Saturday, March 31, 2007

നൈജീരിയ - ഭരണവും രാഷ്ട്രീയവും.

പ്രിയ കൗച്ചൂ,
ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷമാണീ കത്ത്‌.അവധി കഴിഞ്ഞ്‌ വന്ന ശേഷം വല്ലാത്ത ജോലിതിരക്കില്‍ പെട്ടതും പിന്നെ ഇവിടുത്തെ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്‌ മൂലം പുറത്തേക്കൊന്നും ഇറങ്ങാന്‍ കഴിയാത്തതുമൊക്കെയാണ്‌ കാരണം. ക്യാമ്പിനു പുറത്തേക്കുള്ള യാത്ര പ്രോജക്റ്റ്‌ സൈറ്റിലേക്ക്‌ മാത്രം, അതു പോലും രണ്ട്‌ സെക്യൂരിറ്റി വാഹനങ്ങളുടെ അകമ്പടിയോടെ മാത്രമേ ആകാവൂ എന്ന് നിഷ്കര്‍ഷിച്ചിരിക്കുകയാണ്‌ കമ്പനി അധികൃതര്‍. പിന്നെ ക്യാമ്പിനുള്ളില്‍ തന്നെയാണെന്റെ ഓഫീസ്‌ എന്നതും, ഒരുവിധമെല്ലാ സൗകര്യവും ഉള്ള യൂറോപ്യന്‍ മാതൃകയിലുള്ള ഒരു വലിയ ക്യാമ്പസ് ആണന്നതുമാണ്‌ സെക്യൂരിറ്റി വലയം സൃഷ്ടിക്കുന്ന വീര്‍പ്പുമുട്ടലിലും ആശ്വാസമേകുന്നത്‌.

ഫെബ്രുവരിമാസം ആദ്യ വാരം കുറേയധികം ഫിലിപ്പിനോകളെ തട്ടികൊണ്ട്‌ പോയിരുന്നു. മിക്കവരെയും കമ്പനികള്‍ മോചനദ്രവ്യം നല്‍കിയതിനാല്‍ വിട്ടയക്കപെട്ടുവെങ്കിലും ഫിലിപ്പിനോ ഗവണ്‍മന്റ്‌ നൈജീരിയയിലേക്ക്‌ ആളെ വിടുന്നത്‌ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇവിടെ നിന്നും അവധിക്ക്‌ പോയിരുന്ന പലരും മലേഷ്യ വഴിയൊക്കെ (ടൂറിസ്റ്റ്‌ ആയി മലേഷ്യയിലേക്ക്‌ പോയിട്ട്‌ അവിടുന്ന് ദുബായ്‌ വഴി) യാണ്‌ തിരികെയെത്തിയത്‌. ഇപ്പോള്‍ ഇവിടുത്തെ ഫിലിപ്പൈന്‍ എംബസിയുടെ കണക്കില്‍ ഇവര്‍ ഇവിടെയില്ല. എന്തിനു ഇത്ര റിസ്ക്‌ എടുത്ത്‌ ഇങ്ങോട്ട്‌ വരുന്നുവെന്ന് ചോദിച്ചാല്‍,അവരുടെ നാട്ടിലെ തൊഴിലില്ലായ്മയുടെ ഭീകരചിത്രം തന്നെയാണെല്ലാവര്‍ക്കും നിവര്‍ത്തികാട്ടാനുള്ളത്‌. ഫെബ്രുവരിയില്‍ തന്നെ രണ്ടാമത്തെ ആഴ്ചയില്‍ ഒരു ഫിലിപ്പിനോ സ്ത്രീയെ തട്ടികൊണ്ട്‌ പോയ സംഭവം, അക്രമികള്‍ സ്ത്രീകളെയും ഒഴിവാക്കില്ലന്ന മുന്നറിയിപ്പു പോലെയായത്‌ മിക്ക കമ്പനി അധികൃതരും ചര്‍ച്ച ചെയ്യുകയും , ഒരു വിധം ഫാമിലിയൊക്കെ തിരികെപോകുവാന്‍ ഇടയാവുകയും ചെയ്തു. സ്ത്രീകളും കുട്ടികളും മിക്കവരും തിരിച്ച്‌ പോയികൊണ്ടിരിക്കുകയാണ്‌. ആ തട്ടികൊണ്ട്‌ പോകപ്പെട്ട സ്ത്രീ കൊല്ലപ്പെട്ടുവെന്നാണ്‌ സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.നല്‍കാമെന്ന് പറഞ്ഞുറപ്പിച്ച മോചനദ്രവ്യം നല്‍കാത്തതുമായ ചില സംഭങ്ങളുടെ തുടര്‍ച്ചയായി ഇവിടെ നിന്നും പ്രാദേശിക എയര്‍പോര്‍ട്ടിലേക്ക്‌ പോകും വഴി ഒരു ലബനോണ്‍ പൗരനെ വെടിവെച്ച്‌ കൊല്ലുകയും മറ്റൊരാളെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതോടെ തട്ടികൊണ്ട്‌ പോകല്‍ നാടകങ്ങളുടെ ശൈലി തികഞ്ഞ അക്രമത്തിലേക്ക്‌ വഴിമാറുകയാണ്‌.

കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ തൊട്ടടുത്തുള്ള വര്‍ക്ക്‌ സൈറ്റില്‍ നിന്ന് ഡച്ചുകാരനായ ഒരു ചീഫ്‌ സെക്യൂരിറ്റി ഓഫീസറെ കനത്ത വെടിവെയ്ക്കലിനു ശേഷം കൊണ്ട്‌ പോയ വാര്‍ത്ത ബി.ബി.സി യും മറ്റും റിപ്പോര്‍ട്ട്‌ ചെയ്തത്‌ അല്‍പം ഞെട്ടലോടെയാണ്‌ കേട്ടത്‌. ഏകദേശം ഒരു കിലോമീറ്ററിനടുത്താണ്‌ ഈ സ്ഥലം, എങ്കിലും ഇതുവരെയും ഞാന്‍ ജോലിയെടുക്കുന്ന കമ്പനിയില്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാത്തത്‌ കുറച്ച്‌ ആശ്വാസകരമാണ്‌.

ഈ ഏപ്രില്‍ പകുതിയോടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനോട്‌ കൂടി അക്രമ സംഭവങ്ങള്‍ കൂടാനാണ്‌ സാധ്യതയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തന്നെ തുടങ്ങിയ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പൂര്‍ണ്ണതോതില്‍ പുരോഗമിച്ച്‌ വരുന്നു. 1960 ല്‍ ബ്രിട്ടീഷ്‌ കോളനിവാഴ്ചയില്‍ നിന്നു സ്വതന്ത്രമാവുകയും പിന്നീട്‌ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട്‌ സമ്പൂര്‍ണ ജനാധിപത്യ രാജ്യമായി നിലവില്‍ വരികയും ചെയ്തെങ്കിലും ജനാധിപത്യ നിലയിലുള്ള ഭരണകൂടങ്ങള്‍ വളരെ ചുരുങ്ങിയ കാലയളവിലേ നൈജീരിയയിലുണ്ടായിട്ടുള്ളൂ എന്നത്‌ കൗതുകകരമാണ്‌.

1966 ജനുവരിയില്‍ ല്‍ ഇബോ വംശജരായ ഒരു സംഘം പട്ടാള ഉദ്യോഗസ്ഥര്‍ ജനറല്‍ ജോണ്‍സണ്‍ അഗുയിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും അന്നത്തെ ഭരണതലവനെ വധിച്ച്‌ ഭരണം പിടിച്ചെടുക്കുകയും ചെയ്തതോടെ നൈജീരിയയുടെ പട്ടാള ഭരണ വാഴ്ചയുടെ ചരിത്രവും തുടങ്ങുന്നു. ഇതേ തുടര്‍ന്ന് മറ്റ്‌ പല വംശജരും കലാപമഴിച്ചു വിടുകയും സാധാരണക്കാരായ നിരവധി ഇബോ വംശജര്‍ കൊല്ലപ്പെടുകയുമുണ്ടായി. അതേ വര്‍ഷം ജൂലായ്‌ മാസത്തില്‍ തന്നെ, വടക്കന്‍ മേഖലയിലുള്ള പട്ടാള ഓഫീസര്‍മാര്‍ സഘടിക്കുകയും സായുധകലാപത്തിലൂടെ ജനറല്‍ ജോണ്‍സണെ വധിച്ച്‌ ജനറല്‍ യാകുബ്‌ ഗൊവോണ്‍ പുതിയ മിലിട്ടറി ഭരണം സ്ഥാപിക്കുകയും ചെയ്തു.

