Saturday, April 14, 2007

നൈജീരിയ തെരഞ്ഞെടുപ്പ് -1

പ്രിയ കൗച്ചൂ,
നാളെ വിഷു. ഞങ്ങളുടെ നാട്ടിലെ പുലരിക്ക്‌ നാളെ കണികാണലിന്റെ വിശുദ്ധിയും, കണിവെള്ളരിയുടെയും കണികൊന്നപ്പൂവിന്റെയും കടും മഞ്ഞ കലര്‍ന്ന തുടുപ്പുമാകും. ഒപ്പം, വിഷു കൈനീട്ടത്തിന്റെ സമൃദ്ധിയില്‍ കിലുങ്ങുന്ന കുഞ്ഞിപോക്കറ്റുകളുടെ ബാല്യവും. ചിങ്ങത്തിലെ ഓണം പോലെതന്നെ സമൃദ്ധിയെ വരവേല്‍ക്കാനുള്ള ഒരാഘോഷം, നിങ്ങള്‍ക്ക്‌ ദീപാവലിയെന്നപോലെ സന്തോഷസൂചകമായി പടക്കവും , പൂത്തിരിയും മത്താപ്പുമെല്ലാം കത്തിച്ച്‌ വര്‍ണ്ണാഭമായി വിഷു ആഘോഷിക്കുന്ന കുട്ടിത്തം. ഇന്നത്തെ കുട്ടികള്‍ക്ക്‌ ഒരു പക്ഷേ, ഇതൊക്കെ ഒരു ചടങ്ങും ടെലിവിഷനിലെ പ്രത്യേക സിനിമാപരിപാടികളുടെ ആഘോഷവും മാത്രമായി തീര്‍ന്നിരിക്കാം.ഒപ്പം നീണ്ട വേനലവധിയിക്കിടയിലെ പ്രയോജനമില്ലാത്ത മറ്റൊരു അവധി ദിനമെന്ന വിഷമവും. ഫ്ലാറ്റ്‌ സംസ്കാരത്തിലേക്കുള്ള കുതിച്ച്‌ ചാട്ടത്തില്‍ നമുക്ക്‌ നഷ്ടമാകുന്നത്‌ ഒരു പൂത്തിരി കത്തിക്കാനുള്ള ഇടവും സ്വാതന്ത്ര്യവും കൂടിയാണോ..?

വിഷു ദിനത്തിലെ നാട്ടിലെ പടക്കം പൊട്ടിക്കലുമൊക്കെ ഓര്‍ത്തിവിടെ ഇരിക്കുമ്പോള്‍ തന്നെ , തൊട്ടടുത്തെവിടെയൊക്കെയോ പൊട്ടാനിടയുള്ള ബോംബുകളുടെ കണക്ക്‌ നിറയുന്ന ടെലിവിഷന്‍ സ്ക്രീനിലാണെന്റെ കണ്ണുകള്‍. സ്ഫോടനങ്ങളുടെയും നിറതോക്കുകളുടെയും നിഴലില്‍ പോളിംഗ്‌ ബൂത്തിലേക്ക്‌ ആനയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ജനാധിപത്യ പ്രക്രിയ, സംസ്ഥാന ഇലക്ഷന്റെ രൂപത്തില്‍ നൈജീരിയന്‍ ജനത ഇന്ന് നിര്‍വ്വഹിക്കുന്നു.

സംസ്ഥാന ഗവര്‍ണ്ണര്‍മാരെയും നിയമസഭാ സാമാജികരെയും തെരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ്‌ ഇന്ന് കാലത്ത്‌ തുടങ്ങികഴിഞ്ഞു. നാട്ടിലെ ഒരു ചെറു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റേയോ, എന്തിന്‌ നാട്ടിന്‍പുറത്തെ സഹകരണസംഘ തിരഞ്ഞെടുപ്പിന്‍റെയോ പോലും കോലാഹലമുയര്‍ത്താത്ത പ്രചാരണപരിപാടികളേ കണ്ടുള്ളൂ. സിറ്റിയില്‍ ഇടയ്ക്ക്‌ മൂന്ന് നാലിടത്ത്‌ വന്‍ ഹോര്‍ഡിംഗുകളുമൊക്കെ ഉയര്‍ത്തിയിട്ടുണ്ടെന്നത്‌ ഒഴിച്ചാല്‍ അത്രയധികം പരസ്യപ്രചാരണം എങ്ങും കാണാനില്ല.ഒരു പക്ഷേ, ജനവാസ കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലുമൊക്കെയാവാം, പ്രധാന പരിപാടികള്‍.



