Wednesday, September 26, 2007

അപ്പോഴേ പറഞ്ഞില്ലേ...,!

നൈജീരിയ വിശേഷങ്ങളിലെ കഴിഞ്ഞ പോസ്റ്റിന്റെ വിഷയം പത്രമാദ്ധ്യമങ്ങളിലും..! നൈജീരിയ പോലുള്ള പ്രദേശങ്ങളിലെ വന്‍കിട ജോലി വാഗ്ദാനതട്ടിപ്പുകളില്‍ കുടുങ്ങിയവര്‍ നിരവധിയത്രേ. ഇത്‌ കേരളകൗമുദി പത്രം സെപ്റ്റംബര്‍ 21 ന്റെ ഓണ്‍ലൈന്‍ പ്രിന്റ്‌ എഡിഷനില്‍ നിന്നും..


(ചിത്രം വലുതായികാണുവാന്‍ അതില്‍ ക്ലിക്ക്‌ ചെയ്താല്‍ മതി)


ഫ്രാന്‍സിസ്‌ എന്നൊരാള്‍ നല്‍കിയ പരാതിയെകുറിച്ചാണു വാര്‍ത്ത. ജോലിവാഗ്ദാന തട്ടിപ്പില്‍ പെട്ട്‌ 72000 രൂപയോളം നഷ്ടപെട്ടുവത്രേ. ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതും നൈജീരിയ പോസ്റ്റില്‍ മാതൃകയാക്കി കാണിച്ചിരുന്നതും ഷെവ്‌റോണ്‍ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണന്നത്‌ യാദൃശ്ചികമാകാം.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയും ജോലി നല്‍കുവാന്‍ വേണ്ടി അങ്ങോട്ട്‌ പണമൊന്നും വാങ്ങില്ല എന്ന സാമാന്യബോധം മാത്രം മതി ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കുവാന്‍. ഓണ്‍ലൈന്‍ ജോലി തട്ടിപ്പുകളില്‍ പെട്ട്‌ പണം നഷ്ടപെടാതിരിക്കുവാന്‍ വളരെയധികം സൂക്ഷിക്കുക.

വാര്‍ത്തയ്ക്ക്‌ കടപ്പാട്‌: കേരള കൗമുദി ഓണ്‍ലൈന്‍ പ്രിന്റ്‌ എഡിഷന്‍- സെപ്റ്റംബര്‍21

Wednesday, September 05, 2007

നൈജീരിയ - തൊഴില്‍ മേഖലയും തട്ടിപ്പുകളും.

കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ ബ്ലോഗിലെ ചില സുഹൃത്തുക്കള്‍ സമാനമായ കുറച്ചു മെയിലുകള്‍ അയക്കുകയുണ്ടായി.വിഷയം സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടേയോ നൈജീരിയയിലേക്കുള്ള ജോബ്‌ റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ചുള്ള സംശയകരമായ ഇ-മെയില്‍ സന്ദേശങ്ങളെ കുറിച്ചുള്ളതാണ്‌. ഒപ്പം ഏതാണ്ട്‌ ഇതേ വിഷയത്തില്‍ നാട്ടിലെ നിരവധി സുഹൃത്തുക്കളും അന്വേഷിച്ചിരുന്നു. വളരെയധികം പേര്‍ കബളിപ്പിക്കപ്പെടാനിടയുള്ള ഒരു വിഷയമായതിനാല്‍ തന്നെ ബ്ലോഗില്‍ താല്‍ക്കാലികമായി സജീവമല്ലായെങ്കിലും ഒരു കുറിപ്പ്‌ ആകാമെന്ന് കരുതുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പറുദീസയായ നൈജീരിയയിലെ പുതിയ ഇനം തട്ടിപ്പുകളിലൊന്നാണീ ഇ-മെയില്‍ റിക്രൂട്ട്‌മന്റ്‌ എജന്‍സികള്‍ എന്നറിയുക. മോണ്‍സ്റ്റര്‍.കോം പോലുള്ള ജോബ്‌ സൈറ്റുകളില്‍ രെജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നുമൊക്കെയാണ്‌, റിക്രൂട്ട്‌മന്റ്‌ നടത്തേണ്ടവരുടെ ഇ-മെയില്‍ ഐ.ഡി.കള്‍ ഇവര്‍ കരസ്ഥമാക്കുന്നത്‌ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പിന്നെ, മാതൃകയായി വിശകലനം ചെയ്ത മിക്ക ഉദ്യോഗാര്‍ത്ഥികളുടെയും മെയില്‍ ഐ.ഡി. റെഡിഫ്‌ ഡോട്ട്‌ കോം ആണന്നത്‌ ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം.

