Wednesday, August 13, 2014

'എബോള' പേടിയിൽ വിറയ്ക്കുന്ന നൈജീരിയ.. (Ebola Virus Disease -EVD)

വിടെ എങ്ങും സംസാരവിഷയം ഇപ്പോൾ എബോള മാത്രം. ലൈബീരിയയിൽ നിന്ന് എബോള രോഗാണുക്കളും വഹിച്ച്  വന്ന ലൈബീരിയൻ -അമേരിക്കൻ പൌരൻ പാട്രിക് സ്വോയർ ജൂലായ്‌ 20 നു ലാഗോസ് എയർപോർട്ടിൽ കുഴഞ്ഞുവീഴുകയും താമസിയാതെ തൊട്ടടുത്തുള്ള ആശുപത്രിയിൽ 24 നു മരണപ്പെടുകയും ചെയ്തതോടെ തുടങ്ങിയ പരിഭ്രമവും ഭീതിയും പകർച്ചവ്യാധിയേക്കാൾ വേഗത്തിൽ പടരുകയായിരുന്നു. ഈ ആശുപത്രിയിലെ ജീവനക്കാരിൽ ചിലർക്ക് രോഗബാധ കണ്ടെത്തുകയും അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തതോടെ അമിതഭീതിയിലായി ഇവിടുള്ള വിദേശികളടക്കമുള്ളവർ; വിവിധ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയങ്ങളും വിദേശകാര്യ-ആരോഗ്യ മന്ത്രാലയങ്ങളും  ഒക്കെ  പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങളും മറ്റും ആശങ്കകൾ ലഘൂകരിക്കുന്നുവെങ്കിലും തീർത്തും ഭീതിവിമുക്തമായിട്ടില്ല ഇനിയും. 
 
 പാട്രിക് സ്വോയർ (ലൈബീരിയൻ -അമേരിക്കൻ പൌരൻ)

ഇതുവരെയായി 2 മരണവും 8 പേർക്ക് രോഗബാധയുമാണ്‌ റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത്; പാട്രിക് സ്വോയർ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരും, ആശുപത്രിയിൽ ഉണ്ടായിരുന്നവരുമൊക്കെ നിരീക്ഷണത്തിലാണ്; 2 ദിവസമായി പുതുതായി രോഗബാധയേറ്റവരെ കുറിച്ചൊന്നും  റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നത്  ആശ്വാസം പകരുന്നു. ( പാട്രിക് സ്വോയറിന്റെ കൂടെയുണ്ടായിരുന്ന സഹായി മാറ്റിപാർപ്പിക്കൽ കേന്ദ്രത്തിൽ വെച്ച് ഇന്ന് മരണപെട്ടതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് )

എന്താണ് എബോള ?
1976 കോംഗോ ഡെമോക്രാറ്റിക് റിപബ്ലിക്കിലെ എബോള നദീപരിസരങ്ങളിൽ കണ്ടെത്തപ്പെട്ട മാരകശേഷിയുള്ള രോഗാണുവാണ് എബോള (Ebola - EBOV). ഇതുവരെ പ്രഖ്യാപിത മരുന്നുകളോ രോഗം പിടിക്കാതിരിക്കാതിരിക്കാനുള്ള വാക്സിനുകളോ കണ്ടെത്തിയിട്ടില്ലായെന്നുള്ളത് എബോള പനിയെന്ന രോഗാവസ്ഥയെ ( Ebola hemorrhagic fever or Ebola Virus Disease -EVD) കൂടുതൽ ഭീകരമാക്കുന്നു. പക്ഷേ രോഗം പകരാതെയും പടരാതെയും  സൂക്ഷിക്കാനാവും എന്ന് തന്നെയാണു മെഡിക്കൽ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത്.  (see WIKI )

