പ്രിയ കൌച്ചു,
നിന്റെ മെയിലുകള്‍ കിട്ടി. ലബനോണില്‍ നിന്നും ഒഴിഞ്ഞു പോകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങളെക്കുറിച്ച് നീയെഴുതിയത് ഉള്ളിന്റെയുള്ളില്‍ ഒരു വിങ്ങലായവശേഷിക്കുന്നു, ഇന്നലെമുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഒരാശ്വാസമാണെങ്കിലും.
നൈജീരിയയില്‍ വന്നിട്ട് രണ്ട് മാസം കഴിയുന്നു. ജോലിതിരക്കു കൊണ്ടാവണം 65 ദിവസങ്ങള്‍ ഓടിമറഞ്ഞത് അറിഞ്ഞതേയില്ല. ഏകദേശം കേരളത്തിന്റെ കാലാവസ്ഥയുമായി നല്ല ചേര്‍ച്ചയുണ്ടെങ്കിലും മഴ വളരെ ശക്തമാണ്. മണിക്കൂറുകളോളം മുടക്കമില്ലാതെ ഒരേ താളത്തിലും ശക്തിയിലും പെയ്യുന്ന മഴ, പിന്നെ ചിലപ്പോള്‍ പെട്ടന്ന്, നല്ല വെയിലും. കാലാവസ്ഥയിലെ ഈ ചാഞ്ചാട്ടം ചെറിയ തോതിലെങ്കിലും ശാരീരികാസ്വാസ്ഥ്യമുണ്ടാക്കുന്നു.
ഇവിടുത്തെ കാഴ്ചകളൊന്നും കാണുവാന്‍ നല്ല അവസരങ്ങള്‍ ഇനിയും കിട്ടിയില്ല. സുരക്ഷാഭീക്ഷണി കടുത്തത്, അതുകൊണ്ട് തന്നെ സുരക്ഷിതത്വ ക്രമീകരണങ്ങളും. ബാര്‍ബര്‍ഷോപ്പില്‍ പോകണമെങ്കിലും ഒന്നോ രണ്ടോ ഗണ്‍മാന്‍മാര്‍ അകമ്പടിസേവിക്കുന്നത് അരോചകമാകുന്നു.
നൈജീരിയയുടെ വലിയ സംസ്ഥാനങ്ങളിലൊന്നായ 'റിവര്‍ സ്‌റ്റേറ്റിന്റെ തലസ്ഥാനമാണ് പോര്‍ട്ട് ഹാര്‍കോര്‍ട്ട്. നൈജര്‍ നദി അറ്റ്‌ലാന്റിക്കില്‍ പതിക്കുന്നത് നിരവധി ചെറു കൈവഴി(കഴിഞ്ഞ കത്തിന്റെ ഒപ്പം വെച്ചിരുന്ന മാപ്പ് ശ്രദ്ധിക്കുക) കളിലൂടെയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നായ 'ബോണി നദിക്ക്' വശംചേര്‍ന്നു കിടക്കുന്നതും 'ഇഗ്‌സോ', 'ഇജോ' തുടങ്ങിയ വംശജര്‍ തിങ്ങിപാര്‍ത്തിരുന്നതുമായ ഈ പ്രദേശം 1912 ലാണ് ബ്രിട്ടീഷുകാര്‍ കണ്ടെത്തി ഒരു പ്രധാനതുറമുഖമായി വികസിപ്പിച്ചെടുത്തത്. അന്നത്തെ കൊളോണിയല്‍ സെക്രട്ടറി ലൂയിസ് ഹാര്‍കോര്‍ട്ടിന്റെ പേരു ചാര്‍ത്തപ്പേട്ട 'പോര്‍ട്ട് ഹാര്‍കോര്‍ട്ട്' സമീപപ്രദേശമായ "എനുഗു' വില്‍ നിന്ന് ബോണി നദിവഴി കടത്തികൊണ്ട് വരുന്ന കല്‍ക്കരിയുടെ കയറ്റുമതിയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പതുക്കെ പതുക്കെ ഉയര്‍ച്ച പ്രാപിച്ച ഈ പ്രദേശം ഇന്ന് നൈജീരിയയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ തുറമുഖസമുച്ചയ നഗരിയാണ്.