നിങ്ങളുടെ പ്രൊഫഷനു ഏറക്കുറെ അനുയോജ്യമായ തരത്തിലുള്ള ഒരു ജോലിക്ക്‌ നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ മള്‍ട്ടിനാഷണല്‍ കമ്പനികളിലേതിലെങ്കിലും നിങ്ങളെ തിരഞ്ഞെടുത്തുവെന്ന് അറിയിക്കുന്ന ഇ-മെയില്‍ സന്ദേശത്തോടെയാണ്‌ തുടക്കം. ആദ്യമെയിലുകളില്‍ മിക്കവാറും ഏതെങ്കിലും ജോബ്‌ സൈറ്റുകളുടെ റെഫറന്‍സ്‌ കൊടുത്തിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു വിശ്വാസ്യതയ്ക്കായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ചോദിക്കുവാനും ഇടയുണ്ട്‌.പിന്നെ എന്തായാലും രണ്ട്‌ മൂന്ന് ദിവസം കഴിഞ്ഞേ പ്രതികരണം ഉണ്ടാകുകയുള്ളൂ..കമ്പനിയുമായി ഇടപാടുനടത്തി നിങ്ങളുടെ ജോലി ഉറപ്പാക്കാനുള്ള കുറഞ്ഞ സമയമെങ്കിലും വേണ്ടേ..!!. നിങ്ങള്‍ ആ കടമ്പ കടന്നു എന്നറിയിക്കുന്ന മെയില്‍ തൊട്ടുപുറകെ എത്തും. മിക്കവാറും അതിന്റെ ഒപ്പമോ അല്ലെങ്കില്‍ പ്രത്യേകമായോ, ഏതു കമ്പനിയിലേക്കാണോ നിങ്ങളെ തിരഞ്ഞെടുത്തത്‌, അവരുടെ തന്നെ ലെറ്റര്‍ ഹെഡില്‍ (ചിത്രം നോക്കുക) ജോലിയിലേക്ക്‌ നിങ്ങളെ ക്ഷണിച്ച്‌ കൊണ്ടുള്ള ഒരു കത്തും ,പിന്നെ ജോബ്‌ കോണ്ട്രാക്റ്റ്‌ ഒപ്പ്‌ വെയ്ക്കുന്നതിലേക്ക്‌ ഒരു റിക്രൂട്ടിംഗ്‌ ഏജന്‍സിയെ ചുമതലപ്പെടുത്തികൊണ്ടുമൊക്കെയുള്ള കത്തിന്റെ കോപ്പി,തുടങ്ങിയവ ചിലപ്പോള്‍ എം.എസ്‌. വേര്‍ഡില്‍ റ്റൈപ്പ്‌ ചെയ്തോ, അല്ലെങ്കില്‍ കുറച്ച്‌ കൂടി 'ഉറപ്പ്‌' തോന്നിപ്പിക്കുവാന്‍ പ്രിന്റ്‌ എടുത്തതിന്റെ സ്കാന്‍ കോപ്പിയോ ആകും അയച്ചുകിട്ടുക. മിക്കവാറും ഇതില്‍ കണ്ടാല്‍ മോഹിപ്പിക്കുന്ന തരത്തിലുള്ള ഒരു 'സാലറിയും' അവര്‍ പറഞ്ഞിട്ടുണ്ടാകും..ഇത്‌ ഏകദേശം പ്രതിമാസം 20000 ഡോളര്‍ മുതല്‍ 30000 ഡോളര്‍ വരെ ആകാം..ചില ഭാഗ്യവാന്മാര്‍ക്ക്‌ 35000-40000 ഡോളറിനു മുകളിലും..!! ഇത്‌ ഇവിടുത്തെ എല്ലാവിധ ചിലവുകള്‍ക്കും ശേഷം, ടാക്സ്‌ ഫ്രീ ആയിട്ട്‌ തന്നെ നാട്ടിലെ ബാങ്കിലെ അക്കൗണ്ടില്‍ ഇട്ട്‌ തരും എന്നൊക്കെ പറയും. പിന്നെയും ചിലപ്പോള്‍ ഒന്ന് രണ്ട്‌ ദിവസം..വിസ, എമിഗ്രേഷന്‍ ഒക്കെ ശരിയാക്കണ്ടേ..!!




