Monday, September 18, 2006

നൈജീരിയ, ചില നിരീക്ഷണങ്ങള്‍

02/07/06

പ്രിയ കൌച്ചൂ,

കഴിഞ്ഞ രണ്ടുപ്രാവശ്യമായിട്ട്‌ ചില കുറിപ്പുകള്‍ ഒക്കെ അയച്ചു പറ്റിച്ചതിനു മാപ്പ്‌. ഇവിടെ ഭയങ്കര ജോലി തിരക്ക്‌. ഒന്നാമത്‌ പുതിയ സ്ഥലം, ഓഫീസ്‌, ആള്‍ക്കാര്‍, സൈറ്റ്‌ , കടുത്ത മഴ ; എല്ലാം കൂടി ആകെ കുഴഞ്ഞു മറിഞ്ഞ്‌ പിരാന്തു പിടിക്കുന്ന അവസ്ഥ. കൂട്ടത്തില്‍, കൂടെ വന്നയാളെക്കൂടി വേറെ ക്യാമ്പിലേക്ക്‌ മാറ്റിയതോടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണം. വമ്പന്‍ ചുറ്റുമതിലും വൈദ്യുത വേലിക്കെട്ടും സെക്യൂ രിറ്റി കാമറയുമൊക്കെ സുരക്ഷയെക്കാളും ഭയമാണുളവാക്കുന്നത്‌. ക്യാമ്പില്‍ ഇന്‍ഡ്യന്‍സ്‌ ആരുമില്ല, ഒരു റൊമേനിയന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, പിന്നെ രണ്ട്‌ ഫിലിപ്പീനികളും. പഠിച്ചതും ശീലിച്ചതുമൊക്കെ മറക്കേണ്ടി വരുന്ന ജോലി രീതികള്‍ മടുപ്പുളവാക്കുന്നുണ്ടെങ്കിലും ഏതു ജോലിയും ആസ്വദിച്ച്‌ ചെയ്യാനുള്ള കഴിവു വികസിപ്പിച്ചു തന്ന ഗുരുവിനു നന്ദി, അദ്ദേഹം കാരണമാണല്ലോ ഇവിടെ എത്തി ചേര്‍ന്നതും. പുറത്തു പോകു ന്നത്‌ വിരളമാണ്‌, ആഴ്ചയിലൊരു ഷോപ്പിംഗ്‌, അത്രേയുള്ളൂ; സുരക്ഷാ പ്രശ്നങ്ങള്‍ തന്നെ കാരണം.

ഇവിടെ ഓഫീസില്‍ ഒരു നൈജീരിയന്‍ ആര്‍ക്കിടെക്റ്റ്‌ കൂടെയുണ്ട്‌. അവനില്‍ നിന്നും ചോര്‍ത്തിയെ ടുത്ത ചില കാര്യങ്ങള്‍; ഏതു രാജ്യത്തിന്റെയും ഭൂമിശാസ്ത്രവും, ചരിത്രവുമൊക്കെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ഒരു മൌസ്‌ ക്ലിക്ക്‌ അകലത്തില്‍ സുലഭമാണ്‌,എങ്കിലും ഒരന്വേഷണം, ചില നിരീക്ഷണങ്ങളും.

എന്നെ ആദ്യം അമ്പരപ്പിച്ചൊരു കാര്യം,നൈജീരിയയ്ക്ക്‌ വടക്കും കിഴക്കും പടിഞ്ഞാറുമേയുള്ളൂ, തെക്കില്ല; അങ്ങിനെയും ഒരു സ്ഥലമോ..? സംഭവമെന്താണെന്നു വച്ചാല്‍ നൈജര്‍ നദിയുമായി ബന്ധ പ്പെട്ടാണു നൈജീരിയയുടെ ഭൂപ്രകൃതിയെന്നറിയാമല്ലോ. വടക്കു പടിഞ്ഞാറു നിന്നു വരുന്ന നൈജര്‍ നദിയും, പ്രധാന പോഷകനദികളിലൊന്നും കാമറൂണിലുത്ഭവിച്ച്‌ വടക്കു കിഴക്കന്‍ പ്രവിശ്യയിലൂടെ വരുന്ന ബെന്യു നദിയും നൈജീരിയയുടെ ഏകദേശം മധ്യഭാഗത്തിനു താഴെ വെച്ച്‌ യോജിക്കുകയും പിന്നെ ഒന്നായി തെക്കുഭാഗത്തേക്ക്‌ ഒഴുകുകയുമാണു ചെയ്യുന്നത്‌.