ലോകരാഷ്ട്രങ്ങളില്‍ എട്ടാമത്തെ ഏറ്റവും ഉയര്‍ന്ന പെട്രോളിയം കയറ്റുമതി രാജ്യമാണ് നൈജീരിയ എന്നറിയാമല്ലോ, ആഫ്രിക്കയില്‍ ഒന്നാമത്തേയും. 2005 ലെ കണക്കനുസരിച്ച് ശരാശരി 2.6 മില്യണ്‍ ബാരലാണ് പ്രതിദിന കയറ്റുമതി. ബഹുരാഷ്ട്രകമ്പനികളാണ് ഇവിടുത്തെ ഉത്‌പാദനത്തിന്റെയും കയറ്റുമതിയുടെയുമൊക്കെ ചുക്കാന്‍ പിടിക്കുന്നത്. പെട്രോളിയം-പ്രകൃതിവാതകങ്ങളുടെ അമൂല്യശേഖരമാണത്രേ നൈജര്‍ നദിതടപ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്.
സ്വതവേ പെട്രോളിയം ഖനന വ്യവസായമേഖല അപകടസാധ്യത ഏറെയുള്ളതാണ്. പൊട്ടിത്തെറി, ചോര്‍ച്ച, അഗ്നി ബാധ തുടങ്ങി നിരവധി പ്രതിസന്ധികള്‍ ഏതുനിമിഷവും പ്രതീക്ഷിച്ചും,അഥവാ അങ്ങിനെ സംഭവിച്ചാല്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് പരിശീലനം സിദ്ധിച്ചുമൊക്കെയാണ് എണ്ണപ്പാടങ്ങളില്‍ തൊഴിലെടുക്കുന്നത്. പുറംരാജ്യക്കാരായ തൊഴിലാളികളെ സംബന്ധിച്ച് , ഇവിടെ നൈജീരിയയില്‍ മറ്റൊരു അപകടം കൂടി പതിയിരിക്കുന്നു.
കണ്ടല്‍കാടുകള്‍ തഴച്ചു വളരുന്ന ചതുപ്പു നിലങ്ങളും ജലാശയങ്ങളുമൊക്കെയാണ് പോര്‍ട്ട് ഹാര്‍കോര്‍ട്ടിനു ചുറ്റും. മത്സ്യബന്ധനമാണ് ഒരു പ്രധാന തൊഴില്‍ വരുമാന മേഖല. പക്ഷേ പെട്രോളിയം അനുബന്ധവ്യവസായങ്ങള്‍ തഴച്ചു വളര്‍ന്നതോടുകൂടി ആവാസവ്യവസ്ഥിതിയില്‍ വന്‍ മാറ്റമുണ്ടാവുകയും മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുകയും ചെയ്തു. ഖനനം കഴിഞ്ഞ് അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ് ഉപേക്ഷിക്കപ്പെടുന്ന എണ്ണകിണറുകളില്‍ നിന്നും പിന്നെയും ആയിരകണക്കിന് ടണ്‍ ക്രൂഡോയില്‍ ഉത്‌പാദിപ്പിക്കപെട്ടുകൊണ്ടിരിക്കും, വര്‍ഷങ്ങളോളം. അവയൊക്കെ പാടപോലെ പരന്ന് മലീമസമാക്കപ്പെട്ട നദീമുഖവും പരിസര പ്രദേശങ്ങളും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ജലാശയങ്ങളിലേക്ക് പ്രകൃതിതന്നെ തള്ളിവിടുന്ന ഖരജലമാലിന്യങ്ങള്‍പോലും വെള്ളത്തില്‍ ലയിച്ചു ചേരുന്നില്ല, എണ്ണപ്പാടമൂലം ഒഴുകി നീങ്ങുന്നുമില്ല.
