നിനക്ക് സുഖം തന്നയല്ലേയെന്ന പതിവ് ചോദ്യം ആവര്‍ത്തിക്കുന്നു.നല്ല തിരക്കുണ്ട്, അതിനാലാണ് മെയിലുകള്‍ വൈകുന്നത്;പിന്നെയിവിടുത്തെ നെറ്റ്വര്‍ക്ക് മിക്കപ്പഴും പണിമുടക്കിലുമാണ്. ബ്ലോഗിങ്ങില്‍ ഹരം പിടിച്ചിരിക്കുന്നു, ചിന്തിക്കുവാനും ചിരിക്കുവാനുമുതകുന്ന ഒരു പാട് ബ്ലോഗെഴുത്തുകള്‍ സുലഭം. നീ പറഞ്ഞപ്പോള്‍ ഇത്ര കേമമെന്ന് ഞാന്‍ കരുതിയേയില്ല.ഓഫീസ് സമയം കഴിഞ്ഞേ പറ്റുകയുള്ളുവെങ്കിലും പിന്മൊഴികള്‍ക്കും തനിമലയാളത്തിനുമിടയില് നിനക്ക് കത്തെഴുതാന്‍ വൈകിയാല്‍ പിണങ്ങണ്ട, നീ തന്നെ കാരണം.
കഴിഞ്ഞ കത്തിലെഴുതിയിരുന്ന 'തട്ടികൊണ്ട് പോകല്‍' ഭീക്ഷണികളും അതിനേതുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊക്കെ വരുന്നതിനു മുന്‍പ് ജൂലായ് അവസാന ആഴ്ച ഇവിടെനിന്നും 40 തോളം കിലോമീറ്റര്‍ അകലെയുള്ളതും എന്റെ കൂടെയുള്ള മറ്റ് മൂന്ന് പേരുടെ ക്യാമ്പിംഗ് സ്ഥലവുമായ 'ഒന്നേ'(Onne) യിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നു. ഇവിടെ വന്ന ശേഷം ആദ്യമായാണ് ഇത്രയെങ്കിലും ദൂരം റോഡ് മാര്‍ഗ്ഗം സഞ്ചരിക്കുവാന്‍ അവസരം കിട്ടുന്നത് എന്നതിനാല്‍ ആകെ ത്രില്ലിലായിരുന്നു ഞാന്‍. ഡ്രൈവറെ കൂടാതെ ഒരു മിലിറ്ററി ഗണ്മാന് കൂടെയുണ്ടാവാറുള്ളത് ഞാന്‍ പറഞ്ഞിരുന്നല്ലോ.പോകുന്ന വഴിയൊക്കെ എന്നെ അലട്ടിയിരുന്ന ഒരു വലിയ ചോദ്യം അവന്റെ കൈയ്യിലിരിക്കുന്ന തോക്ക് പൊട്ടുമോ എന്നതായിരുന്നു.

റോഡുകളുടെയും മറ്റും സ്ഥിതി ഞാന്‍ നേരത്തേ എഴുതിയിരുന്നതിലും ഒട്ടും വിഭിന്നമല്ല.കുറെ നല്ല റോഡുണ്ട്, ബാക്കിയെല്ലാം പൊട്ടിപൊളിഞ്ഞത് തന്നെ. ജനസാന്ദ്രതയേറിയിടങ്ങളിലാണ് ഏറ്റവുമധികം പ്രശ്നങ്ങള്‍.വഴിയോരങ്ങളിലെ തകര ഷീറ്റ് മേഞ്ഞ കടകളും വീടുകളുമൊക്കെ കൂടി ഒരു വലിയ ചേരിപ്രദേശത്ത് കൂടി കടന്നു പോകുന്ന പ്രതീതിയാണ്. കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ജനവാസം കുറഞ്ഞയിടമെങ്കിലും നല്ല റോഡും , വശങ്ങളില് പച്ചപ്പ് നിറഞ്ഞ പ്രദേശവുമായിതീര്ന്നു. ഇടയ്ക് ചില നദികളും, പാലങ്ങളുമൊക്കെയായി കേരളത്തിലൂടെ തന്നെ കടന്നുപോകുന്ന പ്രതീതി. വളരെയകലെ കാണുന്ന ഉയരമേറിയ പനകള്‍ തെങ്ങാണന്നു തെറ്റിദ്ധരിച്ചു പോകും. വിശാലമായ മൈതാനങ്ങളില്‍ ഫുട്ബോളിനു പിന്നാലെ കുതിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ ബാല്യകാലത്തേക്ക് ഓര്‍മ്മകള്‍ ഓട്ടപ്രദക്ഷിണം നടത്തി.

