Friday, October 20, 2006

'ഒന്നേ' യിലേക്ക് ഒരു യാത്ര

പ്രിയ കൌച്ചു,
നിനക്ക്‌ സുഖം തന്നയല്ലേയെന്ന പതിവ്‌ ചോദ്യം ആവര്‍ത്തിക്കുന്നു.നല്ല തിരക്കുണ്ട്‌, അതിനാലാണ്‌ മെയിലുകള്‍ വൈകുന്നത്‌;പിന്നെയിവിടുത്തെ നെറ്റ്‌വര്‍ക്ക്‌ മിക്കപ്പഴും പണിമുടക്കിലുമാണ്‌. ബ്ലോഗിങ്ങില്‍ ഹരം പിടിച്ചിരിക്കുന്നു, ചിന്തിക്കുവാനും ചിരിക്കുവാനുമുതകുന്ന ഒരു പാട്‌ ബ്ലോഗെഴുത്തുകള്‍ സുലഭം. നീ പറഞ്ഞപ്പോള്‍ ഇത്ര കേമമെന്ന് ഞാന്‍ കരുതിയേയില്ല.ഓഫീസ് സമയം കഴിഞ്ഞേ പറ്റുകയുള്ളുവെങ്കിലും പിന്മൊഴികള്‍ക്കും തനിമലയാളത്തിനുമിടയില്‍ നിനക്ക്‌ കത്തെഴുതാന്‍ വൈകിയാല്‍ പിണങ്ങണ്ട, നീ തന്നെ കാരണം.

കഴിഞ്ഞ കത്തിലെഴുതിയിരുന്ന 'തട്ടികൊണ്ട്‌ പോകല്‍' ഭീക്ഷണികളും അതിനേതുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളുമൊക്കെ വരുന്നതിനു മുന്‍പ്‌ ജൂലായ്‌ അവസാന ആഴ്ച ഇവിടെനിന്നും 40 തോളം കിലോമീറ്റര്‍ അകലെയുള്ളതും എന്റെ കൂടെയുള്ള മറ്റ്‌ മൂന്ന് പേരുടെ ക്യാമ്പിംഗ്‌ സ്ഥലവുമായ 'ഒന്നേ'(Onne) യിലേക്ക്‌ പോകാന്‍ കഴിഞ്ഞിരുന്നു. ഇവിടെ വന്ന ശേഷം ആദ്യമായാണ്‌ ഇത്രയെങ്കിലും ദൂരം റോഡ്‌ മാര്‍ഗ്ഗം സഞ്ചരിക്കുവാന്‍ അവസരം കിട്ടുന്നത്‌ എന്നതിനാല്‍ ആകെ ത്രില്ലിലായിരുന്നു ഞാന്‍. ഡ്രൈവറെ കൂടാതെ ഒരു മിലിറ്ററി ഗണ്‍മാന്‍ കൂടെയുണ്ടാവാറുള്ളത്‌ ഞാന്‍ പറഞ്ഞിരുന്നല്ലോ.പോകുന്ന വഴിയൊക്കെ എന്നെ അലട്ടിയിരുന്ന ഒരു വലിയ ചോദ്യം അവന്റെ കൈയ്യിലിരിക്കുന്ന തോക്ക്‌ പൊട്ടുമോ എന്നതായിരുന്നു.


റോഡുകളുടെയും മറ്റും സ്ഥിതി ഞാന്‍ നേരത്തേ എഴുതിയിരുന്നതിലും ഒട്ടും വിഭിന്നമല്ല.കുറെ നല്ല റോഡുണ്ട്‌, ബാക്കിയെല്ലാം പൊട്ടിപൊളിഞ്ഞത്‌ തന്നെ. ജനസാന്ദ്രതയേറിയിടങ്ങളിലാണ്‌ ഏറ്റവുമധികം പ്രശ്നങ്ങള്‍.വഴിയോരങ്ങളിലെ തകര ഷീറ്റ്‌ മേഞ്ഞ കടകളും വീടുകളുമൊക്കെ കൂടി ഒരു വലിയ ചേരിപ്രദേശത്ത്‌ കൂടി കടന്നു പോകുന്ന പ്രതീതിയാണ്‌. കുറച്ചു ദൂരം കഴിഞ്ഞപ്പോഴേക്കും ജനവാസം കുറഞ്ഞയിടമെങ്കിലും നല്ല റോഡും , വശങ്ങളില്‍ പച്ചപ്പ്‌ നിറഞ്ഞ പ്രദേശവുമായിതീര്‍ന്നു. ഇടയ്ക്‌ ചില നദികളും, പാലങ്ങളുമൊക്കെയായി കേരളത്തിലൂടെ തന്നെ കടന്നുപോകുന്ന പ്രതീതി. വളരെയകലെ കാണുന്ന ഉയരമേറിയ പനകള്‍ തെങ്ങാണന്നു തെറ്റിദ്ധരിച്ചു പോകും. വിശാലമായ മൈതാനങ്ങളില്‍ ഫുട്ബോളിനു പിന്നാലെ കുതിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ ബാല്യകാലത്തേക്ക്‌ ഓര്‍മ്മകള്‍ ഓട്ടപ്രദക്ഷിണം നടത്തി.പോകുന്ന വഴി 'എലമ്മെ' (Eleme) ജംഗ്‌ഷന്‍ കഴിഞ്ഞതും വാഹനങ്ങളുടെ നീണ്ട നിരയില്‍ പെട്ടു. അതിനു മുന്‍പ്‌ പല ട്രാഫിക്‌ കുരുക്കുകളിലും വരിതെറ്റിച്ചും തെറ്റായ വശത്തൂടെ കടന്നു കയറിയും അഭ്യാസം കാണിച്ച ഡ്രൈവര്‍ക്കും ചെറിയ പരുങ്ങല്‍, ഇവിടെ എല്ലാവരും ക്യൂ പാലിക്കുന്നുണ്ട്‌. കുറെ അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌ റോഡിലെ പോലീസ്‌ ചെക്കിംഗ്‌ ആണ്‌. എന്നുപറഞ്ഞാല്‍ ആയുധധാരികളായ ഒരു പറ്റം പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം പിരിക്കുന്നു.പരസ്യമായിതന്നെയാണ്‌ ഡ്രൈവര്‍മാര്‍ കാശ്‌ കൊടുക്കുന്നത്‌,അല്ലാതെ നാട്ടിലെപ്പോലെ ആര്‍.സി.ബുക്കിലും ലൈസന്‍സിനുള്ളിലും തിരുകീട്ടല്ല. ക്യാമറയിലേക്ക്‌ കൈപോയപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ തടഞ്ഞു. അവന്‍ കൂടെയുള്ളതിനാലാകണം ഞങ്ങളുടെ വണ്ടി വേഗം കടത്തിവിട്ടു.


