ഇല്ലാത്ത സംഭവങ്ങളെ പോലും വാർത്തകളില്‍ ഉണ്ടാക്കിയെടുക്കുന്നവരാണ് പത്രക്കാര്‍; പിന്നെ ഇത്തിരിയെന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ പറയാനുമില്ല; പൊടിപ്പായി, തൊങ്ങലായി, രേഖാചിത്രമായി, ബോക്സ് ഐറ്റം വാര്‍ത്തയായി..!
ഏപ്രില്‍ 20 തിങ്കളാഴ്ച നാട്ടിലുള്ള അമ്മയെ രാവിലെ തന്നെ ഒന്ന് വിളിച്ചേക്കാം എന്ന് കരുതി. ഫോണ്‍ എടുത്തതും സങ്കടപെടലും ഒപ്പം അത്യാവശ്യം തെറിയും. ഒരു പിടിയും കിട്ടിയില്ല. "നീയെന്തിനാണ് ഇത്ര ദൂരെ വല്ല നാട്ടിലും പോയി കിടക്കുന്നത്.., പകര്‍ച്ച വ്യധിയാണെടാ അവിടെ, പകര്‍ച്ചവ്യാധി. ബോംബ്, ബോക്കോ ഹറാം എല്ലാം കഴിഞ്ഞ് ദേ ഇപ്പോള്‍ പിന്നെയും പകര്‍ച്ച വ്യാധിയും.. !!"
"അമ്മാ, എബോള പ്രശ്നമൊക്കെ എന്നേ കഴിഞ്ഞു.." പരിദേവനങ്ങള്‍ക്കിടയില്‍ കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ സമാധാനിപ്പിച്ചു നോക്കി, എവിടെ ഏല്‍ക്കാൻ..!
"മോനേ അതല്ല... അവിടെ ഏതാണ്ട് വല്യ അസുഖം പടര്‍ന്നു പിടിക്കുന്നു, എങ്ങാനും പിടിപെട്ടാല്‍ ഇരുപത്തിനാലു മണിക്കൂറിനകം മരണം എന്നൊക്കെ ഇന്നത്തെ മനോരമയില്‍ ഉണ്ട്.. നീ എത്രയും പെട്ടന്ന് തിരികെ വന്നേക്ക്...!"
"ങേ, അങ്ങിനെ ഒന്നും ഇവിടെ ആരും പറഞ്ഞു കേട്ടില്ലല്ലോ, അങ്ങ് വടക്ക് എങ്ങാണ്ടും ആയിരിക്കും അമ്മാ.. ഇവിടെ കുഴപ്പമൊന്നുമില്ല.. ഞാന്‍ തിരക്കാം.."
"നിനക്ക് എന്ത് പറഞ്ഞാലും 'അങ്ങ് വടക്കാണ്.. തെക്കാണ് എന്നൊരു പല്ലവിയേ ഉള്ളൂ, എന്നെ *പള്ളി അയ്യത്തുക്ക് എടുക്കിറെ മുന്നാടി നീ വരുവിയാ ഇല്ലിയാ" ( എന്നോട് ദേഷ്യവും സങ്കടവും വരുമ്പോള്‍ ഇത്തിരി തമിഴ് മലയാളം വരുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു..!!) ഞാന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ച് ഫോണ്‍ കട്ടാക്കി; ശേഷം വാര്‍ത്താ അന്വേഷണവും തുടങ്ങി. അറിയാവുന്നവരെ ഒക്കെ വിളിച്ച് നോക്കി; നോ ഐഡിയ. ഓഫീസില്‍ എത്തി ലോക്കല്‍ പത്രങ്ങള്‍ നോക്കി; പ്രത്യേകിച്ച് ഒന്നും കാണാനില്ല. നെറ്റില്‍ മനോരമ പ്രിന്റ് എഡിഷൻ തപ്പി, ദാ കിടക്കുന്നു.. വിദേശ വാര്‍ത്താ പേജില്‍ രണ്ട് കോളം ബോക്സ് കളര്‍ ഐറ്റം !