കുടിവെള്ളം കിട്ടാക്കനിയാണ്. മിക്ക ചെറുഗ്രാമങ്ങളിലും മലിനമാക്കപ്പെട്ട വെള്ളം കുടിച്ച് കുട്ടികളും മൃഗങ്ങളും ചത്തൊടുങ്ങുന്നു. ഉത്‌പാദനമേഖലയിലെ വായു മലിനീകരണം മറ്റൊരു വശത്ത്. മത്സ്യസമ്പത്ത് വളരെ കുറയുകയും ആളുകള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതില്‍ ഇവിടുത്തെ ആളുകള്‍ രോഷാകുലരാണ്. ഇത്രയും നൈജീരിയന്‍ സമ്പത്ത് ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക് എത്തുന്നില്ലന്നതാണ് ഏറ്റവും വലിയ പരാതി. വികസനം ഇനിയും എത്തിനോക്കാത്ത ഗ്രാമപ്രദേശങ്ങളാണ് മിക്കതും. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം. രാഷ്ട്രീയമായും സാമൂഹികമായുമുള്ള അനിശ്ചിതാവസ്ഥ,ഒപ്പം തൊഴിലില്ലായ്‌മയും. ഇതില്‍ നിന്നൊക്കെ ഉടലെടുത്തതോ, അല്ലെങ്കില്‍ ഈ സാഹചര്യം മുതലെടുക്കുവാനായി സൃഷ്ടിക്കപ്പെട്ടതോ ആയ നിരവധി സായുധവിപ്ലവ സംഘങ്ങള്‍, ചെറുതും വലുതും, കണ്ടല്‍ക്കാടുകളുടെ മറപറ്റി പ്രവര്‍ത്തിക്കുന്നു. പരസ്പരം പോരടിക്കുന്ന വിപ്ലവസംഘാങ്ങളുടെ ജഢങ്ങള്‍ ബോണി നദിയിലൂടെ ഒഴുകിനടക്കുന്നത് നിത്യകാഴ്ചയാണ്.
ആയുധശേഖരണത്തിനും മറ്റും സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഇവര്‍ കൊള്ളയും കൊലയും ശീലമാക്കുന്നു. ബാങ്ക്/പെട്രോള്‍ ബങ്ക് കൊള്ളയടി നിത്യസംഭവം പോലെയാണ്. (പറഞ്ഞാല്‍ വിശ്വസിക്കില്ല; വലിയ ട്രക്ക് കൊണ്ട് നിര്‍ത്തി, ചെറിയ ക്രയിനുപയോഗിച്ച് സ്‌ട്രോങ്ങ് റൂം ഷെല്‍ഫുകളപ്പാടെ പൊക്കി കൊണ്ട് പോകുന്നതരം പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്) മറ്റൊന്ന് എണ്ണക്കുഴലുകളില്‍ വിള്ളലുണ്ടാക്കി ക്രൂഡോയില്‍ ശേഖരിച്ചു കടത്തലാണ് (കഴിഞ്ഞ വര്‍ഷം രണ്ട് നൈജീരിയന്‍ സൈനികഉദ്യോഗസ്ഥന്മാരെ ടണ്‍ കണക്കിന്‍ ക്രൂഡോയില്‍ ഇപ്രകാരം ശേഖരിച്ച് റഷ്യയിലേയും കിഴക്കന്‍ യൂറോപ്പിലേയും ക്രിമിനല്‍ സംഘങ്ങള്‍ക്ക് മറിച്ചു വില്‍ക്കാന്‍ നേതൃത്വം കൊടുത്തതിന് പട്ടാള വിചാരണചെയ്ത് തുറുങ്കിലടച്ചത് വാര്‍ത്തയായിരുന്നത്രേ..)പക്ഷേ ഇതൊക്കെ ഒരു പരിധിവരെ തടയാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്. പകരം യുവ വിപ്ലവകാരികള്‍ പെട്രോളിയം കമ്പനികളിലെ തൊഴിലാളികളെ തട്ടിയെടുത്ത് തലയെണ്ണി കാശു വാങ്ങാന്‍ തുടങ്ങി. ഇതുമൂലം രണ്ട് ലക്ഷ്യങ്ങളാണവര്‍ സാധിക്കുന്നത്; നല്ലയൊരുതുക മോചനദ്രവ്യമായി കിട്ടും, അതുപോലെ ലോകമാദ്ധ്യമ ശ്രദ്ധയും നേടാം.(ചില വാര്‍ത്തകള്‍ ഇവിടെ )
ഈ ആഗസ്റ്റില്‍ മാത്രം , ഇന്നലെത്തെയുള്‍പ്പെടെ ഏതാണ്ട് ആറോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഒതുക്കി തീര്‍ത്തവ നിരവധി.ആദ്യമൊക്കെ ജലാശയമാര്‍ഗ്ഗം യാത്രചെയ്യുന്നവരേയാണ് തട്ടികൊണ്ട് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ റോഡിലേക്കും വ്യാപിച്ചിരിക്കുന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളേറെയും നിശാക്ലബ്ബുകളിലേയും മറ്റും നിത്യ സന്ദര്‍ശകരാണ്(ക്ലബ്ബുകള്‍ വേണ്ടുവോളമുണ്ട് താനും..!!) അവിടെനിന്ന് ഇറങ്ങുന്നവരൊക്കെയാണ് പ്രധാന ഇരകളെങ്കിലും, കമ്പനിപടിക്കല്‍ നിന്നു തന്നെ കൂടെയുണ്ടായിരുന്ന ഗണ്‍മാനെ വെടിവെച്ച് കൊന്നശേഷം തട്ടികൊണ്ട് പോയ സംഭവും ഈയടുത്തുണ്ടായി.