ദൂരെ 'എലമേ പെട്രോകെമിക്കല്‍സിന്റെ' പുകകുഴലുകള്‍ തീയും പുകയും വമിപ്പിക്കുന്നു. നൈജീരിയയുടെ എണ്ണപ്പെട്ട ഒരു പൊതുമേഖലാ വ്യവസായസ്ഥാപനമാണ്‌ 900ത്തോളം ഹെക്‍ടര്‍ സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന ഈ പെട്രോകെമിക്കല്‍ ശാല. 80 തോളം കിലോമീറ്റര്‍ അകലെയുള്ള ‘ഒബിയഫു പ്ലാന്റി‘ ല്‍ നിന്നും നേരിട്ട്‌ ബന്ധിപ്പിച്ചിട്ടുള്ള കുഴലുകളിലൂടെയാണ്‌ പ്രധാന അസംസ്കൃത വസ്തുക്കളായ ദ്രാവക, വാതക പെട്രോളിയം ഇവിടേക്ക്‌ എത്തുന്നത്‌. അത് സംസ്കരിച്ച് എതിലിന്‍, ബ്യൂട്ടേന്‍, പോളിയെത്തിലിന്‍ തുടങ്ങി നിരവധി വ്യാവസായിക ഉത്‌പന്നങ്ങളും, കാസ്റ്റിക്‌ സോഡ, പോളിവിനെയില്‍ ക്ലോറൈഡ്‌ (pvc) പോലുള്ള വാണിജ്യ ഉത്‌പന്നങ്ങളും നിര്‍മ്മിക്കപെടുന്ന ഈ സ്ഥാപനം തദ്ദേശവാസികള്‍ക്ക്‌ നല്ലൊരു തൊഴില്‍സംരംഭം കൂടിയാണ്‌. 1982ല്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഒന്നാം ഘട്ടം പൂര്‍ണ്ണതോതില്‍ ഉത്‌പാദനം തുടങ്ങിയത്‌ 1995 മുതലാണ്‌; ത്വരിതഗതിയില്‍ മൂന്നാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌ വിദേശ നിക്ഷേപ സാങ്കേതിക പങ്കാളിത്തമുള്ള ഈ പൊതുമേഖലാ സ്ഥാപനത്തിലിപ്പോള്‍.

'ഠേ, ഠേ ' ചിന്തകളെ വിറപ്പിച്ച്‌കൊണ്ടുയര്‍ന്ന വെടിശബ്ദം, നോക്കിയപ്പോള്‍ എന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നു, സെക്യൂരിറ്റിക്കാരന്‍ വശത്തെ ചില്ലു താഴ്‌ത്തി മുകളിലേക്ക്‌ വെടിവെക്കുന്നു. റോഡിന്‌ കുറേദൂരെയായുള്ള ചെറിയ ഒരു കവലയില്‍ നിന്നും വീണ്ടും വെടിശബ്ദം. 'കഴിഞ്ഞു എന്നെ തട്ടികൊണ്ട്‌ പോകുകയോ കൊള്ളയടിക്കന്‍ പോകുകയോ ആണല്ലോ ദൈവമേ' എന്നു കരുതി മൊബെയിലില്‍ 'ഹെല്‍പ്‌' അടിക്കാനൊരുങ്ങിയപ്പോഴേക്കും വണ്ടി നീങ്ങിതുടങ്ങി. സംസാരശേഷി വീണ്ടുകിട്ടി, ഞാനവനോട്‌ കാര്യം തിരക്കിയപ്പോഴാണ്‌ സംഭവം പിടികിട്ടിയത്‌; അവന്റെ ഒരു മിലിട്ടറി സുഹൃത്ത്‌ മറ്റേ റോഡില്‍ നില്‍ക്കുന്നത്‌ കണ്ട്‌ പരസ്പരം 'വിഷ്‌' ചെയ്തതാത്രേ..!. പണ്ടാരമടങ്ങാന്‍ പേടിപ്പിച്ചുകളഞ്ഞല്ലോ പഹയാ എന്നോര്‍ത്തിരിക്കുമ്പോഴേക്കും ഞങ്ങള്‍ 'ഒന്നേ' ക്യാമ്പി ലെത്തിയിരുന്നു.