മുന്‍ വര്‍ഷങ്ങളില്‍ ഏറെ തെരഞ്ഞെടുപ്പ്‌ അക്രമങ്ങള്‍ നടന്നിട്ടുള്ള റിവര്‍ സ്റ്റേറ്റിലാണ്‌ ഞങ്ങളുടെ ക്യാമ്പ്‌ എന്നതിനാലാവും വളരെ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ നടുവിലാണിപ്പോള്‍. രണ്ട്‌ മൂന്ന് ദിവസമായി പുറത്തേക്ക്‌ പോകാനൊന്നും അനുവാദമില്ല, ഇന്ന് തീരെയും. രാജ്യമൊട്ടാകെ ഇന്ന് 'നോ മൂവ്‌മന്റ്‌ ഡേ' ആയും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍. മിലിട്ടറി, പോലീസ്‌, പ്രസ്സ്‌ , ഇലക്ഷന്‍ കമ്മീഷന്‍ , തുടങ്ങിയവയുടേതൊഴിച്ചുള്ള ഒറ്റ വാഹനവും നിരത്തിലില്ല. രരവിലെ 7 മണിമുതല്‍ തുറ്റങ്ങിയ പോളിംഗ് അവസാനിക്കുന്ന വൈകിട്ട് 3 മണി വരെയും ഇന്ന് നിരത്തുകളില്‍ വാഹനങ്ങള്‍ ഓടില്ല . ഇന്നലെയും അതിന്റെ തലേദിവസവും ഇവിടെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.ദൂരെയിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും മറ്റും , അവരവരുടെ മണ്ഡലങ്ങളിലെത്തി വോട്ട്‌ രേഖപ്പെടുത്തുവാനുള്ള അവസരമുണ്ടാക്കാനാണിതെന്ന ഗവണ്‍മന്റ്‌ വിശദീകരണം നല്‍കിയിരുന്നെങ്കിലും, അതും വിവാദമായികഴിഞ്ഞു.

ഈ അവധി ദിനങ്ങളിലും സ്വകാര്യ കമ്പനികളില്‍ മിക്കതും നൂറ്‌ ശതമാനം ഹാജരോടെ പ്രവര്‍ത്തിച്ചത്‌ അത്ഭുതം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിനോടുള്ള താത്‌പര്യകുറവ്‌ കൊണ്ടോ, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടോ ആണ്‌ മിക്കവരും ഈ അവധി ദിനങ്ങളില്‍ ജോലിക്കെത്തുന്നത്‌ എന്ന് ധരിച്ചാല്‍ തെറ്റി. അവധി ദിനങ്ങളില്‍ ലഭിക്കുന്ന രണ്ടിരട്ടിയും അതിലധികവും ശമ്പളം തന്നെയാണ്‌, ഹാജര്‍ബുക്കിലെ ചുവന്ന വെട്ട്‌ ഒഴിവാക്കുന്നത്‌. (ഒരു വിധപ്പെട്ട അവധിദിനങ്ങളിലൊക്കെയും ഇത്‌ സാധാരണമാണിവിടെ..) എന്റെ ഓഫീസില്‍ ജോലിയെടുക്കുന്ന തദ്ദേശീയരായവരില്‍ മിക്കവര്‍ക്കും വോട്ട്‌ ചെയ്യാന്‍ യാതൊരു താത്‌പര്യവുമില്ല. ചോദിച്ചപ്പോള്‍, ' വെറുതെ പോളിംഗ്‌ ബൂത്തില്‍ പോയി തലകളയുന്നതിലും ഭേദം വീട്ടില്‍ കുത്തിയിരിക്കുന്നതല്ലേ' എന്നാണ് മറുചോദ്യം. ഇവിടെ ഇലക്ഷന്‍ ഒന്നുമല്ല, സെലക്ഷനാണ്‌ നടക്കുന്നത്‌ എന്നാണ്‌ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എങ്കിലും, ചിലരൊക്കെ, ഇത്തവണ അത്തരം അക്രമങ്ങള്‍ ഒന്നുമുണ്ടാകില്ല എന്ന് ആശ്വാസം കൊള്ളുന്നുമുണ്ട്‌.