അങ്ങെനെ ഈ രാജ്യം മൂന്നായി ഭാഗിക്കപ്പെടുന്നു. അബുജ (ഇപ്പോഴെത്തെ തലസ്ഥാന നഗരി) കഡുന, കാനോ തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെട്ട വടക്കന്‍ മേഖല, ലാഗോസ്‌, ബെനിന്‍ സിറ്റി, ഇബ്‌ദാന്‍, തുടങ്ങിയവയടങ്ങുന്ന പടിഞ്ഞാറന്‍ പ്രദേശം, ബെന്യൂ, പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌ ഉള്‍പ്പെട്ട റിവര്‍ സ്‌റ്റേറ്റ്, തരാബ തുടങ്ങിയവയടങ്ങുന്ന കിഴക്കന്‍ നൈജീരിയ.

നൈജര്‍ നദീതടമായ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടും പരിസര പ്രദേശങ്ങളും എണ്ണയുത്‌പാദനത്തിനു പേരുകേട്ടതാണ്‌. അതുപോലെതന്നെ പ്രകൃതിവാതകം കൊണ്ട്‌ സമ്പുഷ്ടമാണിതിന്റെ അടിത്തട്ട്‌. മറ്റുപല ആഫ്രിക്കന്‍ രാജ്യങ്ങളുമെന്നപോലെയോ അതിലധികമോ പ്രകൃതി വിഭവങ്ങള്‍ കൊണ്ട്‌ സമ്പന്നമാണിവിടം. കല്‍ക്കരി, ടിന്ന്, ഇരുമ്പ്‌ തുടങ്ങി ഒരുപാടൊരുപാട്‌ വിഭവങ്ങള്‍ ഇനിയും ചൂഷണം ചെയ്യാപ്പെടാതെ നൈജീരിയന്‍ മണ്ണില്‍ ഒളിച്ചു കിടക്കുന്നു. ഒരു കാലത്ത്‌ അമേരിക്കന്‍ ഡോളറി ന്റെയൊപ്പം വിലയുണ്ടായിരുന്നത്രേ നൈജീരിയന്‍ കറന്‍സിയായ 'നൈറ'യ്ക്‌. (നാണയം - കോബോ ) ഇന്ന് 133 നൈറ കൊടുക്കണം, ഒരു ഡോളര്‍ കിട്ടാന്‍;അതും ബ്ലാക്കില്‍. അഴിമതിനിറഞ്ഞ ഭരണ സംവിധാനങ്ങളും പ്രാദേശിക പ്രശ്നങ്ങളും, സുരക്ഷാഭീക്ഷണിയുമൊക്കെയാണ്‌ ഈ അധഃപതനത്തിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌.പെട്രോളിയം തുടങ്ങിയമേഖലകളിലൊക്കെ വിദേശ കമ്പനി കളുടെ ആധിപത്യമാണ്‌. സ്വദേശി കമ്പനികളോട്‌ ഭരണകൂടത്തിനും താല്‍പര്യമില്ല. ഇവിടെ വിളയി ച്ചെടുക്കുന്ന എണ്ണപ്പണം അതുകൊണ്ട്‌ തന്നെ വിദേശത്തേക്കാണ്‌ ഒഴുകുന്നത്‌, ഒപ്പം മാറിമാറിവരുന്ന ഭരണകര്‍ത്താക്കളുടെ അക്കൌണ്ടുകളിലേക്കും.പക്ഷേ ഇപ്പോള്‍ അതിനു ചില മാറ്റങ്ങള്‍ ഒക്കെ കണ്ടു വരുന്നുണ്ടന്നാണ്‌ ഈ സുഹൃത്തിന്റെ അഭിപ്രായം. നല്ല നാളേക്ക്‌ കാത്തിരിക്കുന്ന ഒരു ജനതയുടെ പ്രതീക്ഷയുടെ തിളക്കം അയാളുടെ കണ്ണുകളിലും നമുക്ക്‌ കാണാം.