ഇതിനിടയില്‍ നിങ്ങള്‍ അയക്കുന്ന ഓരോ സംശയദുരീകരണ അന്വേഷണ മെയിലുകള്‍ക്കും അവര്‍ മറുപടിയും തരും, ഒപ്പം നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റും വിധത്തിലുള്ള പുതിയ പുതിയ ഓഫറുകളും അയച്ചുകൊണ്ടിരിക്കും. കഴിഞ്ഞ മാസത്തില്‍ എന്റെ കമ്പനിയില്‍ എത്തിയ സുഹൃത്തിനും(ഇദ്ദേഹം ദുബയില്‍ നിന്നും കമ്പനിയുടെ നേരിട്ടുള്ള റിക്രൂട്ട്‌മന്റ്‌ വഴി എത്തിയതാണ്‌)ഇതേ അനുഭവം ഉണ്ട്‌..ഇദ്ദേഹത്തിനു കിട്ടിയ മെയിലുകളില്‍, ഇവിടെ കൊടുക്കാന്‍ പോകുന്ന 'ലാപ്‌ ടോപ്പിന്റെ' സ്പെസിഫിക്കേഷന്‍ , മൊബെയില്‍ ഫോണ്‍ കണക്ഷന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ വരെ അയച്ചുകൊടുത്തിരുന്നുവത്രേ..

ഇവിടുത്തെ താമസസൗകര്യത്തിന്റെ വിവരണം, ഓഫീസ്‌ സൗകര്യങ്ങള്‍, ഉദ്യോഗാര്‍ത്ഥിയ്ക്കും ഫാമിലിയ്ക്കും കിട്ടുന്ന മറ്റ്‌ സൗകര്യങ്ങള്‍,അവധി ദിനങ്ങളുടെയും, ഇന്‍ഷുറന്‍സിന്റെയും മറ്റും വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം പടിപടിയായോ, ഒരുമിച്ചോ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും.

നിങ്ങളുടെ വിശ്വാസം ഏതാണ്ട്‌ ആര്‍ജ്ജിച്ച്‌ കഴിയുമ്പോളാകും ( അല്ലെങ്കില്‍ ഇര എതാണ്ട്‌ ചൂണ്ടയില്‍ കൊത്തിയെന്ന് അവര്‍ക്ക്‌ തോന്നുമ്പോള്‍..) ഇവിടുത്തെ എന്തെങ്കിലും ഒരു തടസ്സ കാരണം (അത്‌ മിക്കവാറും സത്യവും ആയിരിക്കും- ഒരു ബ്ലോഗ്‌ സുഹൃത്തിന്റെ മെയില്‍ വരുമ്പോള്‍ ഇവിടെ പ്രസിഡെന്‍ഷ്യല്‍ ഇലക്ഷന്റെ തിരക്കായിരുന്നു..അതു തന്നെ ആണെന്ന് തോന്നുന്നു അന്ന് കാരണമായി പറഞ്ഞിരുന്നത്‌..! )വിസ പ്രോസസിംഗിനും ഇമിഗ്രേഷനും ഒക്കെ അപ്രതീക്ഷിതമായി ഉണ്ടായി എന്ന് പറഞ്ഞ്‌ കൊണ്ടുള്ള മെയില്‍ അയക്കുകയാണീ തട്ടിപ്പിന്റെ അടുത്തപടി. അതിനോടൊപ്പം തന്നെയോ, അല്ലെങ്കില്‍ പ്രത്യേകമായോ, ഈ തടസ്സം മാറ്റാന്‍ കുറച്ച്‌ ചിലവുണ്ടന്നും, അതിലേക്കായി തല്‍ക്കാലം ചില്ലറ ഡോളര്‍' അയക്കണമെന്നും കാണിക്കുന്ന മെയില്‍ ലഭിക്കും. ഇത്‌ മിക്കവാറും 1000 മുതല്‍ 3000 ഡോളര്‍ വരെ ആകാം. അതിനപ്പുറം പോകാറില്ലന്നണു മനസ്സിലാക്കുവാന്‍ കഴിഞ്ഞത്‌. ഈ തുക തല്‍ക്കാലം ഉദ്യോഗാര്‍ത്ഥി കൊടുക്കുകയും പിന്നീട്‌ ജോലിക്ക്‌ എടുക്കുന്ന സ്ഥാപനം റീഫണ്ട്‌ ചെയ്യുമെന്നും അതാത്‌ 'കമ്പനി ലെറ്റര്‍ ഹെഡില്‍' അവരുടെ ഹ്യൂമന്‍ റിസോര്‍സ്‌ മാനേജര്‍മാരെ കൊണ്ട്‌ എഴുതി ഒപ്പിട്ട്‌ വാങ്ങി നിങ്ങള്‍ക്ക്‌ അയച്ചു തന്നാല്‍ പിന്നെ എങ്ങിനെ വിശ്വസിക്കാതിരിക്കും..! (ചില ഏജന്‍സികള്‍ ഇതെല്ലാം കൂടി ഒന്നോ രണ്ടോ മെയിലുകളില്‍ ഒതുക്കുമ്പോള്‍ മറ്റു ചിലരാകട്ടെ, ഇതൊരു വലിയ പ്രോസസ്സ്‌ ആയി ചിത്രീകരിച്ച്‌ വിശ്വാസം പിടിച്ച്‌ പറ്റും..!)