ഇതുകാരണം മിക്ക കമ്പനികളും തൊഴില്‍ സമയങ്ങളില്‍ മാറ്റം വരുത്തുവാനും, തൊഴിലാളികളുടെ വിന്യാസം ക്രമപ്പെടുത്താനുമൊക്കെ നിര്‍ബന്ധിതരായി. ഫലമോ ഏതാണ്ട് 20 ശതമാനത്തോളം ഉത്‌പാദനക്കുറവ് ജൂലായ്- ആഗസ്റ്റ് മാസങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാനത്തിലാണീ കുറവെന്നത് കൊണ്ട് ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈകിട്ട് ആറുമണിമുതല്‍ രാവിലെ ആറുമണിവരെ ക്യാമ്പിന് പുറത്ത് പോകരുതെന്നുള്ള നിര്‍ദേശം ഞങ്ങള്‍ക്കും കിട്ടി. ജീവനില്‍ കൊതിയുള്ളതുകൊണ്ട് അല്ലെങ്കിലും ആ നേരത്ത് പുറത്ത് കറങ്ങാന്‍ പോകാത്തതിനാല്‍ എനിക്കാ നിര്‍ദേശം ബാധകമല്ല. എങ്കിലും കഴിഞ്ഞതിനു മുമ്പത്തെ ആഴ്ചയവസാനം 'ഒന്നേ' പോര്‍ട്ടിലുള്ള സുഹൃത്തുക്കളോടൊപ്പം (കൂടെ വന്ന മൂന്ന് പേര്‍ അവിടെയാണ്)അവിടെയടുത്തുള്ള 'ബുഷ് ബാറില്‍' രാത്രി പോകുകയും അതു വേറിട്ടൊരു അനുഭവമാകുകയും ചെയ്തു. ആ വിശേഷങ്ങള്‍ അടുത്ത കത്തില്‍.
നിന്റെ ഡോക്കുമെന്ററി ' മെന്‍ ഓഫ് ബെര്‍ഡന്‍ ' തിരുവനന്തപുരം ഫെസ്റ്റിവലിനയച്ചിട്ട് മറുപടിയെന്തെങ്കിലും..? ഡിസംബറിലെ ഫെസ്റ്റിവലും കൂടി കണക്കാക്കി ലീവിനപേക്ഷിച്ചിട്ടുണ്ട്, നീ വരുമല്ലോ അല്ല്ലേ..?
ആശംസകളോടെ
കുറിപ്പ്: ചിത്രങ്ങള്‍ ഒരു നൈജീരിയന്‍ സുഹൃത്തിന്റെ ശേഖരത്തില്‍ നിന്ന്.
