Wednesday, December 24, 2014

കനൽധൂളികൾ ഒളിച്ചിരിക്കുന്ന നൈജീരിയന്‍ ശിശിരം..!

പൊടിമൂടി തെളിച്ചമില്ലാതെ ഉണരുന്ന പ്രഭാതങ്ങളുടെ തുടർച്ചയായി  നരച്ച പകൽ , വെയിൽ കാണാനില്ലെങ്കിലും   വല്ലപ്പോഴും അലസമായി വീശുന്ന ചെറുകാറ്റത്ത്  കനൽധൂളികൾ ഒളിച്ചിരുന്ന് പൊള്ളിക്കുന്നു.  നനുത്ത തണുപ്പിന്റെ ആവരണമണിഞ്ഞ രാത്രിയിൽ, അലങ്കാര ദീപങ്ങൾ പൊടിമഞ്ഞിലെന്നവണ്ണം വെളിച്ചം ചിതറിക്കുന്നു. കാലാവസ്ഥയുടെ ഈ വേർതിരിവ് ഒരുപക്ഷേ  വീണ്ടുമൊരു പനിച്ചൂടിലേക്കെന്നെ നയിച്ചേക്കും..!


രാവിലത്തെ  പതിവ് നടപ്പ് ഒഴിവാക്കാനുള്ള അലസതയുടെ ഒരോരോ കാരണങ്ങളാണെന്ന് കരുതണ്ട..! പറഞ്ഞ് വന്നത് ഇവിടുത്തെ  കാലാവസ്ഥയിൽ വളരെയധികം ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്ന  'ഹർമത്താൻ' (Harmattan) എന്ന പൊടികാറ്റിനെ കുറിച്ചാണ്. നൈജീരിയയുടെ മറ്റ് ഭാഗങ്ങളെ  അപേക്ഷിച്ച് ഞാൻ വസിക്കുന്ന പോർട്ട് ഹാർകോർട്ട് / ഒന്നേ പ്രദേശം (തെക്കൻ പ്രദേശം )താരതമ്യേന മഴ കൂടുതൽ കിട്ടുന്ന സ്ഥലമാണ് ; സസ്യലതാദികളും , വെള്ളകെട്ടും ചതുപ്പും നിറഞ്ഞ് ഏതാണ്ട് നമ്മുടെ കുട്ടനാടൻ ഭൂപ്രകൃതി എന്ന് വേണമെങ്കിൽ പറയാം. പക്ഷേ  നവംബർ അവസാന വാരത്തോടെ  ഇവിടുത്തെ അന്തരീക്ഷം പതിയെ പതിയെ പൊടിപടലങ്ങൾ നിറഞ്ഞതായി തുടങ്ങും. സഹാറ മരുഭൂപ്രദേശത്ത് നിന്ന് ഗിനിയൻ ഉൾക്കടലിലേക്ക് വീശുന്ന വടക്ക് കിഴക്കൻ വാണിജ്യവാത (trade wind) മാണിതിന്  പ്രധാന കാരണമായി പറയപ്പെടുന്നത്. രാവിലെയും വൈകുന്നേരവുമൊക്കെ പൊടികൊണ്ട് നിറഞ്ഞ് മൂടൽമഞ്ഞിന്റെ പ്രതീതിയുണ്ടാക്കും; പക്ഷേ   തണുപ്പ് അത്രയധികമുണ്ടാകില്ല. 15 -20 ഡിഗ്രി വരെയൊക്കെയായിരിക്കും  രാവിലത്തെ താപനില.  ഉച്ചയാകുന്നതോടെ ഇത് വർദ്ധിച്ച് 30-40 ഡിഗ്രിയിലേക്ക് പോകും ; ഒപ്പം അന്തരീക്ഷഈർപ്പത്തിന്റെ  തോത് കുറഞ്ഞ് ചിലപ്പോൾ 10 ശതമാനത്തിലും താഴേക്ക് പോകും.