20000- 30000 യു എസ്‌ ഡോളര്‍ ഒക്കെ പ്രതിമാസ ശമ്പള സാധ്യതയുള്ള ഒരു 'മള്‍ട്ടിനാഷണല്‍ കമ്പനി ജോലിക്ക്‌ ഈ 1000-3000 ഡോളര്‍ ചിലവ്‌ 9അതും റീഫണ്ട്‌ ചെയ്യപ്പെടുന്നത്‌..!!) വലിയ ഒരു സംഭവമാണോ എന്ന് ചിന്തിയ്ക്കുന്ന 'മിടുക്കന്‍' മാരെ തന്നെയാണ്‌ ഇവര്‍ ലക്ഷ്യമിടുന്നത്‌..!! ഈ തുക നിങ്ങള്‍ നേരിട്ട്‌ അയക്കണമെന്നില്ല, മണിട്രാന്‍സ്ഫര്‍ വഴി കിട്ടിയാലും മതി..അല്ലെങ്കില്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ മുഖാന്തിരമുള്ള ട്രാന്‍സ്ഫര്‍..! (എന്തെല്ലാം സൗകര്യങ്ങള്‍, അല്ലെ...!!)

ഇത്തരം ജോലി വാഗ്ദാന മെയിലുകള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക്‌ തന്നെയോ ലഭിക്കുമ്പോള്‍ ഒരു കാര്യം മാത്രം ചിന്തിയ്ക്കുക.. ഇത്രയും അധികം തുക പ്രതിമാസം ശമ്പളം പറ്റുവാന്‍ അര്‍ഹതയുണ്ടോ..ഒരു സ്വയം വിലയിരുത്തല്‍..ഉണ്ട്‌ എന്ന് തോന്നിയാല്‍ ,ഇത്ര വിലയേറിയ സേവനം തേടുകയും, അതിനു ഇത്രയും അധികം തുക ശമ്പളമായി തരാന്‍ കെല്‍പ്പുള്ള സ്ഥാപനത്തിനു ഈ കാലഘട്ടത്തില്‍ എന്തായാലും ഒരു വെബ്‌ സൈറ്റ്‌ എങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുകയും, ഒന്ന് പരതിനോക്കാനുള്ള വ്യഗ്രതയും കാട്ടുക.

നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മള്‍ട്ടിനാഷണല്‍ കമ്പനികളുടെയും വെബ്‌ സൈറ്റുകളിലെ കരിയര്‍- ജോബ്‌ വിഭാഗത്തിന്റെയും ആദ്യ പേജില്‍ തന്നെ 'ഞങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒരു കാരണവശാലും ഒരു തുകയും എവിടെയും അടയ്ക്കേണ്ട അവസ്ഥ ഇല്ലെന്നും, അങ്ങിനെ നടക്കുന്നുണ്ടെങ്കില്‍ അത്‌ തികച്ചും ഫ്രോഡ്‌ റിക്രൂട്ട്‌മന്റ്‌ ആണെന്നും' കാണിക്കുന്ന ഒരു അറിയിപ്പ്‌ ഉണ്ടാകും.( ഇതൊക്കെ ഈ അടുത്ത കാലത്ത്‌ ചേര്‍ത്തതാണ്‌, അത്രയധികം തട്ടിപ്പു നടക്കുന്നുണ്ട്‌ എന്നതിനു വേറെ തെളിവു വേണോ.)

അതുപോലെ തന്നെ , ഞാന്‍ നേരിട്ട്‌ അന്വേഷിച്ചിടത്തോളം, നൈജീരിയയിലെ മിക്കവാറും വമ്പന്‍ കമ്പനികള്‍ ഒന്നും തന്നെ ഇങ്ങിനെ പ്രൈവറ്റ്‌ എജന്‍സി വഴിയായി റിക്രൂട്ട്‌മന്റ്‌ നടത്തുന്നില്ല. ഇവരോട്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചില കോണ്ട്രാക്റ്റ്‌ സ്ഥാപനങ്ങളും മറ്റും ( ഇത്‌ മിക്കവാറും നൈജീരിയന്‍ ഒറിജിന്‍ ആകും) ജോലിക്ക്‌ ആളെ എടുക്കാറുണ്ട്‌, പക്ഷേ അവര്‍ക്ക്‌ ഈ യഥാര്‍ത്ഥ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്ക്‌ കിട്ടുന്ന യാതൊരു വിധ ആനൂകൂല്യങ്ങള്‍ക്കും, ജീവിത സൗകര്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവാറില്ല. വിദേശികളെ തട്ടികൊണ്ട്‌ പോകുന്നതുള്‍പ്പെടെ തികച്ചും അപകടകരമായ (ഇക്കാര്യങ്ങള്‍ വിശദമായി നൈജീരിയ ഡയറിയില്‍ മുന്‍പ്‌ എഴുതിയിരുന്നു) തൊഴില്‍ മേഖലയിലേക്ക്‌ വരുവാന്‍ തയ്യാറെടുക്കും മുന്‍പ്‌, വളരെ വ്യക്തമായും കൃത്യമായും ജോലി ചെയ്യാന്‍ പോകുന്ന സ്ഥാപനത്തോട്‌ നേരിട്ട്‌ തന്നെ അന്വേഷിച്ച്‌ തീരുമാനമെടുക്കേണ്ടതുണ്ട്‌.