" നൈജീരിയൻ നഗരത്തിൽ അജ്ഞാത പകർച്ചവ്യാധി" പിന്നെ സബ് ഹെഡ് "24 മണിക്കൂറിനുള്ളില്‍ രോഗി മരണത്തിനു കീഴ്പെടുന്നു " തുടര്‍ന്ന്‍ വാര്‍ത്ത , ഒപ്പം ' അജ്ഞാത രോഗം ഇവിടെ' എന്ന് കട്ടയക്ഷരത്തില്‍ സാക്ഷ്യപെടുത്തിയ നൈജീരിയയുടെ ഭൂപടവും. ഇതൊക്കെ കണ്ടാൽ പെറ്റവയര്‍ സഹിക്കുമോ, അവര്‍ക്ക് സങ്കടം വരാതിരിക്കുമോ ?
മറ്റ് പത്രങ്ങളും തപ്പി, കേരള കൌമുദി , ദീപിക ഇത്യാദികളിലും സര്‍വ്വമാന ഓണ്‍ലൈൻ മലയാള ന്യൂസ് ഫീഡുകളിലും വാര്‍ത്ത ഗംഭീരമായി തന്നെയുണ്ട്. (കുറ്റം പറയരുതല്ലോ , അവതരണത്തിലും ലേ ഔട്ടിലും ഒക്കെ മനോരമ തന്നെ ബെറ്റര്‍..!)
ഓഫീസിലെ നാഷണല്‍ സ്റ്റാഫിനോട് അന്വേഷിച്ചപ്പോള്‍ ആര്‍ക്കും വലിയ പിടിയില്ല. 24 മണിക്കൂറും റേഡിയോ ചെവിയില്‍ തിരുകി നടക്കുന്ന ഒരാള്‍ മാത്രം എന്തോ സംഭവം ഇന്നലെ കേട്ടായിരുന്നു, വിശദമായി അറിയില്ല എന്ന് പറഞ്ഞു.
വാര്‍ത്തയുടെ ഉറവിടം തപ്പി നെറ്റില്‍ പരതിയപ്പോള്‍ ബി.ബി.സി തടഞ്ഞു. 'Mystery disease' kills 18 in Nigeria' ഏപ്രിൽ 18 നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന വാര്‍ത്തയുടെ ഈച്ചകോപ്പിയും പൊടിപ്പും തൊങ്ങലുമാണ് മലയാളം മാധ്യമങ്ങള്‍ 20 നു വിളംബിയിരിക്കുന്നത് (ദോഷം പറയരുതല്ലോ കൗമുദിയും ദീപികയും അതില്‍ സ്കോര്‍ ചെയ്തു - 19 നു തന്നെ സംഭവം അലക്കി..!)
ബി.ബി.സി ആ ഒരു കുറിപ്പോടെ വാര്‍ത്ത തുടരാതെ ഇട്ടിരിക്കുന്നത് കൊണ്ടാവും നമ്മുടെ അന്വേഷണാത്മക പത്ര മുത്തശിമാരും ഓണ്‍ലൈന്‍ മാധ്യമ കിടാവുകളുമൊക്കെ തുടര്‍ വാര്‍ത്തകള്‍ നല്‍കാത്തത് എന്നേ കരുതാനാവൂ.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ
കുറിപ്പില്‍ 'അജ്ഞാത രോഗം' പകര്‍ച്ചവ്യാധിയോ പടര്‍ന്നു പിടിക്കുന്ന തരമോ അല്ലന്നു' നൈജീരിയ ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് പറയുന്നു. പ്രാദേശികമായി വാറ്റി വില്‍ക്കുന്ന **'ഒഗൊഗോരോ' യില്‍ മെത്തനോള്‍ (
Methanol / Methyl Alcohol) കലര്‍ന്നതാവാം കാരണമെന്നും അടിവരയിട്ട് പറയുന്നുണ്ട്. നാട്ടിലെ വ്യാജമദ്യ ദുരന്തത്തിന്റെ ചെറിയ ഒരു പതിപ്പ് എന്ന് കരുതാം.