അക്കാലത്ത്‌ നാല്‌ മേഖലയായി തിരിച്ചാണ്‌ ഭരണം നടത്തിയിരുന്നത്‌. 1967 ല്‍ ഈ മേഖലകളെ ഭരണസൌകര്യാര്‍ത്ഥം വിഭജിച്ച്‌ 12 സംസ്ഥാനങ്ങളാക്കാന്‍ കേന്ദ്രഭരണകൂടം തീരുമാനിച്ചത്‌ കിഴക്കന്‍ മേഖലയുടെ അധിപനായിരുന്ന കേണല്‍ ചുക്‌ക്‍വേമേക്ക എതിര്‍ക്കുകയും, ഒപ്പം അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ മേഖലയെ ബിയാഫ്ര എന്ന പേരില്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്‌ ഏകദേശം ഒരു മില്യനിലധികം ആള്‍ക്കാര്‍ കൊല്ലപെടുവാനിടയാക്കിയ, രണ്ടരവര്‍ഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനു വഴിമരുന്നിട്ടു.

1970 ല്‍ ബിയാഫ്ര കീഴടങ്ങിയെങ്കിലും, ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ്‌ വാഗ്ദാനം നടത്തി നടത്തി പട്ടാള ഭരണകൂടം തുടര്‍ന്നു കൊണ്ടേയിരുന്നു.ജനറല്‍ ഗൊവോണിന്റെ പിന്‍ഗാമിയായി 1975 ല്‍ അധികാരമേറ്റ ജനറല്‍ മുര്‍ട്ടല റമത്ത്‌ മുഹമ്മദ്‌, 1976ല്‍ കൊല്ലപ്പെട്ടുവെങ്കിലും ചുരുങ്ങിയകാലം കൊണ്ട്‌ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങളുടെ ആരാധ്യപുരുഷനായി തീര്‍ന്നിരുന്നു. സ്വകാര്യവല്‍ക്കരണത്തെകുറിച്ചും , ജനായത്ത ഗവണ്‍മന്റ്‌ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപാടുണ്ടായിരുന്ന റമത്ത്‌ മുഹമ്മദ്‌, സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ നടത്താനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിവെയ്ക്കുകയും ചെയ്തിരുന്നത്‌, പിന്‍ഗാമിയായി വന്ന ലെഫ്റ്റന്റ്‌ ജനറല്‍ ഒബസാന്‍ജോയ്ക്ക്‌ കാര്യങ്ങള്‍ എളുപ്പമാക്കി. 1979 ല്‍ അമേരിക്കന്‍ ഭരണഘടനയുടെ മാതൃകയില്‍ നൈജീരിയന്‍ ഭരണഘടന കൊണ്ടുവരികയും , തുടര്‍ന്ന് രാജ്യം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയും ചെയ്തു.

1979 ഒക്ടോബറില്‍ നൈജീരിയ വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക്‌ മടങ്ങിയെത്തി. ഷെവു ഷഗാരിയെ ഭരണതലവനായി തിരഞ്ഞെടുത്ത്‌ കൊണ്ട്‌ , രക്തപങ്കിലമായ പട്ടാള ഭരണത്തില്‍ നിന്ന് മോചനം നേടിയ നൈജീരിയ രണ്ടാമതും റിപബ്ലിക്കായി. പക്ഷേ അത്‌ അധികകാലമൊന്നുമുണ്ടായില്ല, വീണ്ടും പട്ടാളം അധികാരം പിടിച്ചെടുത്തു. 1983 ല്‍ ഷെവു ഷഗാരിയുടെ നേതൃത്വത്തില്‍ നടന്ന ഭരണവര്‍ഗ്ഗ തെരഞ്ഞടുപ്പ്‌ അതിക്രമങ്ങളില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപെട്ട ഭരണകൂടത്തെ ജനറല്‍ മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തില്‍ പുറത്താക്കുകയായിരുന്നു.കുറേ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനുമൊക്കെ നേതൃത്വം നല്‍കിയെങ്കിലും രാജ്യം വളരെപെട്ടന്ന് ദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തുകയുമുണ്ടായി. അതേ തുടര്‍ന്ന് മറ്റൊരു പട്ടാളമേധാവി ജനറല്‍ ഇബ്രാഹീം ബാബാംഗിട 1985 ല്‍ അധികാരം പിടിച്ചെടുക്കുകയും ഒപ്പം എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ്‌ നടത്താമെന്ന് ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‍കുകയും ചെയ്തു. പക്ഷേ, ആ വാഗദാനം നടപ്പിലാകുവാന്‍ 1993 വരെ നൈജീയന്‍ ജനത കാത്തിരിക്കേണ്ടി വന്നുവെന്ന് മാത്രം.