ഏറിയ പങ്കും പട്ടാളഭരണകൂടങ്ങളുടെ നിഴലിലായിരുന്നു സ്വാതന്ത്ര്യാനന്തര നൈജീരിയ. 1999 മുതല്‍ ഒബ്‌സാന്‍ജോ യുടെ നേതൃത്വത്തിലുള്ള ജനാധിപത്യസംവിധാനത്തിലാണ്‌ പ്രകൃതിവിഭങ്ങള്‍ കൊണ്ട്‌ സമ്പന്നമെങ്കിലും വികസനം കാത്തു കിടക്കുന്ന ഈ പശ്ചിമാഫ്രിക്കന്‍ രാജ്യം.

ഔദ്യോഗിക ഭാഷ ആംഗലേയമാണെങ്കിലും പ്രാദേശികമായി 250തിലധികം സംസാരഭാഷ യിവിടുണ്ട്‌ . അതില്‍ തന്നെ നീട്ടലും കുറുക്കലുമൊക്കെയായി വേറെയും വകതിരിവുകള്‍. സംസാരി ക്കുമ്പോള്‍ തന്നെ ചില നീട്ടലും മൂളലും ആംഗ്യങ്ങളുമൊക്കെയുണ്ടാവും . ശരീരഭാഷയും വളരെ വ്യത്യസ്ഥ മാണ്‌.

കഴിഞ്ഞ കത്തില്‍ സൂചിപ്പിച്ചിരുന്ന പോലെ സ്ത്രീപുരുഷ അനുപാതം ഏകദേശം തുല്യമാണെന്നു തന്നെ പറയാം. സ്ത്രീകള്‍ക്ക്‌ പൊതുവേ വിദ്യാഭ്യാസം കുറവായിട്ടാണു കാണുന്നത്‌. ജീവിത വിജയം കരസ്ഥമാക്കുന്ന സ്ത്രീകളും നന്നേ കുറവ്‌. വിവാഹം കഴിഞ്ഞ്‌ കുട്ടികള്‍ നാലോ അഞ്ചോ ഒക്കെ ആകുമ്പോഴേക്കും ഭര്‍ത്താവ്‌ വേറെ കല്യാണം കഴിച്ച്‌ അതില്‍ രണ്ട്‌ കുട്ടികളുമായിട്ടുണ്ടാവും. പിന്നെ ഇതൊക്കെ വിധിയായി കരുതി ശേഷിച്ച ജീവിതം കുട്ടികളെയും വളര്‍ത്തി ഏതെങ്കിലുമൊക്കെ വിധ ത്തില്‍ ഉന്തിതള്ളി നീക്കുന്നവരാണ്‌ സാധാരണ സ്ത്രീകള്‍. പക്ഷേ ഇതേ അവസ്ഥയിലെത്തിപ്പെടുന്ന, കുറച്ചു വിദ്യാഭ്യാസവും അതുപോലെ വിവാഹത്തിനുമുന്‍പു തന്നെ എന്തെങ്കിലുമൊക്കെ ജോലിയും വരുമാനവുമൊക്കെയുള്ള പെണ്‍കുട്ടികള്‍ തളര്‍ന്നു പോകുന്നു. അവര്‍ക്ക്‌ സാഹചര്യങ്ങളുമായി പൊരു ത്തപ്പെടാനും, താഴേതട്ടിലേക്കൊതുങ്ങിക്കൂടാനും പറ്റാതെവരുന്ന സന്ദര്‍ഭത്തില്‍, പിന്നെ ചുണ്ടില്‍ ചായം തേച്ച്‌ വഴിയോരത്തേക്കിറങ്ങുകയേ നിവൃത്തിയുള്ളൂ. ഈ നാടിന്റെ ശാപം തന്നെയാണു വേശ്യാ വൃത്തി.അതൊരു തൊഴില്‍മേഖലയാണോ എന്നതിനെ കുറിച്ചൊക്കെ തര്‍ക്കമുണ്ടാകാം, പക്ഷേ ഇവിടെ ഏറ്റവും സുലഭമായത്‌ പെണ്ണു തന്നെ.. പെട്രോളിയം വ്യവസായവുമായി ഏറെ ബന്ധ പ്പെട്ടിരിക്കുന്നതിനാല്‍ വിദേശികള്‍ വളരെയധികമാണു പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിലും പരിസരത്തും..അതു കൊണ്ട്‌ തന്നെ, ആവശ്യക്കാരും ഏറെയുണ്ട്‌.