ഒന്നെ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ ഫ്രീസോണ്‍ - ഒരു വിദൂര ദൃശ്യം


നൈജീരിയയുടെ മറ്റൊരു പ്രധാന തുറമുഖപ്രദേശമാണ്‌ ഒന്നെ. ഫെഡറല്‍ ഓഷ്യന്‍ ടെര്‍മിനല്‍ (FOT) , ഫെഡറല്‍ ലൈറ്റ്‌ ടെര്‍മിനല്‍ (FLT) എന്നിങ്ങനെ രണ്ട്‌ പോര്‍ട്ടുകള്‍ ഉള്‍പ്പടെ ഏകദേശം 16 ചതുരശ്ര കി.മീറ്റര്‍ പ്രദേശമുള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന 'ഒന്നെ ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ ഫ്രീ സോണ്‍' നൈജിരിയയുടെ സാമ്പത്തിക മേഖലയുടെ അനിവാര്യഘടകമായി കഴിഞ്ഞു. കയറ്റുമതി ഇറക്കുമതി ചുങ്കവും മറ്റു നൂലാമാലകളൊന്നും ഇല്ലായെന്നത്‌ പല വിദേശകമ്പനികള്‍ക്കും ഇവിടേക്കു വരാന്‍ പ്രചോദനമാകുന്നു. പൂര്‍ണ്ണമായും വിദേശ സ്വകാര്യ കമ്പനികളുടെ മേല്‍നോട്ടത്തിലുള്ള വികസനപ്രവര്‍ത്തനം ചുറ്റുമുള്ള മറ്റ്‌ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുവെന്നത്‌ കാണാനാകും. നല്ല ഗതാഗതസൌകര്യങ്ങളുമൊക്കെ ഒരുക്കുവാന്‍ സദാപ്രവര്‍ത്തനനിരതരാണീ നിക്ഷേപര്‍. ആരംഭംകുറിച്ച്‌ 10വര്‍ഷം കൊണ്ട്‌ തന്നെ ഷെല്‍, മോബില്‍, റ്റോട്ടല്‍, അജിപ്‌ തുടങ്ങിയ ബഹുരാഷ്ട്ര ഓയില്‍ ഭീമന്‍മാരുടേതുള്‍പ്പടെ ഏകദേശം 150 തിലധികം വിദേശനിക്ഷേപകര്‍ ഇവിടം പ്രധാനതാവളമാക്കി കഴിഞ്ഞു. ഇത്തരം വികസനപ്രവര്‍ത്തങ്ങള്‍മൂലം തദ്ദേശീയരായ അളുകള്‍ക്ക്‌ തൊഴില്‍ ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്‌.