എബോള പകരാവുന്നത് എങ്ങിനെയൊക്കെ  ?
രോഗബാധിതരുടെ ശരീര സ്രവങ്ങളിലൂടെയും  (രക്തം, കഫം, ശുക്ലം , യോനീ സ്രവം, മുലപ്പാൽ , ഉമിനീർ  തുടങ്ങിയവ ) വിസർജ്യങ്ങളിലൂടെയും ( മലം , മൂത്രം , ശർദ്ദി മുതലായവ) രോഗം പകരും. രോഗം മൂർച്ഛിച്ച അവസ്ഥയിലെ രോഗിയുടെ വിയർപ്പ് , കണ്ണുനീർ , മൂക്കൊലിപ്പ്  മുതലായവയും രോഗം പകരാനിടയാക്കിയേക്കും. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള  (പ്രധാനമായും കുരങ്ങ്, വവ്വാൽ , പന്നി തുടങ്ങിയവ) സമ്പർക്കം പകരാനിടയാക്കും. രോഗബാധയേറ്റ് മരിച്ച ആളുടെ ശവത്തിൽ നിന്നും രോഗബാധയുണ്ടാകാം; അതിനാൽ അത്തരം ശവം കുളിപ്പിക്കാനും മറവ് ചെയ്യാനും മറ്റും വളരെയധികം മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
ഈ വൈറസ് മിക്കവരും കരുതുന്ന പോലെ വായുവിലൂടെയോ ശ്വസനത്തിലൂടെയോ സാധാരണഗതിയിൽ പകരില്ല. എന്നിരുന്നാലും രോഗം ക്രമാതീതമായി പടർന്ന് കഴിഞ്ഞാൽ ഉപചാരപൂർവ്വമുള്ള ഹസ്തദാനം, ആലിംഗനം , ചുംബനം തുടങ്ങിയവ ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം. 
 
 
എബോള രോഗ ലക്ഷണങ്ങൾ
എബൊള അണുബാധയേറ്റ് 2 മുതൽ 21 ദിവസത്തിനകം താഴെ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.
1. അതികഠിനവും സുദീർഘവുമായ  പനി (മലേറിയ പോലെ വിട്ട് വിട്ടുള്ള പനിയല്ല)
2. ശക്തമായ വയർ വേദന
3. സന്ധികളിളും ശരീരമാകമാനവും വേദന (പ്രത്യേകിച്ച് നെഞ്ച് ഭാഗത്ത്)
4. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
6. ശക്തമായ തലവേദന
7. ഓക്കാനം, ശർദ്ദി - രോഗമൂർച്ഛിച്ച അവസ്ഥയിൽ രക്തം കലർന്ന് വരും.
8. അതിസാരം  -രക്തം കലർന്ന തരത്തിൽ
9 . ശരീരത്തിലെ ജലാംശം നഷ്ടപെട്ട അവസ്ഥ (കണ്ണുനീർ ഇല്ലായ്മ , നാവ് വരൾച്ച , കുഴിഞ്ഞ കണ്ണുകൾ തുടങ്ങിയ ലക്ഷണങ്ങൾ )
10. ചൂട് പൊങ്ങൽ , ശരീരം ചൊറിഞ്ഞു പൊട്ടൽ
11 .ആകസ്മികമായ ഗർഭച്ഛിദ്രം
12. ചില സന്ദർഭങ്ങളിൽ വായ , കണ്ണുകൾ , കാതുകൾ , മൂക്ക് , ഗുദം എന്നിവയിലൂടെ രക്തസ്രാവം.
ഇവയിൽ ഒന്നോ ഒന്നിലധികമോ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നതിനു മുന്പ് (പ്രത്യേകിച്ച് ഉച്ചസ്ഥായിലുള്ള പനിച്ചൂട് ) രോഗാണുബാധിതന്റെ പക്കൽ നിന്നും മറ്റൊരാളിലേക്ക് ബാഹ്യമായി പകരാനുള്ള സാധ്യത തുലോം കുറവാണ്.