പോകുന്ന വഴി 'എലമ്മെ' (Eleme) ജംഗ്ഷന് കഴിഞ്ഞതും വാഹനങ്ങളുടെ നീണ്ട നിരയില്‍ പെട്ടു. അതിനു മുന്‍പ് പല ട്രാഫിക് കുരുക്കുകളിലും വരിതെറ്റിച്ചും തെറ്റായ വശത്തൂടെ കടന്നു കയറിയും അഭ്യാസം കാണിച്ച ഡ്രൈവര്‍ക്കും ചെറിയ പരുങ്ങല്, ഇവിടെ എല്ലാവരും ക്യൂ പാലിക്കുന്നുണ്ട്. കുറെ അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് റോഡിലെ പോലീസ് ചെക്കിംഗ് ആണ്. എന്നുപറഞ്ഞാല്‍ ആയുധധാരികളായ ഒരു പറ്റം പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം പിരിക്കുന്നു.പരസ്യമായിതന്നെയാണ് ഡ്രൈവര്‍മാര്‍ കാശ് കൊടുക്കുന്നത്,അല്ലാതെ നാട്ടിലെപ്പോലെ ആര്.സി.ബുക്കിലും ലൈസന്സിനുള്ളിലും തിരുകീട്ടല്ല. ക്യാമറയിലേക്ക് കൈപോയപ്പോള് സെക്യൂരിറ്റിക്കാരന് തടഞ്ഞു. അവന് കൂടെയുള്ളതിനാലാകണം ഞങ്ങളുടെ വണ്ടി വേഗം കടത്തിവിട്ടു.


ദൂരെ 'എലമേ പെട്രോകെമിക്കല്‍സിന്റെ' പുകകുഴലുകള്‍ തീയും പുകയും വമിപ്പിക്കുന്നു. നൈജീരിയയുടെ എണ്ണപ്പെട്ട ഒരു പൊതുമേഖലാ വ്യവസായസ്ഥാപനമാണ് 900ത്തോളം ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പെട്രോകെമിക്കല്‍ ശാല. 80 തോളം കിലോമീറ്റര്‍ അകലെയുള്ള ‘ഒബിയഫു പ്ലാന്റി‘ ല്‍ നിന്നും നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള കുഴലുകളിലൂടെയാണ് പ്രധാന അസംസ്കൃത വസ്തുക്കളായ ദ്രാവക, വാതക പെട്രോളിയം ഇവിടേക്ക് എത്തുന്നത്. അത് സംസ്കരിച്ച് എതിലിന്‍, ബ്യൂട്ടേന്, പോളിയെത്തിലിന്‍ തുടങ്ങി നിരവധി വ്യാവസായിക ഉത്പന്നങ്ങളും, കാസ്റ്റിക് സോഡ, പോളിവിനെയില്‍ ക്ലോറൈഡ് (pvc) പോലുള്ള വാണിജ്യ ഉത്പന്നങ്ങളും നിര്മ്മിക്കപെടുന്ന ഈ സ്ഥാപനം തദ്ദേശവാസികള്‍ക്ക് നല്ലൊരു തൊഴില്‍സംരംഭം കൂടിയാണ്. 1982ല്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഒന്നാം ഘട്ടം പൂര്‍ണ്ണതോതില്‍ ഉത്പാദനം തുടങ്ങിയത് 1995 മുതലാണ്; ത്വരിതഗതിയില്‍ മൂന്നാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് വിദേശ നിക്ഷേപ സാങ്കേതിക പങ്കാളിത്തമുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിലിപ്പോള്‍.