പുരുഷന്മാര്‍ അധികം പഠിപ്പില്ലെങ്കിലും എന്തെങ്കിലും പണിയെടുത്ത്‌ ജീവിക്കാന്‍ ശ്രമിക്കുന്നു. പണ മുണ്ടാക്കുന്നത്‌ ഒരിക്കലും കുടുംബത്തിലേക്കെത്തില്ലന്നു മാത്രം. ധാരാളിത്തമാര്‍ന്ന ജീവിതശൈലി യാണ്‌ മിക്കവരും നയിക്കുന്നത്‌. ഇതൊന്നുമല്ലാതെ കുടുംബമായും സ്വസ്ഥമായും ജീവിക്കുന്ന വരുമുണ്ട്‌. രണ്ടും മൂന്നും ഫാക്ടറികളും സ്ഥാപനങ്ങളുമൊക്കെ നടത്തുന്നവരുണ്ട്‌. ലക്ഷകണക്കിന്‌ ഡോളര്‍ വരു മാനമുള്ളവര്‍, പക്ഷേ ആത്യന്തിക ലക്ഷ്യം ആഡംബര ജീവിതമാവും. ഉദ്ദേശിച്ചതിനടുത്ത്‌ എത്തികഴി ഞ്ഞാല്‍ ചിലപ്പോള്‍ ഒരു രാത്രികൊണ്ട്‌ കമ്പനി പൂട്ടും. അമേരിക്കയിലേക്കോ കാനഡയിലേക്കോ ഒക്കെ കുടിയേറുകയാണ്‌ അടുത്ത പരിപാടി. അങ്ങിനെ പൂട്ടികിടക്കുന്ന ഒരു പാട്‌ സ്ഥാപനങ്ങള്‍ ഇവിടെ കാണാം.

തൊഴിലില്ലായ്മയും പട്ടിണിയുംകൊണ്ട്‌ പൊറുതിമുട്ടുമ്പോള്‍ ഉണ്ടാവുന്നതാണോ വിപ്ലവം.? ഇവിടെ യുവതലമുറയെന്നവകാശപ്പെടുന്നവര്‍ വിപ്ലവങ്ങള്‍ക്ക്‌ ശ്രമിക്കുന്നു. തോക്കിന്‍ കുഴലിലിലൂടെ. വിദേശകമ്പനികളുടെ ആധിപത്യവും എണ്ണപ്പണത്തിന്റെ ഒഴുക്കും അവരെ രോഷം കൊള്ളിക്കുന്നുണ്ടാവാം. വിദേശഫണ്ടൊന്നും കിട്ടാന്‍ വഴിയില്ലാത്തതു കൊണ്ട്‌ അവര്‍ ബാങ്കുകള്‍ കൊള്ളയടിക്കുന്നു,എണ്ണപ്പാടങ്ങളില്‍ ജോലിയെടുക്കുന്ന വിദേശികളെ തട്ടികൊണ്ട്‌ പോയി തലയെണ്ണി പണം ചോദിക്കുന്നു, എണ്ണക്കുഴലുകളില്‍ വിള്ളലുണ്ടാക്കി എണ്ണ ചോര്‍ത്തുന്നു..അവര്‍ക്ക്‌ പണം വേണം, ആയുധശേഖരണത്തിന്‌.

എണ്ണപ്പാടമെന്ന അപകടമേഖലയെക്കുറിച്ച് അടുത്ത കത്തിലെഴുതാം.എന്റെ കത്തു താമസിച്ചാലും നിനക്ക്‌ അയക്കാലോ ഒന്നിങ്ങോട്ട്‌, എന്റെ കത്തിനായി കാത്തിരിക്കാതെ.

സ്‌നേഹപൂര്‍വ്വം.