1993 ജൂണില്‍ നൈജീരിയ പോളിംഗ്‌ ബൂത്തുകളിലെത്തി, സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ മൊഷൂദ്‌ ആബിയോളയെ 58% വോട്ടുകള്‍ക്ക്‌ തെരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ, ഇലക്ഷന്‍ ഫലപ്രഖ്യാപനത്തിന്റെ അന്ന് വൈകിട്ട്‌ ജനറല്‍ ബാബാംഗിട തെരഞ്ഞെടുപ്പ്‌ അസാധുവായതായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് അമേരിക്കന്‍ സഹകരണമൊക്കെ നിര്‍ത്തലാക്കുകയും ആ സമയത്തെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തു. പക്ഷേ പറഞ്ഞ സമയത്ത് അധികാരമൊഴിയുന്നതായി പ്രഖ്യാപിച്ചുകൊണ്ട് , ചീഫ്‌ ഏണസ്റ്റ്‌ ഷൊന്‍കന്റെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച്‌ ജനറല്‍ ബാബാംഗിഡെ അധികാരമൊഴിഞ്ഞു.

ആ വര്‍ഷം ആഗസ്റ്റില്‍ പൊതുജന പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയും, നിരവധിപേര്‍ മരണപെടുകയുമൊക്കെയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു പട്ടാള മേധാവി ജനറല്‍ സാനി അബാച്ച വീണ്ടും നൈജീരിയയെ മിലിറ്ററി ഭരണത്തിലേക്ക്‌ നയിച്ചു. 1994 ജൂണില്‍, നേരത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൊഷൂദ്‌ ആബിയോള സ്വയം രാഷ്ട്ര തലവനായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അറസ്റ്റ്‌ ചെയ്യപെടുകയും ഫെഡറല്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ട്‌ ആജീവനാന്ത ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു.

1995 ഒക്ടോബറില്‍ ജനറല്‍ സാനി അബാച്ച രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തില്‍,ഭരണ നവീകരണപ്രക്രിയ തുടരുന്നതിലേക്ക്‌ മൂന്ന് വര്‍ഷത്തെ സാവകാശം ഉന്നയിക്കുകയും സ്വതന്ത്രമായ ജനകീയ ഭരണമാറ്റം വാഗ്ദാനം നല്‍കുകയും ചെയ്തു. ആ വര്‍ഷം തന്നെ നവംബറില്‍ ഒന്‍പത്‌ രാഷ്ട്രീയ തടവുകാരെ തൂക്കികൊന്നതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ നിന്ന് നൈജീരിയ പുറത്താക്കപ്പെട്ടു.

ജയിലടയ്ക്കപ്പെട്ട ആബിയോളയുടെ ഭാര്യയെ 1996 ല്‍ ലാഗോസില്‍ വാഹനത്തിനുള്ളില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി.1998ല്‍ ജനറല്‍ അബാച്ചയുടെ നിര്‍ദ്ദേശപ്രകാരം നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതായി ഗവണ്‍മന്റ്‌ അവകാശപ്പെട്ടു. തൊട്ടടുത്ത മാസം, ജൂണ്‍ എട്ടിന്‌ ജനറല്‍ അബാച്ചയെ സ്വവസതിയില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ തൊട്ടടുത്ത അനുയായി മേജര്‍ ജനറല്‍ അബ്ദുല്‍സലാം അബൂബക്കര്‍ അധികാരമേറ്റെടുത്തു. ആ മാസം പട്ടാളഭരണത്തിനെതിരെ ജനകീയകലാപം പൊട്ടിപുറപ്പെടുകയും ജൂലായ്‌ മൂന്നിനു രാജ്യത്തെ മൊഷൂദ്‌ ആബിയോള ഉള്‍പ്പെടെയുള്ളരാഷ്ട്രീയ തടവുകാരെയെല്ലാം വിട്ടയക്കുവാന്‍ ഗവണ്‍മന്റ്‌ സന്നദ്ധത കാണിക്കുകയും ചെയ്തു. ഇതിനു അക്കാലത്തെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇടപെടലും നിര്‍ദ്ദേശവുമുണ്ടായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌.