ചില തൊഴില്‍ സേവന ഏജന്‍സികള്‍, നിങ്ങള്‍ക്ക്‌ ഇങ്ങോട്ടുള്ള യാത്രപ്പടി ഇപ്പോള്‍ തന്നെ നാട്ടിലെ ബാങ്ക്‌ അക്കൗണ്ടില്‍ ജോലി കിട്ടാന്‍ പോകുന്ന കമ്പനി വഴി എത്തിക്കാമെന്ന് പറയും.,ലക്ഷ്യം ഒന്നേയുള്ളൂ..നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ കരസ്ഥമാക്കുക.!ഓണ്‍ലൈന്‍ ബാങ്കിംഗ്‌ ഇടപാടുകള്‍ നടത്തരുത്‌,അല്ലെങ്കില്‍ വളരെ അധികം കരുതലോടെ മാത്രം നടത്തുക എന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തന്നെ നൈജീരിയയിലെ ഇന്ത്യന്‍ വംശജര്‍ക്ക്‌ സര്‍ക്കുലര്‍ അയച്ച്‌ മുന്നറിയിപ്പ്‌ കൊടുത്തിട്ടുണ്ട്‌.

ഇനി ഇവിടുത്തെ തൊഴില്‍ മേഖലയെകുറിച്ചുകൂടി ചുരുക്കി പറയാം. വളരെ അധികം തൊഴില്‍ സാധ്യതകള്‍ ഉള്ള സ്ഥലം തന്നെയാണു നൈജീരിയ. പെട്രോളിയം അനുബന്ധവ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒട്ടുമിക്ക മള്‍ട്ടിനാഷണല്‍ കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ മിക്കതിന്റെയും പ്രവര്‍ത്തനമേഖല പെട്രോളിയം സിറ്റി എന്നറിയപ്പെടുന്ന പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിലും പരിസരങ്ങളിലുമാണ്‌. പ്രധാന ഓഫീസുകള്‍ പഴയ തലസ്ഥാനമായ ലാഗോസ്‌, ഇപ്പോഴത്തെ തലസ്ഥാനനഗരിയായ അബുജ തുടങ്ങിയ സ്ഥലങ്ങളിലും. (പ്രധാനപ്പെട്ട രണ്ട്‌ പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന 'ഒന്നേ' ഓയില്‍& ഗ്യാസ്‌ ഫ്രീ സോണില്‍ ആണു ഞാനിപ്പോള്‍ ഉള്ളത്‌. നേരത്തെ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിനടുത്ത്‌ അമാദി ക്രീക്ക്‌ എന്ന പ്രദേശത്തും - ഒന്നേ പ്രദേശത്തെ പരാമര്‍ശിക്കുന്ന കുറിപ്പ്‌ ഇവിടെ) ഷെല്‍, മോബില്‍, ഷെവ്‌റോണ്‍, ടോട്ടല്‍, തുടങ്ങിയ വമ്പന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളോടൊപ്പം, നൈജീരിയ ലിക്വിഡ്‌ & നാചുറല്‍ ഗ്യാസ്‌ [NLNG] , നൈജീരിയ പെട്രോകെമിക്കല്‍സ്‌ തുടങ്ങിയ തദ്ദേശീയ സ്ഥപനങ്ങളിലും ധാരാളം തൊഴില്‍ അവസരങ്ങളുണ്ടാകാറുണ്ട്‌. ഒരു വര്‍ഷം മുന്‍പ്‌ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ -ഇന്തോനേഷ്യന്‍ സംരംഭമായ ഇന്തോരമ (ഇവിടെ നിന്നാണ്‌ കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ -കഴിഞ്ഞ മെയ്‌ മാസ്ത്തില്‍ - കുറച്ച്‌ ഭാരതീയരെ തട്ടികൊണ്ട്‌ പോയതും വാര്‍ത്തയായതും) യില്‍ 90 ശതമാനത്തിലധികം ഉദ്യോഗസ്ഥരും ഭാരതീയരാണ്‌. ലാഗോസ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളിലും ഭാരതീയര്‍ ധാരാളമായുണ്ട്‌, മലയാളികളും. ( നിരവധി ഇന്ത്യന്‍ കമ്പനികള്‍ നൈജീരിയയില്‍ ഉണ്ടെങ്കിലും, സേവന വേതന വ്യവസ്ഥകളും, അവധി ദിനങ്ങളുടെ ക്രമീകരണവും ഒന്നും അത്ര മെച്ചമാണെന്ന് കേട്ടിട്ടില്ല, വിശദമായി അറിയില്ല.)