Sunday, September 17, 2006

കുറിപ്പുകള്‍

1. (21/06/06)
ഇതൊരു കൂടാണ്‌..
ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന
ആകാശത്തിനു കീഴെ ഒരു കൂട്‌...
പുറത്ത്‌ അംഗരക്ഷകര്‍ കാവല്‍നില്‍ക്കുന്നു..
വൈദ്യുതിപ്രവഹിക്കുന്ന വേലിക്കെട്ടുകള്‍ പുറം കാഴ്ചയെ മറയ്ക്കുന്നുവോ..
അതോ കാഴ്ചകള്‍ മങ്ങുന്നുവോ..?
മൂസിക്‌ ചാനലിലെ നേര്‍ത്ത രാഗങ്ങള്‍ മാത്രമാണു കൂട്ട്‌...
ഭാഗ്യം... പുറത്തെ ശബ്ദവീചികള്‍ ഉള്ളിലേക്കെത്തുന്നില്ല...
അല്ലെങ്കിലും..
മുറവിളി ശബ്ദം പോലും നഷ്ടപെട്ടുപോയഒരു ജനതയാണെല്ലോ പുറത്ത്‌.....
സമ്പന്നതയ്ക്കും ദാരിദ്ര്യത്തിനുമിടയില്‍ ഞെരിപിരി കൊള്ളുന്നഒരു രാജ്യം..
2. (25/06/06)
എന്തൊരു മഴയാണിത്‌...........!!
ആകാശത്തുനിന്നും പെയ്തിറങ്ങുന്ന മഴനാരുകള്‍കാറ്റിലാടിയുലഞ്ഞ്‌ നൃത്തം വെയ്ക്കുന്നു...
ചടുല താളത്തോടെ...
ഒരോലത്തലപ്പുപോലും മറയ്ക്കുവാനില്ലാത്ത കാഴ്ചയില്‍,
അങ്ങു ദൂരെ,എണ്ണപ്പാടങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന
കുഴലുകള്‍ അഗ്നിവമിപ്പിക്കുന്നു..., ഒരു മഴയ്ക്കുംഅണയ്ക്കാനാവാത്ത പോലെ...
അവയുടെതുടര്‍ച്ചയെന്നോണം മിന്നല്‍പിണരുകള്‍
വിശാലമായ ആകാശക്യാന്‍ വാസില്‍വിസ്മയ കാഴ്ചയൊരുക്കുന്നു...
ഈ പ്രദേശമാകെ വൈദ്യുതിപ്രകാശത്തില്‍കുളിച്ചുനില്‍ക്കുന്നതു കൊണ്ടാവും,
വളരെ വ്യക്തമാണ്‌ മഴനൃത്തം..
സര്‍പ്പങ്ങള്‍ ഇണ ചേരും പോലെ,വന്യവും ഭ്രാന്തവുമായ വേഗത്തിലും
താളത്തിലുംമഴമുത്തുകള്‍ ഭൂമിയെ പുണരുന്നു...
കാറ്റിനും നല്ല വേഗത...
പക്ഷേ, മഴ തുടരുകതന്നെയാണ്‌...

Sunday, September 10, 2006

ജൂ‍ണ്‍ 18 ഞായറാഴ്ച എഴുതിയത്

പ്രിയ കൌച്ചൂ,
ദുബായില്‍ നിന്നും 8 മണിക്കൂര്‍ യാത്രയ്‌ക്ക് ഒടുവില്‍ നൈജീരിയയുടെ പഴയ തലസ്ഥാനനഗരിയായ ലാഗോസില്‍ എത്തുമ്പോള്‍ സമയം 3മണി. ലാഗോസ്‌ എയര്‍പോര്‍ട്ടിനകത്തു തന്നെ കമ്പനി പ്രതിനിധി കാത്തുനിക്കുന്ന വിവരം എമിഗ്രേഷന്‍ ഓഫീസര്‍ അറിയിച്ചപ്പോള്‍ ഒരാശ്വാസം; അപരിചിതമായ സ്ഥലവും, ഭാഷയും, കീറാമുട്ടികളും..ടെന്‍ഷന്‍ കുറച്ചു കുറഞ്ഞു. ലഗേജ്‌ ഒക്കെ എടുത്തു പുറത്തിറങ്ങി കാറില്‍ സഹായിയോടൊപ്പം ഡൊമസ്റ്റിക്ക്‌ എയര്‍പോര്‍ട്ടിലേക്ക്‌, ഇനി പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിലേക്ക്‌ അടുത്ത വിമാനം പിടിക്കണം.
ഞാനവിടെ നിന്നും തിരിക്കുമ്പോള്‍ തമാശയ്ക്ക്‌ പറഞ്ഞതുപോലെ, രണ്ടുപേര്‍ക്കു കയറാവുന്ന ചെറിയവിമാനത്തിലാവും ഞങ്ങളെ കൊണ്ടുപോകുകയെന്നതിന്‌ വലിയ മാറ്റമൊന്നുമില്ല. ഇതിലൊരു പത്തുപതിനഞ്ച്‌ ആളു കേറും.മനസ്സില്‍ പഴയ സിനിമ "ഗോഡ്‌സ്‌ മസ്റ്റ്‌ ബീ ക്രേസി" യിലെ കുട്ടി വിമാനമായിരുന്നെങ്കിലും, അത്ര ഉയരത്തിലല്ലാതെ പറക്കുന്ന ഈ ചെറുവിമാനത്തില്‍ ആഫ്രിക്കയുടെ നൈജീരിയന്‍ ആകാശകാഴ്ചകള്‍ ആസ്വദിക്കാനായി.മരുപ്രദേശങ്ങളും, പച്ചപ്പും, വലിയൊരു നീല സാരി കാറ്റില്‍ പറന്നു കിടക്കുമ്പോലെ തോന്നിക്കുന്ന നദികളും ഇടകലര്‍ന്നു കിടക്കുന്നു. ചെറിയ കൂടുകള്‍ അടുക്കിവെച്ചതുപോലെ അങ്ങിങ്ങ്‌ ചിതറി കാണപ്പെടുന്നത്‌ ചെറുഗ്രാമങ്ങളാവാം. തെങ്ങാണോ..അല്ല, പനയാണു കൂടുതലും, മുകളില്‍ നിന്നു നോക്കുമ്പോള്‍ മനസിലാവുക പ്രയാസം.

പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌ ഒരു ചെറിയ എയര്‍പോര്‍ട്ടാണ്‌. ഇവിടെയും കമ്പനിയുടെ ആള്‍ക്കാര്‍ കാത്തു നില്‍ക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയോടെ പുറത്തിറങ്ങിയപ്പോള്‍ ഞെട്ടിപ്പോയി.. സ്‌റ്റെന്‍ഗണ്‍, പിസ്റ്റള്‍ തുടങ്ങിയവയേന്തിയ മൂന്നാലു പട്ടാള വേഷധാരികളോടൊപ്പം സില്‍വസ്റ്റര്‍ സ്റ്റാലന്‍ കറുത്തുമെലിഞ്ഞതു പോലെയൊരാള്‍ നേരെ വരുന്നു.നില്‍ക്കണോ ഓടണോ എന്നു സംശയിക്കുന്നതിനു മുന്നേ അയാള്‍ അടുത്തെത്തി, "താങ്കള്‍..? " ന്റമ്മോ..പേടിപ്പിച്ചുകളഞ്ഞല്ലോ പഹയാ എന്ന ചമ്മല്‍ മുഖഭാവമൊളിപ്പിച്ച്‌ ഗൌരവത്തില്‍ " അതേയതേ, വണ്ടിയെവിടെ..?" എന്നു ചോദിക്കേണ്ടി വന്നു. വണ്ടി വന്നു, ഞങ്ങളും ഒരു തോക്കുകാരനും അതില്‍ കയറി. കാത്തുനിന്ന "സ്റ്റാലന്‍" ഡ്രൈവറോട്‌ കാര്യങ്ങള്‍ വിശദമായി പറയുന്നതു കേട്ടു, പക്ഷേ ഒന്നും മനസ്സിലായില്ല!.മുന്‍പിലൊരു വണ്ടി സെക്യൂരിറ്റി എസ്‌കോര്‍ട്ടോടെ കമ്പനി ആസ്ഥാനത്തേക്കു തിരിച്ചു.