ഇവിടെ നാല്‌-അഞ്ച്‌ വര്‍ഷമായിട്ട്‌ താമസിക്കുന്ന മലയാളി സുഹൃത്തിനെ കിട്ടി, ഒപ്പം രാത്രി,അടുത്തു തന്നെയുള്ള 'ബുഷ്‌ ബാറില്‍' പോകാമെന്നുള്ള ആശയവും. പകലൊക്കെ അടഞ്ഞ്‌ കിടക്കുകയും വൈകുന്നേരമാകുമ്പോഴേക്കും സജീവമാകുകയും ചെയ്യുന്ന നിരവധി ബുഷ്‌ ബാറുകള്‍ ഇവിടുണ്ടെന്ന് കേട്ടിട്ടുണ്ട്‌. നമ്മുടെ നാട്ടിലെ തട്ടുകട വിപുലീകരിച്ചൊരു സെറ്റപ്പ്‌ ആയിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. ഇതിന്റെ മേല്‍ക്കൂര ഉണങ്ങിയ ചെറുചെടികളും പുല്ലും മറ്റുംകൊണ്ട്‌ മേഞ്ഞതിനാലാവുമോ 'ബുഷ്‌' ബാര്‍ എന്നു പേരുവന്നത്‌?. എന്റെ സുഹൃത്തിന്റെ അഭിപ്രായത്തില്‍ അവിടെ നല്ല 'പുഷും പുള്ളു' മൊക്കെ നടക്കുന്നതിനാല്‍ 'പുഷ്‌' ബാര്‍ എന്ന് പേരിട്ട്‌ ലോപിച്ചിങ്ങനെ ആയതാവാമെന്നാണ്‌. (ഏയ്‌, ഇതിന്‌ അമേരിക്കന്‍ ബന്ധമൊന്നും ഉണ്ടാകാന്‍ വഴിയില്ല..!) മങ്ങിയവെളിച്ചവും ഇടയ്കിടെ മിന്നിത്തെളിയുന്ന വര്‍ണ്ണബള്‍ബുകളും ആഫ്രിക്കന്‍ ചടുലതാളമേള സംഗീതവുമൊക്കെയായി പ്രധാന വേദിയും ബാറുമൊഴികെ തുറസായി കിടക്കുന്ന ഒരു 'ഓപ്പണ്‍ എയര്‍' ഡാന്‍സ്‌ ബാര്‍. വിവിധ വര്‍ണവേഷത്തിലുള്ള നൈജീരിയന്‍ തരുണീമണികളുടെ നൃത്തചുവടുകളും നുരഞ്ഞ്‌ കവിയുന്ന ബീയര്‍ മഗുകളും കൊണ്ട്‌ ഹരം കൊള്ളാവുന്ന ഒരിടമെന്നതിലുപരി ഇത്‌ ഒരു ബുക്കിംഗ്‌ കേന്ദ്രം കൂടിയാണ്‌; അതേ, ഇവിടെ നിന്നും പെണ്‍കിടാങ്ങളെ ബുക്ക്‌ ചെയ്ത്‌ താമസസ്ഥലത്തേക്കോ, അല്ലെങ്കില്‍ അവര്‍ തന്നെ ഒരുക്കുന്നയിടത്തേക്കോ പോകാം. ഇന്ത്യന്‍സിനെ ഇവര്‍ക്ക്‌ വലിയ നോട്ടമില്ല, കാരണം കൂടെ കൂട്ടുന്നവര്‍ അപൂര്‍വ്വം. നല്ല വെളുത്ത സായിപ്പിനേയും കറുത്ത സ്വദേശികളെയുമാണവര്‍ക്ക്‌ താല്‍പര്യം. രണ്ടും മൂന്നും എണ്ണത്തിനേയൊക്കെ വണ്ടിയില്‍ കയറ്റികൊണ്ട്‌ പോകുന്ന വിദേശികളെയും കണ്ടു. ഒരു ക്യാന്‍ ബീയറോ ഭക്ഷണമോ വാങ്ങികൊടുത്താല്‍ കൂടെ വന്നിരിക്കാനും കൊഞ്ചാനും വേണമെങ്കിലൊന്നു കുഴഞ്ഞാടാനും തയ്യാറാണിവര്‍, ആത്യന്തികമായ ലക്ഷ്യം കൂടെ പോരുകയെന്നത്‌ തന്നെ. ഇവിടെ നിന്നും കൊണ്ട്‌പോയി സ്ഥിരമായി കൂടെ താമസിപ്പിക്കുന്നവരുമുണ്ട്‌, മാസാമാസം ഒരു തുക കൊടുത്താല്‍ മതിയല്ലോ.

ഇന്ത്യനായത്‌ കൊണ്ടാവാം, എന്റെടുത്ത്‌ വന്നിരുന്ന പെണ്‍കുട്ടി 'സോണിയ' എന്ന് പേര്‌ പറഞ്ഞത്‌. (ഞാന്‍ തല്‍കാലത്തേക്ക്‌ ഒരു ആന്‍ഡ്രൂസ്‌ ആകുകയും ചെയ്തു) ഇവര്‍ പറയുന്നതൊന്നും സത്യമായിരിക്കില്ല;പക്ഷേ ഞാന്‍ ഡിസൈനര്‍ ആണന്നൊക്കെ പറഞ്ഞപ്പോള്‍ അവള്‍ വാചാലയായി. മാസ്‌ കമ്മ്യൂണിക്കേഷന്‌ യൂനിവെര്‍സിറ്റിയില്‍ പഠിക്കുകയാണത്രെ. ഞാന്‍ ചില ജേര്‍ണലിസം നമ്പര്‍ ഒക്കെയിട്ടപ്പോള്‍ അവള്‍ക്കും സന്തോഷം.ഒരുവര്‍ഷം കൂടി പഠിക്കേണ്ടതുണ്ട്‌, പരീക്ഷയായി,ഫീസടയ്ക്കണം, ഹോസ്റ്റലിലെ ഫീസ്‌ തുടങ്ങിയവയ്ക്കായി ഇടയ്ക്‌ 'ബുഷ്‌ ബാറിലേക്ക്‌ വരും.വീട്ടിലെ ദാരിദ്ര്യമോ ബുദ്ധിമുട്ടുകളെയോപറ്റി ഞാന്‍ ചോദിച്ചിട്ടും ഒഴിവാക്കിയാണവള്‍ സംസാരിച്ച്‌ കൊണ്ടിരുന്നത്‌. ഗ്രാഫിക്സ്‌, ജേര്‍ണലിസം തുടങ്ങിയവയില്‍ അവള്‍ക്ക്‌ കുറച്ചൊരു വിവരമുണ്ട്‌ താനും, പക്ഷേ ഒന്നും വിശ്വസിക്കാനും പറ്റില്ല. ആരെയോ കാത്തിരിക്കുന്നതിനിടെ സമയം പോകാന്‍ എന്റെ കൂടെകൂടിയതാണന്നവള്‍ പറഞ്ഞ്‌ കേട്ടപ്പോള്‍ ഒഴിവാക്കാനെന്ത്‌ കള്ളം പറയണമെന്നാലോചിച്ചിരുന്ന എനിക്ക്‌ സമാധാനമായി.