ഇവിടെ കമ്പനികള്‍ ഗസ്റ്റ്‌ ഹൗസുകളിലോ, സ്വന്തം ക്യാമ്പുകളിലോ, അല്ലെങ്കില്‍ പുറത്ത്‌ വലിയ വീടുകള്‍ എടുത്ത്‌ കൊടുത്തോ ആണ്‌ നേരത്തെയൊക്കെ ഉദ്യോഗസ്ഥര്‍ക്ക്‌ താമസസൗകര്യം ഒരുക്കിയിരുന്നത്‌.സ്വന്തം നിലയില്‍ വീടുകള്‍ വാടകയ്ക്ക്‌ എടുത്ത്‌ താമസിക്കുവാനും അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തട്ടികൊണ്ട്‌ പോകല്‍ പോലുള്ള ഭീക്ഷണികള്‍ നിലനില്‍ക്കുന്നതിനാല്‍(ഇപ്പോള്‍ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌-ഒന്നേ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന റിവര്‍ സ്റ്റേറ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌) മിക്ക കമ്പനികളും വളരെ അധികം സുരക്ഷാസംവിധാനങ്ങളോടെ സ്വന്തമായി ക്യാമ്പ്‌ ഉണ്ടാക്കുകയോ, ഇത്തരം ക്യാമ്പുകള്‍ വാടകയ്ക്ക്‌ എടുത്ത്‌ താമസസൗകര്യം ഒരുക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.പുറത്തേക്കുള്ള യാത്ര തുടങ്ങിയവയ്ക്കും വളരെയധികം സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ട്‌.

ഇവിടെ ഇപ്പോള്‍ മിക്ക കമ്പനികളും ഫാമിലിയെ കൊണ്ട്‌ വരുന്നത്‌ പ്രോത്സാഹിപ്പിക്കുന്നില്ല എന്നറിയുക. പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെ പൂട്ടികഴിഞ്ഞു..(ഇവിടുത്തെ സ്ഥിതിവിശേഷങ്ങള്‍ മാറി വരുന്ന മുറയ്ക്ക്‌ ഇതെല്ലാം പുനസ്ഥാപിക്കപെടുമായിരിക്കാം..!) എന്റെ കമ്പനിയിലെ വനിതാ സ്റ്റാഫ്‌ ഒക്കെ അവധിക്കുപോയിട്ട്‌ തിരികെ വരാനാകാതെ കുഴങ്ങിയിരിക്കുകയാണ്‌. യൂറോപ്യന്‍ -ഇന്ത്യന്‍ കമ്പനികളിലെവിടെയും ഇപ്പോള്‍സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവരുവാന്‍ അനുവദിക്കുന്നില്ല.