സുരക്ഷാക്രമീകരണ നടപടികളുടെ വിശദാംശങ്ങളും, നിര്‍ഭയമായി വോട്ട്‌ ചെയ്യാനുള്ള സാഹചര്യമൊരുക്കലുമൊക്കെ ദിവസവും ടെലിവിഷന്‍ ചര്‍ച്ചകളിലും, സ്വതന്ത്ര ദേശീയ തെരഞ്ഞടുപ്പ്‌ കമ്മീഷന്റെ (INEC) പ്രസ്ഥാവനകളിലുമൊക്കെ കാണുന്നുണ്ട്‌. പക്ഷേ മുന്‍കാല ചരിത്രമൊക്കെയും തെരഞ്ഞെടുപ്പ്‌ അക്രമങ്ങളുടെ പരമ്പരകളുടെയും, തുടര്‍ന്നുണ്ടാകുന്ന പട്ടാള ഭരണത്തിന്റെയും ഒക്കെയായതിനാല്‍ , നാട്ടുകാര്‍ക്ക്‌ സത്യത്തില്‍ ആശങ്കയാണ്‌. ഇതിന്‌ അടിവരയിടുന്നതാണ്‌, ഒറ്റപ്പെട്ടതെങ്കിലും പ്രചാരണപരിപാടികള്‍ക്കിടയില്‍ തുടരുന്ന അക്രമങ്ങളും, കൊലപാതകങ്ങളുമൊക്കെ. രണ്ട്‌ ദിവസം മുന്‍പ്‌ ഇബ്ദാന്‍ പ്രദേശത്ത്‌ നടന്ന അക്രമങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയുമൊക്കെ ചെയ്തത്‌ പോലുള്ള സംഭവങ്ങളും പോളിംഗ്‌ ലക്ഷ്യം വെച്ചുള്ളതാണെന്നാണ്‌ പറയുന്നത്‌. ഇത്തരം അക്രമങ്ങള്‍ നടക്കുന്ന പ്രദേശം സാധാരണ ജനജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ ദിവസങ്ങള്‍ എടുക്കും, അപ്പോഴേക്കും, ബാലറ്റ്‌ പെട്ടികള്‍ നിറച്ച്‌ പൂട്ടികെട്ടിയിട്ടുമുണ്ടാകും. ആര്‌, ആരെ, ആര്‍ക്ക്‌ വേണ്ടി തെരഞ്ഞെടുക്കുന്നു എന്നത്‌ ഒരു വലിയ ചോദ്യചിഹ്നം തന്നെയാണിവിടെ.

ഇതിലും പ്രാധാന്യമേറിയതും , ഇപ്പോള്‍ തന്നെ വന്‍ വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും നീങ്ങികൊണ്ടിരിക്കുന്നതുമായ പ്രസിഡെന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്‌, പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച്‌ ഏപ്രില്‍ 21 ന് ആണ്‌, അതായത്‌ ഈ വരുന്ന ശനിയാഴ്ച. ഭരണപക്ഷവുമായി ഇടഞ്ഞ്‌ നില്‍ക്കുന്ന വൈസ്‌ പ്രസിഡന്റ്‌ ആറ്റിക്കു അബൂബക്കറിന്റെ സ്ഥാനാര്‍ത്ഥിത്തം വന്‍ വിവാദത്തിലേക്ക്‌ വീണ്ടും നീങ്ങുകയാണ്‌. ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യതകല്‍പ്പിച്ച്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത്‌ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളില്‍ കഴിഞ്ഞ ആഴ്ചയിലെ വിധിപ്രഖ്യാപനങ്ങള്‍ ഒരേ സമയം തല്ലും തലോടലുമായി. ഫെഡറല്‍ ഹൈക്കോടതി അബൂബക്കറിന്‌ അനുകൂലമായി വിധിപ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, അതിനും മുകളിലുള്ള അപ്പീല്‍ കോടതി പ്രതികൂലമായും വിധി പറഞ്ഞു. ഇതിനൊക്കെ മുകളിലുള്ള സുപ്രീം കോടതി, ഹര്‍ജി പരിഗണിച്ച്‌ ഈ വ്യാഴാഴ്ച വിധിപറയാന്‍ വെച്ചിരുന്നത്‌, ഗവണ്‍മന്റ്‌ നടത്തിയ അപ്രതീക്ഷിതമായ പൊതു അവധി പ്രഖ്യാപനത്തോടെ വരുന്ന തിങ്കളാഴ്ചയിലേക്ക്‌ മാറ്റി വെയ്ക്കേണ്ടിയും വന്നു. തനിക്കെതിരെയുള്ള ഭരണപക്ഷ നീക്കത്തിന്റെ വ്യക്തമായ നിലപാടിന്റെ ഉദാഹരണമാണീ പൊതു അവധിനല്‍കല്‍ എന്ന് ആറ്റിക്കു അബൂബക്കര്‍ പ്രസ്ഥാവിച്ചു കഴിഞ്ഞു, ഇനി ഇതാവും രണ്ട്‌ ദിവസ ചര്‍ച്ചകള്‍. സുപ്രീം കോടതി ഇദ്ദേഹത്തിനു അനുകൂലമായി വിധി നല്‍കുകകയാണെങ്കില്‍, മിക്കവാറും, തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ബന്ധിതമാകും, കാരണം , പിന്നെ കഷ്ടിച്ച് 5 ദിവസങ്ങള്‍ മാത്രമേയുള്ളൂ, മുന്‍പ്രഖ്യാപിത ഇലക്ഷന്‍ ദിനത്തിന്‌.