അല്പം ഭയത്തോട്‌ കൂടിതന്നെ, ഏതു നിമിഷവും തട്ടികൊണ്ട്‌ പോകലോ, കൊള്ളയടിയോ ഒക്കെ നടക്കാവുന്ന പ്രദേശമായിട്ട്‌ കൂടിയും (ഗണ്‍മാനും ഇല്ല) കുറെയധികം സമയം അവിടെ ചിലവഴിച്ചു,അതാണതിന്റെയൊരു ത്രില്ലും. പിന്നെ കണ്ട് മടുത്ത അടച്ചുമൂടി ശീതീകരികരിച്ച ഡാന്‍സ് ബാര്‍ കണ്‍സപ്റ്റിങ്ങനെ തുറന്ന അന്തരീക്ഷത്തിലേക്ക് പറിച്ച് നട്ട് കാണുന്നതിന്റേയും. രാത്രി ഏകദേശം പത്ത്‌ മണിയോടെ അവിടുന്ന് മടങ്ങുമ്പോഴും ഒഴിഞ്ഞ കസേരകള്‍ വീണ്ടും നിറയുകയും, ബീയര്‍ പാത്രങ്ങള്‍ ഒഴിയുകയും ചെയ്ത്‌ കൊണ്ടേയിരുന്നു. ചായം പുരട്ടിയതെങ്കിലും മ്ലാനമായ ചില മുഖങ്ങള്‍ ഇനിയും വന്നെത്താനുള്ളവരെ പ്രതീക്ഷിക്കുകയും സ്‌പീക്കറിലൂടെ കിംഗ്‌ സണ്ണി ആഡെ യുടെ 'ഡാന്‍സ്‌ എവേ യുവര്‍ സോറോ' എന്ന ഗാനത്തിന്റെ വരികള്‍ ഒഴുകിപരക്കുകയും ചെയ്തുകൊണ്ടിരുന്നു.

തല്‍ക്കാലം വിട.

Friday, October 06, 2006

അസൂയമൂത്തൊരു ആട്ടിന്‍‌കുട്ടി

കുമാര്‍ജിയുടെ ഫ്രെയിമിലൂടെ
യുള്ള അസ്‌തമനദൃശ്യം കണ്ട് അസൂയമൂത്ത് ഓഫീസിനു പുറത്തിറങ്ങിയപ്പോള്‍ ദാ, ഇവിടെയും അസ്‌തമനം.ഇവിടെ വന്നിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും മിക്കദിവസവും മഴയായതു കാരണം ഇതുപോലൊരു ദൃശ്യം കാണാനേ കഴിഞ്ഞിട്ടില്ല. എടുത്തൂ എന്റെ കുട്ടി ക്യാമറ
(canon poweshot A 400)
പടിഞ്ഞാറോട്ട് നോക്കി ഒന്നു ക്ലിക്കി


ഒന്നൂടെ ക്ലിക്കി

പിന്നെ കിഴക്കോട്ട് തിരിഞ്ഞും ഒന്നു ക്ലിക്കി

( ഇത് ആനയെപ്പോലെ ശ്രമിച്ച ആട്ടിങ്കുട്ടി..കുമാര്‍ജി, ക്ഷമിക്കണേ )
Monday, October 02, 2006

എണ്ണപാടങ്ങളെന്ന അപകടമേഖല

15/08/06
പ്രിയ കൌച്ചു,
നിന്റെ മെയിലുകള്‍ കിട്ടി. ലബനോണില്‍ നിന്നും ഒഴിഞ്ഞു പോകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങളെക്കുറിച്ച്‌ നീയെഴുതിയത്‌ ഉള്ളിന്റെയുള്ളില്‍ ഒരു വിങ്ങലായവശേഷിക്കുന്നു, ഇന്നലെമുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌ ഒരാശ്വാസമാണെങ്കിലും.

നൈജീരിയയില്‍ വന്നിട്ട്‌ രണ്ട്‌ മാസം കഴിയുന്നു. ജോലിതിരക്കു കൊണ്ടാവണം 65 ദിവസങ്ങള്‍ ഓടിമറഞ്ഞത്‌ അറിഞ്ഞതേയില്ല. ഏകദേശം കേരളത്തിന്റെ കാലാവസ്ഥയുമായി നല്ല ചേര്‍ച്ചയുണ്ടെങ്കിലും മഴ വളരെ ശക്തമാണ്‌. മണിക്കൂറുകളോളം മുടക്കമില്ലാതെ ഒരേ താളത്തിലും ശക്തിയിലും പെയ്യുന്ന മഴ, പിന്നെ ചിലപ്പോള്‍ പെട്ടന്ന്, നല്ല വെയിലും. കാലാവസ്ഥയിലെ ഈ ചാഞ്ചാട്ടം ചെറിയ തോതിലെങ്കിലും ശാരീരികാസ്വാസ്ഥ്യമുണ്ടാക്കുന്നു.
ഇവിടുത്തെ കാഴ്ചകളൊന്നും കാണുവാന്‍ നല്ല അവസരങ്ങള്‍ ഇനിയും കിട്ടിയില്ല. സുരക്ഷാഭീക്ഷണി കടുത്തത്‌, അതുകൊണ്ട്‌ തന്നെ സുരക്ഷിതത്വ ക്രമീകരണങ്ങളും. ബാര്‍ബര്‍ഷോപ്പില്‍ പോകണമെങ്കിലും ഒന്നോ രണ്ടോ ഗണ്‍മാന്‍മാര്‍ അകമ്പടിസേവിക്കുന്നത്‌ അരോചകമാകുന്നു.