'ഠേ, ഠേ ' ചിന്തകളെ വിറപ്പിച്ച്കൊണ്ടുയര്ന്ന വെടിശബ്ദം, നോക്കിയപ്പോള്‍ എന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നു, സെക്യൂരിറ്റിക്കാരന് വശത്തെ ചില്ലു താഴ്ത്തി മുകളിലേക്ക് വെടിവെക്കുന്നു. റോഡിന് കുറേദൂരെയായുള്ള ചെറിയ ഒരു കവലയില്‍ നിന്നും വീണ്ടും വെടിശബ്ദം. 'കഴിഞ്ഞു എന്നെ തട്ടികൊണ്ട് പോകുകയോ കൊള്ളയടിക്കന്‍ പോകുകയോ ആണല്ലോ ദൈവമേ' എന്നു കരുതി മൊബെയിലില്‍ 'ഹെല്പ്' അടിക്കാനൊരുങ്ങിയപ്പോഴേക്കും വണ്ടി നീങ്ങിതുടങ്ങി. സംസാരശേഷി വീണ്ടുകിട്ടി, ഞാനവനോട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പിടികിട്ടിയത്; അവന്റെ ഒരു മിലിട്ടറി സുഹൃത്ത് മറ്റേ റോഡില്‍ നില്‍ക്കുന്നത് കണ്ട് പരസ്പരം 'വിഷ്' ചെയ്തതാത്രേ..!. പണ്ടാരമടങ്ങാന്‍ പേടിപ്പിച്ചുകളഞ്ഞല്ലോ പഹയാ എന്നോര്‍ത്തിരിക്കുമ്പോഴേക്കും ഞങ്ങള്‍ 'ഒന്നേ' ക്യാമ്പി ലെത്തിയിരുന്നു.

ഒന്നെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഫ്രീസോണ്‍ - ഒരു വിദൂര ദൃശ്യം
നൈജീരിയയുടെ മറ്റൊരു പ്രധാന തുറമുഖപ്രദേശമാണ് ഒന്നെ. ഫെഡറല്‍ ഓഷ്യന്‍ ടെര്‍മിനല്‍ (FOT) , ഫെഡറല്‍ ലൈറ്റ് ടെര്‍മിനല്‍ (FLT) എന്നിങ്ങനെ രണ്ട് പോര്‍ട്ടുകള്‍ ഉള്‍പ്പടെ ഏകദേശം 16 ചതുരശ്ര കി.മീറ്റര്‍ പ്രദേശമുള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന 'ഒന്നെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഫ്രീ സോണ്‍' നൈജിരിയയുടെ സാമ്പത്തിക മേഖലയുടെ അനിവാര്യഘടകമായി കഴിഞ്ഞു. കയറ്റുമതി ഇറക്കുമതി ചുങ്കവും മറ്റു നൂലാമാലകളൊന്നും ഇല്ലായെന്നത് പല വിദേശകമ്പനികള്‍ക്കും ഇവിടേക്കു വരാന്‍ പ്രചോദനമാകുന്നു. പൂര്‍ണ്ണമായും വിദേശ സ്വകാര്യ കമ്പനികളുടെ മേല്‍നോട്ടത്തിലുള്ള വികസനപ്രവര്‍ത്തനം ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുവെന്നത് കാണാനാകും. നല്ല ഗതാഗതസൌകര്യങ്ങളുമൊക്കെ ഒരുക്കുവാന്‍ സദാപ്രവര്ത്തനനിരതരാണീ നിക്ഷേപര്‍. ആരംഭംകുറിച്ച് 10വര്‍ഷം കൊണ്ട് തന്നെ ഷെല്‍, മോബില്‍, റ്റോട്ടല്‍, അജിപ് തുടങ്ങിയ ബഹുരാഷ്ട്ര ഓയില്‍ ഭീമന്മാരുടേതുള്പ്പടെ ഏകദേശം 150 തിലധികം വിദേശനിക്ഷേപകര്‍ ഇവിടം പ്രധാനതാവളമാക്കി കഴിഞ്ഞു. ഇത്തരം