മിക്ക റെസിഡെന്‍ഷ്യല്‍ ക്യാമ്പുകളും വളരെ മനോഹരവും സൗകര്യപ്രദമായ താമസത്തിനു പറ്റിയതുമാണ്‌,കാലാവസ്ഥയും (പ്രത്യേകിച്ച്‌ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌/ ഒന്നേ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന റിവര്‍ സ്റ്റേറ്റ്‌) എന്തുകൊണ്ടും നല്ലത്‌ തന്നെയാണ്‌..മഴയും അത്ര അധികമല്ലാത്ത ചൂടും ആണ്‌ മിക്കവാറും. ഞാന്‍ നേരത്തെ താമസിച്ചിരുന്ന അമാദി ക്രീക്ക്‌ പ്രദേശമൊക്കെ ഏതാണ്ട്‌ കുട്ടനാടിനു തുല്യം മനോഹരമാണ്‌.തെങ്ങുകളും കായലും, വാഴയും ചേമ്പും ചേനയുമൊക്കെ കണ്ടാല്‍ നാട്ടിലെത്തിയ പ്രതീതി തന്നെയാണ്‌. ക്യാമ്പിനും തൊഴിലിടത്തിനും പുറത്തേക്കുള്ള യാത്രയ്ക്കൊക്കെ പരിമിതികള്‍ ഒക്കെയുണ്ടെങ്കിലും, മിക്ക കമ്പനികളും വര്‍ഷത്തില്‍ കുറഞ്ഞത്‌ മൂന്ന് നാലു തവണയെങ്കിലും നാട്ടില്‍ പോകാന്‍ ടിക്കറ്റും അവധി ശമ്പളവുമുള്‍പ്പെടെ നല്‍കുന്നുവെന്നതിനാല്‍ അത്ര ബുദ്ധിമുട്ട്‌ തോന്നാറില്ലന്നാണ്‌ ഞാന്‍ സംസാരിച്ച മിക്ക ഇന്ത്യാക്കാരുടെയും അഭിപ്രായം. 100-20, 90 -20,90-30, 60 -25 തുടങ്ങി പലവിധമായ ജോലി-അവധി ദിന ക്രമീകരങ്ങള്‍ ഉണ്ട്‌, ജോലിചെയ്യുന്ന സ്ഥാപനത്തെയും, ജോലിചെയ്യുന്ന ഫീല്‍ഡിനെയും ആശ്രയിച്ചാണ്‌ ഇതൊക്കെ. എന്റെ ഒരു സുഹൃത്ത്‌ വര്‍ഷത്തില്‍ പകുതി ദിനങ്ങള്‍ നാട്ടിലും, ബാക്കി ഇവിടെയുമാണ്‌.60 ദിവസം ജോലി -60 ദിവസം അവധി കൂടെ 2 ദിവസം വെച്ച്‌ ഓരോ അവധിക്കും യാത്രാ സമയവും. (പക്ഷെ ഇത്തരത്തിലാണെങ്കില്‍ അവധി ദിനങ്ങളില്‍ പകുതി ശമ്പളമേ ചില കമ്പനികളില്‍ നല്‍കാറുള്ളൂ) ഇപ്പോള്‍ ഈ തരം അവധിക്രമീകരണങ്ങള്‍ എല്ലാം ഫാമിലി നാട്ടിലാകുന്നത്‌ കൊണ്ടാണ്‌, അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആകും, എങ്കിലും മൊത്തം കുടുംബത്തിന്റെയും സകലവിധയാത്രാ ചിലവുകളും മറ്റും കമ്പനികള്‍ തന്നെ വഹിച്ചിരുന്നു.

ഇവിടെ മിക്ക കമ്പനികളും ശമ്പളം യു.എസ്‌. ഡോളറില്‍ നാട്ടിലെ ബാങ്കില്‍ നിക്ഷേപിക്കുകയാണ്‌ ചെയ്യുക. പിന്നെ ഇവിടുത്തെ പ്രാദേശിക ചിലവുകള്‍ക്കായി മറ്റൊരു തുക (അത്യാവശ്യം അതില്‍ നിന്നും വേണമെങ്കില്‍ നമുക്ക്‌ മിച്ചം പിടിക്കാം..!!) കൊടുക്കും, അത്‌ ഇവിടുത്തെ കറന്‍സിയായ 'നൈറ' യില്‍ ആയിരിക്കും. കമ്പനി വക മെസ്സ്‌ / റെസ്റ്റാറന്റ്‌ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക്‌ പ്രാദേശിക അലവന്‍സ്‌ കുറവോ, ഒട്ടും തന്നെ ഇല്ലാതെയും ആകാം. ഇപ്പോഴത്തെ വിനിമയ നിരക്ക്‌ 130 -129 നൈറയ്ക്ക്‌ ഒരു ഡോളര്‍ എന്നതാണ്‌.

സാമ്പത്തികമായും മറ്റും മിഡില്‍ ഈസ്റ്റ്‌ നെക്കാളും (പെട്രോളിയം, കണ്‍സ്റ്റ്രക്ഷന്‍ മേഖലകളിലാണധികവും) മെച്ചപ്പെട്ട അവസ്ഥയില്‍തന്നെ ജോലി കിട്ടുവാനുള്ള സാധ്യതകള്‍ വളരെ അധികമാണ്‌. അതുകൊണ്ട്‌ തന്നെ ജോലി വാഗ്ദാന കബളിപ്പിക്കപ്പെടലുകള്‍ക്ക്‌ വിധേയമാകാതെ സൂക്ഷിക്കുക.നേരിട്ട്‌ കമ്പനികളുമായി ബന്ധപ്പെടുകയോ, ഇവിടെ ജോലിയെടുക്കുന്നവരുടെ കെയര്‍ ഓഫില്‍ ജോലിയും വിസയും കിട്ടിയ ശേഷം വരികയോ,നാട്ടിലോ (ദുബായ്‌ലും) വച്ച്‌ നടത്തപ്പെടുന്ന കമ്പനികളുടെ തന്നെ ഇന്റര്‍വ്യൂവിലൂടെ (അതും ഉറപ്പ്‌ വരുത്താന്‍ അതാത്‌ കമ്പനികളുടെ ഹ്യൂമന്‍ റിസോര്‍സ്‌ സെന്ററുമായി ബന്ധപ്പെടുക)ജോലി കരസ്ഥമാക്കുകയോ ഒക്കെയാണു നല്ലതും സുരക്ഷിതവും. നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കമ്പനികളുടെ നടത്തിപ്പിനെയും മറ്റുമുള്ള വിവരങ്ങള്‍ തന്ന് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുവാനാകും ( വെബ്‌ സൈറ്റ്‌- http://www.hicomindlagos.com )