പക്ഷേ, ജൂലായ് മൂന്നിനു ജയില്‍ വിമോചിതനായ മൊഷൂദ്‌ ആബിയോള ജൂലായ്‌ 7നു അമേരിക്കന്‍ പ്രതിനിധികളുമായി സംസാരിച്ച്‌ കൊണ്ടിരിക്കേ ഹൃദയ സ്തംഭനം മൂലം (ജയിലില്‍ വെച്ച്‌ നല്‍കിയ സ്ലോ പോയിസണ്‍ മൂലമാണെന്നാണ്‌ ഇപ്പോഴും ജനം വിശ്വസിച്ചിരിക്കുന്നത്‌) മരണമടഞ്ഞു.
ജൂലായ്‌ 20 നു ടെലിവിഷനിലൂടെ രാഷ്ട്രത്തിനു നല്‍കിയ പ്രസംഗത്തില്‍ 1999 ആദ്യം ഇലക്ഷന്‍ നടത്തുമെന്നും 1999 മെയ്‌ 29 നു തന്നെ പുതിയ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മേജര്‍ ജനറല്‍ അബൂബക്കര്‍ ഉറപ്പു കൊടുത്തു.

1998 ഡിസംബറില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളും 1999 ജനുവരി യില്‍ സംസ്ഥാന നിയമസഭകളിലേക്കും തുടര്‍ന്ന് ഫെഡറല്‍ കൗണ്‍സിലുകളിലേക്കും പ്രസിഡന്റ്‌ സ്ഥാനത്തേക്കുമൊക്കെയുള്ള തെരഞ്ഞെടുപ്പുകളോടെ ഫെബ്രുവരിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ആദ്യ ഘട്ട തെരഞ്ഞെടുപ്പുകള്‍ക്ക്‌ വിരുദ്ധമായി അവസാന ഘട്ട നടപടികളില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളുമൊക്കെ ആരോപിക്കപ്പെടുകയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുതിയ ഭരണത്തലവനെ പ്രഖ്യാപിക്കുവാന്‍ രണ്ട്‌ ദിവസം വൈകേണ്ടതായും വന്നു. എങ്കിലും 1976 ല്‍ പട്ടാളഭരണാധികാരിയായിരിക്കുകയും, തുടര്‍ന്ന് 1979 ല്‍ ജനാധിപത്യം പുനസ്ഥാപിച്ച്‌ അധികാര കൈമാറ്റം നടത്തുകയും ചെയ്ത ജനറല്‍ ഒബസാന്‍ജോയുടെ നേതൃത്വം ജനകീയ വിധിയിലൂടെ 15 വര്‍ഷത്തോളം നീണ്ട പട്ടാളഭരണത്തിനു അറുതിവരുത്തുന്ന ചരിത്രവിജയം നേടി. 1995 ല്‍ സാനി അബാച്ചയുടെ ഭരണകാലത്ത്‌ ജയിലിലടയ്ക്കപെടുകയും 1998 ല്‍ ജനറല്‍ അബൂബക്കര്‍ മോചനം നല്‍കുകയും ചെയ്ത രാഷ്ട്രീയ തടവുകാരിലൊരാളുമായിരുന്നു ജനറല്‍ ഒബസാന്‍ജോ യെന്നതും ശ്രദ്ധേയമാണ്.

ജനറല്‍ ഒബസാന്‍‍ജോയെയും അദ്ദേഹത്തിന്‍റെ പീപ്പിള്‍സ്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടിയെയും 2003 ല്‍ നടന്ന തെരെഞ്ഞെടുപ്പിലും ജനം അംഗീകരിച്ചു. അന്ന് പ്രമുഖ എതിരാളിയായിരുന്നതും ഒരു മുന്‍ പട്ടാള ഭരണാധികാരിയാണ്‌- 1984- 85 ല്‍ അധികാരത്തിലുണ്ടായിരുന്ന ജനറല്‍ മുഹമ്മദ്‌ ബുഹാരി.