വികസനപ്രവര്ത്തങ്ങള്മൂലം തദ്ദേശീയരായ അളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഇവിടെ നാല്-അഞ്ച് വര്‍ഷമായിട്ട് താമസിക്കുന്ന മലയാളി സുഹൃത്തിനെ കിട്ടി, ഒപ്പം രാത്രി,അടുത്തു തന്നെയുള്ള 'ബുഷ് ബാറില്‍' പോകാമെന്നുള്ള ആശയവും. പകലൊക്കെ അടഞ്ഞ് കിടക്കുകയും വൈകുന്നേരമാകുമ്പോഴേക്കും സജീവമാകുകയും ചെയ്യുന്ന നിരവധി ബുഷ് ബാറുകള്‍ ഇവിടുണ്ടെന്ന് കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ തട്ടുകട വിപുലീകരിച്ചൊരു സെറ്റപ്പ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഇതിന്റെ മേല്‍ക്കൂര ഉണങ്ങിയ ചെറുചെടികളും പുല്ലും മറ്റുംകൊണ്ട് മേഞ്ഞതിനാലാവുമോ 'ബുഷ്' ബാര്‍ എന്നു പേരുവന്നത്?. എന്റെ സുഹൃത്തിന്റെ അഭിപ്രായത്തില്‍ അവിടെ നല്ല 'പുഷും പുള്ളു' മൊക്കെ നടക്കുന്നതിനാല്‍ 'പുഷ്' ബാര്‍ എന്ന് പേരിട്ട് ലോപിച്ചിങ്ങനെ ആയതാവാമെന്നാണ്. (ഏയ്, ഇതിന് അമേരിക്കന്‍ ബന്ധമൊന്നും ഉണ്ടാകാന്‍ വഴിയില്ല..!) മങ്ങിയവെളിച്ചവും ഇടയ്കിടെ മിന്നിത്തെളിയുന്ന വര്‍ണ്ണബള്‍ബുകളും ആഫ്രിക്കന്‍ ചടുലതാളമേള സംഗീതവുമൊക്കെയായി പ്രധാന വേദിയും ബാറുമൊഴികെ തുറസായി കിടക്കുന്ന ഒരു 'ഓപ്പണ്‍ എയര്‍' ഡാന്‍സ് ബാര്‍. വിവിധ വര്ണവേഷത്തിലുള്ള നൈജീരിയന്‍ തരുണീമണികളുടെ നൃത്തചുവടുകളും നുരഞ്ഞ് കവിയുന്ന ബീയര്‍ മഗുകളും കൊണ്ട് ഹരം കൊള്ളാവുന്ന ഒരിടമെന്നതിലുപരി ഇത് ഒരു ബുക്കിംഗ് കേന്ദ്രം കൂടിയാണ്; അതേ, ഇവിടെ നിന്നും പെണ്‍കിടാങ്ങളെ ബുക്ക് ചെയ്ത് താമസസ്ഥലത്തേക്കോ, അല്ലെങ്കില്‍ അവര്‍ തന്നെ ഒരുക്കുന്നയിടത്തേക്കോ പോകാം. ഇന്ത്യന്‍സിനെ ഇവര്‍ക്ക് വലിയ നോട്ടമില്ല, കാരണം കൂടെ കൂട്ടുന്നവര്‍ അപൂര്‍വ്വം. നല്ല വെളുത്ത സായിപ്പിനേയും കറുത്ത സ്വദേശികളെയുമാണവര്ക്ക് താല്പര്യം. രണ്ടും മൂന്നും എണ്ണത്തിനേയൊക്കെ വണ്ടിയില്‍ കയറ്റികൊണ്ട് പോകുന്ന വിദേശികളെയും കണ്ടു. ഒരു ക്യാന്‍ ബീയറോ ഭക്ഷണമോ വാങ്ങികൊടുത്താല്‍ കൂടെ വന്നിരിക്കാനും കൊഞ്ചാനും വേണമെങ്കിലൊന്നു കുഴഞ്ഞാടാനും തയ്യാറാണിവര്‍, ആത്യന്തികമായ ലക്ഷ്യം കൂടെ പോരുകയെന്നത് തന്നെ. ഇവിടെ നിന്നും കൊണ്ട്പോയി സ്ഥിരമായി കൂടെ താമസിപ്പിക്കുന്നവരുമുണ്ട്, മാസാമാസം ഒരു തുക കൊടുത്താല്‍ മതിയല്ലോ.
