന്നറിയാവുന്ന അമേരിക്കന്‍ ഇടപെടലിന്റെ ഉദാഹരണമാണ്‌, ഒപ്പം വികസനവായ്പയെന്ന ഓമനപ്പേരില്‍ നല്‍കപെട്ട ഐ.എം.എഫ്‌ ലോണിന്റെ കുരുക്കിന്റെയും.

    കുരുക്കില്‍ നിന്നും മോചനം നേടി പതുക്കെ പിച്ചവെച്ചു നടക്കുമ്പോഴേക്കും തുടങ്ങികഴിഞ്ഞ തീവ്രവാദചുറ്റിക്കളിയില്‍ ഈ നാട്‌ ഇനിയും പെടും, സംശയമില്ല.

    ReplyDelete
  6. ആലിഫ് ചേട്ടാ,
    വിവരണാം പതിവ് പോലെ നന്നായിരിക്കുന്നു. എവിടെയായാലും സുരക്ഷിതനായിരിയ്ക്കൂ.. :-)

    ReplyDelete
  7. ഇക്കാസ്, അച്ചൂസ്, ദേവൂസ് (ആ ഒരു ട്യൂണിലതാണ് ചേരുകയെന്ന് തോന്നി, ഇനി അടുത്തതും..) കുറുമാന്‍സ്, ആന്‍ഡ് ദില്‍ബൂസ്,
    നന്ദി. പുതുവര്‍ഷാശംസകള്‍ക്കും.

    ReplyDelete
  8. വളരെ വൈകിയാണു ഞാന്‍ ഈ ലോകതിതിലെത്തിയതു... താങ്കളുടെ നൈജീരിയന്‍ വിശേഷങ്ങള്‍ വ്വായിച്ചു... വളരെ നല്ലതായിരിക്കുന്നു...
    അഭിനന്ദനങ്ങള്‍

    ReplyDelete