എങ്ങിനെ പകരാതെ സൂക്ഷിക്കാം?
1 രോഗം മൂർച്ഛിച്ച ആളുടെ ശരീര സ്രവങ്ങളും , വിസർജ്യങ്ങളും  മറ്റും കണ്ണ്, മൂക്ക്, വായ , ചെവി ,വിസർജനാവയവങ്ങൾ,  ശരീരത്തിലെ മുറിവുകൾ മുതലായവയിൽ ഒരു കാരണവശാലും സ്പർശിക്കാൻ ഇടവരുത്താതിരിക്കുക.
2 രോഗബാധയേറ്റവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുക
3.മുലയൂട്ടൽ നടത്താതിരിക്കുക
4.രോഗ ബാധിതനായി മരണപെട്ട ആളുടെ ശവത്തിൽ നേരിട്ട് ഒരു വിധത്തിലും സ്പർശിക്കാതിരിക്കുക.
5.കുരങ്ങുകൾ , വവ്വാലുകൾ , പന്നി  തുടങ്ങിയ ജന്തുജീവികളുടെ ജഡങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാതിരിക്കുക.
6. ഇത്തരം ജന്തു ജീവികളുടെ (ചത്തതോ വേട്ടയാടപ്പെട്ടതോ ആയാലും) ഇറച്ചി കൈകാര്യം ചെയ്യാതിരിക്കുക.
7. രോഗബാധിതരുടെ വസ്ത്രങ്ങളും പുതപ്പുകളും കിടക്കയും മറ്റും നേരിട്ട് കൈകാര്യം ചെയ്യാതിരിക്കുക ( അവ കത്തിച്ച് കളയുകയോ , വൈദ്യ ശാസ്ത്ര വിദഗ്ദരുടെ മേൽനോട്ടത്തിൽ മാത്രം അണുനശീകരണം നടത്തുകയോ ചെയ്യുക
8. രോഗബാധിതരെ വൈദ്യസംഘത്തിന്റെ മേൽനോട്ടത്തിൽ മാറ്റിപാർപ്പിക്കുക.
9. രോഗബാധിതർ ഉപയോഗിച്ച പാത്രങ്ങളും മറ്റും അണുവിമുക്തമാക്കാതെ ഉപയോഗിക്കാതിരിക്കുക.
10. രോഗബാധിതരുടെ ഒപ്പം ഭക്ഷണം പങ്ക് വെച്ച് ഒരേ പാത്രത്തിൽ കഴിക്കാതിരിക്കുക.
11 . രോഗബാധ പടരുന്നു എന്നുള്ള സാമൂഹികാവസ്ഥയിൽ , കൈകളും മറ്റും ശുചിയായി സൂക്ഷിക്കുക. (പൂർണ്ണമായ ശുചിത്വം ഈ രോഗത്തെ തടയുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നു എന്നറിയുക)