ഇന്ത്യനായത് കൊണ്ടാവാം, എന്റെടുത്ത് വന്നിരുന്ന പെണ്‍കുട്ടി 'സോണിയ' എന്ന് പേര് പറഞ്ഞത്. (ഞാന്‍ തല്കാലത്തേക്ക് ഒരു ആന്‍ഡ്രൂസ് ആകുകയും ചെയ്തു) ഇവര്‍ പറയുന്നതൊന്നും സത്യമായിരിക്കില്ല;പക്ഷേ ഞാന്‍ ഡിസൈനര്‍ ആണന്നൊക്കെ പറഞ്ഞപ്പോള്‍ അവള് വാചാലയായി. മാസ് കമ്മ്യൂണിക്കേഷന്‍ യൂനിവെര്സിറ്റിയില് പഠിക്കുകയാണത്രെ. ഞാന്‍ ചില ജേര്‍ണലിസം നമ്പര്‍ ഒക്കെയിട്ടപ്പോള് അവള്‍ക്കും സന്തോഷം.ഒരുവര്‍ഷം കൂടി പഠിക്കേണ്ടതുണ്ട്, പരീക്ഷയായി,ഫീസടയ്ക്കണം, ഹോസ്റ്റലിലെ ഫീസ് തുടങ്ങിയവയ്ക്കായി ഇടയ്ക് 'ബുഷ് ബാറിലേക്ക് വരും.വീട്ടിലെ ദാരിദ്ര്യമോ ബുദ്ധിമുട്ടുകളെയോപറ്റി ഞാന്‍ ചോദിച്ചിട്ടും ഒഴിവാക്കിയാണവള് സംസാരിച്ച് കൊണ്ടിരുന്നത്. ഗ്രാഫിക്സ്, ജേര്‍ണലിസം തുടങ്ങിയവയില്‍ അവള്‍ക്ക് കുറച്ചൊരു വിവരമുണ്ട് താനും, പക്ഷേ ഒന്നും വിശ്വസിക്കാനും പറ്റില്ല. ആരെയോ കാത്തിരിക്കുന്നതിനിടെ സമയം പോകാന്‍ എന്റെ കൂടെകൂടിയതാണന്നവള് പറഞ്ഞ് കേട്ടപ്പോള്‍ ഒഴിവാക്കാനെന്ത് കള്ളം പറയണമെന്നാലോചിച്ചിരുന്ന എനിക്ക് സമാധാനമായി.
അല്പം ഭയത്തോട് കൂടിതന്നെ, ഏതു നിമിഷവും തട്ടികൊണ്ട് പോകലോ, കൊള്ളയടിയോ ഒക്കെ നടക്കാവുന്ന പ്രദേശമായിട്ട് കൂടിയും (ഗണ്‍മാനും ഇല്ല) കുറെയധികം സമയം അവിടെ ചിലവഴിച്ചു,അതാണതിന്റെയൊരു ത്രില്ലും. പിന്നെ കണ്ട് മടുത്ത അടച്ചുമൂടി ശീതീകരികരിച്ച ഡാന്‍സ് ബാര്‍ കണ്സപ്റ്റിങ്ങനെ തുറന്ന അന്തരീക്ഷത്തിലേക്ക് പറിച്ച് നട്ട് കാണുന്നതിന്റേയും. രാത്രി ഏകദേശം പത്ത് മണിയോടെ അവിടുന്ന് മടങ്ങുമ്പോഴും ഒഴിഞ്ഞ കസേരകള്‍ വീണ്ടും നിറയുകയും, ബീയര്‍ പാത്രങ്ങള്‍ ഒഴിയുകയും ചെയ്ത് കൊണ്ടേയിരുന്നു. ചായം പുരട്ടിയതെങ്കിലും മ്ലാനമായ ചില മുഖങ്ങള്‍ ഇനിയും വന്നെത്താനുള്ളവരെ പ്രതീക്ഷിക്കുകയും സ്പീക്കറിലൂടെ കിംഗ് സണ്ണി ആഡെ യുടെ 'ഡാന്‍സ് എവേ യുവര്‍ സോറോ' എന്ന ഗാനത്തിന്റെ വരികള്‍ ഒഴുകിപരക്കുകയും ചെയ്തുകൊണ്ടിരുന്നു.
തല്ക്കാലം വിട.