2007 ല്‍ കാലാവധി പൂര്‍ത്തിയാക്കപ്പെടുകയും രണ്ടുപ്രാവശ്യത്തിലധികം തുടര്‍ച്ചയായി ഭരണം കൈയ്യാളാന്‍ ഭരണഘടന അനുവദിക്കാത്തതും കാരണം ഒരു പ്രാവശ്യം കൂടി അധികാരത്തിലിരിക്കാനുള്ള ജനറല്‍ ഒബസാന്‍ജോയുടെ ആശയം, ഭരണഘടനാ ഭേദഗതിയായി അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഇക്കഴിഞ്ഞ 2006 മെയ്‌ മാസത്തില്‍ നൈജീരിയന്‍ സെനറ്റ്‌ തള്ളികളഞ്ഞത്‌ വീണ്ടും ഒരു തെരഞ്ഞെടുപ്പ്‌ കോലാഹലമുയര്‍ത്തുകയാണ്‌ . അന്ന് ആ ഭേദഗതിയെ എതിര്‍ത്തവരില്‍ പ്രമുഖനായ വൈസ്പ്രസിഡന്റ്‌ അറ്റിക്കു അബുബക്കറിന്റെ സ്ഥാനാര്‍ത്ഥിത്വം നൈജീരിയന്‍ സ്വതന്ത്ര ദേശീയ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തള്ളികളഞ്ഞതും അദ്ദേഹമത്‌ കോടതിയില്‍ ചോദ്യം ചെയ്യുന്നതും വന്‍ മാദ്ധ്യമ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിരിക്കുന്നു.

ശക്തമായ പുതിയ നേതൃത്വം ഉയര്‍ന്ന് വരാത്ത പക്ഷം വീണ്ടും ഒരു മിലിട്ടറി ഭരണം വന്നേക്കുമോ എന്നുള്ള ആശങ്കകള്‍ക്കിടയിലും നൈജീരിയന്‍ ജനത പോളിംഗ്‌ ബൂത്തുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്‌. ഇപ്പോഴുള്ള സമയപട്ടികയനുസരിച്ച്‌ ഈ വരുന്ന ഏപ്രില്‍ 14നു സംസ്ഥാന നിയമസഭാ ഇലക്ഷനുകളും, ഏപ്രില്‍ 21 നു ദേശീയ കൗണ്‍സിലിലേക്കും പ്രസിഡന്റ്‌ പദവിയിലേക്കുമുള്ള തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള ശ്രമത്തില്‍ ഗവണ്‍മന്റ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ പോകുന്നുണ്ട്‌.

ഇതുമായി ബന്ധപ്പെട്ടും അല്ലാതെയും ഏവരും പ്രതീക്ഷിക്കുന്ന അക്രമങ്ങള്‍ നേരിടാന്‍ വന്‍ സന്നാഹമൊരുക്കുന്നു എന്നൊക്കെ കേള്‍ക്കുന്നുണ്ട്‌. പെട്ടന്ന് ഒഴിഞ്ഞ്‌ പോകേണ്ടി വന്നാലുള്ള സാധ്യതകള്‍ കണക്കിലെടുത്ത്‌ ഒട്ടു മിക്ക വിദേശ കമ്പനികളും മുന്നൊരുക്കങ്ങള്‍ നടത്തുന്നു. അത്തരമൊരു ഒഴിപ്പിക്കലൊന്നും ഇല്ലാതിരിക്കുകയാണെങ്കില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ വിശേഷങ്ങളുമായി ഉടന്‍ തന്നെ നിനക്കെഴുതാം.

അവിടുത്തെ വിശേഷങ്ങള്‍ മറുപടിയില്‍ പ്രതീക്ഷിച്ച്‌ കൊണ്ട്‌ തല്‍ക്കാലം നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
- അലിഫ്‌ഈ വാഹനത്തിനു തൊട്ടുപിന്നാലെ.... (ഒരു യാത്ര, മൊബൈല്‍ ക്യാമറയില്‍)

കുറിപ്പ്: ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്ന ചരിത്ര, രാഷ്ട്രീയ ഭരണപരമായ വിവരങ്ങള്‍ക്ക് Nigeria Politics- An overview (kingsley chriss) എന്ന പുസ്തകത്തോടും ഇലക്ഷന്‍ ഗൈഡ് ,വിക്കി പീഡിയ മുതലായ വെബ് സൈറ്റുകളൊടും പ്രാദേശിക ആനുകാലിക പ്രസിദ്ധീകരണങ്ങളോടും കടപ്പാട്.