ഒരു കാരണവശാലും മതിയായ ഉറപ്പില്ലാതെ സര്‍ട്ടിഫിക്കറ്റുകളുടെയും, പാസ്പോര്‍ട്ടിന്റെയും പകര്‍പ്പും മറ്റും കൊടുക്കാതിരിക്കുക.നമ്മുടെ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകള്‍, (നമ്പര്‍ പോലും) ക്രഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ മുതലായവ ഇവിടുത്തെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയ്ക്കും വിസ പ്രോസസിംഗിനും ഇമിഗ്രേഷന്‍ ക്ലിയറന്‍സീനുമൊന്നും ആവശ്യമില്ല. ശമ്പള സംബന്ധിയായ മണിട്രാന്‍സ്ഫറിനുള്ള അക്കൗണ്ട്‌ നമ്പറും മറ്റും ഇവിടെ വന്ന് ജോലിയില്‍ പ്രവേശിക്കുന്നതിനൊപ്പം മാത്രം നല്‍കിയാല്‍ മതിയാകും. നമ്മുടെ നാട്ടിലെ വിസ സ്റ്റാമ്പിംഗ്‌ , യാത്ര, ഈ ജോലിയില്‍ ചേരുന്നതമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന മറ്റ്‌ ചിലവുകള്‍ തുടങ്ങിയവയെല്ലാം മിക്ക കമ്പനികളും മതിയായ രേഖനല്‍കിയാല്‍ റീഫണ്ട്‌ ചെയ്യുക പതിവാണ്‌, പക്ഷെ അതൊക്കെ ഇവിടെ വന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം മാത്രം!.

ഒന്നുകൂടി, ഇവിടേക്ക്‌ വരും മുന്‍പ്‌ നാട്ടില്‍ നിന്നും യെല്ലോ ഫീവര്‍ ന്റെ ഒരു വാക്സിനേഷന്‍ എടുത്ത്‌ അതിന്റെ കാര്‍ഡ്‌ സൂക്ഷിക്കേണ്ടതുണ്ട്‌- ഇവിടേക്ക്‌ വരാന്‍ അല്ല, തിരികെ നാട്ടില്‍ എത്തുമ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ചിലപ്പോള്‍ ബോധിപ്പിക്കേണ്ടിവരും. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിനോട്‌ ചേര്‍ന്നുള്ള പോര്‍ട്ട്‌ മെഡിക്കല്‍ ക്ലിനിക്കില്‍ ഇത്‌ എടുക്കാം.(പുറത്തെ പ്രൈവറ്റ്‌ ക്ലിനിക്കുകളില്‍ ഇതിനു അമിതമായ ചാര്‍ജ്ജ്‌ വാങ്ങുന്നുണ്ട്‌ എന്ന് കേട്ടിട്ടുണ്ട്‌, ഈ ക്ലിനിക്കില്‍ 200 രൂപയോ മറ്റോ ആണു ചാര്‍ജ്ജ്‌) ഈ 'മഞ്ഞകാര്‍ഡ്‌' എല്ലാതവണയും യാത്ര ചെയ്യുമ്പോള്‍ കൂടെ കരുതേണ്ടതുണ്ട്‌.

ഇവിടുത്തെ തൊഴില്‍ സാധ്യതകളെയും, ജോലി തട്ടിപ്പിനെയും പറ്റി കുറേ കാര്യങ്ങള്‍ കൂടി എഴുതണമെന്നുണ്ട്‌, ഇപ്പോഴത്തെ പുതിയ ജോലിയിലെ തിരക്കും മറ്റും അനുവദിക്കുന്നില്ലന്ന കാരണം തല്‍ക്കാലം കുറിപ്പ്‌ ചുരുക്കുന്നു; ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറേയെങ്കിലും വിശദമാക്കി എന്ന വിശ്വാസത്തില്‍

ആശംസകളോടെ
അലിഫ്‌