കമ്പനിയുമായുള്ള കോണ്‍ട്രാക്റ്റില്‍ യാത്രകള്‍ക്ക്‌ സുരക്ഷാക്രമീകരണം നടത്തുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇത്രയും കരുതിയിരുന്നില്ല. ഇതിനര്‍ത്ഥം അത്രമാത്രം സുരക്ഷാപ്രശ്നങ്ങള്‍ ഇവിടെയുണ്ട്‌ എന്നല്ലേ..?!.അപരിചിതത്വം നിറഞ്ഞവഴികളിലൂടെ, പേടിയുണ്ടെങ്കിലും,പുതിയകാഴ്ചകളിലേക്കാണല്ലോ ഈ യാത്ര എന്ന നിഗൂഢമായ ആനന്ദത്തോടെ കാറിന്റെ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരുപ്പായി. എയര്‍പോര്‍ട്ടു മുതല്‍ എട്ടുപത്ത്‌ കിലോമീറ്റര്‍ നല്ല റോഡായിരുന്നത്‌ പെട്ടന്ന് ജനസാന്ദ്രമായ ഒരിടത്തേക്കെത്തുകയും, റോഡാകെ പൊട്ടിപൊളിഞ്ഞ്‌ താറുമാറായിക്കിടക്കുന്ന അവസ്ഥയിലേക്ക്‌ മാറുകയും ചെയ്തു. ഒരു സ്വപ്നത്തിലെന്ന വണ്ണമുള്ള ഈ അവിശ്വസനീയമായ മാറ്റം പുറം കാഴ്ചകളിലുമുണ്ട്‌. ദാരിദ്ര്യത്തിന്റെ കടുത്ത മുഖങ്ങള്‍..പൊട്ടിപൊളിഞ്ഞ വാഹനങ്ങള്‍, തിക്കും തിരക്കും പിടിച്ച ട്രാഫിക്ക്‌..മൂന്നുപേര്‍ കയറിപ്പോകുന്ന ബൈക്കുകള്‍. ട്രിപ്പടിക്കുന്ന ടാക്സിക്കാറാണെന്നു തോന്നുന്നു, നിര്‍ത്തുമ്പോഴേക്കും ഒരു പത്തുപതിനഞ്ച്‌ ആണും പെണ്ണുമെല്ലാം തിക്കിതിരക്കി കയറാന്‍ നോക്കുന്നു. മഴവെള്ളം ചെളിയുമായി കൂടികുഴഞ്ഞ്‌,വൃത്തിഹീനമായിക്കിടക്കുന്ന റോഡരിക്‌. ഇടയ്ക്കൊരു വാനില്‍ വാദ്യഘോഷങ്ങളുമായി പാട്ടു പാടുന്ന സംഘം..മൊത്തത്തില്‍ ഒരു വലിയ ചേരിപ്രദേശത്തുകൂടി കടന്നുപോകുന്ന പ്രതീതി.

ഡ്രൈവറുടെ ഭാഷ്യത്തില്‍ ഇത്‌ സിറ്റിയാണ്‌. ജംഗ്ഷനുകളില്‍ കയ്യും കലാശവും അലറിവിളിക്കലുമൊക്കെയായി ട്രാഫിക്ക്‌ നിയന്ത്രിക്കുന്ന പോലീസുകാര്‍ ഉണ്ടെങ്കിലും ഇതൊന്നും നമുക്ക്‌ ബാധകമല്ലന്ന മട്ടില്‍ ചീറിപ്പായുന്ന ബൈക്കുകള്‍, ടാക്സി ബൈക്കുകളാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.ഇവിടെ ഏറ്റവുംകൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന "ട്രാന്‍‌സ്‌പോര്‍‍ട്ട്‌" ടാക്സി ബൈക്കുകളാണെന്ന് ഡ്രൈവറുടെ സംശയനിവാരണവും. റോഡരികില്‍ കണ്ടവരിലേറെയും സ്ത്രീകളാണെന്നത്‌, ഇവിടെ പുരുഷന്മാരെക്കാളും സ്‌ത്രീകളാണെന്ന നിഗമനത്തിലേക്ക്‌ എത്തിക്കുമോയെന്ന സംശയങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കമ്പനി ആസ്ഥാനത്ത്‌ എത്തിചേര്‍ന്നു.

ഞങ്ങളെക്കാള്‍ മുന്‍പേ ഇവിടെ എത്തിചേര്‍ന്ന രണ്ടു സുഹൃത്തുക്കള്‍ മറ്റേതോ ക്യാമ്പിലാണെന്നറിഞ്ഞപ്പോള്‍ വിഷമമായെങ്കിലും,പുറം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി, ഇലക്ട്രിഫൈട്‌ സുരക്ഷാമതിലുകള്‍ക്കുള്ളില്‍ മറ്റൊരുലോകം കാത്തിരിക്കുന്നതറിഞ്ഞു. മനോഹരമായി പരിപാലിക്കപ്പെടുന്ന യൂറോപ്യന്‍ മാതൃകാ പൂന്തോട്ടങ്ങളും, കെട്ടിടങ്ങളും, കളിക്കളങ്ങളും മറ്റും മറ്റും. എന്നിരുന്നാലും, ഇവിടെയെത്തിചേര്‍ന്ന വിവരം നാട്ടിലേക്കൊന്നു വിളിച്ചറിയിക്കുവാന്‍ ഫോണ്‍ സൌകര്യം അന്വേഷിച്ചു നടന്ന ഞങ്ങള്‍ വലഞ്ഞു..അവസാനം നീന്തല്‍കുളത്തിനടുത്ത്‌ അകത്തും പുറത്തും വെള്ളവുമായിരുന്ന സായിപ്പിനെ കുറ്റിവെച്ച്‌ കാര്യം നടത്തി. രാത്രി വൈകിയിരുന്നെങ്കിലും, റെസ്റ്റാറന്റിലും ബാറിലുമൊക്കെ നല്ല തിരക്ക്‌, പ്രൊജെക്ഷന്‍ സ്ക്രീനില്‍ ലോകകപ്പ്‌ കാണുന്നവരുടെ ബഹളവും.