നൈജീരിയയുടെ തന്നെ വടക്കൻ മേഖലകളിൽ ഈ പ്രതിഭാസം വളരെ ശക്തമാണ്. അതിന്റെ പത്തിലൊന്ന് പോലും ഇവിടെ ബാധിക്കുന്നില്ലെങ്കിൽ കൂടിയും  ചെറിയ സമയത്തിനുള്ളിൽ  താപനിലയിലും മറ്റുമുണ്ടാകുന്ന ഈ വ്യതിയാനം വല്ലാതെ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്ന് പറയേണ്ടതില്ലല്ലോ.  ഉച്ച സമയത്തൊക്കെ  ചിലപ്പോൾ വെയിൽ തെളിച്ചം  അധികം കാണില്ലെങ്കിലും അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങളിൽ കൂടി തട്ടി പ്രതിഫലിച്ചത്തുന്ന സൂര്യരശ്മികൾക്ക് കനലിന്റെ നോവാണ്. ആകാശം ചാരനിറത്തിൽ മേഘങ്ങളുടെ പൊടിപ്പ് പോലുമില്ലാതെ  വിശാലമായിരിക്കും. അപൂർവ്വമായി  നല്ല തെളിഞ്ഞ നീലാകാശം കാണുന്ന ദിവസങ്ങളും ഇതിനിടയിൽ ഉണ്ടാകും. അത്തരം ദിവസം വൈകുന്നേരങ്ങളിൽ  സൂര്യാസ്തമനത്തോടെ അന്തരീക്ഷത്തിൽ ചുവപ്പ് കലർന്ന്‌ വളരെ മനോഹരമായ ആകാശകാഴ്ച്ചകൾക്ക്  ചിലപ്പോൾ ഇടമൊരുക്കും. ആകെ നരച്ച് വരണ്ട ഈ കാലാവസ്ഥ  നവംബർ  പകുതിയിൽ തുടങ്ങി  മാർച്ച് പകുതിയോളം നീളും. കാർമേഘങ്ങൾ ഈ സമയം പൊതുവെ ഉണ്ടാകാറില്ലെങ്കിലും  കഴിഞ്ഞ വർഷമൊക്കെ ഇതിനിടയ്ക്ക് മഴയും പെയ്തിരുന്നു. മണൽ മേഘങ്ങൾ ഉണ്ടായി പൊടി മഴ പെയ്യും എന്നൊക്കെ പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും കഴിഞ്ഞ എട്ടുവർഷമായി അങ്ങിനൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല.


പടിഞ്ഞാറൻ ആഫ്രിക്കയുടെ അത്ര ഉന്മേഷകരമല്ലാത്ത  ശൈത്യകാലമാണിതെന്ന് പറയാം.  രാത്രിയിലും രാവിലെയുമൊക്കെ തണുപ്പും പകൽ  നേരങ്ങളിൽ നല്ല കടുത്ത ചൂടും , ഒപ്പം  അന്തരീക്ഷ ആർദ്രതയിൽ പെട്ടന്നുണ്ടാവുന്ന  വ്യതിയാനവുമൊക്കെ ചേർന്ന് ചെങ്കണ്ണ്‍, വരണ്ട കഫക്കെട്ട് , പനി തുടങ്ങിയ രോഗജന്യകാലവുമാണിത്; ആസ്ത്മ, സൈനസൈറ്റിസ് തുടങ്ങിയ രോഗാവസ്ഥയുള്ളവർ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. അന്തരീക്ഷത്തിലെ മണൽപൊടിയുടെ ബാഹുല്യം കൊണ്ടാവാം ചിലരിൽ  മൂക്കെരിച്ചിൽ വന്ന്  രക്തം കിനിയുന്നത് കണ്ടിട്ടുണ്ട്.  ഈ ഭാഗത്തേക്ക് 'ഹർമത്താൻ' കാലയളവിൽ യാത്രചെയ്യുന്നവർ ത്വക്ക് വരൾച്ച, പാദങ്ങൾ വിണ്ടുകീറൽ, ചുണ്ടുകൾ വരണ്ടുപോകൽ തുടങ്ങിയവയ്ക്കുള്ള ക്രീമുകളും മറ്റും കരുതുന്നത് നന്നായിരിക്കും. അതുപോലെ തന്നെ ഈ സമയത്ത് ദൂരകാഴ്ച കുറവായതിനാൽ വിമാനങ്ങൾ പലപ്പോഴും റദ്ദ് ചെയ്യുകയോ സമയക്രമം മാറ്റുകയോ ഒക്കെ പതിവാണെന്നതും അറിയുക.


ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കാലവുമാണിത് എന്നതിനാൽ രാത്രികൾ വളരെ നീണ്ടു നിൽക്കും.  എങ്ങും വർണപകിട്ടാർന്ന അലങ്കാര ദീപങ്ങളിൽ  നിന്നും മങ്ങിയ വെളിച്ചം ചിതറുന്നു. പകൽ ഓഫീസുകളിൽ ഹാജർ നില വളരെ കുറവാണ് , പുറത്തെ ജോലിയിടങ്ങൾ  പലതും നിർത്തി വെച്ചിരിക്കുന്നു. രാവിലെ അലസതയുടെ പുതപ്പിനുള്ളിൽ ചുരുണ്ട് കൂടാൻ നല്ല സുഖം.  ഈ കുറിപ്പ് പൂർത്തിയാവുമ്പോൾ രാവ് കനത്തിരിക്കുന്നു; പുറത്ത് ഹർമത്താൻ പൊടിയുടെ ആധിക്യവും പിന്നെ ചെറു തണുപ്പും; നല്ലൊരു ചൂടൻ പകലിനെ വരവേൽക്കുവാനെന്നോണം...!


No comments:

Post a Comment