രോഗ ലക്ഷണം കണ്ട് തുടങ്ങിയാൽ
1. എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക.
2. എത്രയും വേഗം വൈദ്യസംഘത്തിന്റെ മേൽനോട്ടത്തിൽ മാറ്റിപാർപ്പിക്കാൻ തയ്യാറാവുക
3. ഈ കാലയളവിൽ രോഗ ബാധിതനുമായി നേരിട്ട് ബന്ധപെട്ടിരിക്കാൻ ഇടയുള്ളവരെ നിരീക്ഷണ പരിധിയിലാക്കുക; അവർ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതും മറ്റും തടയുക. അവരെ വൈദ്യ പരിശോധനകൾക്ക് വിധേയരാക്കുക
4.വൈദ്യ സംഘത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക.
എബോള രോഗത്തിന് മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും , ഭവനത്തിൽ വെച്ചുള്ള ചികിത്സയെക്കാളും ആരോഗ്യകേന്ദ്രങ്ങളിലുള്ള ചികിത്സ വഴിയായി (പ്രധാനമായും , പനി കുറയ്ക്കാനും , വേദനകുറയ്ക്കാനും ഒക്കെയുള്ള മരുന്നുകൾ ആണ് നൽകപ്പെടുന്നത്. ഒപ്പം പോഷകാഹാരങ്ങളും നിർജലനീകരണം തടയാനുള്ള ക്രമീകരണങ്ങളുമൊക്കെ നല്കും.) കുറേപ്പേർ രോഗവിമുക്തരായിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒപ്പം ഇത് സമൂഹത്തിലേക്ക് ക്രമാതീതമായി പടരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഈ രോഗാവസ്ഥയ്ക്ക് കാരണമായ അണുക്കൾ  ഈർപ്പാവസ്ഥയിലാണ് ജീവിക്കുന്നതും  പകരാനിടയാവുന്നതും . ശരീരത്തിനു വെളിയിലുള്ള അവസ്ഥയിൽ ഈ രോഗാണുവിന്  അധികം പ്രതിരോധ ശേഷിയില്ല. സോപ്പ് , ബ്ലീച്ചിംഗ് , സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ, വരൾച്ച എന്നിവയിലൂടെ നശിച്ച് പോകുകയും ചെയ്യും. അതിനാൽ തന്നെ ശരീര ശുചിത്വം പാലിക്കയും  രോഗം മൂർച്ഛിച്ചവരിൽ നിന്നും പകരാതിരിക്കാൻ മുൻകരുതലെടുക്കുകയും ഒക്കെയാണ് പ്രധാനമായുള്ളത്.

നൈജീരിയ ഗവണമെന്റ് ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഫലമായിട്ടാവണം , പടർന്ന് പിടിച്ചേക്കാമായിരുന്ന ഈ മഹാമാരി (റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഉണ്ടാകാനിടയുണ്ടെങ്കിലും) ഇപ്പോൾ കുറെയൊക്കെ നിയന്ത്രണാവസ്ഥയിലാണെന്ന് പറയാം. പക്ഷേ ആൾക്കാരെ ഈ രോഗത്തെ ക്കുറിച്ച് ബോധവൽക്കരിക്കുന്നതിൽ ഇപ്പോഴും വളരെ പുറകിലാണെന്നതിനാൽ പരക്കുന്ന അഭ്യൂഹങ്ങളിലും തെറ്റായ ചികിത്സാ- പ്രതിരോധ മാർഗ്ഗങ്ങളിലുമൊക്കെ  വീണുപോകുന്നു വിദ്യാഭ്യാസമുള്ളവർ പോലും..!

ഉപ്പ് കഴിക്കുന്നതും , ഉപ്പ് വെള്ളം കുടിക്കുന്നതും ഉപ്പ് കലർത്തിയ ചൂട് വെള്ളത്തിൽ കുളിക്കുന്നതും ഒക്കെ എബോള രോഗം പകരാതിരിക്കാൻ കാരണമാകുമെന്നത് കേട്ട് (ടെക്സ്റ്റ് മെസേജ് ആയി പ്രചരിക്കുകയാണീ  തെറ്റായ നിർദ്ദേശങ്ങൾ ) അതേപടി ശ്രമിച്ച ഏതാണ്ട് 20 തിലധികം സ്വദേശികൾ ആശുപത്രിയിലായതായി വാർത്തയുണ്ട്; 2 പേർ മരിച്ചുവെന്നും. അതുപോലെ  കൂടോത്ര ചികിത്സകരുടെ (Black magic, Juju, Witch Craft) കേന്ദ്രമാണ് നൈജീരിയ. ഇത്തരം ഒരു ചികിത്സാവിദ്വാൻ പറയുന്നത് 16  വയസ്സായ ആമയുടെ കണ്ണ് , രാജവെമ്പാലയുടെ തുടിക്കുന്ന ഹൃദയം , സിംഹത്തിന്റെ രഹസ്യഭാഗത്തെ ഏഴ് രോമങ്ങൾ ഇതിലേതെങ്കിലും കൊണ്ട് വന്നാൽ എബോളയെയൊക്കെ പറപറപ്പിക്കും എന്നാണ് ; ഇനി ഇതൊക്കെ അന്വേഷിച്ച് പോയി എത്രയെണ്ണം ചാവുമെന്ന് കണ്ടറിയാം..!

നൈജീരിയയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക
നൈജീയയിലേക്ക് വരുന്നവരെയെല്ലാം കർശനമായ ശരീര ഊഷ്മാവ് പരിശോധനകൾക്ക് വിധേയമാക്കപെടുന്നുണ്ട്. യാത്ര തുടങ്ങും മുൻപ് പനി  പരിശോധന നന്നായിരിക്കും; ചെറിയ പനിയേ ഉള്ളൂവെങ്കിലും ഇവിടേക്കുള്ള  യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. ശരീര ഊഷ്മാവ് ഒരു പരിധിക്ക് മുകളിൽ കാണിക്കുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുവാൻ സാധ്യതയുണ്ട്.  ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ യാത്രയ്ക്ക് നിർബന്ധിതരാവുന്നവർ അവശ്യം പനി  മരുന്നുകളും ഫേസ് മാസ്കും  മറ്റും കരുതുന്നത് നന്നായിരിക്കും. യെല്ലോ ഫീവർ വാക്സിനേഷൻ കാർഡ്  മറക്കാതെ കരുതുക.

എയർപ്പോർട്ടിലും മറ്റും ആരെയെങ്കിലും രോഗബാധിതരായി സംശയം തോന്നിയാൽ ഉടൻ തന്നെ അടുത്തുള്ള എയർപോർട്ട് സ്റ്റാഫിനെ വിവരം അറിയിക്കുക. ആരെങ്കിലും കുഴഞ്ഞ് വീഴുകയോ മറ്റോ ചെയ്‌താൽ സ്വയം സഹായിക്കാൻ ശ്രമിക്കാതെ എയർപോർട്ട് സ്റ്റാഫിനെയോ ഹെൽത്ത് ഓഫീസർമാരേയോ വിവരമറിയിക്കുക. ഭക്ഷണ സാധനങ്ങളും മറ്റും ഷെയർ ചെയ്യാതിരിക്കുക. ടോയ് ലറ്റ് ഉപയോഗം ശുചിത്വമുള്ളതാക്കുവാൻ ശ്രദ്ധിക്കുക. ചെറിയ സോപ്പ് / സോപ്പ് ലായനി , ടവൽ മുതലായവ കയ്യിൽ കരുതി ഉപയോഗിക്കുക. 
 

നൈജീരിയയിൽ നിന്ന് പോകുന്നവരെയും മോണിറ്റർ ചെയ്യപെടുന്നുണ്ട്. ഇന്ത്യയിൽ  മിക്ക  എയർപോർട്ടുകളിലും ആഗമന കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരെ നിയമിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ സ്വയമോ മറ്റുള്ളവരിലോ രോഗസംശയം തോന്നിയാൽ ഉടനെ തന്നെ റിപ്പോർട്ട് ചെയ്യുക. അവർ നിർദ്ദേശിക്കുന്ന പരിശോധനകളുമായി സഹകരിക്കുക. ഈ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യാതെ  മറച്ച് വെയ്ക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും നമ്മുടെ സമൂഹത്തിന്റെയും മരണഹേതുവാകുമെന്ന് അറിയുക.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് : വിവിധ പത്ര റിപ്പോർട്ടുകൾ, വിവിധ രാജ്യങ്ങളിലെ ജാഗ്രതാ നിർദ്ദേശ കുറിപ്പുകൾ, വിക്കിപീഡിയ , യൂണിസെഫ് പോസ്ററുകൾ തുടങ്ങിയവ.

No comments:

Post a Comment