“ഇത്രയും സമ്പത്ത് ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക് എത്തുന്നില്ലന്നതാണ് ഏറ്റവും വലിയ പരാതി. വികസനം ഇനിയും എത്തിനോക്കാത്ത ഗ്രാമപ്രദേശങ്ങളാണ് മിക്കതും. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം. രാഷ്ട്രീയമായും സാമൂഹികമായുമുള്ള അനിശ്ചിതാവസ്ഥ,ഒപ്പം തൊഴിലില്ലായ്‌മയും. ഇതില്‍ നിന്നൊക്കെ ഉടലെടുത്തതോ, അല്ലെങ്കില്‍ ഈ സാഹചര്യം മുതലെടുക്കുവാനായി സൃഷ്ടിക്കപ്പെട്ടതോ ആയ നിരവധി സായുധവിപ്ലവ സംഘങ്ങള്‍, ചെറുതും വലുതും, കണ്ടല്‍ക്കാടുകളുടെ മറപറ്റി പ്രവര്‍ത്തിക്കുന്നു“
ReplyDeleteഅപകടമേഖലയാകുന്ന എണ്ണപ്പാടങ്ങളെ കുറിച്ച് ഒരു കുറിപ്പ്, നൈജീരിയ വിശേഷങ്ങളില്‍
പ്രിയപ്പെട്ട ചെണ്ടക്കാരാ,
ReplyDeleteഎഴുത്തു വായിച്ചു, കുറെ ഏറെ പുതിയ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു, ഇനിയും എഴുതുമല്ലോ...
സ്നേഹാദരങ്ങളോടെ
ചെണ്ടക്കാരാ നന്നായി... നല്ല വിവരണം. കൂടുതല്‍ വരട്ടേ...
ReplyDeleteനൈജീരിയ വിശേഷങ്ങള്‍ വായിക്കുന്നുണ്ട്, നല്ല വിവരണം.
ReplyDeleteകൂടുതല്‍ വിശേഷങ്ങള്‍ക്കായ് കാത്തിരിക്കുന്നു.
നന്നായിട്ടുണ്ട്!
ReplyDeleteചെണ്ടക്കാരാ,
ReplyDeleteനല്ല ചൂഷണം... ഛെ .. നല്ല വിവരണം (നൈജീരിയല്‍ എഫക്റ്റാ:-))
ചെമ്പ,അടന്ത,ത്രിപുട താളത്തിലൊക്കെ ചെണ്ട കൊട്ടിക്കയറൂ. :)
ചെണ്ടക്കാരാ, അപ്പോ അവിടെ ചെണ്ടേം കൊണ്ടു പുറത്തിറങ്ങിയാല്‍ ചെണ്ടക്കാരന്‍ കൊട്ട് കിട്ടും അല്ലേ..?
ReplyDeleteമുടിവെട്ടാന്‍ തോക്കും കൊണ്ട് പോണം..ലേ കൊള്ളാം..ഇല്ലെങ്കില്‍ തിരികെ വരുമ്പോള്‍ മുടി മാത്രമല്ല തലയും കാണില്ല അല്ലേ..?
എന്തൊക്കെ വിചിത്രമായ നാടുകള്‍..
ഇങ്ങ്ട് പോരേ ജപ്പാനിലോട്ട് ഇവിടെ ദൈവം സഹായിച്ചു യാതൊരു പ്രശ്നവുമില്ല..ഇഷ്ടം പോലേ ചെണ്ടയും കൊട്ടി നടക്കാം
വിവരണം നന്നാവുന്നു.
നൈജീരിയന്‍ വിശേഷങ്ങള്‍ ഇനിയും പോരട്ടെ...
പട്ടേരി,ഇത്തിരി,ശാലിനി,കലേഷ്, ദില്‍ബു: പ്രതികരണ്‍ങ്ങള്‍ക്ക് നന്ദി.
ReplyDeleteചെണ്ടക്കാരനെതേടി ഉത്സവം ഇങ്ങോട്ടെത്തി; നന്ദി. ജീവനില്‍ കൊതിയുള്ളത് കൊണ്ട് പാറാവുകാരനെ കൂടെകൂട്ടിയേ പറ്റൂ എന്ന മട്ടായിട്ടുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ജീവിക്കുന്നവരും ഉണ്ട്,പക്ഷേ എനിക്ക് പേടിയാണ്.ചെറിയൊരു ശതമാനമേ കുഴപ്പക്കാരായിട്ടുള്ളൂ . കുഴപ്പക്കാരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അതാണവരുടെ അവസ്ഥ.
ഇതിനിടയില്‍ ഇങ്ങനെ ഒരെണ്ണം കാച്ചിയോ മാഷെ. തിരക്കിനിടയില്‍ കണ്ടില്ല. താങ്കള്‍ ഒന്ന് സൂചിപ്പിച്ചുമില്ല. അതു ഒഴിവുപോലെ വായിക്കാം. ചിത്രങ്ങള്‍ നന്നായിരിക്കുന്നു.
ReplyDelete