നൈജീരിയയുടെ വലിയ സംസ്ഥാനങ്ങളിലൊന്നായ 'റിവര്‍ സ്‌റ്റേറ്റിന്റെ തലസ്ഥാനമാണ്‌ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌. നൈജര്‍ നദി അറ്റ്‌ലാന്റിക്കില്‍ പതിക്കുന്നത്‌ നിരവധി ചെറു കൈവഴി(കഴിഞ്ഞ കത്തിന്റെ ഒപ്പം വെച്ചിരുന്ന മാപ്പ്‌ ശ്രദ്ധിക്കുക) കളിലൂടെയാണ്‌. അതില്‍ പ്രധാനപ്പെട്ട ഒന്നായ 'ബോണി നദിക്ക്‌' വശംചേര്‍ന്നു കിടക്കുന്നതും 'ഇഗ്‌സോ', 'ഇജോ' തുടങ്ങിയ വംശജര്‍ തിങ്ങിപാര്‍ത്തിരുന്നതുമായ ഈ പ്രദേശം 1912 ലാണ്‌ ബ്രിട്ടീഷുകാര്‍ കണ്ടെത്തി ഒരു പ്രധാനതുറമുഖമായി വികസിപ്പിച്ചെടുത്തത്‌. അന്നത്തെ കൊളോണിയല്‍ സെക്രട്ടറി ലൂയിസ്‌ ഹാര്‍കോര്‍ട്ടിന്റെ പേരു ചാര്‍ത്തപ്പേട്ട 'പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌' സമീപപ്രദേശമായ "എനുഗു' വില്‍ നിന്ന് ബോണി നദിവഴി കടത്തികൊണ്ട്‌ വരുന്ന കല്‍ക്കരിയുടെ കയറ്റുമതിയാണ്‌ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്‌. പതുക്കെ പതുക്കെ ഉയര്‍ച്ച പ്രാപിച്ച ഈ പ്രദേശം ഇന്ന്‌ നൈജീരിയയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ തുറമുഖസമുച്ചയ നഗരിയാണ്‌.ലോകരാഷ്ട്രങ്ങളില്‍ എട്ടാമത്തെ ഏറ്റവും ഉയര്‍ന്ന പെട്രോളിയം കയറ്റുമതി രാജ്യമാണ്‌ നൈജീരിയ എന്നറിയാമല്ലോ, ആഫ്രിക്കയില്‍ ഒന്നാമത്തേയും. 2005 ലെ കണക്കനുസരിച്ച്‌ ശരാശരി 2.6 മില്യണ്‍ ബാരലാണ്‌ പ്രതിദിന കയറ്റുമതി. ബഹുരാഷ്ട്രകമ്പനികളാണ്‌ ഇവിടുത്തെ ഉത്‌പാദനത്തിന്റെയും കയറ്റുമതിയുടെയുമൊക്കെ ചുക്കാന്‍ പിടിക്കുന്നത്‌. പെട്രോളിയം-പ്രകൃതിവാതകങ്ങളുടെ അമൂല്യശേഖരമാണത്രേ നൈജര്‍ നദിതടപ്രദേശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്‌.
സ്വതവേ പെട്രോളിയം ഖനന വ്യവസായമേഖല അപകടസാധ്യത ഏറെയുള്ളതാണ്‌. പൊട്ടിത്തെറി, ചോര്‍ച്ച, അഗ്നി ബാധ തുടങ്ങി നിരവധി പ്രതിസന്ധികള്‍ ഏതുനിമിഷവും പ്രതീക്ഷിച്ചും,അഥവാ അങ്ങിനെ സംഭവിച്ചാല്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച്‌ പരിശീലനം സിദ്ധിച്ചുമൊക്കെയാണ്‌ എണ്ണപ്പാടങ്ങളില്‍ തൊഴിലെടുക്കുന്നത്‌. പുറംരാജ്യക്കാരായ തൊഴിലാളികളെ സംബന്ധിച്ച്‌ , ഇവിടെ നൈജീരിയയില്‍ മറ്റൊരു അപകടം കൂടി പതിയിരിക്കുന്നു.