ഭരണപക്ഷമായ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഉമാറു യാര്‍ അദ്വവ യും പ്രധാന പ്രതിപക്ഷമായ ആള്‍ നൈജീരിയ പീപ്പിള്‍സ്‌ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മുന്‍ പട്ടാള ഭരണ മേധാവി മുഹമ്മദ്‌ ബുഹാരിയുമാണ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ മത്സരിക്കുന്ന രണ്ട്‌ പ്രമുഖര്‍. ഭരണപാര്‍ട്ടിയായത്‌ കൊണ്ട്‌ തന്നെ ഏറെകുറെ ഫലം നിശ്ചയിച്ച പോലെയാണെങ്കിലും, എതിര്‍സ്ഥാനാര്‍ത്ഥി മുഹമ്മദ്‌ ബുഹാരി , ജനവാസ ഗ്രാമ പ്രദേശങ്ങളില്‍ പ്രചാരണത്തില്‍ വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നുവെന്നത്‌ പി.ഡി.പി യെ ആശങ്കപെടുത്തുന്നുണ്ടന്നാണ്‌ റിപ്പോര്‍ട്ടുകള്‍

മുന്‍ ടാന്‍സാനിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ്‌ ജോസഫ്‌ വാരിയോബയുടെ നേതൃത്വത്തില്‍ കോമണ്‍വെല്‍ത്ത്‌ സംഘടനയുടെ നിരീക്ഷകര്‍ എത്തുന്നുണ്ടന്ന് പറയുന്നുവെങ്കിലും, അവര്‍ ഞാന്‍ താമസിക്കുന്ന റിവര്‍ സ്റ്റേറ്റിനോട് ചേര്‍ന്നു കിടക്കുന്ന നൈജര്‍ ഡെല്‍റ്റാ പ്രദേശം ഒഴിവാക്കുമെന്നും കേള്‍ക്കുന്നു. ഈ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ച്‌ വരുന്ന തട്ടികൊണ്ട്‌ പോകലും, തീവ്രവാദപ്രവര്‍ത്തനവും ഒക്കെ മുന്‍ നിര്‍ത്തിയാകുമത്‌. എന്തായാലും ഒരു നൈജിരിയ ഇലക്ഷന്‍ തൊട്ടടുത്ത്‌ നടക്കുന്നുവെങ്കിലും, നേരിട്ട്‌ കണ്ട്‌മനസ്സിലാക്കാന്‍ കഴിയാത്ത വിഷമത്തിലാണ്‌ ഞാന്‍. ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ നോക്കിയിരിക്കാനെ തല്‍ക്കാലം നിവൃത്തിയുള്ളൂ.

കഴിഞ്ഞ കത്ത്‌ കുറേ വൈകിയതില്‍ പരാതിപെട്ട്‌ എഴുതിയ നിന്റെ മറുപടി കിട്ടി. തിരക്കില്‍ പെട്ടത്‌ കൊണ്ട്‌ മാത്രമാണ്‌, ഇനി വൈകാതിരിക്കാന്‍ നോക്കാം. അപ്പോള്‍, ഇതിനു ഇങ്ങോട്ടുള്ള മറുപടി വല്ലാതെ വൈകണ്ട. അനുജന്‍ , സുഹൃത്തുക്കള്‍, എല്ലാവരെയും എന്റെ അന്വേഷണങ്ങള്‍ അറിയിക്കുക, ഒപ്പം വിഷുദിനാശംസയും..

