ഇന്ധന വില കയറ്റത്തിനെതിരെയുള്ള തൊഴിലാളി സമരം ഒരു വശത്ത് ശക്തിപ്രാപിക്കുന്നു, മറുവശത്ത് ബോക്കോ ഹറമെന്ന തീവ്രവാദ സംഘടന സ്ഫോടന പരമ്പരകളിലൂടെയും വെടിവെയ്പ്പിലൂടെയും നിരവധി സാധാ മനുഷ്യരെ കൊന്നൊടുക്കുന്നു..2012 പ്രസിഡന്റ് ഗുഡ്ലക്ക് ജോനഥന് 'ബാഡ് ലക്ക്' ആയേക്കുമോ എന്നാണ് നൈജീരിയൻ ജനത ഇപ്പോൾ ഉറ്റുനോക്കുന്നത്.
മിക്കപ്രദേശങ്ങളിലേയും ഗവൺമന്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും കഴിഞ്ഞ നാലു ദിവസമായി അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ നാമമാത്രമായി പ്രവർത്തിക്കുന്നുണ്ട്. എയർപ്പോർട്ടുകൾ അന്താരാഷ്ട്ര സർവ്വീസുകൾക്കായി ഭാഗികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും വിമാനങ്ങൾ പലതും റദ്ദാക്കിയിരിക്കുകയാണ്; പ്രത്യേകിച്ച് യൂറോപ്യൻ സെക്റ്റർ. ഖത്തർ,എമിറേറ്റ്സ് എയർലൈനുകൾ ഒന്നിടവിട്ട ദിവസങ്ങളില്‍ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും മിക്കവരും ആഭ്യന്തര സർവ്വീസുകൾ ഇല്ലാത്തതിനാൽ മറ്റിടങ്ങളിലേക്ക് പോകാനാവാതെ ലാഗോസിൽ (പഴയ തലസ്ഥാനം, ഇപ്പോഴത്തെ വാണിജ്യ കേന്ദ്രം - സമരം കൊടുമ്പിരി കൊള്ളുന്നതും ഇവിടെയാണ്) കുടുങ്ങിപോയിരിക്കുന്നു.
വമ്പിച്ച റാലികളും, സമ്മേളനങ്ങളുമായി ജന സമുദ്രമാകുകയാണ് ലാഗോസ് തെരുവുകൾ എന്നാണ് അറിയുന്നത്; അക്രമങ്ങളിലും പോലീസ് ഇടപെടലിലും മരണപെട്ടവർ 10 ല്‍ താഴെയെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത് വർദ്ധിക്കാനാണിട. ടയറുകൾ കത്തിച്ചും മറ്റും മാർഗ്ഗതടസ്സമുണ്ടാക്കുന്ന ജനകൂട്ടത്തെ പിരിച്ച് വിടാന്‍ പലയിടത്തും പോലീസ് വെടിവെയ്പ്പ് നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രസിഡന്റ് ജോനഥനെ അനുകൂലിക്കുന്ന പി.ഡി.പി. ഭരണ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വരും ദിനങ്ങളിൽ വ്യാപിക്കാനാണിട.
ഞങ്ങൾ പ്രവർത്തിക്കുന്ന ഒന്നേ പോർട്ട് (ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയിൽ ആൻഡ് ഗ്യാസ് ഫ്രീസോൺ പോർട്ട് ആണിത്) തുറന്ന് പ്രവർത്തിക്കുന്നുവെന്ന് അവകാശപെടുന്നുവെങ്കിലും സ്വദേശികളായ തൊഴിലാളികൾ തീരെയില്ലന്ന് വേണം പറയാൻ. റിഗ്ഗുകളിലേക്കും മറ്റും സർവ്വീസ് നടത്തുന്ന (ആഹാര സാധനങ്ങളും മറ്റും) ചെറു കപ്പലുകൾ ഒഴിച്ചാൽ മറ്റൊരു സർവ്വീസും ഇവിടെ നടക്കുന്നില്ല. എമർജൻസി വിഭാഗങ്ങൾ പ്രവർത്തിപ്പിക്കുവാൻ തൊഴിലാളി യൂണിയനുകൾ സമ്മതിച്ചിരിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഓയിൽ മേഖല കൂടി ഇന്നുമുതൽ സമരത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്നാണ് അറിയുന്നത്. എണ്ണയുത്പാദന മേഖലയിലെ പ്രധാന തൊഴിലാളി സംഘടനയായ PENGASSAN (PETROLEUM and Natural Gas Senior Staff Association of Nigeria) പൂർണ്ണ സ്തംഭനം സൂചിപ്പിക്കുന്ന 'റെഡ് അലർട്ട്' പുറപ്പെടുവിച്ചു കഴിഞ്ഞു.
ഇതിനിടെ ബോക്കോ ഹറം ഇന്ന്‍ ഒരു ബാറിൽ നടത്തിയ വെടിവെയ്പ്പിൽ എട്ട് പേർ കൊല്ലപെട്ടിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തിൽ അബുജ (തലസ്ഥാന നഗരി) യ്ക്കടുത്ത് ഒരു ക്രിസ്ത്യൻ ആരാധനാലയത്തിൽ 40 ലധികം പേരെ സ്ഫോടനത്തിൽ കൊന്നൊടുക്കിയതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും മുസ്ലിം സമുദായക്കാരും തിരിച്ചും സ്ഥലം വിട്ടുപോകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബോക്കോ ഹറമിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പ്രസിഡന്റെ ജോനഥന്റെ ജനസമ്മിതി പക്ഷേ ഇപ്പോഴത്തെ തൊഴിലാളി സമരത്തിൽ ഒലിച്ചുപോകുന്നതായാണ് രാഷ്ട്രീയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. 60 കളിൽ ഇത്തരത്തിലുള്ള വർഗ്ഗീയ ചേരിതിരിവും ചെറു സമരങ്ങളുമാണ് ലക്ഷകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ആഭ്യന്തര യുദ്ധത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്തിലേക്കും നൈജീരിയയെ തള്ളിവിട്ടതെന്ന ചരിത്രം പലരും ചൂണ്ടികാണിക്കുന്നു. ക്രിസ്ത്യൻ മുസ്ലിം ചേരിതിരിവിലേക്ക് രാഷ്ട്രത്തെ വീണ്ടും കൊണ്ടെത്തിച്ചേക്കാവുന്ന തീവ്രവാദത്തെ അടിച്ചമര്‍ത്താനും രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്തിലെക്ക് തള്ളിവിടാനിടയുള്ള ഈ സമരത്തെ കൈവിട്ട് പോകും മുൻപ് തടയാനും ഇന്ധന വിലവർദ്ധനയ്കിടയായ സബ്സിഡി എടുത്തുകളയൽ തീരുമാനം പുനപരിശോധിക്കാനും ഇന്നലെ ചേർന്ന സെനറ്റ് പ്രസിഡന്റിനെ ഉപദേശിച്ചു കഴിഞ്ഞു.
Wednesday, January 11, 2012
തൊഴിലാളി സമരവും മറ്റ് ചിലതും..!
Subscribe to:
Post Comments (Atom)
ഈ നിലക്ക് പോയാല്‍ നമ്മുടെ ഭാരതവും എവിടെ ചെന്ന് ചേരുമോ ആവോ?
ReplyDelete