കണ്ടല്‍കാടുകള്‍ തഴച്ചു വളരുന്ന ചതുപ്പു നിലങ്ങളും ജലാശയങ്ങളുമൊക്കെയാണ്‌ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിനു ചുറ്റും. മത്സ്യബന്ധനമാണ്‌ ഒരു പ്രധാന തൊഴില്‍ വരുമാന മേഖല. പക്ഷേ പെട്രോളിയം അനുബന്ധവ്യവസായങ്ങള്‍ തഴച്ചു വളര്‍ന്നതോടുകൂടി ആവാസവ്യവസ്ഥിതിയില്‍ വന്‍ മാറ്റമുണ്ടാവുകയും മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുകയും ചെയ്തു. ഖനനം കഴിഞ്ഞ്‌ അല്ലെങ്കില്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ്‌ ഉപേക്ഷിക്കപ്പെടുന്ന എണ്ണകിണറുകളില്‍ നിന്നും പിന്നെയും ആയിരകണക്കിന് ടണ്‍ ക്രൂഡോയില്‍ ഉത്‌പാദിപ്പിക്കപെട്ടുകൊണ്ടിരിക്കും, വര്‍ഷങ്ങളോളം. അവയൊക്കെ പാടപോലെ പരന്ന് മലീമസമാക്കപ്പെട്ട നദീമുഖവും പരിസര പ്രദേശങ്ങളും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ജലാശയങ്ങളിലേക്ക്‌ പ്രകൃതിതന്നെ തള്ളിവിടുന്ന ഖരജലമാലിന്യങ്ങള്‍പോലും വെള്ളത്തില്‍ ലയിച്ചു ചേരുന്നില്ല, എണ്ണപ്പാടമൂലം ഒഴുകി നീങ്ങുന്നുമില്ല.


കുടിവെള്ളം കിട്ടാക്കനിയാണ്‌. മിക്ക ചെറുഗ്രാമങ്ങളിലും മലിനമാക്കപ്പെട്ട വെള്ളം കുടിച്ച്‌ കുട്ടികളും മൃഗങ്ങളും ചത്തൊടുങ്ങുന്നു. ഉത്‌പാദനമേഖലയിലെ വായു മലിനീകരണം മറ്റൊരു വശത്ത്‌. മത്സ്യസമ്പത്ത്‌ വളരെ കുറയുകയും ആളുകള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതില്‍ ഇവിടുത്തെ ആളുകള്‍ രോഷാകുലരാണ്‌. ഇത്രയും നൈജീരിയന്‍ സമ്പത്ത്‌ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം സാധാരണക്കാരനിലേക്ക്‌ എത്തുന്നില്ലന്നതാണ്‌ ഏറ്റവും വലിയ പരാതി. വികസനം ഇനിയും എത്തിനോക്കാത്ത ഗ്രാമപ്രദേശങ്ങളാണ്‌ മിക്കതും. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം. രാഷ്ട്രീയമായും സാമൂഹികമായുമുള്ള അനിശ്ചിതാവസ്ഥ,ഒപ്പം തൊഴിലില്ലായ്‌മയും. ഇതില്‍ നിന്നൊക്കെ ഉടലെടുത്തതോ, അല്ലെങ്കില്‍ ഈ സാഹചര്യം മുതലെടുക്കുവാനായി സൃഷ്ടിക്കപ്പെട്ടതോ ആയ നിരവധി സായുധവിപ്ലവ സംഘങ്ങള്‍, ചെറുതും വലുതും, കണ്ടല്‍ക്കാടുകളുടെ മറപറ്റി പ്രവര്‍ത്തിക്കുന്നു. പരസ്പരം പോരടിക്കുന്ന വിപ്ലവസംഘാങ്ങളുടെ ജഢങ്ങള്‍ ബോണി നദിയിലൂടെ ഒഴുകിനടക്കുന്നത്‌ നിത്യകാഴ്ചയാണ്‌.