രാത്രി ഗസ്റ്റ്‌ഹൌസില്‍ തങ്ങി പിറ്റേന്നു രാവിലെ ജോയിനിംഗ്‌ നൂലാമാലകളൊക്കെ തീര്‍ത്ത്‌ അടുത്ത 18 ദിവസത്തെ ചിലവിനുള്ള കാശും വാങ്ങി ഞങ്ങളെ നിയമിച്ചിരിക്കുന്ന സൈറ്റ്‌ ഓഫീസിലേക്ക്‌ യാത്രയായി.പുതിയ ഒരു തോക്കു സെക്യൂരിറ്റികാരന്‍ കൂടെയുണ്ട്‌, ഇനിയുള്ള ദിനങ്ങളില്‍ ഇത്‌ ഞങ്ങളുടെ ഒരു ഭാഗമായിതീരുമായിരിക്കാം.! വീണ്ടും പഴയതുപോലെയുള്ള ഒന്നു രണ്ടു 'സിറ്റി'കള്‍ താണ്ടി 'അമാദി ക്രീക്ക്‌' എന്നയിടത്ത്‌ എത്തിചേര്‍ന്നു. ഇവിടെയാണു ഓഫീസും താമസവും. ഇവിടുത്തെ വിശേഷങ്ങള്‍ അടുത്ത കത്തില്‍, ബോറടിച്ചില്ലല്ലോ അല്ലേ..? മറുപടിയെഴുതുക.ചോദിക്കാന്‍ മറന്നു, സുഖം തന്നെയല്ലേ നിനക്ക്‌?..

സ്‌നേഹപൂര്‍വ്വം.

സമര്‍പ്പണം

ഞാന്‍ നൈജീരിയയില്‍ നിന്നുള്ള കുറച്ചു വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയാണ്‌. ഇത്‌ പലപ്പോഴായി ഞാന്‍ കൌച്ചുവെന്ന് വിളിക്കുന്ന സുഹൃത്തിന്‌ എഴുതിയിട്ടുള്ള കത്തുകളുടെ രൂപത്തിലാണ്‌. എന്റെയും സഹധര്‍മ്മിണിയുടെയും ഏറ്റവും അടുത്ത സുഹൃത്തായ കൌച്ചു, പോണ്ടിച്ചേരി സ്വദേശിനിയെങ്കിലും മലയാളം നന്നായി വായിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്.ഇതിനിടയില്‍ ഒരുപാട്‌ തമാശകളുണ്ടെങ്കിലും ഞാന്‍ കളിയാക്കാറില്ല. ഞങ്ങള്‍ പരീക്ഷയിട്ടത്‌ തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ "സസ്യേതരഭോജന ശാല" എന്നത്‌ വായിച്ച്‌ അര്‍ത്ഥം പറയിച്ചുകൊണ്ട്‌. ഇപ്പോള്‍ അമേരിക്കയില്‍ അനുജനോടൊപ്പം ഡോക്കുമെന്ററി സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നു.
ഇത്‌ ഞാന്‍ ഇവിടെ എത്തിയപ്പോള്‍ മുതലുള്ള നേര്‍കാഴ്ചകളാണ്‌. എനിക്കു കാണാന്‍ പറ്റുന്ന ചെറിയ ഫ്രെയിമിലൂടെയുള്ള നേര്‍ക്കാഴ്ച. എന്തുകൊണ്ട്‌ ചെറിയ ഫ്രെയിം എന്നുള്ളത്‌ കുറിപ്പുകളില്‍ നിന്നും മനസ്സിലാകും..
അപ്പോള്‍...
സ്റ്റാര്‍ട്ട്‌, ആക്ഷന്‍..ക്യാമറ..