വിഷു ദിനാശംസകളോടെ

-അലിഫ്‌

5 comments:

  1. സുരക്ഷാക്രമീകരണ നടപടികളുടെ വിശദാംശങ്ങളും, നിര്‍ഭയമായി വോട്ട്‌ ചെയ്യാനുള്ള സാഹചര്യമൊരുക്കലുമൊക്കെ ദിവസവും ടെലിവിഷന്‍ ചര്‍ച്ചകളിലും, സ്വതന്ത്ര ദേശീയ തെരഞ്ഞടുപ്പ്‌ കമ്മീഷന്റെ (INEC) പ്രസ്ഥാവനകളിലുമൊക്കെ കാണുന്നുണ്ട്‌. പക്ഷേ മുന്‍കാല ചരിത്രമൊക്കെയും തെരഞ്ഞെടുപ്പ്‌ അക്രമങ്ങളുടെ പരമ്പരകളുടെയും, തുടര്‍ന്നുണ്ടാകുന്ന പട്ടാള ഭരണത്തിന്റെയും ഒക്കെയായതിനാല്‍ , നാട്ടുകാര്‍ക്ക്‌ സത്യത്തില്‍ ആശങ്കയാണ്‌. ഇതിന്‌ അടിവരയിടുന്നതാണ്‌, ഒറ്റപ്പെട്ടതെങ്കിലും പ്രചാരണപരിപാടികള്‍ക്കിടയില്‍ തുടരുന്ന അക്രമങ്ങളും, കൊലപാതകങ്ങളുമൊക്കെ. രണ്ട്‌ ദിവസം മുന്‍പ്‌ ഇബ്ദാന്‍ പ്രദേശത്ത്‌ നടന്ന അക്രമങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയുമൊക്കെ ചെയ്തത്‌ പോലുള്ള സംഭവങ്ങളും പോളിംഗ്‌ ലക്ഷ്യം വെച്ചുള്ളതാണെന്നാണ്‌ പറയുന്നത്‌. ഇത്തരം അക്രമങ്ങള്‍ നടക്കുന്ന പ്രദേശം സാധാരണ ജനജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ ദിവസങ്ങള്‍ എടുക്കും, അപ്പോഴേക്കും, ബാലറ്റ്‌ പെട്ടികള്‍ നിറച്ച്‌ പൂട്ടികെട്ടിയിട്ടുമുണ്ടാകും. ആര്‌, ആരെ, ആര്‍ക്ക്‌ വേണ്ടി തെരഞ്ഞെടുക്കുന്നു എന്നത്‌ ഒരു വലിയ ചോദ്യചിഹ്നം തന്നെയാണിവിടെ.....

    നൈജീരിയയില്‍ നിന്നും തെരഞ്ഞെടുപ്പ് വിശേഷങ്ങളുമായി ഒരു പോസ്റ്റ്

    ReplyDelete
  2. ഠേ!!
    വളരെ നേരമേടുത്തു ഇതു വായിക്കാന്‍ ..
    എന്നിട്ടും നഷ്ടായില്ല..
    ഒത്തിരി പുതിയ വിവരങ്ങള്‍ക്കു നന്ദി
    :)

    ReplyDelete
  3. കത്ത് വായിച്ചു. എവിടേയും തെരഞ്ഞെടുപ്പ്, അക്രമസംഭവം തന്നെ. കുറേ ആള്‍ക്കാരെ കൊല്ലാനും തല്ലാനും വേണ്ടിയാണോ തെരഞ്ഞെടുപ്പ് നടത്തുന്നത് എന്നതാണ് സംശയം.

    വീട്ടിലിരിപ്പാണല്ലേ? :)

    ReplyDelete
  4. ഇവിടെ ചില നൈജീരിയന്‍ വിശേഷങ്ങള്‍ ഒക്കെ ഉണ്ട് അല്ലേ?എല്ലാം വായിക്കട്ടെ ആദ്യം.എന്നിട്ട് കമന്റിടാം...;)

    ReplyDelete