ആയുധശേഖരണത്തിനും മറ്റും സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഇവര്‍ കൊള്ളയും കൊലയും ശീലമാക്കുന്നു. ബാങ്ക്‌/പെട്രോള്‍ ബങ്ക്‌ കൊള്ളയടി നിത്യസംഭവം പോലെയാണ്‌. (പറഞ്ഞാല്‍ വിശ്വസിക്കില്ല; വലിയ ട്രക്ക്‌ കൊണ്ട്‌ നിര്‍ത്തി, ചെറിയ ക്രയിനുപയോഗിച്ച്‌ സ്‌ട്രോങ്ങ് റൂം ഷെല്‍ഫുകളപ്പാടെ പൊക്കി കൊണ്ട്‌ പോകുന്നതരം പരിപാടികളാണ്‌ ഇവിടെ അരങ്ങേറുന്നത്‌) മറ്റൊന്ന് എണ്ണക്കുഴലുകളില്‍ വിള്ളലുണ്ടാക്കി ക്രൂഡോയില്‍ ശേഖരിച്ചു കടത്തലാണ് (കഴിഞ്ഞ വര്‍ഷം രണ്ട്‌ നൈജീരിയന്‍ സൈനികഉദ്യോഗസ്ഥന്മാരെ ടണ്‍ കണക്കിന്‍ ക്രൂഡോയില്‍ ഇപ്രകാരം ശേഖരിച്ച്‌ റഷ്യയിലേയും കിഴക്കന്‍ യൂറോപ്പിലേയും ക്രിമിനല്‍ സംഘങ്ങള്‍ക്ക്‌ മറിച്ചു വില്‍ക്കാന്‍ നേതൃത്വം കൊടുത്തതിന് പട്ടാള വിചാരണചെയ്ത്‌ തുറുങ്കിലടച്ചത്‌ വാര്‍ത്തയായിരുന്നത്രേ..)പക്ഷേ ഇതൊക്കെ ഒരു പരിധിവരെ തടയാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്‌. പകരം യുവ വിപ്ലവകാരികള്‍ പെട്രോളിയം കമ്പനികളിലെ തൊഴിലാളികളെ തട്ടിയെടുത്ത്‌ തലയെണ്ണി കാശു വാങ്ങാന്‍ തുടങ്ങി. ഇതുമൂലം രണ്ട്‌ ലക്ഷ്യങ്ങളാണവര്‍ സാധിക്കുന്നത്‌; നല്ലയൊരുതുക മോചനദ്രവ്യമായി കിട്ടും, അതുപോലെ ലോകമാദ്ധ്യമ ശ്രദ്ധയും നേടാം.(ചില വാര്‍ത്തകള്‍ ഇവിടെ )
ഈ ആഗസ്റ്റില്‍ മാത്രം , ഇന്നലെത്തെയുള്‍പ്പെടെ ഏതാണ്ട്‌ ആറോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു, റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ ഒതുക്കി തീര്‍ത്തവ നിരവധി.ആദ്യമൊക്കെ ജലാശയമാര്‍ഗ്ഗം യാത്രചെയ്യുന്നവരേയാണ്‌ തട്ടികൊണ്ട്‌ പോയിരുന്നതെങ്കില്‍ ഇപ്പോള്‍ റോഡിലേക്കും വ്യാപിച്ചിരിക്കുന്നു.യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളേറെയും നിശാക്ലബ്ബുകളിലേയും മറ്റും നിത്യ സന്ദര്‍ശകരാണ്‌(ക്ലബ്ബുകള്‍ വേണ്ടുവോളമുണ്ട്‌ താനും..!!) അവിടെനിന്ന് ഇറങ്ങുന്നവരൊക്കെയാണ്‌ പ്രധാന ഇരകളെങ്കിലും, കമ്പനിപടിക്കല്‍ നിന്നു തന്നെ കൂടെയുണ്ടായിരുന്ന ഗണ്‍മാനെ വെടിവെച്ച്‌ കൊന്നശേഷം തട്ടികൊണ്ട്‌ പോയ സംഭവും ഈയടുത്തുണ്ടായി.ഇതുകാരണം മിക്ക കമ്പനികളും തൊഴില്‍ സമയങ്ങളില്‍ മാറ്റം വരുത്തുവാനും, തൊഴിലാളികളുടെ വിന്യാസം ക്രമപ്പെടുത്താനുമൊക്കെ നിര്‍ബന്ധിതരായി. ഫലമോ ഏതാണ്ട്‌ 20 ശതമാനത്തോളം ഉത്‌പാദനക്കുറവ്‌ ജൂലായ്‌- ആഗസ്റ്റ്‌ മാസങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. രാജ്യത്തിന്റെ പ്രധാന വരുമാനത്തിലാണീ കുറവെന്നത് കൊണ്ട് ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈകിട്ട്‌ ആറുമണിമുതല്‍ രാവിലെ ആറുമണിവരെ ക്യാമ്പിന്‌ പുറത്ത്‌ പോകരുതെന്നുള്ള നിര്‍ദേശം ഞങ്ങള്‍ക്കും കിട്ടി. ജീവനില്‍ കൊതിയുള്ളതുകൊണ്ട്‌ അല്ലെങ്കിലും ആ നേരത്ത്‌ പുറത്ത്‌ കറങ്ങാന്‍ പോകാത്തതിനാല്‍ എനിക്കാ നിര്‍ദേശം ബാധകമല്ല. എങ്കിലും കഴിഞ്ഞതിനു മുമ്പത്തെ ആഴ്ചയവസാനം 'ഒന്നേ' പോര്‍ട്ടിലുള്ള സുഹൃത്തുക്കളോടൊപ്പം (കൂടെ വന്ന മൂന്ന് പേര്‍ അവിടെയാണ്‌)അവിടെയടുത്തുള്ള 'ബുഷ്‌ ബാറില്‍' രാത്രി പോകുകയും അതു വേറിട്ടൊരു അനുഭവമാകുകയും ചെയ്തു. ആ വിശേഷങ്ങള്‍ അടുത്ത കത്തില്‍.

നിന്റെ ഡോക്കുമെന്ററി ' മെന്‍ ഓഫ്‌ ബെര്‍ഡന്‍ ' തിരുവനന്തപുരം ഫെസ്റ്റിവലിനയച്ചിട്ട്‌ മറുപടിയെന്തെങ്കിലും..? ഡിസംബറിലെ ഫെസ്റ്റിവലും കൂടി കണക്കാക്കി ലീവിനപേക്ഷിച്ചിട്ടുണ്ട്‌, നീ വരുമല്ലോ അല്ല്ലേ..?

ആശംസകളോടെ


കുറിപ്പ്: ചിത്രങ്ങള്‍ ഒരു നൈജീരിയന്‍ സുഹൃത്തിന്റെ ശേഖരത്തില്‍ നിന്ന്.