പ്രാദേശിക ആള്‍ ദൈവങ്ങള്‍ക്കും (ഈ സംഭത്തിന് ഇവിടെ ഭയങ്കര മാര്‍ക്കറ്റ് ആണ് - ജൂജു അഥവാ കൂടോത്രം , ബ്ലാക്ക് മാജിക് തുടങ്ങിയവയുടെ സ്വാധീനം വിദ്യാ സമ്പന്നരില്‍ പോലും വ്യാപകമാണ്) ഈ വിഷയത്തില്‍ വളരെയധികം പങ്കുണ്ടെന്ന് The Guardian പത്രം ഇക്കഴിഞ്ഞ ഞായറാഴ്ച സചിത്ര വാര്‍ത്തകള്‍ തന്നെ നല്‍കിയിട്ടുണ്ട്.
മരണസംഖ്യ കൂടുകയോ പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്യപെടുകയോ ഉണ്ടായിട്ടില്ലെങ്കിലും WHO , UNICEF ഉള്‍പ്പെടെയുള്ള എജന്‍സികള്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനകളും ലാബ് ടെസ്റ്റുകളും ഒക്കെ നടത്തുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 'ഓണ്‍ഡോ' സംസ്ഥാനം 'ഒഗൊഗോരോ' നിർമ്മിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിക്കുകയും ചെയ്തുവെന്ന് വാര്‍ത്തയുണ്ട്.
പറഞ്ഞു വന്നത് വാര്‍ത്തകള്‍ക്ക് മേലെയുള്ള ചായം പൂശലുകളും ചമത്കാരവും ഒക്കെ പത്രഭാഷയില്‍ ഒഴിവാക്കാനാകാത്തതായിരിക്കാം; വിദേശ വാര്‍ത്തകള്‍ ഏജന്‍സികള്‍ നല്കുന്നത് അപ്പാടെ വിഴുങ്ങി ശർദ്ദിക്കുന്നതും ഒഴിവാക്കാന്‍ പറ്റില്ലായിരിക്കാം; പക്ഷേ വാര്‍ത്തകളുടെ ഉറവിടകേന്ദ്രങ്ങളില്‍ അന്വേഷണം നടത്തി തുടര്‍വാര്‍ത്തകള്‍ നല്‍കാവുന്ന വിധം നമ്മുടെ മാധ്യമങ്ങള്‍ എന്ത് കൊണ്ട് വളരുന്നില്ല എന്നത് മാത്രമാണ്, വാര്‍ത്തകളും ചിലപ്പോള്‍ പകര്‍ച്ച വ്യാധികള്‍ ആയി മാറുന്നു..!
പദ സൂചന
*പള്ളി അയ്യം : മുസ്ലിം പള്ളിയോടനുബന്ധിച്ചുള്ള ശ്മശാനത്തിന് പ്രാദേശികമായി പറയുന്നത്.
** ഒഗൊഗോരോ : നൈജീരിയയില്‍ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്ന പ്രാദേശിക ചാരായം. പനംകള്ള് പോലെയൊന്ന് വാറ്റിയെടുത്ത് എത്തനോള്‍ (
Ethanol / Ethyl Alcohol ) കൂടിചേര്‍ത്ത് വീര്യപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. വിവാഹ, മരണ ചടങ്ങുകളില്‍ എല്ലാം സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്നു. കൂടുതല്‍ വായനയ്ക്ക് -
വിക്കിപീഡിയ
വാല്‍കഷണം :
മനോരമയിലെ ഗ്രാഫിക്സ് അണ്ണാ, നൈജീരിയുടെ നടുക്കെന്തരിത് 'അഹൂജ' , പണ്ട് തെങ്ങേൽ പാട്ട് വെച്ചിരുന്ന കോളാമ്പി AHUJA തന്നേയ്..?